കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജ് വിപ്പ്-ഗണേഷ് മന്ത്രി: ആരാണ് സത്യവാന്‍?

Google Oneindia Malayalam News

PC George-Ganesh Kumar
നെല്ലിയാമ്പതി ഭൂമി പ്രശ്‌നം ചീഞ്ഞുനാറുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. മന്ത്രി കെ ബി ഗണേഷിന്റെ സ്വകാര്യജീവിതം ചികഞ്ഞ് പുറത്തിട്ട് നാറ്റിക്കാനാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ അവസാന അടവ്. അഞ്ച് പേജുള്ള നീണ്ട കത്താണ് പി സി ജോര്‍ജ്ജ് ഗണേഷിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയത്. സിനിമക്കാരനായ മന്ത്രിയുടെ ഭൂതകാല കഥകള്‍ക്ക് ചികഞ്ഞെടുത്ത് കഥകളാക്കുന്ന തിരക്കിലാണ് പി സി ജോര്‍ജ്ജ് ഇപ്പോള്‍.

നെല്ലിയാമ്പതിയില്‍ പാട്ടക്കാലവധി കഴിഞ്ഞ 27 എസ്റ്റേറ്റുകളാണുള്ളത്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന വന്‍കിടക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സന്നദ്ധനാണെന്ന് വനംമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറയുമ്പോള്‍ തന്നെ സര്‍ക്കാര്‍ കേസുകളില്‍ തോല്‍ക്കുകയാണ്. ഏറ്റെടുത്ത് എസ്റ്റേറ്റുകള്‍ കോടതി ഇടപെടലിനെത്തുടര്‍ന്ന് തിരിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഇപ്പോഴും സ്വകാര്യവ്യക്തികള്‍ കൈവശം വച്ചിരിക്കുകയാണ്.

പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമിയും റവന്യൂഭുമിയും ഇതോടൊപ്പം കയ്യേറിയ ഭൂമിയും തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജും വനംമന്ത്രി കെ ബി ഗണേഷ്‌കുമാറും മാറിമാറി ആണയിടുന്നുണ്ട്. എങ്കില്‍ പിന്നെ ഇവര്‍ തമ്മിലുള്ള തര്‍ക്കമെന്തിനെന്ന് ആര്‍ക്കുമറിയില്ല. ഇവരില്‍ രണ്ടുപേരില്‍ ഒരാളോ അതോ രണ്ടുപേരും തന്നെയോ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് വേണ്ടി നിലകൊള്ളുന്നുണ്ട് എന്നത് വ്യക്തമാണ്. വരുംദിനങ്ങളില്‍ കപ്പലിലെ കള്ളന്‍(കള്ളന്മാര്‍) പുറത്തുവരുമെന്ന് കരുതാം.

നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ യു ഡി എഫ് നിയോഗിച്ച സമിതിയുടെ ചെയര്‍മാന്‍ പി സി ജോര്‍ജ്ജാണെന്ന് മുഖ്യമന്ത്രിയുടെ യു ഡി എഫ് കണ്‍വീനറും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ മാത്രം ഇക്കാര്യം അറിഞ്ഞില്ല. ഇത് നിയമസഭയില്‍ പരസ്യമായി പറഞ്ഞതാണ് പി സി ജോര്‍ജ്ജിനെ പ്രകോപിതനാക്കിയത്. ഇതോടെ മുന്നണി മര്യാദകളെല്ലാം മറന്ന് മന്ത്രിക്കെതിരെ പരസ്യപ്രസ്താവനകളും പത്രസമ്മേളനവും നടത്തി ഉറഞ്ഞുതുള്ളുകയാണ് പി സി ജോര്‍ജ്ജ്. മന്ത്രിയുടെ വ്യക്തിജീവിതം വരെ ചികഞ്ഞെടുത്ത് പുറത്തിടുകയാണ് പി സി ജോര്‍ജ്ജ് ഇപ്പോള്‍. പറഞ്ഞുപറഞ്ഞ് ഗണേഷ്‌കുമാര്‍ സി പി എമ്മുകാരുമായിച്ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് വരെ പി സി ജോര്‍ജ്ജ് പറഞ്ഞുകഴിഞ്ഞു.

