കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധുജോയിയ്ക്ക് അടിതെറ്റിയതെങ്ങനെ?

  • By Shibu
Google Oneindia Malayalam News

Sindhu Joay
അനര്‍ഹമായ പരിഗണനകള്‍ കൊടിയ അവഗണനകളിലേക്ക് തള്ളിവിടുന്നതിന്റെ ആദ്യ ചവിട്ടുപടിയാണെന്നതിന്റെ ഉത്തമോദാഹരണമാണ് കേരള രാഷ്ട്രീയത്തില്‍ സിന്ധു ജോയി. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് സിന്ധു ജോയി രാജിവച്ചെന്നുള്ള വാര്‍ത്തകള്‍ പടരുകയും സിന്ധു ജോയി അത് ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഏറ്റെടുക്കാത്ത അഥവാ ചുമതലയേല്‍ക്കാത്ത സ്ഥാനത്തുനിന്ന് എങ്ങനെയാണ് ഒരാള്‍ രാജിവയ്ക്കുന്ന എന്ന കാര്യം ഇപ്പോഴും സംശയമായി നിലനില്‍ക്കുകയാണ്. പ്രത്യേക പരിഗണനകള്‍ നല്‍കി തനിക്ക് വച്ചുനീട്ടിയ പദവി വേണ്ടെന്ന് പറയുന്നതാണ് കൂടുതല്‍ ശരി.

സിന്ധു ജോയിയെ യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി നിയമിക്കുന്ന കാര്യം മന്ത്രിസഭ അംഗീകരിക്കുകയും ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവരികയും ചെയ്തിരുന്നു. യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ഓഫീസ് തുറക്കാനും സര്‍ക്കാര്‍ ഉത്തരവും ചട്ടങ്ങളും ഇറക്കുകയും ചെയ്തു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് സിന്ധു ജോയിയെ പ്രഖ്യാപിച്ചതല്ലാതെ അവര്‍ ഇതിന്റെ ചുമതല ഏല്‍ക്കുകയോ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വേണ്ടി സര്‍ക്കാരുമായോ യുവജനകാര്യവകുപ്പുമായോ വകുപ്പ് മന്ത്രിയുമായോ ഇതുവരെ ബന്ധപ്പെടുകയുണ്ടായില്ലെന്നാണ് അറിയുന്നത്. യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷ എന്ന നിലയില്‍ യുവജനക്ഷേമകാര്യവകുപ്പില്‍ നിന്ന് പല പ്രാവശ്യം ഫോണില്‍ വിളിച്ചിട്ട് സിന്ധു ഫോണെടുത്തില്ലെന്നും വാര്‍ത്തകളുണ്ടായി.

സിന്ധു ജോയി എന്നും വാര്‍ത്തകളിലെ താരം തന്നെയായിരുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ആകുന്നതിന് മുമ്പ് തന്നെ സി പി എം സംസ്ഥാനനേതൃത്വത്തിന് പ്രിയങ്കരിയായിരുന്നു ചുറുചുറുക്കുള്ള ഈ വിദ്യാര്‍ത്ഥി പ്രവര്‍ത്തക. എസ് എഫ് ഐ നടത്തിയ തീപ്പൊരി സമരങ്ങളില്‍ വിദ്യാര്‍ത്ഥി സഖാക്കളെ കവച്ചുവയ്ക്കുന്ന രീതിയിലുള്ള ഉശിരന്‍ പ്രകടനങ്ങള്‍ നടത്തി മാധ്യമങ്ങളുടെയും പാര്‍ട്ടിയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധപിടിച്ചുപറ്റുകയും വച്ചടിവച്ചടി കയറി സംഘടനയുടെ തലപ്പത്ത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലെത്തുകയും ചെയ്തു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തലസ്ഥാനത്ത് നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ ഗ്രനേഡ് പൊട്ടി കാലില്‍ ഗുരുതരമായി പരിക്കേറ്റ് ഏറെക്കാലം ചികിത്സയില്‍ കഴിയുക മാത്രമല്ല ജയിലിലും കഴിഞ്ഞിട്ടുണ്ട് എസ് എഫ് ഐ സഖാക്കളുടെ വീര്യവും അഭിമാനവുമായിരുന്നു ഈ ധീരസഖി. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൊലീസ് നടത്തിയ വിദ്യാര്‍ത്ഥി വേട്ടയുടെ ഇരയായ സിന്ധു 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലെത്തി സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി.

