കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ധാഷ്ട്യത്തിനു മുന്നില്‍ കീഴടങ്ങില്ല: സിപിഐ

  • By അഭിരാം പ്രദീപ്
Google Oneindia Malayalam News

അക്രമരാഷ്ട്രീയത്തിനെതിരായ സിപിഐ നിലപാട് ഉറച്ചതാണ്. മുന്നണി മര്യാദ മറന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടൊന്നും ഈ നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിസ്മരിച്ച് പതിറ്റാണ്ടുകള്‍ മുമ്പുണ്ടായ വസ്തുതകള്‍ വീണ്ടുമാവര്‍ത്തിച്ച് സിപിഐയെ ആക്രമിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അക്രമരാഷ്ട്രീയത്തിന്റെ വേരുകള്‍ അറക്കുന്നതിനു പകരം എല്ലാവരും അക്രമികളാണെന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ ധാഷ്ട്യസമീപനം വിലപ്പോകില്ല, വിരട്ടലുകള്‍ക്ക് മുന്നില്‍ ഞങ്ങള്‍ കീഴടങ്ങുകയില്ല-സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും എഐവൈഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പി സന്തോഷ് കുമാര്‍ വണ്‍ഇന്ത്യയോട് സംസാരിക്കവെ അറിയിച്ചു.

Santhosh

അക്രമരാഷ്ട്രീയത്തിനെതിരേ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തില്‍ ശക്തമായ പ്രതികരണമാണ് പൊതുസമൂഹത്തില്‍ ഇന്നുള്ളത്. നിര്‍ഭാഗ്യവശാല്‍ അത് സിപിഎം നേതൃത്വത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അതിനുള്ള കാരണങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനും ശ്രമിക്കുന്നതിനു പകരം എല്ലാവരും ക്രിമിനല്‍ രാഷ്ട്രീയക്കാരാണെന്ന് വരുത്തി തീര്‍ക്കുക, മുന്നണി ബന്ധം പോലും മറന്ന് ആക്ഷേപിക്കുക ഇതെല്ലാമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. അടിയന്തരാവസ്ഥ കാലത്തെ വീണ്ടു വലിച്ചിഴച്ച് സിപിഐയെ ആക്രമിക്കാനുള്ള ശ്രമമൊക്കെ രാഷ്ട്രീയ തന്ത്രമാണ്. അന്നും അക്രമരാഷ്ട്രീയത്തെ അനുകൂലിച്ചവരായിരുന്നില്ല ഞങ്ങള്‍. ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും ഏറെ മാറിയിരിക്കുന്നു. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ കഴിയാത്തവരാണ് പഴമ്പുരാണങ്ങള്‍ ചികയാന്‍ ശ്രമിക്കുന്നത്.

അക്രമരാഷ്ട്രീയത്തിനെതിരേയുള്ള പൊതുവികാരമാണ് എവിടെയുമുള്ളത്. സിപിഎം പ്രവര്‍ത്തകര്‍ തന്നെ ആ പൊതുവികാരത്തിന്റെ കൂടെയാണ്. അതു വിസ്മരിച്ച് ക്രിമിനല്‍ രാഷ്ട്രീയസംസ്‌കാരവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധങ്ങള്‍ സിപിഎമ്മിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നത് യാഥാര്‍ത്ഥ്യം. നിയമപോരാട്ടങ്ങളടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെ വിശ്വാസ്യത തിരിച്ചുപിടിക്കുകയാണ് വേണ്ടത് അല്ലാതെ പോലിസിനെയും മാധ്യമങ്ങളെയും എന്തിന് ഘടകകക്ഷികളെ പോലും ധാഷ്ട്യ ഭാഷയില്‍ ഭീഷണിപ്പെടുത്തുന്നതുകൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനാവില്ല.

സഖാഴ് പി ജയരാജന്റെ അറസ്റ്റിന്റെ ഭാഗമായ ഹര്‍ത്താലില്‍ സിപിഐ പങ്കെടുത്തില്ല എന്നതാണല്ലോ വിവാദം. പക്ഷേ, യാഥാര്‍ത്ഥ്യമെന്താണ്? ഹര്‍ത്താല്‍ എല്‍ഡിഎഫ് കൂടി ആലോചിച്ച് തീരുമാനിച്ചതല്ല. സിപിഎം തീരുമാനിച്ചു. പിന്നീട് ഞങ്ങളോട് പങ്കെടുക്കാന്‍ പറഞ്ഞു. ഇതാണോ ശരിയായ മാര്‍ഗ്ഗം, എത്ര വലുതോ, ചെറുതോ ആയാലും മുന്നണി മര്യാദ അനുസരിച്ച് യോഗം ചേര്‍ന്ന് തീരുമാനിക്കണം. അക്രമം നടത്താനും പൊതുമുതല്‍ തല്ലിത്തകര്‍ക്കാനും ഇല്ലെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു.

സിപിഎമ്മുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെ. പക്ഷേ, അത് ഇടത് സമരങ്ങളെയോ, കൂട്ടായ പ്രക്ഷോഭങ്ങളെയോ ബാധിക്കാതെ ശക്തമായി ഞങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ അത്തരം പ്രക്ഷോഭകൂട്ടായ്മകള്‍ നടന്നു വരികയാണ്. സംസ്ഥാനത്തും ഏകോപനസ്വഭാവമുള്ള ചെറുത്തുനില്‍പ്പുകള്‍ സംഘടിതമായി ഞങ്ങള്‍ നടത്തുന്നുണ്ട്. യുഡിഎഫ് സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭം, യുവജനവിരുദ്ധതക്കെതിരായ പ്രക്ഷോഭം തുടങ്ങിയവയൊക്കെ ഏകോപിപ്പിച്ച് നടക്കുന്നുമുണ്ട്. അതേ സമയം ധാഷ്ട്യബോധത്തോടെ ഏകപക്ഷീയമായ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അത് അംഗീകരിക്കില്ല, ധാഷ്ട്യത്തിനു മുന്നില്‍ കീഴടങ്ങുകയുമില്ല.

English summary
The recent infighting in the Left Democratic Front (LDF) in Kerala has caused great concern among the Central leaders of both the CPI(M) and the CPI. AIYF National Secretary Adv. P Santhosh Kumar's reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X