നെല്ലിയാമ്പതിയില്‍ തനിക്ക് രഹസ്യഭൂമിയൊന്നുമില്ലെന്നും ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന പി സി ജോര്‍ജിന് നാലുമാസം മുമ്പ് വരെ താന്‍ മിടുക്കനായ മന്ത്രിയായിരുന്നുവെന്നും പി സി ജോര്‍ജ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം പഠിക്കാനായി ഒരു സമിതിയെ നിയോഗിച്ച കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് തനിക്ക് ലഭിച്ചിട്ടില്ല. യുഡിഎഫ് ഉപസമിതി രൂപീകരിച്ച കാര്യം അറിയിച്ച് കത്ത് നല്‍കിയതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറയുന്നുണ്ടെങ്കിലും കത്ത് ലഭിച്ചിരുന്നില്ല. ഒരു കത്ത് കിട്ടിയെങ്കില്‍ കിട്ടി എന്ന് പറയുന്നതില്‍ എന്താണ് പ്രശ്‌നമുള്ളത്. തനിക്ക് നുണ പറയേണ്ട കാര്യമില്ല. ഇതില്‍ നാണക്കേടിന്റെ പ്രശ്‌നമൊന്നുമില്ല. പറഞ്ഞത് സത്യമാണെന്നും മന്ത്രി ആണയിടുന്നു.

ഗണേഷ്‌കുമാര്‍ എത്രമാത്രം മോശം സ്വഭാവമുള്ള വ്യക്തിയാണ് എന്നതിന് ജീവിച്ചിരിക്കുന്ന നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കുന്ന അഞ്ചുപേജ് കത്താണ് പി സി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കൊടുത്തത്. കത്ത് മുഖ്യമന്ത്രിയുടെ കയ്യിലെത്തുന്നതിന് മുമ്പ് തന്നെ മാധ്യമപ്രവര്‍ത്തകരുടെ കയ്യിലും എത്തി. സ്വന്തം പിതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്‌കുമാറെന്നും പി സി ജോര്‍ജ്ജ് ഓര്‍മ്മിപ്പിക്കുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ തന്നെ വലിച്ചിഴച്ചതില്‍ ദുരൂഹതയുണ്ട്. കൂലിയ്ക്ക് ആളെ വെച്ചാണ് ഗണേഷ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വൈരാഗ്യബുദ്ധിയോടെയാണ് തന്നോട് പെരുമാറുന്നത്. തന്നെ വനംമാഫിയയുടെ ആളായി ചിത്രീകരിക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും ശ്രമിക്കുന്നു. മാന്യതയുടെ വേഷം കെട്ടിനടക്കുന്നആളാണ് ഗണേഷെന്നും പി സി ജോര്‍ജ്ജ് കത്തില്‍ ആരോപിക്കുന്നു.

ജോര്‍ജ്ജ്-ഗണേഷ് വാക്‌യുദ്ധത്തിനിടെ അതിസമര്‍ത്ഥമായാണ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുമാറിയത്. നെല്ലിയാമ്പതി ഭൂമിയുമായി ബന്ധപ്പെട്ട് ഇവര്‍ രണ്ടുപേരും പറഞ്ഞത് ശരിയാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. എന്താണ് ശരി, എന്താണ് തെറ്റ് എന്നുമാത്രം ഉമ്മന്‍ ചാണ്ടിക്ക് പറയാനാകുന്നില്ല. വനംഭൂമി ഏറ്റെടുക്കണമെന്ന ഗണേഷ്‌കുമാറിന്റെ നിലപാടാണോ ശരി, നെല്ലിയാമ്പതിയിലെ വനഭൂമി കൈവശം വച്ചിരിക്കുന്ന കര്‍ഷകരുടെ സങ്കടങ്ങള്‍ കേട്ട് മനമലിഞ്ഞ പി സി ജോര്‍ജ്ജിന്റെ നിലപാടാണോ ശരിയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കേണ്ടതാണ്. എന്നാല്‍ കൊന്നാലും ഉമ്മന്‍ ചാണ്ടിയുടെ വായില്‍ നിന്ന് ഇക്കാര്യത്തില്‍ ഒരു ശരിയുത്തരം പുറത്തുവരുമെന്ന് തോന്നുന്നില്ല.

English summary
Ongoing showdown between the state Forest Minister Ganesh Kumar and government Chief Whip P.C. George, You ever think who is playing? or both for land mafia?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X