കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെ ചങ്കുറപ്പ് ഉമ്മന്‍ ചാണ്ടിക്കുണ്ടോ?

Google Oneindia Malayalam News

Antony-Chandy
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, നിയമനനിരോധനവും തസ്തിക വെട്ടിക്കുറക്കലും ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ അധ്യാപക-സര്‍വ്വീസ് സംഘടനകള്‍ ജനുവരി എട്ടിന് സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് തുടങ്ങുകയാണ്. കൃത്യം 11 കൊല്ലം മുമ്പ് എ കെ ആന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിന് മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ഇടത്-വലത് സര്‍വ്വീസ് സംഘടനകള്‍ നടത്തിയ പണിമുടക്കിന് സമാനമായ സ്ഥിതിവിശേഷത്തിലേക്കാണ് ഇത്തവണത്തെ പണിമുടക്കും പോകുന്നത്.

പങ്കാളിത്ത പെന്‍ഷനാണ് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകോപനമെങ്കില്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചെലവുചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറച്ചുവെന്നതിന്റെ പേരിലായിരുന്നു പണിമുടക്ക്. അന്ന് ഇടതുപക്ഷ സര്‍വ്വീസ് സംഘടനകളോടൊപ്പം ഭരണകക്ഷിയില്‍ പെട്ട സര്‍വ്വീസ് സംഘടനകളും സമരത്തില്‍ അണിചേര്‍ന്നിരുന്നു.
2002 ജനുവരിയില്‍ തുടങ്ങിയ പണിമുടക്ക് ഒരു മാസക്കാലം നീണ്ടുനിന്നു. ഈ പണിമുടക്ക് സമരം കേരളത്തിന് പുതിയ അനുഭവമായിരുന്നു. സര്‍വ്വീസ് സംഘടനാ നേതാക്കളും പ്രവര്‍ത്തകരും വനിതകളടക്കം ജയിലിലായ പണിമുടക്കായിരുന്നു അത്.

സര്‍ക്കാരിനെതിരെ ജീവനക്കാരുടെ പ്രതിഷേധം അണപൊട്ടിയൊഴുകിയിട്ടും എ കെ ആന്റണിക്കും സര്‍ക്കാരിനും കുലുക്കമൊന്നുമുണ്ടായില്ല. പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് കയറിയ ജീവനക്കാരെ പണിമുടക്കുകാര്‍ സംസ്ഥാനത്തുടനീളം വളഞ്ഞിട്ട് തല്ലിയിരുന്നു. പണിമുടക്കിന്റെ പേരില്‍ വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകാതെ വന്നപ്പോള്‍ എങ്ങനെയെങ്കിലും പണിമുടക്ക് തീര്‍ത്ത് ജോലിക്ക് കയറിയാല്‍ മതിയെന്നായിരുന്നു ജീവനക്കാര്‍ക്ക്. സര്‍ക്കാരിന് കുലുക്കമില്ലാതാവുകയും പൊതുജനരോഷം ശക്തമാവുകയും ചെയ്തതോടെ നിര്‍വ്വാഹമില്ലാതെ പണിമുടക്ക് പിന്‍വലിച്ച് ജോലിക്ക് തിരിച്ചുകയറി സര്‍ക്കാര്‍ ജീവനക്കാര്‍. പിന്നീട് ഘട്ടം ഘട്ടമായി വെട്ടിക്കുറച്ച് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തന്നെ പുനസ്ഥാപിക്കുകയായിരുന്നു.

എ കെ ആന്റണി സര്‍ക്കാറിിന് നൂറിലേറെ സീറ്റിന്റെ ഭൂരിപക്ഷമുണ്ടായിരുന്നതും എ കെ ആന്റണി വ്യക്തിപരമായി തന്നെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതുമാണ് അന്ന് പണിമുടക്ക് അവസാനിക്കാന്‍ കാരണം. അക്കാലത്താണ് എ കെ ആന്റണിയുടെ വക സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ സംസ്ഥാന ഖജനാവിനെപ്പറ്റിയും സംസ്ഥാനത്തെ സാമ്പത്തിക നിലയെക്കുറിച്ചുമുണ്ടാകുന്നത്. ഇത് പിന്നീട് മിമിക്രിക്കാര്‍ ഏറ്റെടുത്ത് കാലങ്ങളോളം എ കെ ആന്റണിയെ അനുകരിക്കുകയും ചെയ്തിരുന്നു.

ഇത്തവണ പണിമുടക്കില്‍ ഭരണകക്ഷി സര്‍വ്വീസ് സംഘടനകള്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കിലും യു ഡി എഫ് അനുകൂല സര്‍വ്വീസ് സംഘനടകള്‍ ഇത്തവണ സര്‍ക്കാരിനോടേറ്റുമുട്ടാന്‍ തയ്യാറല്ല. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ കര്‍ശമായ മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്. ഡയസ്‌നോണ്‍, പിരിച്ചുവിടല്‍, ഓഫീസ് തുറക്കാന്‍ പൊലീസ് കാവല്‍, നിയമനടപടി, അവധി നിയന്ത്രണം മുതലായ നീക്കങ്ങളാണ് സര്‍ക്കാര്‍ മുന്‍കരുതലായി സ്വീകരിക്കുന്നത്. എന്തൊക്കെ മുന്‍കരുതലുണ്ടായാലും എ കെ ആന്റണിയുടെ ദാര്‍ഢ്യം ഇത്തവണ ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാകാന്‍ സാധ്യതയില്ല. സര്‍ക്കാരിന്റെ നൂല്‍പ്പാലത്തിലുള്ള ഭൂരിപക്ഷവും, പാര്‍ട്ടിയിലും മുന്നണിയിലുമുള്ള അന്തച്ഛിദ്രവും സര്‍ക്കാരിന്റെ മോശം പ്രതിച്ഛായയുമൊക്കെ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ നേരിടുന്നതില്‍ പ്രതിഫലിക്കും.

English summary
The government has issued orders making dies non applicable for a section of government employees participating in the indefinite strike from January 8.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X