കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളസര്‍വകലാശാല മലയാളത്തിന്റെ കുറവ് പരിഹരിക്കുമോ?

  • By Shibu
Google Oneindia Malayalam News

Tirur
ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശമെന്ന് വിശ്വസിക്കപ്പെടുന്ന തിരൂരില്‍ മലയാളം സര്‍വ്വകലാശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടുകഴിഞ്ഞു. വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മന്ത്രിമാരും ജനപ്രതിനിധികളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം പ്രമുഖരേറെയുണ്ടായിരുന്നു ഉദ്ഘാടനച്ചടങ്ങില്‍. സംസ്ഥാനത്തെ എട്ടാമത്തെ സര്‍വ്വകലാശാല എന്ന പദവിയോടൊപ്പം തെക്കേ ഇന്ത്യയില്‍ മാതൃഭാഷയ്ക്ക് വേണ്ടി മാത്രം സര്‍വ്വകലാശാലയില്ലെന്ന കുറവും കേരളം നികത്തിയിരിക്കുകയാണ്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച എഴുത്തുകാരന്‍ കൂടിയായ കെ ജയകുമാര്‍ മലയാളം സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ പണിപ്പെട്ടയാളാണ്. അദ്ദേഹത്തെ തന്നെയാണ് സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സിലറായി നിയമിച്ചിരിക്കുന്നത്.

തഞ്ചാവൂരില്‍ തമിഴ് സര്‍വ്വകലാശാലയും ഹംപിയില്‍ കന്നഡ സര്‍വ്വകലാശാലയും ഹൈദരാബാദില്‍ തെലുങ്ക് സര്‍വ്വകലാശാലയും നേരത്തെ തന്നെ സ്ഥാപിതമായിരുന്നു. മാത്രമല്ല മലയാളമൊഴികെയുള്ള മറ്റ് മൂന്ന് പ്രമുഖ തെക്കേയിന്ത്യന്‍ ഭാഷകള്‍ ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്തുകഴിഞ്ഞു. ദ്രാവിഡഭാഷകളില്‍ പൊതുവേ പ്രായം കുറഞ്ഞതെന്ന് ഭാഷാശാസ്ത്രജ്ഞര്‍ കരുതുന്ന മലയാളത്തിന് ഈ പദവി നേടിയെടുക്കാന്‍ രാഷ്ട്രീയ-സാഹിത്യ-സാസ്‌കാരിക കേരളം കടുത്ത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചാളുകള്‍ സംസാരിക്കുന്ന മലയാളഭാഷയുടെ വികാസവും പരിഷ്‌കരണവും സംരക്ഷണവും ലക്ഷ്യമാക്കിതന്നെയാണ് മലയാളം സര്‍വ്വകലാശാല സ്ഥാപിക്കുന്നതെന്ന് സര്‍ക്കാരും നിയുക്ത വൈസ്ചാന്‍സിലറും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് പതിനായിരക്കണക്കിന് ഭാഷകള്‍ നാമാവശേഷമായിട്ടുണ്ട്. ഇപ്പോഴും അനേകം ഭാഷകള്‍ നിലനില്‍പ്പ് ഭീഷണിയിലുമാണ്. പ്രാദേശിക-ഗ്രോത്ര സ്വഭാവമുള്ള ഭാഷകളാണ് നിലനില്‍പ്പ് ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ കോളനിവത്ക്കരണവും വ്യാവസായികവത്ക്കരണവും നഗരവത്ക്കരണവുമാണ് ഭാഷകളുടെ അന്തകരായെങ്കില്‍ ഇന്ന് കമ്പ്യൂട്ടര്‍-ഇന്‍ര്‍നെറ്റ് വ്യാപനവും ഭാഷകളുടെ മുരടിപ്പിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ പ്രാദേശിക ഭാഷകളെ കമ്പ്യൂട്ടര്‍ സൗഹൃദമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ഭാഷാ സ്‌നേഹികളും ഭരണകൂടങ്ങളും. മലയാളത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിവച്ചിട്ടുണ്ടെന്ന് മാത്രമേ പറയാനാകൂ.

