കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി 'സമനില' വീണ്ടെടുത്തു

Google Oneindia Malayalam News

Pinarayi Vijayan
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 'സമനില' വീണ്ടെടുത്തു. ടി പി വധം, പൊലീസ് അലര്‍ജി, വി എസ് വിരോധം, പി ജയരാജന്‍ അറസ്റ്റ്, സി പി ഐ വിദ്വേഷം തുടങ്ങി കാണുന്നവരെയെല്ലാം പുലഭ്യം പറയുന്ന അവസ്ഥയിലായിരുന്നു അടുത്തകാലത്തെല്ലാം സി പി എം സംസ്ഥാന സെക്രട്ടറി. സി പി ഐക്കാരോട് അരിശപ്പെട്ടസമയത്ത് സി പി എം സംസ്ഥാന സെക്രട്ടറി സ്വഭാവിക നിലവിട്ടുപെരുമാറുന്നുണ്ടോ എന്നുപോലും കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും സംശയമുണ്ടാകത്തക്ക വിധത്തിലായിരുന്നു പിണറായിയുടെ 'അഴിഞ്ഞാട്ടം'. കത്തിവേഷത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സംസാരവും ഭാഷയും മട്ടും ഭാവവുമെല്ലാം.

എന്നാല്‍ അതില്‍ നിന്നെല്ലാം കരകയറി പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നു. ഭൂമാഫിയയ്‌ക്കെതിരെയും സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെയും പൊതുവിതരണരംഗം കുത്തഴിഞ്ഞതിനെതിരെയും കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു തുടങ്ങി. വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും വളഞ്ഞ് നടത്തിയ ഉപരോധത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഏറെക്കാലം കൂടി പിണറായി ആഞ്ഞടിച്ചു.

പാര്‍ട്ടി ഉണ്ടായതില്‍ പിന്നെ നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും പാര്‍ട്ടിയെ നേരായ രീതിയില്‍ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ പ്രമുഖകക്ഷിയുടെ നേതാവ് എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ പെരുമാറാനും മുന്നണിയിലെ പ്രധാന പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ വിവേകത്തോടെ മറ്റ് പാര്‍ട്ടികളെ യോജിപ്പിച്ച് മുന്നോട്ടുപോകാനും തയ്യാറാകാതെ വെല്ലുവിളികളും ആരോപണങ്ങളും ശകാരങ്ങളും ഭീഷണികളും തുടരുകയായിരുന്നു പിണറായി. ഇത് മുതലാക്കി കയ്യാലപ്പുറത്തെ തേങ്ങപോലെ സംസ്ഥാന സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും ഘടകകക്ഷികളും വിളയാടുക തന്നെയായിരുന്നു.

പൊലീസിനും സി പി ഐയ്ക്കും എതിരെ പിണറായി വിജയന്‍ ഉയര്‍ത്തിയ ആക്രോശങ്ങള്‍ കേരളരാഷ്ട്രീയം സൂക്ഷ്മമായി നോക്കുന്നവര്‍ക്ക് തമാശ മാത്രമായേ കാണാനാകുമായിരുന്നുള്ളൂ. തന്റെ ഭാഗം ന്യായീകരിക്കാന്‍ എന്ത് അസംബന്ധവും പുലമ്പുന്ന ഒരാള്‍ എന്നതില്‍ കവിഞ്ഞ് പതിറ്റാണ്ടുകളുടെ അനുഭവപാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകന്‍ എന്ന പക്വമായ പരിവേഷം പിണറായിയില്‍ നിന്ന് അകന്നുപോവുകയായിരുന്നു ഈ ഘട്ടത്തില്‍. താന്‍ പറയുന്നത് മാത്രമാണ് രാഷ്ട്രീയമെന്നും മറ്റുള്ളവരെല്ലാം അരാഷ്ട്രീയവാദികളാണെന്നും അതിനാല്‍ താന്‍ പറയുന്നത് അനുസരിച്ച് തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും പറയുന്നത് ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ നാവില്‍ നിന്ന് വീഴേണ്ട വാക്കുകളല്ല. മറിച്ച് പലപ്പോഴും ഒരു ഏകാധിപതിയുടെ വേഷം അദ്ദേഹം സ്വയം എടുത്തണിയുകയായിരുന്നുവോ എന്ന് തോന്നിപ്പോകുമായിരുന്നു.

കേരളം യു ഡി എഫ് ഭരണമുന്നണിയുടെ 'തോന്ന്യാസങ്ങളുടെയും പിടിപ്പുകേടുകളുടെയും' വിളനിലമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് തന്റെ കസേര സംരക്ഷിക്കണമെന്ന് മാത്രമേയുള്ളൂ. വനഭൂമി മുതലാളിമാര്‍ക്ക് തീറെഴുതാന്‍ മന്ത്രിമാരുള്‍പ്പെടെ ഭരണമുന്നണിയിലെ പ്രമുഖ കക്ഷികളിലൊന്ന് അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതും സര്‍ക്കാര്‍ അപ്പാടെ വന്‍ വ്യവസായ ലോബികളുടെയും മതസ്ഥാപനങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തുന്നതും മുസ്ലീം ലീഗ് അതിന്റെ സമുദായപ്രീണനം ചരിത്രത്തിലെങ്ങുമുണ്ടാകാത്ത വിധം തുടരുന്നതും കേരള ജനത നിസഹായതയോടെ കണ്ടുനില്‍ക്കുകയാണ്.

ജനകീയ സമരങ്ങളെപ്പോലും പരിഹാസ്യതയോടും വര്‍ഗീയലാക്കോടെയുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്.
പ്രതിപക്ഷവും പ്രതിപക്ഷത്തെ നേതാക്കളും ജനങ്ങള്‍ക്ക് വേണ്ടി രംഗത്തെത്തേണ്ടത് ജനാധിപത്യസംവിധാനത്തില്‍ അവരുടെ ഉത്തരവാദിത്വം തന്നെയാണ്. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെങ്കില്‍ പോലും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ സി പി എമ്മിന് ഇപ്പോഴെങ്കിലും തോന്നിയത് നന്നായി.

English summary
What happened to CPM state secretary Pinarayi Vijayan? What change occured to his meature behavior? How he came back to his own style?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X