• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?

  • By ഫര്‍ഹാന ബഷീര്‍

പ്രണയവിവാഹങ്ങളും ജാതിയും മതവും മാറിയുള്ള വിവാഹങ്ങളും കേരളത്തിലെന്നല്ല ഇന്ത്യയിലെമ്പാടും വലിയ കോലാഹലങ്ങളുണ്ടാക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകളും ഖാപ്പ് പഞ്ചായത്ത് വിധികളും ഇതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്. രാജ്യത്തെ മത-സാമുദായിക-ജാതി വ്യവസ്ഥകളും കുടുബബന്ധങ്ങളും ശക്തമായ സാമൂഹികഘടകങ്ങളായി നിലനില്‍ക്കുന്നതുകൊണ്ടാണ് ജാതി-മതാതീതവിവാഹങ്ങളും പ്രണയവിവാഹങ്ങളും വലിയ സംഭവമായി മാറുന്നത്. ഇന്ത്യയില്‍ പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ യുവതീയുവാക്കള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ പ്രണയിക്കാത്തത് വലിയ കുറവായി കരുതുന്ന പാശ്ചാത്യര്‍ അത്ഭുതം കൂറും. ഇവിടെ പ്രണയവിവാഹങ്ങള്‍ കുടുംബങ്ങളെ തന്നെ തകര്‍ക്കും. മാതാപിതാക്കളുടെ ശിഷ്ടജീവിതം കണ്ണീരില്‍ കുതിര്‍ന്നതാകും. സമുദായത്തിലും സമൂഹത്തിലും അവര്‍ അപമാനിതരാകും. ഇത് നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ പ്രത്യേകതയാണ്.

പ്രണയവിവാഹങ്ങളില്‍ നൂറില്‍ തൊണ്ണൂറ്റൊമ്പത് ശതമാനം പെണ്‍കുട്ടികളും മതം മാറാന്‍ നിര്‍ബന്ധിതരോ സന്നദ്ധരോ ആകും. പ്രണയവിവാഹത്തോടെ പെണ്‍കുട്ടി താല്‍ക്കാലികമായെങ്കിലും അവളുടെ വീടുപേക്ഷിക്കുന്നതിനാല്‍ മതംമാറല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംഗതിയാകും. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ മതം മാറിയാല്‍ സ്വീകരിക്കാമെന്ന നിലപാടെടുക്കുമ്പോള്‍ പെണ്‍കുട്ടി സ്വഭാവികമായും മതംമാറല്‍ പ്രക്രിയയ്ക്ക് വിധേയയാകേണ്ടിവരും. ഹിന്ദുമതത്തിലേക്കുള്ള മതംമാറ്റം വളരെ ലഘുവായ പ്രക്രിയയാണ്. ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതം മാറുന്നതിന് മാമോദീസ സ്വീകരിക്കുക എന്ന ചടങ്ങാണ് പ്രധാനം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ക്രിസ്ത്യാനിയാകുന്നതിനുള്ള മെമ്പര്‍ഷിപ്പ് സ്വീകരിക്കിലാണ് മാമോദീസ. എന്നാല്‍ ഇസ്ലാമിലേക്കുള്ള മതം മാറ്റം കുറെക്കൂടി സങ്കീര്‍ണമാണ്. മതം മാറുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ മുസ്ലീം സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ട്. 'പൊന്നാനിയില്‍ പോയി സുന്നത്ത് കഴിക്കുക' എന്നൊരു ചൊല്ലുതന്നെ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. മലപ്പുറത്ത് മഞ്ചേരി, കോഴിക്കോട് കുണ്ടുങ്ങല്‍ തുടങ്ങി പലയിടത്തും ഇത്തരം മതംമാറ്റല്‍ കേന്ദ്രങ്ങളിലുണ്ട്.

