കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍മെട്രോ-മോണോ റെയിലുകള്‍ ഇല്ലെങ്കിലെന്ത്

Google Oneindia Malayalam News

Train
കേരളത്തിന്റെ വികസനം സാമ്പത്തികവിദഗ്ധര്‍ക്ക് അത്ഭുതം തന്നെയാണ്. റോഡില്ലെങ്കിലും കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കുറവില്ല. ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയുടെ കൊയ്ത്ത് കേരളത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അലങ്കോലമാണെങ്കിലും വിമാനത്താവളങ്ങള്‍, ഐ ടി പാര്‍ക്കുകള്‍, കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ എന്നിവയ്ക്ക് യാതൊരു കുറവില്ല. കേരളത്തിലെ മെട്രോ പട്ടണങ്ങളില്‍ മൂക്കുപൊത്തിയല്ലാതെ നടക്കാനാവില്ല. മാലിന്യങ്ങള്‍ നാടുനീളെ കുന്നുകൂടിക്കിടക്കുകയാണ്.

നാട്ടില്‍ മാന്യമായ തൊഴിലില്ലെങ്കില്‍ മറുനാട്ടില്‍ പോയി മലയാളികള്‍ തൊഴില്‍ കണ്ടെത്തും. കൃഷിയും ഉത്പാദനവുമില്ലെങ്കിലും ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ലോറികളില്‍ ഇവിടെയെത്തും. ഇത്രയധികം കാറുകള്‍ വില്‍ക്കുന്ന നാടായിട്ടും ഒരു സൈക്കില്‍ ഫാക്ടറി പോലും കേരളത്തിലില്ല. ചെറു പദ്ധതികളിലും ഉത്പാദനപ്രക്രിയകളിലും ആര്‍ക്കും താല്‍പര്യമില്ല. ദേശീയ പാതപൊട്ടിപ്പൊളിഞ്ഞ് നാശമായിക്കിടക്കുമ്പോള്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക് വേണ്ടിയാണ് മന്ത്രിമാരുടെ ആലോചന. ആയിരക്കണക്കിന് കോടികളുടെ വന്‍ പദ്ധതികളിലാണ് എല്ലാവരുടെയും കണ്ണ്. ഇവയുടെ കമ്മീഷനിലാണ് ഇവരുടെ നോട്ടം. നൂറ് ചെറിയ പദ്ധതികളേക്കാള്‍ ഒരൊറ്റ വമ്പന്‍ സംഭവം കയ്യിലെത്തിയാല്‍ ഒരു ജന്മത്തുണ്ടാക്കാവുന്നതിന്റെ പരമാവധിയുണ്ടാക്കാം. ഇതാണ് മെട്രോ-മോണോ റെയിലുകള്‍ക്ക് വേണ്ടി ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും മുറവിളി കൂട്ടുന്നതിന്റെ പിന്നിലുള്ളത്.

മെട്രോ റെയില്‍ വരാന്‍ പോകുന്ന എറണാകുളം പട്ടണത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ ഇവിടെ മെട്രോ വേണമെന്ന് തലയ്ക്കുള്ളില്‍ ആള്‍താമസമുള്ളവര്‍ക്ക് ചിന്തിക്കാനാവില്ല. എന്നാല്‍ പദ്ധതി കൊണ്ടുവരുന്നതിലും നടപ്പാക്കുന്നതിലും നാട്ടിലെ പൗരന്മാരുടെ അഭിപ്രായം ആരും ചോദിക്കാത്തതിനാല്‍ കാര്യമറിയാതെ മെട്രോ... മെട്രോ... ആര്‍ത്തട്ടഹസിക്കുകയാണെല്ലാവരും. എറണാകുളത്തിനും തിരുവനന്തപുരത്തിനും കോഴിക്കോടിനും നല്ല റോഡുകളും മേല്‍പ്പാലങ്ങളും ഫ്‌ളൈ ഓവറുകളും പാര്‍ക്കിംഗ് സെന്ററുകളും ട്രാഫിക് സംവിധാനങ്ങളും സുരക്ഷിതമായ ബസ് ബേകളുമാണ് അടിയന്തിരമായി വേണ്ടത്. സ്വകാര്യവാഹനങ്ങള്‍ നഗരപരിധിയില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സംവിധാനമാണുണ്ടാകേണ്ടത്. നഗരത്തിനുള്ളിലെ യാത്രയ്ക്ക് ലോ ഫ്‌ളോര്‍ ബസുകള്‍ ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇതൊന്നുമില്ലാതെ മെട്രോയെന്നും മോണോ എന്നും കേള്‍ക്കുമ്പോള്‍ നാട്ടുകാരും മാധ്യമങ്ങളും സംഘടനകളും കീജയ് വിളിച്ചിറങ്ങുകയാണ്.

സത്യത്തില്‍ മെട്രോറെയിലും മോണോറെയിലും കേരളത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? ഇന്ത്യയിലെ മറ്റ് വന്‍കിട നഗരങ്ങളെ അപേക്ഷിച്ച് വെറും 'മുനിസിപ്പാലിറ്റികള്‍' മാത്രമായ കൊച്ചിയിലെയും തിരുവനന്തപുരത്തെയും എറണാകുളത്തെയും ഗതാഗതക്കുരുക്കുകളും അതിനോടനുബന്ധിച്ച് പാര്‍ക്കിംഗ് അടക്കമുള്ള പ്രശ്‌നങ്ങളും മെട്രോയും മോണോയും വന്നാല്‍ മാറുമോ? യഥാര്‍ത്ഥത്തില്‍ ഈ നഗരങ്ങളില്‍ താമസിക്കുന്നവരുടെയും തൊഴിലെടുക്കുന്നവരുടെയും ആവശ്യം തന്നെയാണോ മെട്രോയും മോണോയും? കൊച്ചി മെട്രോയും തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിലുകളും കൊണ്ടുവരാന്‍ ആര്‍ക്കാണ് ഉത്സാഹം?

