കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ലൗ ജിഹാദ് വ്യാപകമാണോ?

  • By ഷിബു
Google Oneindia Malayalam News

ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങളും ചര്‍ച്ചകളും വിവാദങ്ങളും കോടതി ഇടപെടലും പൊലീസ് അന്വേഷണവും സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ് നല്‍കലുമൊക്കെ നടന്നുകഴിഞ്ഞു. ആര്‍എസ്എസിന്റെ ആശീര്‍വാദത്തോടെ ഹിന്ദു ഐക്യവേദിക്കാര്‍ ഈ പ്രശ്‌നം വീണ്ടും പൊതുജനമധ്യത്തിലേക്കെത്തിക്കുകയാണ്. വന്‍തോതിലുള്ള പ്രചരണം ഇതിന്റെ പേരില്‍ നടക്കുന്നുമുണ്ട്.

Love Jihad

യഥാര്‍ത്ഥത്തില്‍ ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടോ? ലൗ ജിഹാദിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളും ഹിന്ദു സമുദായസംഘടനകളും നടത്തുന്ന പ്രതിഷേധങ്ങള്‍ സാമുദായിക ശാക്തീകരണത്തിനും മതധ്രുവീകരണത്തിനും മുതലെടുപ്പിനും വേണ്ടിയാണോ? വികാരവും വിദ്വേഷവുമൊക്കെ മാറ്റിവച്ച് വിവേകത്തോടെയുള്ള, ആരോഗ്യപരമായ ചിന്തകളും ചര്‍ച്ചകളും ഇക്കാലത്ത് ആവശ്യം തന്നെയാണ്, പ്രത്യേകിച്ച് മതത്തിന്റെ വിലക്കുകള്‍ പൊട്ടിച്ച് പ്രണയവിവാഹങ്ങള്‍ അധികരിക്കുന്ന ഈ കാലത്ത്.

ലൗ ജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ തീവ്രസ്വഭാവമുള്ള മുസ്ലീം സമുദായ സംഘടനകള്‍ക്ക് ഹാലിളകും. മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദുക്കളും പ്രണയം നടിച്ച് വശത്താക്കി മതം മാറ്റുന്നുണ്ടെന്ന ആരോപണം അവരും ഉന്നയിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും അത് സമൂഹത്തില്‍ എന്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടോയെന്നുംമുള്ള ചിന്തകളും ചര്‍ച്ചകളും നാം ഒഴിവാക്കുക തന്നെയാണ്. കേരളത്തില്‍ മതം മാറിയുള്ള പ്രണയവിവാഹങ്ങള്‍ ഒട്ടേറെ നടക്കുന്നുണ്ടെന്നത് വാസ്തവം തന്നെയാണ്. അതിനെ ലവ് ജിഹാദ് എന്ന് പേരിട്ട് വിളിക്കുന്നത് ചില സ്ഥാപിത-സങ്കുചിത താല്‍പര്യക്കാര്‍ തന്നെയാണ്.

മുസ്ലീം സമുദായത്തില്‍ തീവ്രനിലപാട് സ്വീകരിക്കുന്ന ചില സംഘടനകള്‍ മറ്റ് മതങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം ചെയ്യുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെന്നതിന് തര്‍ക്കമില്ല. ഒന്നോ രണ്ടോ സംഘടനകള്‍ മാത്രമാണ് ആസൂത്രിത നീക്കം നടത്തുന്നത്. ഭൂരിപക്ഷ മുസ്ലീം സംഘടനകളും ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. മതം മാറ്റം മനസ്സില്‍ കണ്ട്‌ സ്‌നേഹിക്കുന്നവര്‍ക്കു തന്നെയാണ് ലൗജിഹാദ് എന്നു കേള്‍ക്കുമ്പോള്‍ സമനില തെറ്റുകയും ചെയ്യുന്നതെന്നതാണ് രസകരമായ കാര്യം.

പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയെന്ന ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ കോടതിയിലെത്തുകയും അവിടെ ഇരുസമുദായത്തിലെയും പെട്ട സദാചാരഗുണ്ടകള്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് കേരളത്തില്‍ തന്നെ എത്രയോ ഉദാഹരണങ്ങളുണ്ട്. മതം മാറി വിവാഹം ചെയ്യുന്നവരെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച പൊലീസ് കേസുകളും കോടതി ഇടപെടലുകളും ധാരാളമുണ്ട്.

അതേസമയം ലവ് ജിഹാദ് വിരുദ്ധരെന്ന മേലങ്കി സ്വയം എടുത്തണിഞ്ഞിരിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഇതിനെ വലിയൊരു മത-സാമുദായിക പ്രശ്‌നമാക്കി പെരുപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ്. രണ്ട് കൂട്ടരും ഇരു സമുദായങ്ങളിലെയും സാധാരണക്കാരായ ആളുകളുടെ ജീവിതദുരിതങ്ങളും കഷ്ടപ്പാടുകളും കണ്ടില്ലെന്ന് നടിച്ച് പ്രണയവിവാഹങ്ങളുടെയും മതം മാറ്റത്തിന്റെയും പേരില്‍ സാമുദായിക വികാരമിളക്കിവിട്ട് ആളുകളെ തമ്മില്‍ തല്ലിക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഹിന്ദു ഐക്യവേദി നടത്തുന്ന ലവ് ജിഹാദ് വിരുദ്ധ കാമ്പയിന്‍ ഇത്തരത്തിലുള്ളതാണെന്നതിന് തര്‍ക്കമില്ല.

മതംമാറിയുള്ള പ്രണയവിവാഹങ്ങള്‍ കേരളത്തില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഹിന്ദുവും ക്രിസ്ത്യനും തമ്മിലും ഹിന്ദുവും മുസ്ലീം തമ്മിലും മുസ്ലീമും ക്രിസ്ത്യനും തമ്മിലും വിവാഹങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ മുസ്ലീം ജനസംഖ്യ കുറവായതിനാല്‍ ഹിന്ദു-മുസ്ലീം വിവാഹങ്ങള്‍ താരതമ്യേന കുറവാണ്. മുസ്ലീം-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ അപൂര്‍വ്വവുമാണ്. വടക്കന്‍ കേരളത്തില്‍ മുസ്ലീം-ഹിന്ദു സമുദായത്തില്‍പ്പെട്ട ജനങ്ങളാണ് വ്യാപകമായുള്ളതിനാല്‍ ഇവിടെ ഹിന്ദു മുസ്ലീം വിവാഹങ്ങള്‍ വ്യാപകം തന്നെയാണ്. എന്നാല്‍ ഹിന്ദു-ക്രിസ്ത്യന്‍ വിവാഹങ്ങളും മുസ്ലീം-ക്രിസ്ത്യന്‍ വിവാഹങ്ങളും വടക്കന്‍ കേരളത്തില്‍ കുറവാണ്.

പ്രണയമെന്ന സംഗതിയെക്കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നൂറ് നാവാണ്. സിനിമയിലും സീരിയലിലും കഥയിലും കവിതയിലും നോവലിലും എന്നുവേണ്ട മനുഷ്യന്‍ ഇടപെടുന്ന എല്ലാറ്റിലും പ്രണയത്തിന്റെ മേമ്പൊടി വേണമെന്ന് എല്ലാ മനുഷ്യന്റെയും ആഗ്രഹം തന്നെയാണ്. ഒരിയ്ക്കലെങ്കിലും പ്രണയിക്കാത്തവന്‍ അവന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തി എന്ന് പറയാത്തവര്‍ ആരുമുണ്ടാകില്ല. അതിസുന്ദരികളും സുന്ദരന്മാരും മാത്രമല്ല സൗന്ദര്യം കുറഞ്ഞവരും സൗന്ദര്യം തീരെയില്ലാത്തവരുമെല്ലാം പ്രണയിക്കാനോ പ്രണയിക്കപ്പെടാനോ ജീവിതത്തില്‍ ഒരുതവണയെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും.