ഇവിടെ മാസങ്ങളോളം താമസിച്ച് അറബി പഠിച്ച് കിത്താബ് ഓതി മതപഠനം നടത്തണമെന്നത് നിര്‍ബന്ധം തന്നെയാണ്. ഇപ്പോള്‍ ഇത്തരം കേന്ദ്രങ്ങളില്‍ മതം മാറുന്ന പുരുഷന്മാര്‍ വളരെ വിരളമാണ്. എന്നാല്‍ മതം മാറാനെത്തുന്ന പെണ്‍കുട്ടികള്‍ ഒട്ടേറെയുണ്ടുതാനും. മതം മാറിയശേഷമേ വിവാഹം നടക്കുകയുള്ളൂ എന്നതിനാല്‍ അന്യമതസ്ഥയായ പെണ്‍കുട്ടികള്‍ക്ക് ദിവസങ്ങളും മാസങ്ങളും നീളുന്ന മതംമാറ്റല്‍ പ്രക്രിയ വലിയ മാനസികസംഘര്‍ഷമുണ്ടാക്കുന്ന സംഗതിയാണ്. മതമാറ്റല്‍ കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പുരുഷന്മാരെ പ്രവേശിപ്പിക്കില്ല. ഇതിനാല്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം വീടുപേക്ഷിച്ച് വരുന്ന പെണ്‍കുട്ടിക്ക് മതംമാറ്റല്‍ കേന്ദ്രത്തിലെ ജീവിതം കഠിനം തന്നെയായിരിക്കും. ഇവിടുത്തെ ഒറ്റപ്പെടലും പ്രണയിതാവിനെ പിരിഞ്ഞുള്ള ജീവിതവും വീട്ടുകാരെ ഉപേക്ഷിച്ചതിലുള്ള കുറ്റബോധവും പിന്നെ തനിക്ക് യാതൊരു പരിചയവുമില്ലാത്ത അന്തരീക്ഷത്തിലുള്ള അന്യമതപഠനവും എല്ലാം കൂടി അവളെ തകര്‍ക്കും.

മതംമാറ്റല്‍ കേന്ദ്രത്തില്‍ എത്തുന്നവര്‍ കാര്യം കഴിയുന്നതുവരെ നില്‍ക്കാന്‍ നിര്‍ബന്ധിതരാണ്. ഇത്രയും കാലം പരിചയമില്ലാതിരുന്നൊരു അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുത്ത പ്രണയിനികള്‍ തകര്‍ന്ന് തരിപ്പണമാകുമെന്നതിന് തര്‍ക്കമില്ല. പല പെണ്‍കുട്ടികളും ഇത്തരം അന്തരീക്ഷത്തില്‍ നില്‍ക്കാന്‍ കഴിയാത്തതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി പുറത്തുവരാറുണ്ട്. ഇത്തരത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ പറഞ്ഞാണ് മതംമാറ്റല്‍ കേന്ദ്രങ്ങളിലെ സ്ഥിതിഗിതികള്‍ പുറംലോകം അറിയുന്നത് തന്നെ. സ്വന്തം വീടുവിട്ട് കാമുകനോടൊപ്പം വരുന്ന പെണ്‍കുട്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മതംമാറ്റല്‍ കേന്ദ്രത്തില്‍ എത്തപ്പെടുന്ന സ്ഥിതിയെയാണ് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ ആയുധമാക്കുന്നത്.

കാമുകനൊപ്പം വീടുവിട്ടിറങ്ങി പുതിയൊരു ജീവിതം സ്വപ്‌നം കണ്ടെത്തുന്നവര്‍ മതമല്ല എന്തും മാറാന്‍ സന്നദ്ധരാകും. അതാണ് പ്രണയത്തിന്റെ ശക്തി. പ്രണയത്തിന് വേണ്ടി സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഇട്ടെറിഞ്ഞവരുടെ മുന്നില്‍ മതം മാറ്റം ഒന്നുമല്ല. എന്നാല്‍ ഇതിനുള്ള പ്രക്രിയകള്‍ സങ്കീര്‍ണമാകുമ്പോഴാണ് തങ്ങള്‍ തെരഞ്ഞെടുത്ത ജീവിതത്തെ കുറിച്ച് മറിച്ച്ുചിന്തിക്കാന്‍ മിക്കവരും തയ്യാറാകുന്നത്. മിക്കവരും താന്‍ തിരഞ്ഞെടുത്ത ജീവിതവുമായി മുന്നോട്ടുപോകാന്‍ തയ്യാറാകും. അപൂര്‍വ്വം ചിലര്‍ പിന്തിരിയും.