ആയിരക്കണക്കിന് കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ഇത്തരം ഗതാഗത സംവിധാനങ്ങള്‍ ഈ നഗരങ്ങളുടെ ഭാവി വികസനത്തെ ലാക്കാക്കിയാണോ നിര്‍മ്മിക്കുക? ഈ പദ്ധതി നടപ്പിലായാല്‍ ഈ നഗരങ്ങളിലെ എത്രശതമാനം ആളുകള്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കും? ഈ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ മൊത്തം എത്രകോടി സംസ്ഥാന ഖജനാവില്‍ നിന്ന് മാറ്റിവയ്‌ക്കേണ്ടിവരും. ഈ ചെലവാക്കുന്ന പണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള പ്രയോജനം ജനങ്ങള്‍ക്ക് ഇതുകൊണ്ട് ലഭിക്കുമോ?

കൊച്ചി മെട്രോ റെയില്‍ വിവാദക്കുരുക്കഴിഞ്ഞ് പാളത്തില്‍ക്കയറാന്‍ കാലം കുറെയെടുക്കും. സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഇനി കരാറുകാരുടെയും ഉദ്യോഗസ്ഥ ലോബിയുടെയും നോട്ടം തിരുവനന്തപുരം, കോഴfക്കോട് മെണോ റെയിലുകളുടെ നേരെയാണ്. കേരളത്തിലെ മോണോ റെയില്‍ പദ്ധതികള്‍ക്കായി രൂപീകരിച്ച കേരള മോണോറെയില്‍ കോര്‍പ്പറേഷന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു. കോഴിക്കോട് മോണോ റെയിലിന്റെ ആദ്യഘട്ടത്തിന്റെ നിര്‍മ്മാണച്ചെലവ് 1991 കോടിയാണ്. 2800 കോടിയാണ് തിരുവനന്തപുരം മോണോ റെയിലിന്റെ നിര്‍മ്മാണച്ചെലവ്.

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന് 5181 കോടിയാണ് ചെലവ്. മുഖ്യമന്ത്രി ചെയര്‍മാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായുള്ള കമ്മിറ്റിക്കാണ് മോണോറെയില്‍ കോര്‍പ്പറേഷന്റെ ചുമതല. കോഴിക്കോട് മോണോ റെയിലിന്റെ വിശദമായ പദ്ധതി രേഖ ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡല്‍ഹി മെട്രോ തയ്യാറാക്കിയിരുന്നു. മോണോറെയില്‍ കോര്‍പ്പറേഷന്റെ ആദ്യ യോഗം ഡിസംബര്‍ മാസം തന്നെ നടക്കും. ഇതിലെ ആദ്യത്തെ തീരുമാനം മോണോ റെയില്‍ നിര്‍മ്മാണത്തില്‍ നിന്ന് ഡല്‍ഹി മെട്രോയെയും ഇ ശ്രീധരനെയും ഒഴിവാക്കുക എന്നതായിരിക്കും. ഈ ശ്രീധരനെപ്പോലുള്ളവര്‍ മെട്രോ-മോണോ റെയിലുകള്‍ ഏറ്റെടുത്ത് നിര്‍മ്മാണം തുടങ്ങിയാല്‍ ഇതിന് വേണ്ടി കയിലുകുത്തി നടന്നവര്‍ പിന്നെ ആണുങ്ങളായി ജീവിച്ചിരുന്നിട്ട് കാര്യമില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇരുപത്തഞ്ച് ശതമാനം പണം മുടക്കുകയും ബാക്കിത്തുക എഡിബിയില്‍ നിന്നോ ലോക ബാങ്കില്‍നിന്നോ കടമെടുക്കുകയുമാകാം. ഈ കടം കേരളത്തിലെ പൊതുഖജനാവില്‍ നിന്നായിരിക്കും തിരിച്ചടയ്ക്കുക. സത്യത്തില്‍ മെട്രോ റെയിലിന്റെയും മോണോ റെയിലിന്റെയും കടം ആ കമ്പനികള്‍ ലാഭമുണ്ടാക്കിയായിരിക്കും തിരിച്ചടയ്ക്കുക എന്ന് പറയാന്‍ ഇവിടുത്തെ ഏതെങ്കിലും ഭരണാധികാരിക്കോ ഉദ്യോഗസ്ഥനോ കഴിയുമോ? കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും വരുന്ന മെട്രോ-മോണോ റെയിലുകള്‍ക്ക് വേണ്ടി കേരളത്തിലെ മൊത്തം ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നത് അധാര്‍മ്മികമല്ലേ? അഴിമതിക്ക് തുല്യമല്ലേ?

English summary
The central government has given its approval to the Kerala Monorail Corporation, formed to carry out monorail projects in Thiruvananthapuram and Kozhikode for which a detailed project report was prepared by the Delhi Metro Rail Corporation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X