വിജയപ്രതീക്ഷയില്ലെങ്കിലും സംസ്ഥാനത്തെ ഏതാണ്ട് ഒട്ടുമുക്കാല്‍ എസ് എഫ് ഐ നേതാക്കളും പ്രവര്‍ത്തകരും പുതുപ്പള്ളിയിലെത്തി സിന്ധുവിന് വേണ്ടി വോട്ടുപിടിക്കാന്‍ കോട്ടയം ഇളക്കിമറിച്ചത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയുടെ പോലും കണ്ണുതള്ളിച്ചിരുന്നു. പിന്നീട് 2009ല്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ കെ വി തോമസിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി. പാര്‍ട്ടി പരിഗണിച്ചെങ്കിലും വോട്ടര്‍മാര്‍ പരിഗണിക്കാത്തതിനാല്‍ സിന്ധുവിന് നിയമസഭയിലും ലോക്‌സഭയിലും എത്താനായില്ല.

പഠനകാലത്ത് എറണാകുളത്താണ് സിന്ധു എസ് എഫ് ഐ പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളത്തെ സംഘടനാ നേതൃത്വവുമായി ചില അസ്വാരസ്യങ്ങളുണ്ടാവുകയും സംഘടനാ നടപടികള്‍ നേരിടുകയും ചെയ്തിരുന്നതായി അന്ന് സിന്ധുവിന്റെ സഹപ്രവര്‍ത്തകരായിരുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് സിന്ധുവിന്റെ സംഘടനാപ്രവര്‍ത്തനം തിരുവനന്തപുരത്തായി. അവിടെ പൊടുന്നനെ എസ് എഫ് ഐ ജില്ലാ കമ്മിറ്റിയിലെത്തുകയും അതിനേക്കാള്‍ പെട്ടെന്ന് സംസ്ഥാന നേതൃത്വത്തിലെത്തുകയുമായിരുന്നു.

പിന്നീടുള്ള രണ്ട് മൂന്ന് വര്‍ഷക്കാലം എസ് എഫ് ഐയില്‍ സിന്ധു ജോയിയുടെ കാലമായിരുന്നു. എസ് എഫ് ഐ നേതാവാണെങ്കിലും സി പി എം സംസ്ഥാന-കേന്ദ്രനേതാക്കളുമായിട്ടായിരുന്നു സിന്ധുവിന്റെ ഇടപെടലും ഇടപഴകലും. ഇതോടെ സാദാ എസ് എഫ് ഐ സഖാക്കളുടെ കണ്ണില്‍ സിന്ധു ഹീറോയിന്‍ തന്നെയായി. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരുന്ന് മറ്റാരെക്കാളും കൂടുതല്‍ ഷൈന്‍ ചെയ്ത സിന്ധു പിന്നീട് സംഘടനയുടെ ദേശീയ വൈസ്പ്രസിഡന്റായി.

എസ് എഫ് ഐയിലും പാര്‍ട്ടിയിലും പരിഗണനകളേറെ ഏറ്റുവാങ്ങി തിളങ്ങുകയും വമ്പന്‍മാര്‍ക്ക് പോലും സ്വപ്നം കാണാന്‍ സാധിക്കാത്ത വിധത്തില്‍ പാര്‍ട്ടി ചുമതലകള്‍ ഏല്‍പ്പിക്കപ്പെടുകയും ചെയ്ത സിന്ധു ജോയിയുടെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ളവര്‍ ഏറെയായിരുന്നു. പാര്‍ട്ടിക്കാര്‍ തന്നെ സിന്ധുവിന് കിട്ടുന്ന അമിത പരിഗണനയില്‍ മനംനൊന്ത് ചില ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. സിന്ധുവിന് കിട്ടിയ പരിഗണനകളുടെ കാലം അസ്തമിച്ച് തുടങ്ങി. പിന്നീടവര്‍ ആത്മീയതയിലേക്ക് ചേക്കേറുകയാണെന്ന വാര്‍ത്ത പരന്നു. നിത്യവിശുദ്ധയായ കന്യകാമറിയത്തിന്റെ ആരാധികയായി. യുട്യൂബില്‍ ഭക്തിഗാനമേള നടത്തി. ഇതിനിടെ കോട്ടയത്തുകാരന്‍ പ്ലാന്ററുമായി വിവാഹം ഉറപ്പിച്ചതായി ഗോസിപ്പുകളുണ്ടായി. പഴയ ശത്രു ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനാണ് സിന്ധുവിന്റെ അടുത്ത ചങ്ങാതിയെന്ന് അടക്കം പറച്ചിലുണ്ടായി.