പണ്ടുകാലം മുതല്‍ക്കേ പ്രണയവും പ്രണയവിവാഹങ്ങളും മതം മാറ്റങ്ങളുമൊക്കെ നമ്മുടെ സമൂഹത്തില്‍ നല്ലതോതില്‍ നടന്നിട്ടുണ്ട്. എന്നാല്‍ കുടുബങ്ങളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനപ്പുറം വലിയതോതിലുള്ള കോലാഹലങ്ങള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ മതസാമുദായിക ശക്തികളും വര്‍ഗീയസംഘടനകളും എല്ലാത്തരത്തിലും കരുത്താര്‍ജ്ജിച്ചതോടെ പ്രണയവിവാഹങ്ങള്‍ മതത്തെയും ജാതിയെയും സമുദായത്തെയും തകര്‍ക്കാനുള്ള ആയുധങ്ങളാണെന്ന പ്രചരണമുണ്ടായി. സമുദായത്തിലെ സ്ത്രീകളുടെയും അവരുടെ മാനത്തെയും മൊത്തമായും ചില്ലറയായും ഏറ്റെടുത്ത് സംരക്ഷിക്കാന്‍ എന്‍ഡിഎഫും ആര്‍എസ്എസുമൊക്കെ ഉത്സാഹിക്കുകയാണ്. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യമെന്നതുപോലെ പ്രണയത്തിനിടയ്ക്ക് എന്‍ ഡി എഫിനും ആര്‍ എസ് എസിനുമൊക്കെ എന്തുകാര്യം?

കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹം ഒരു വരുമാനസ്രോതസ് കൂടിയാണ്. വന്‍ സ്ത്രീധനവും ആഭരണവും വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും കാറും വീടും ഫഌറ്റുമൊക്കെയാണ് വരന് ലഭിക്കുക. വിവാഹം കഴിഞ്ഞാലും വരനും വരന്റെ വീട്ടിലേക്കും പലതും വന്നുകൊണ്ടിരിക്കും. അതിനാല്‍ ഏതുമതത്തില്‍പ്പെട്ട ആളുകളാണെങ്കിലും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ക്ക് തന്നെയാണ് മുന്‍തൂക്കം കൊടുക്കുക. അതിനാല്‍ പ്രണയവിവാഹത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കാകില്ല. പ്രണയവിവാഹത്തെ അനുകൂലിക്കുന്ന മാതാപിതാക്കള്‍ അത്യപൂര്‍വ്വമായുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. മകന്‍ അന്യജാതിയിലും മതത്തിലും പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്യണമെന്ന് പറയുമ്പോള്‍ മറ്റ് നിര്‍വ്വാഹമില്ലാത്തിനാല്‍ മാത്രമാണ് മിക്കവരും മതംമാറ്റിയുള്ള വിവാഹത്തിന് തന്നെ തയ്യാറാകുക. അല്ലാതെ വര്‍ഗീയ സംഘടനകള്‍ പറയുന്നതുപോലെയും അവകാശപ്പെടുന്നതുപോലെയും ഇത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സംഗതിയൊന്നുമല്ല.

മറ്റ് മതങ്ങളില്‍ നിന്ന് പങ്കാളികളെ കണ്ടെത്തുന്നതിന് പ്രോത്സാഹനം നല്‍കുന്ന സംഘടനകള്‍ വിവാഹം വരെയേ ഉത്സാഹിക്കുകയുള്ളൂ. അതിന് ശേഷമുള്ള ഇവരുടെ ജീവിതം അവര്‍ തന്നെ ജീവിച്ചുതീര്‍ക്കും. അതില്‍ ഒരു സംഘടനയും സഹായവുമായി ചെന്നതിന്റെ ചരിത്രമില്ല. കേരളത്തിലെ വിവാഹമാമാങ്കങ്ങളും സ്ത്രീധനസമ്പ്രദായവും സ്വര്‍ണ്ണക്കൊതിയും ഒരുപരിധിവരെ അ്രപസക്തമാകുന്നത് പ്രണയവിവാഹങ്ങളില്‍ തന്നെയാണ്. അതിനാല്‍ മതത്തിന്റെയും സമുദായത്തിന്റെയും ജാതിയുടെയും പേരില്‍ പ്രണയത്തെയും പ്രണയവിവാഹത്തെയും എതിര്‍ക്കുകയും കലാപമുണ്ടാക്കുകയും ചെയ്യുന്നവര്‍ സാമൂഹ്യദ്രോഹികള്‍ തന്നെയാണ്. മതത്തിനും സമുദായത്തിനും വേണ്ടി ഇവര്‍ നടത്തുന്ന കോലാഹലങ്ങളെ സംശയത്തോടെ തന്നെ വീക്ഷിക്കണം.

English summary
Why too much problem in intercast marriage? In a sense 'lovejihad' is a blessing, if they really love each other, while we comparing the present dowry system. If true love allow them to marry, forget about the man made barriers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more