മലയാളത്തെ കമ്പ്യൂട്ടര്‍ഭാഷയാക്കി വികസിപ്പിക്കാനുള്ള നടപടികള്‍ കാര്യമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണകൂടങ്ങളും അക്കാദമിക് വിദഗ്ധരും സര്‍വ്വകലാശാലകള്‍ അടക്കമുള്ള സംവിധാനങ്ങളും പരാജയപ്പെട്ടിരിക്കുന്നുവെന്ന കാര്യം പറയാതെ വയ്യ. ഭാഷാതല്‍പ്പരരായ വ്യക്തികളും വ്യാവസായിക ലക്ഷ്യത്തോടെ ചില സ്വകാര്യസ്ഥാപനങ്ങളുമാണ് എന്തെങ്കിലുമൊക്കെ ഈ മേഖലയില്‍ ചെയ്തുവെന്ന് പറയാന്‍ കഴിയുക. മലയാള ഭാഷയുടെ നിലനില്‍പ്പ് ഭാവിയില്‍ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് മലയാളത്തെ കമ്പ്യൂട്ടര്‍ ഭാഷയായി പരിവര്‍ത്തിപ്പിക്കുക എന്നതാണ്.

ഐ ടി മേഖലയില്‍ കേരളത്തെ വികസിപ്പിക്കാനും വിദേശനാണ്യവും തൊഴില്‍സാധ്യതകളും നേടിയെടുക്കാനും വലിയതോതിലുള്ള ശ്രമങ്ങള്‍ നടക്കുന്ന കേരളത്തില്‍ മലയാളത്തെ സാങ്കേതികസൗഹൃദ ഭാഷയാക്കാനുള്ള നടപടികള്‍ക്ക് അമാന്തം കാണിക്കുന്നത് ഭാഷയുടെ നിലനില്‍പ്പിനെത്തന്നെ ഗുരുതരമായി ബാധിക്കും. മലയാളഭാഷയ്ക്ക് വേണ്ടി മാത്രം രൂപം കൊണ്ടിരിക്കുന്ന സര്‍വ്വകലാശാലയ്ക്ക് ചെയ്യാന്‍ കഴിയുന്നതും ഇതുതന്നെയാണ്. ഇത് കൂടാതെ ഭാഷയെയും സംസ്‌കാരത്തെയും സാഹിത്യത്തെയും പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ആഴത്തില്‍ പഠിക്കാനുമുള്ള സൗകര്യങ്ങളാണ് ഇവിടെയൊരുക്കേണ്ടത്.

സര്‍വ്വകലാശാലകള്‍ക്ക് കുറവൊന്നുമില്ലാത്ത കേരളത്തില്‍ നിലവിലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അധികാരദുരുപയോഗത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മൂല്യശോഷണത്തിന്റെയും കൂത്തരങ്ങുകളാണ്. ജാതീയമായും സാമുദായികമായും മതപരമായും അധികാരസ്ഥാനങ്ങള്‍ വീതംവയ്ക്കാനുള്ള സംവിധാനമാണ് കേരളത്തിലെ സര്‍വ്വകലാശാലകള്‍. സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍, പ്രോ വൈസ്ചാന്‍സിലര്‍ പദവികള്‍ സമുദായസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തീറെഴുതിയെടുത്തിരിക്കുകയാണ്. മലയാളം സര്‍വ്വകലാശാലയുടെ ഗതിയും മറ്റൊന്നായിരിക്കില്ല.

സര്‍ക്കാര്‍ വകുപ്പുകളെക്കാള്‍ മോശപ്പെട്ട ബ്യൂറോക്രസി നിലനില്‍ക്കുന്ന നമ്മുടെ സര്‍വ്വകലാശാലകള്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വാങ്ങാനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്താനുമുള്ള വേദികളായി തീര്‍ന്നിരിക്കുന്നു. സര്‍വ്വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരത്തകര്‍ച്ചയാണ് വിദ്യാഭ്യാസരംഗത്ത് ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സംവിധാനങ്ങളെ പോറ്റി വളര്‍ത്തിയത്. സമയത്തിന് പരീക്ഷകള്‍ നടത്താതെയും നടത്തിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിലവാരമില്ലാത്ത വിദ്യാഭ്യാസസമ്പ്രദായത്തെ നവീകരിക്കാതെയും കേരളത്തിലെ ചെറുപ്പക്കാരുടെ അറിവിനെയും കാര്യശേഷിയെയും ദുര്‍ബലപ്പെടുത്തിയ സര്‍വ്വകലാശാലകള്‍ വെള്ളാനകള്‍ തന്നെയാണ്. ഈ ഗണത്തില്‍ മലയാള സര്‍വ്വകലാശാലയെ കൂടി കൊണ്ടുക്കെട്ടാന്‍ ഭരണകൂടവും ഉദ്യോഗസ്ഥരും സമുദായപ്രമാണികളും മടിക്കില്ലെന്നുറപ്പാണ്.

English summary
Chief Minister Oommen Chandy inaugurated Thunchathu Ezhuthachan Malayalam University. Is this move protect our language?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X