കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമഘട്ടത്തിന് വേണ്ടി ഒരു മുഷ്ടിയുയര്‍ത്തൂ

  • By ഷിബു ടി
Google Oneindia Malayalam News

Kerala Western Ghats
ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ച നേരത്തെങ്കിലും നമ്മുടെ പശ്ചിമഘട്ട മലനിരകളെ രക്ഷിക്കാന്‍ ഭരണകൂടങ്ങളും ജനങ്ങളും മുന്നോട്ടുവരണം. വനനശീകരണവും ഖനനവും തകര്‍ത്തുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടമലനിരകള്‍ക്ക് അതിജീവനത്തിന്റെ അവസാന പിടിവള്ളിയാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര അംഗീകാരം. രാജ്യത്തിനകത്തെയും പുറത്തെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഗവേഷകരുടെയും അക്കാദമിക് ബുദ്ധിജീവികളുടെയുമൊക്കെ ശ്രമമായാണ് പശ്ചിമഘട്ട മലനിരകളെ യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടാനിടയാക്കിയത്.

ജൈവവൈവിദ്ധ്യത്തിന്റെ കലവറയായി ലോകം വളരെ മുമ്പ് തന്നെ അംഗീകരിച്ചിരിക്കുന്ന പശ്ചിമഘട്ട മലനിരകള്‍ക്ക് ഹിമവാനേക്കാള്‍ പ്രായമുണ്ടെന്നാണ് ഗവേഷണകരുടെ നിഗമനം. 45 മുതല്‍ 65 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന മലനിരകളുടെ ശൃഖലയാണ് സഹ്യാദ്രിയെന്ന് വിളിപ്പേരുള്ള ഈ മലകള്‍.

1600 കിലോമീറ്റര്‍ ദൈര്‍ഘ്യവും നൂറുകിലോമീറ്റര്‍ വരെ വീതിയും 1,60,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുമുള്ള പശ്ചിമഘട്ട മലനിരകള്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണ് ആരംഭിക്കുന്നത്. മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നീണ്ടുകിടക്കുന്ന ഈ മലനിരകള്‍ കന്യാകുമാരിയില്‍ അവസാനിക്കുന്നു. പശ്ചിമഘട്ടമലനിരകളുടെ ഇരുഭാഗങ്ങളിലെയും ഭൂപ്രദേശങ്ങളിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഇത് പ്രധാനപങ്ക് വഹിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിലെ വനങ്ങളാണ് മണ്‍സൂണ്‍ മഴയുടെ പ്രഭവകേന്ദ്രം.

നിരവധി വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ആയിരക്കണക്കിന് അത്യപൂര്‍വ്വ ജന്തുജാലങ്ങളും സസ്യവര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. വംശനാശം നേരിടുന്ന ഒട്ടനവധി സസ്യജന്തുജാലങ്ങള്‍ക്ക് അഭയസ്ഥാനം ഈ മലമടക്കുകളാണ്. മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ നീരണിയിക്കുന്ന നദികളുടെ ഉത്ഭവസ്ഥാനവും പശ്ചിമഘട്ടമാണ്.

രൂക്ഷമായ വനനശീകരണവും, വനംകൊള്ളയും കുന്നിടിക്കലും പാറപൊട്ടിക്കലും ധാതുദ്രവ്യങ്ങള്‍ക്കായുള്ള ഖനനവും അണകെട്ടലും അശാസ്ത്രീയമായ വിനോദസഞ്ചാരവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടമലനിരകളെ നാശത്തിത്തിന്റെ അങ്ങേയറ്റത്തേയ്ക്ക് എത്തിച്ചുകഴിഞ്ഞു. മലകള്‍ക്കെല്ലാം കഷണ്ടികയറി, പാറകളൊക്കെ തുരന്നെടുത്തു. ഈ മലനിരകളില്‍ നിന്ന് പൊട്ടിയൊഴുകിയ നദികള്‍ വരണ്ടു. വനം നശിച്ചതിനാല്‍ മഴയുടെ അളവ് പിടിച്ചുനിര്‍ത്തുന്നതുപോലെ കുറഞ്ഞു. പശ്ചിമഘട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍പ്പെട്ടിട്ട് പതിറ്റാണ്ടുകളായി.

പരിസ്ഥിതിസ്‌നേഹികളും ശാസ്ത്രജ്ഞരും ഏറെക്കാലമായി പശ്ചിമഘട്ടത്തിന് വേണ്ടി മുറവിളി കൂട്ടുകയാണ്. 25 വര്‍ഷം മുമ്പ് സുഗതകുമാരി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയിലെ പരിസ്ഥിതി സ്‌നേഹികള്‍ കന്യാകുമാരി മുതല്‍ ഗോവ വരെ നടത്തിയ പശ്ചിമഘട്ടരക്ഷായാത്ര ആദ്യകാല സംഘടിത ചെറുത്തുനില്‍പ്പിന്റെ വലിയ സാക്ഷ്യമായിരുന്നു. അന്ന് ജാഥയില്‍ പങ്കെടുത്ത വീറുറ്റ ചെറുപ്പക്കാര്‍ ഇന്ന് വയസ്സന്മാരായി. അവരുടെ ശബ്ദവും അനുദിനം ദുര്‍ബലമായിക്കഴിഞ്ഞു.

ആ തലമുറ നടത്തിയ മുറവിളികള്‍ ഏറ്റെടുക്കാനും തീവ്രമായ ചെറുത്തുനില്‍പ്പുകള്‍ തുടരാനും പിന്നീട് ഈ ഭൂമികയില്‍ ജീവിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നത് മനുഷ്യത്വത്തിന്റെ കൂടി പരാജയമാണ്, നാം തുറന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ലോകം നമ്മോട് പറയുന്നു, ഇതാണ് നിങ്ങളുടെ പൈതൃകം. ഇതിനെ കാത്തുസൂക്ഷിക്കാനുള്ള അവസാന അവസരവും. ഇനിയിതിനെ കൊള്ളയടിക്കുന്നവന്‍ സ്വന്തം അമ്മയെ വിറ്റുതിന്നുന്നവന് തുല്യനാണ് എന്ന്. അതെ ഇനി നമുക്കുള്ള അവസരമാണ്, അടുത്ത തലമുറ കൂടിയെങ്കിലും ഇത്തിരി നല്ല വായൂ ശ്വസിക്കുകയും കുപ്പിവെള്ളം കുടിക്കാതിരിക്കുകയും ചെയ്യട്ടെ! അറിയാതെയെങ്കിലും ഒരു മുഷ്ടി ഒന്നുയരട്ടെ!

English summary
The World Heritage Committee, part of the United Nations Educational, Scientific and Cultural Organization (Unesco) may have declared the Western Ghats, a mountain range along the western coast of India, to be a world heritage site, but that doesn’t guarantee its conservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X