അല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ തന്റെ തന്നെ ആത്മാവിനെ വഞ്ചിക്കുകയായിരിക്കും. എന്നാല്‍ കലയിലും സാഹിത്യത്തിലും സിനിമയിലും പ്രണയം വേണമെന്ന് വാശിപിടിക്കുമ്പോള്‍ തന്നെ ഈ പ്രണയം ജീവിതത്തിലേക്ക് കടന്നുവന്നാല്‍ പ്രശ്‌നങ്ങള്‍ അണപൊട്ടുകയായി. സ്വജാതിയിലെയും സമുദായത്തിലെയും പ്രണയങ്ങള്‍ തൊണ്ണൂറ്റഞ്ച് ശതമാനവും പ്രശ്‌നസങ്കീര്‍ണങ്ങളാണെങ്കില്‍ മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചുള്ള പ്രണയങ്ങള്‍ ഭൂകമ്പങ്ങള്‍ തന്നെയുണ്ടാക്കും.

യുക്തിവാദിസംഘം ശക്തമായ സാന്നിദ്ധ്യമറിയിച്ചിരുന്ന കാലത്ത് കേരളത്തില്‍ മിശ്രവിവാഹങ്ങളെ അവര്‍ പ്രോത്സാഹിപ്പിക്കുകയും വേണ്ട പിന്തുണ നല്‍കുകയും ചെയ്തിരുന്നു. മിശ്രവിവാഹിതരില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും പ്രണയിച്ച് വിവാഹം ചെയ്തവര്‍ തന്നെയായിരുന്നു. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനങ്ങളും മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് വിവാഹം മതാതീതമായ കുടുംബജീവിതം നയിക്കാന്‍ കേരളീയര്‍ക്ക് കരുത്തും ബലവും ആത്മവിശ്വാസവും നല്‍കിയിരുന്നു. വിദ്യാഭ്യാസവും അതുവഴി അറിവും ശാസ്ത്രാവബോധവും നേടിയെടുക്കാനും മതങ്ങളുടെ സങ്കുചിത താല്‍പര്യങ്ങളില്‍ നിന്ന് മനുഷ്യനെ വിമോചിപ്പിക്കാനുമാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിയത്.

ഇടതുപക്ഷപ്രസ്ഥാനങ്ങളും ഇതിന്റെ പിന്നില്‍ അണിനിരന്നിരുന്നു. എന്നാല്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ള രാഷ്ട്രീയം മതത്തിന്റെയും സമുദായത്തിന്റെയും വാലാട്ടികളായതോടെ യുക്തിവാദിസംഘവും ശാസ്ത്ര സാഹിത്യപരിഷത്തുമൊക്കെ ലെറ്റര്‍ ഹെഡ്ഡുകളിലൊതുങ്ങി. മറുവശത്ത് ക്രിസ്ത്യന്‍ സഭകളും എസ് എസ് എസും ഹിന്ദുഐക്യവേദിയും വി എച്ച് പിയും എന്‍ ഡി എഫും ജമാ അത്തെ ഇസ്ലാമിയുമൊക്കെ കരുത്താര്‍ജ്ജിച്ചു. ഇവര്‍ മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു. ആണും പെണ്ണുമൊക്കെ ഹിന്ദുവും ക്രിസ്താനിയും മുസ്ലീമുമൊക്കെയാകാന്‍ നിര്‍ബന്ധിതരായി. പ്രണയം വലിയ സദാചാര പ്രശ്‌നമായി. പ്രണയവിവാഹം ലവ് ജിഹാദുമായി.

English summary
Is love Jihad is a campaign with no substance? is this romeo jihad existing?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X