കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സഖാവേ, ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷിയാണോ?

  • By സമദ് മേത്തര്‍
Google Oneindia Malayalam News

''രക്തസാക്ഷിയായ ടി പി ചന്ദ്രശേഖരന്റെ വീട് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ സന്ദര്‍ശിച്ചത് യാദൃശ്ചികമായിരുന്നെങ്കിലും അത് ഒഴിവാക്കാമായിരുന്നു. 51 വെട്ടേറ്റ് നിഷ്ഠൂരമായി കൊല്ലപ്പെട്ട രക്തസാക്ഷിയായ സഖാവ് ചന്ദ്രശേഖരന്റെ പ്രായമായ അമ്മയെയും ഭാര്യയെയും മകനെയും ആശ്വസിപ്പിക്കാനാണ് താന്‍ അവിടെ പോയത്...''

''രക്തസാക്ഷിയായ ടി പി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ താന്‍ പിണറായിയെ ഡാങ്കേയോട് ഉപമിച്ചത് ഒഴിവാക്കാമായിരുന്നു...''

''കുലംകുത്തി പ്രയോഗം പാടില്ലെന്നാണ് ഇപ്പോഴും തന്റെ നിലപാട്. ഒരു സഖാവ് മറ്റൊരു സഖാവിനെക്കുറിച്ച് ഇങ്ങനെ പറയരുത്. അഞ്ച് പ്രാവശ്യമാണ് കുലംകുത്തി പ്രയോഗം നടത്തിയത്.''

VS Big

കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംഘടനാപരമായ വീഴ്ചകള്‍ ഏറ്റുപറയാന്‍ വി എസ് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ ചില വാചകങ്ങളുടെ പ്രസക്തഭാഗങ്ങളാണ് തുടക്കത്തില്‍ എടുത്തുചേര്‍ത്തിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളൊന്നാകെ ഒപ്പിയെടുത്തിരിക്കുന്ന ഈ വാക്കുകള്‍ കളവാണെന്ന് പറയാന്‍ ആര്‍ക്കുമാകില്ല.

പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വി എസ് നടത്തിയ ഏറ്റുപറച്ചില്‍ വി എസ് വിരോധികളായ സി പി എമ്മുകാര്‍ ആഘോഷിക്കുക തന്നെയാണ്. ഒരു നിമിഷം സഖാക്കളേ, വി എസ് വീണ്ടും പറഞ്ഞതുപോലെ ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷിയാണോ? വി എസിന്റെ ഏറ്റുപറച്ചിലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ''വളരെ ഹാപ്പി'' എന്ന എന്ന മറുപടിയില്‍ സന്തോഷം പങ്കിട്ട പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയണം, ടി പി ചന്ദ്രശേഖന്‍ രക്തസാക്ഷിയാണോ?

ചന്ദ്രശേഖരന്‍ രക്തസാക്ഷിയല്ലെങ്കില്‍ പിന്നെ വി എസ് നടത്തിയ ഏറ്റുപറച്ചില്‍ വെറും പ്രഹസനമല്ലേ? ഇതില്‍ ഹാപ്പിയാകാനെന്തിരിക്കുന്നു. കേന്ദ്രകമ്മിറ്റിയുടെ നിര്‍ബന്ധപ്രകാരം പരസ്യ ഏറ്റുപറച്ചിലിന് തയ്യാറാവുകയും അതിനിടെ തന്നെ ഗുരുതരമായ സംഘടനാ വീഴ്ച വീണ്ടും വരുത്തുകയും ചെയ്ത വി എസിനെ പിന്നെ എന്തിന് നിങ്ങള്‍ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുന്നു? മറിച്ച് വി എസിന്റെ വാക്കുകള്‍ പ്രകാരം ചന്ദ്രശേഖരന്‍ രക്തസാക്ഷിയാണെന്ന് പാര്‍ട്ടി സമ്മതിക്കുന്നെങ്കില്‍ പിന്നെ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും ടി പിയെ കുലംകുത്തിയെന്ന് ആവര്‍ത്തിച്ച് വിളിച്ചതിന്റെ പേരില്‍ പിണറായിയെ വി എസ് ഡാങ്കേയോട് ഉപമിച്ചതും എങ്ങനെ തെറ്റാകും?

ടി പി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന നിലപാടില്‍ സഖാവ് പിണറായി വിജയന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുക തന്നെയാണല്ലോ! ഇതാ വി എസ് പറഞ്ഞിരിക്കുന്നു, കുലംകുത്തി പ്രയോഗം പാടില്ല എന്ന്. അതും ഒരു സഖാവ് മറ്റൊരു സഖാവിനെ അങ്ങനെ വിളിക്കാനേ പാടില്ല എന്നും ഏറ്റുപറഞ്ഞിരിക്കുന്നു വി എസ്. ഇതിനും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ മറുപടി പറയണം. ടി പി ചന്ദ്രശേഖരന്‍ സി പി എമ്മുകാര്‍ക്ക് ഇപ്പോഴും സഖാവ് തന്നെയാണോ? ഒരു സഖാവ് മറ്റൊരു സഖാവിനെ കുലംകുത്തിയെന്ന് വിളിക്കാന്‍ പാടുണ്ടോ?

കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്ന് പറഞ്ഞിതിന് തുടര്‍ച്ചയായി കൂടംകുളം വിഷയത്തില്‍ ഭാവിയിലും താന്‍ ജാഗരൂകമായിരിക്കുമെന്ന് പറഞ്ഞത് സംഘടനാവിരുദ്ധമല്ലേ? കൂടംകുളത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയ സി പി എം എന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലൊരാള്‍ ജാഗരൂകനായി കൂടംകുളം വിഷയത്തെ ഭാവിയിലും നോക്കിക്കാണുമെന്ന പ്രസ്താവന എങ്ങനെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്വമനുസരിച്ച് സംഘടനാവിരുദ്ധമല്ലാതിരിക്കും?

യഥാര്‍ത്ഥത്തില്‍ സഖാക്കളേ, നിങ്ങളെ വി എസ് പറ്റിക്കുകയായിരുന്നു. പുറത്തുള്ളതിലും വലുതാണ് അളയിലെന്ന നിലയിലേക്കാണ് വി എസ് തന്റെ ഏറ്റുപറച്ചിലിലൂടെ പാര്‍ട്ടിയെ തള്ളിയിട്ടിരിക്കുന്നത്. കേന്ദ്രക്കമ്മിറ്റിയുടെയും കേന്ദ്രനേതൃത്വത്തിന്റെയും ആവശ്യപ്രകാരം തനിക്കുണ്ടായ സംഘടനാപരമായ വീഴ്ചകള്‍ പൊതുസമൂഹത്തില്‍ ഏറ്റുപറയുന്നു എന്ന കുമ്പസാരത്തോടെ തനിക്കുണ്ടായ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ വി എസ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തെക്കൂടി കെണിയിലാക്കിയിരിക്കുകയാണ്.

89ലേക്ക് കടക്കുന്ന വന്ദ്യവയോധികനായ വി എസിനെ ഏറ്റുപറച്ചിലിന്റെ പേരില്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരും ആരാധകരും പാര്‍ട്ടിയിലെ അനുയായികളും നട്ടെല്ലില്ലാത്തവനെന്ന് ആക്ഷേപിക്കുകയാണ്. സംഘടനയ്ക്കുള്ളില്‍ തുടരാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി തന്റെ ചില പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ശരികേടായിരുന്നുവെന്ന് പറയുമ്പോഴും വി എസ് താന്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ആശയങ്ങളില്‍ നിന്ന് ഒരിഞ്ചുപോലും അയഞ്ഞിട്ടില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഏറ്റുപറച്ചിലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വളരെ ഹാപ്പിയാണെന്ന് പരസ്യമായി പറഞ്ഞ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ ഒരു ബുദ്ധിയുള്ള നേതാവിന്റെ വായില്‍ നിന്ന വരേണ്ട വാക്കുകളാണോ എന്ന് ജനാധിപത്യസമൂഹം വിലയിരുത്തണം. പകയുള്ള, ദുര്‍വാശിക്കാരനായ, വിവേകം നശിച്ച ഒരാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഫ്രതികരിക്കാനാവൂ!

വി എസിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകണമെന്ന ചിന്തപോലുമില്ല. കുടുംബത്തില്‍ കലഹമുണ്ടാകുമ്പോള്‍ വീടുപേക്ഷിച്ച് കാശിക്ക് പോകുന്ന വീട്ടുകാരണവരല്ല വി എസ്. മറിച്ച്, മുറിപ്പത്തലുമായി നില്‍ക്കുന്ന പിടിവാശിക്കാരനായ കാരണവര്‍ തന്നെയാണദ്ദേഹം. വി എസിനെ പാര്‍ട്ടിക്ക് പുറത്താക്കി പടിയടയ്ക്കാനും വി എസ് വിരുദ്ധര്‍ക്കാവില്ല. കാരണം, വി എസ് പോയാല്‍ തറവാടിന്റെ അടിക്കല്ലിളകുമെന്ന് കേന്ദ്രന്മാര്‍ തൊട്ട് സംസ്ഥാനന്മാര്‍ വരെയുള്ളവര്‍ക്കറിയാം. തല്‍ക്കാലം ഏറ്റുപറച്ചിലില്‍ രോഷമൊതുക്കി മുന്നോട്ടുപോകാമെന്ന് മാത്രം.

English summary
VS Achuthanandan former Kerala chief minister once again asserted he would speak up whenever he feels that something is wrong. As per party direction the veteran leader said he was sorry that he violated the party discipline, but the same time he cleared his firm stand on various issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X