കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര സി പി എമ്മിനുള്ള 'ചുവന്നകൊടി'

  • By ഷിബു ടി
Google Oneindia Malayalam News

Neyyattinkara
രാഷ്ട്രീയത്തെക്കാളുപരി സാമുദായിക ശക്തികളും വിവാദകോലാഹലങ്ങളും പൊടിപറത്തിയ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് സര്‍ക്കാരിനും കോണ്‍ഗ്രസിനും കരുത്തും ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സി പി എം വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട 'കാലുമാറ്റക്കാരന്‍' ആര്‍ ശെല്‍വരാജിന്റെ വിജയം എല്‍ ഡി എഫിന് തിരിച്ചടി മാത്രമല്ല ചില അപായ സൂചനകളും നല്‍കുന്നുണ്ട്.

യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ആര്‍ ശെല്‍വരാജിന് കാലുമാറ്റക്കാരന്‍ എന്ന കുറവ് മാത്രമേയുണ്ടായിരുന്നുള്ളൂ. നെയ്യാറ്റിന്‍കരയുടെയും തെക്കന്‍ കേരളത്തിന്റെയും രാഷ്ട്രീയ സാഹചര്യം വിശദമായി മനസിലാക്കിയാല്‍ ഈ കാലുമാറ്റം ഈ മേഖലയിലെ വോട്ടര്‍മാരെ ബാധിക്കുന്ന വിഷയമേയല്ലെന്നതിന്റെ അവസാനത്തെ തെളിവാണ് ശെല്‍വരാജിന്റെ വിജയം. സി പി എമ്മില്‍ നിന്നുകൊണ്ട് ആര്‍ ശെല്‍വരാജ് 2011ലെ തെരഞ്ഞെടുപ്പില്‍ നേടിയ 6702 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമേ കാലുമാറി യു ഡി എഫില്‍ എത്തിയിട്ടും ഉണ്ടായുള്ളൂ എന്നത് ശെല്‍വരാജിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നുണ്ട്. സി പി എമ്മിനുള്ളിലെ കടുത്ത വിഭാഗീയതയ്ക്ക് ഇരയാണ് താനെന്ന ഭാവം തുടക്കം മുതല്‍ ഒടുക്കം വരെ കാത്തുസൂക്ഷിക്കുന്നതിലും ശെല്‍വരാജ് വിജയിച്ചു. ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശെല്‍വരാജിന്റെ ഇരയെന്ന് ഇമേജിന് ബലം കൂട്ടുകയും ചെയ്തു.

എന്നാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ ഡി എഫ് നേരിട്ടതെല്ലാം പ്രതിസന്ധികളായിരുന്നു. ശെല്‍വരാജിന്റെ രാജിയും തുടര്‍ന്നുള്ള കോണ്‍ഗ്രസ് പ്രവേശനവും സി പി എമ്മിനെ പിടിച്ചുകുലുക്കിയെങ്കിലും ശെല്‍വരാജ് തന്നെ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ സി പി എമ്മിന് ഉപതെരഞ്ഞെടുപ്പ് വാശിയുടെയും ആത്മവിശ്വാസത്തിന്റെയും വിജയത്തിന്റെയും പകയുടെയുമെല്ലാം പ്രതിരൂപമായിരുന്നു.

പെട്ടെന്നാണ് കല്ലുമഴ പെയ്തതുപോലെ പ്രശ്‌നങ്ങള്‍ക്ക് മേല്‍ പ്രശ്‌നങ്ങള്‍ സി പി എമ്മിന്റെ മേല്‍ ഉരുണ്ടുകൂടിയത്. ടി പി ചന്ദ്രശേഖരന്‍ വധവും ഇതോടനുബന്ധിച്ചുള്ള അന്വേഷണത്തില്‍ സി പി എം നേതാക്കള്‍ കസ്റ്റഡിയില്‍ അകപ്പെട്ടതും എം എം മണിയുടെ കൊലവിളിയും പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെയും വി എസിന്റെയും തുറന്നപോരും പോളിംഗ് ദിനത്തിലെ വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും മുന്നണിയിലെ സി പി ഐ അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടുകളും എന്നുവേണ്ട സി പി എമ്മും എല്‍ ഡി എഫും തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. നാടാര്‍ സമുദായാംഗമെന്ന പ്രാധാന്യം ഒഴിച്ചാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എഫ് ലോറന്‍സ് ഇത്തരമൊരു സാഹചര്യത്തില്‍ മികച്ച പോരാട്ടംകാഴ്ച വയ്ക്കാന്‍ പ്രാപ്തനല്ലെന്ന തോന്നല്‍ എല്‍ ഡി എഫില്‍ പൊതുവേയുണ്ടായിരുന്നു.

എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ത്ഥികളെക്കാളും വ്യക്തിപ്രഭാവം ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലിനുണ്ടെന്ന കാര്യം ഇരുമുന്നണികളെയും അസ്വസ്ഥരാക്കിയിരുന്നു. ബി ജെ പി ഇവിടെ വിജയിക്കില്ലെങ്കിലും രാജഗോപാല്‍ പിടിക്കുന്ന വോട്ടുകളായിരിക്കും കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും വിജയം നിശ്ചയിക്കുക എന്നതായിരുന്നു മുന്നണികളെയും ആശങ്കയിലാക്കിയത്. 2011ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി അതിയന്നൂര്‍ ശ്രീകുമാര്‍ നേടിയ 6730 വോട്ടുകളില്‍ നിന്ന് കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ബി ജെ പി 30507 എന്ന മാസ്മരിക സംഖ്യയിലേക്ക് എത്തിയത് രാജഗോപാല്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം തന്നെയാണ്.

സി പി എം രാജഗോപാലിന് വോട്ടുമറിക്കുമെന്ന ഇടക്കാലത്തെ പ്രചരണത്തിലും വലിയ കഴമ്പില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. എന്‍ എസ് എസിന്റെ സമദൂരനിലപാട് ബി ജെ പിക്ക് കുറെ ഗുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സി പി എമ്മിന് ദോഷമായത് സി പി എമ്മിലെ തന്നെ വോട്ടുചോര്‍ച്ചയാണ്. അതിന് വി എസും ചന്ദ്രശേഖരന്‍വധവും എം എം മണിയും കാരണമായി.
2011ല്‍ നെയ്യാറ്റിന്‍കരയിലെ പോളിംഗ് ശതമാനം 71.14 ആയിരുന്നു. 111698 വോട്ടുകള്‍ പോള്‍ ചെയ്തു. ഇതില്‍ സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍ ശെല്‍വരാജ് 48.98 (54711 വോട്ടുകള്‍) ശതമാനം വോട്ടുകള്‍ നേടി.

യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ തമ്പാനൂര്‍ രവി 48009 വോട്ടുകളോടെ 42.98 ശതമാനമാണ് നേടിയത്. ബി ജെ പി സ്ഥാനാര്‍ത്ഥി അതിയന്നൂര്‍ ശ്രീകുമാര്‍ 6730 വോട്ടുകള്‍ അതായത് 6.03 ശതമാനം വോട്ടുകളും നേടി. ഇത്തവണ പോളിംഗ് ശതമാനം കൂടിയെങ്കിലും സി പി എമ്മിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8606 വോട്ടുകളുടെ കുറവുണ്ടായി. അതേ സമയം ബി ജെ പി 6730ല്‍ നിന്ന് 30507ലേക്ക് കുതിച്ചുകയറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4519 വോട്ടുകള്‍ യു ഡി എഫ് അധികം നേടിയെടുത്തു.

നെയ്യാറ്റിന്‍കര ഫലം സി പി എമ്മിന് അത്ര നല്ല സന്ദേശമല്ല നല്‍കുന്നത്. പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തര്‍ അബ്ദുള്ളക്കുട്ടിയുടെയും ശെല്‍വരാജിന്റെയും വഴികള്‍ സ്വീകരിക്കാന്‍ തുടങ്ങിയാല്‍ അഥവാ പി സി ജോര്‍ജ്ജിനെപ്പോലെ യു ഡി എഫ് പക്ഷത്തുള്ള രാഷ്ട്രീയചാണക്യന്‍ തന്റെ തന്ത്രങ്ങള്‍ തുടര്‍ന്നാല്‍ സി പി എം അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലകപ്പെടുക തന്നെ ചെയ്യും.

English summary
The Victory at the Neyyattinkara election will be a strong warning to CPM. The victory is the people’s reply to the Party's present policies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X