1993ല്‍ പാര്‍ട്ടി അംഗമായ തനിക്ക് ഉണ്ടായത് സ്വഭാവികമായ വളര്‍ച്ച മാത്രമാണെന്നും കാലാകാലങ്ങളില്‍ ലഭിക്കേണ്ട അംഗീകാരം മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്നും സിന്ധു പിന്നീട് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സീറ്റ് ലഭിച്ചില്ലെന്ന കാരണത്താല്‍ സിന്ധു സി പി എം വിട്ട് നേരെ കോണ്‍ഗ്രസിലെത്തിയത്. എ പി അബ്ദുള്ളക്കുട്ടി എന്ന മുന്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റിനെ പാര്‍ട്ടിയിലെടുത്ത് നിയമസഭാ സീറ്റ് നല്‍കി വിജയിപ്പിച്ചെടുത്ത കോണ്‍ഗ്രസിന് സിന്ധുവും ഒരു മുതല്‍ക്കൂട്ടാണെന്നാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞത്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായതിനാല്‍ സിന്ധുവിന് സീറ്റ് കൊടുത്ത് മത്സരിപ്പിക്കാന്‍ നിര്‍വ്വാഹമില്ലാതായി. എങ്കിലും ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ സിന്ധു പങ്കെടുക്കുകയും തീപ്പൊരി ചിതറുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. ചിലയിടങ്ങളില്‍ പൊലീസ് സംരക്ഷണത്തോടെയാണ് സിന്ധു പ്രസംഗിച്ചത്. കോണ്‍ഗ്രസിലേക്ക് വന്നതിന്റെ പ്രത്യുപകാരമായാണ് സിന്ധുവിന് അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ പുതുതായൊരു യുവജന കമ്മീഷന്‍ രൂപീകരിച്ച് അതിന്റെ അധ്യക്ഷസ്ഥാനം വച്ചുനീട്ടിയത്.

യു ഡി എഫിലെ മറ്റെല്ലാവരും സിന്ധുവിനെ അംഗീകരിച്ചു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമൊഴികെയുള്ള കോണ്‍ഗ്രസുകാര്‍ ആണുപെണ്ണടക്കം കടുത്ത എതിര്‍പ്പുയര്‍ത്തി, പ്രത്യേകിച്ച് യൂത്തന്മാരും മഹിളകളും. സിന്ധു ജോയിയുടെ സി പി എം കാല ജീവിതത്തെക്കുറിച്ചുള്ള കഥകളും ഗോസിപ്പുകളും ഇവര്‍ അടിച്ചിറക്കി. കോണ്‍ഗ്രസുകാരുടെ പുളിച്ച വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ പിന്നെ ഏഴ് കടലിലും കുളിച്ചാല്‍ നാറ്റം പോകാത്തതിനാല്‍ സിന്ധു സ്ഥാനമേറ്റെടുക്കാന്‍ പോലും തയ്യാറാകാതെ ഉപേക്ഷിച്ചതായാണ് തലസ്ഥാന വര്‍ത്തമാനങ്ങള്‍ വ്യക്തമാക്കുന്നത്. സി പി എം എതിരാളികളെ അവഗണിക്കുകയും കയ്യേറ്റം ചെയ്യുകയും അത്യവശ്യഘട്ടത്തില്‍ തട്ടിക്കളയുകയും മാത്രമേ ചെയ്യൂ. എന്നാല്‍ കോണ്‍ഗ്രസുകാര്‍ അങ്ങനെയല്ല. കോണ്‍ഗ്രസുകാര്‍ പ്രതികാരം തുടങ്ങിയാല്‍ പിന്നെ തൂങ്ങിച്ചാകുകമാത്രമേ നിവൃത്തിയുള്ളൂ. അതിനാല്‍ സിന്ധു കോണ്‍ഗ്രസുകാരുമായി യുദ്ധത്തിന് നില്‍ക്കുന്നില്ല, മറിച്ച് ഒഴിഞ്ഞുമാറിപ്പോവുകയാണ്.

English summary
Sindhu Joy will not take up the post of president of State Youth Commission. Though she was appointed as president on March 31, she has not taken charge. What happened to Sindhu Joy? Shibu t Joseph Writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X