• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി പീഡനവും സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പും

  • By ഷിബു ടി ജോസഫ്‌

ഡല്‍ഹി മാനഭംഗവും അതിക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണവും രാജ്യത്താകമാനമുണ്ടാക്കിയ പ്രകമ്പനങ്ങളുടെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ ട്വിറ്റര്‍ കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും പരസ്യമാക്കുന്നതിനെതിരെയുള്ള നിയമത്തിന്റെ പിന്‍ബലത്തില്‍ പെണ്‍കുട്ടിയുടെ വിശദാംശങ്ങളുടെ സൂചന പ്രസിദ്ധീകരിച്ച രണ്ട് ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതിന്റെ പിന്നാലെയാണ് ശശി തരൂരിന്റെ പ്രസ്താവന ഉണ്ടായത്.

വാസ്തവത്തില്‍ ഡല്‍ഹി സംഭവത്തില്‍ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകളെ ഇഴകീറി പരിശോധിച്ചാല്‍ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവര്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടിവരും. പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ സംസ്‌കാരച്ചടങ്ങ് സംപ്രേഷണം ചെയ്യേണ്ടെന്ന ഇന്ത്യന്‍ ബ്രോഡ്കാസ്റ്റ് അസോസിയേഷന്റെ തീരുമാനവും ബലാത്സംഗത്തിനിരയാകുന്നവര്‍ക്ക് വേണ്ടി രാജ്യത്തെ നിയമം അനുശാസിക്കുന്ന വകുപ്പുകളെയും ചട്ടങ്ങളെയും ശിരസാവഹിച്ചുകൊണ്ട് പത്രമാധ്യമങ്ങളും ചാനലുകളും നടത്തിയ റിപ്പോര്‍ട്ടിംഗും ഇതാണ് വ്യക്തമാക്കുന്നത്.

ഇത് അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സെന്‍സര്‍ഷിപ്പിന്റെ മറ്റൊരു പതിപ്പായിരുന്നില്ലേ എന്ന് തോന്നിപ്പോയാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല. മരിച്ച പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നല്ല, ഇക്കാര്യത്തില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ഒളിച്ചുകളിയും വഞ്ചനയും ഗൂഢാലോചനയുമാണ് പുറത്തുവരേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും.

ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതമില്ലാതെ പേരും ചിത്രവും പ്രസിദ്ധപ്പെടുത്തുന്നത് നിയമവിരുദ്ധവും അന്യായവുമാണ് സംശയമില്ല. എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ കണ്ട് ഇക്കാര്യം സ്ഥിരീകരിക്കാന്‍ രാജ്യത്തെ ഏതെങ്കിലും മാധ്യമസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞോ എന്ന് സംശയമാണ്. ഇവര്‍ക്ക് വേണ്ടി നിയമം എടുത്തുകാട്ടി വാദിച്ചുകൊണ്ടിരിക്കുന്നത് ഡല്‍ഹി ഭരണകൂടവും കേന്ദ്രഭരണകൂടവും പൊലീസുമൊക്കെയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും അടുത്ത ബന്ധുക്കളുമൊക്കെ ഇപ്പോഴും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും അപ്രാപ്യരാണ്. രാജ്യം കണ്ടതില്‍ വച്ചേറ്റവും കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കുള്ളിലാണ് ഇവര്‍. മരിച്ച പെണ്‍കുട്ടിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങ് പോലും അതീവസുരക്ഷയിലാണ് നടന്നത്.

ഒരു ബലാത്സംഗക്കൊലപാതകം രാജ്യത്തെ ഭരണകൂടത്തെ ഇത്രമേല്‍ പിടിച്ചുലച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല എന്നതിനാല്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ അതിശക്തമാകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ലജിസ്ലേച്ചറിന്റെയും എക്‌സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും പോരായ്മകള്‍ ചൂണ്ടിക്കാട്ടേണ്ട ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ത് നിയമത്തിന്റെ പേരിലായാലും ഇവര്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍കുന്ന കാഴ്ചയാണ് കാണേണ്ടിവരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ ഭരണകൂടത്തിലും അതിനെ നയിക്കുന്ന രാഷ്ട്രീയ സംവിധാനത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലും നാള്‍ക്കുനാള്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പിന്നെയും ജൂഡീഷ്യറിയെയാണ് പ്രതീക്ഷയോടെ ജനങ്ങള്‍ നോക്കുന്നത്. ഈ അവസരത്തില്‍ ജനാധിപത്യത്തിലെ മറ്റ് മൂന്ന് സംവിധാനങ്ങളെക്കാളും കൂടുതലായി ഫോര്‍ത്ത് എസ്‌റ്റേറ്റ് (മുഖ്യധാരാ മാധ്യമങ്ങള്‍) ചീഞ്ഞളിഞ്ഞതിന്റെ ലക്ഷണമാണ് ഡല്‍ഹി സംഭവത്തിലൂടെ പുറത്തുവരുന്നത്. ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ജുഡീഷ്യറിയുടെയും ആജ്ഞകള്‍ ശിരസാവഹിക്കാനാണെങ്കില്‍ പിന്നെ മാധ്യമങ്ങള്‍ എന്ന പേരിന് എന്താണര്‍ത്ഥം. മുഖ്യധാരാ മാധ്യമ സംവിധാനത്തെ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് സംവിധാനമെന്ന് പേരിട്ടാല്‍ പോരേ!

2011 ഫെബ്രുവരി ഒന്നിനാണ് കേരളത്തെ നടുക്കി ഗോവിന്ദച്ചാമിയുടെ ക്രൂരത അരങ്ങേറിയത്. ഷൊര്‍ണൂരിന് സമീപം ട്രെയിന്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ട്രെയിനില്‍വച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ട്രെയിനില്‍നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞ് ട്രാക്കിന്റെ സൈഡിലിട്ട് ക്രൂരമായി മാനഭംഗപ്പെടുത്തുകയും ചെയ്ത സംഭവം കേരള ചരിത്രതതില്‍ ആദ്യമായിരുന്നു. അഞ്ച് ദിവസം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ജീവന് വേണ്ടി പൊരുതിയാണ് ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ആ പെണ്‍കുട്ടിയുടെ മരണം കേരളീയര്‍ തങ്ങളോരോരുത്തരുടെയും വീട്ടിലുണ്ടായ ദുരന്തം പോലെയാണ് കണക്കാക്കിയത്.

ആ പെണ്‍കുട്ടി മരിച്ചശേഷം പേരും വിവരങ്ങളും ചിത്രവും പരസ്യപ്പെടുത്തി. ഇന്നും മാധ്യമങ്ങളില്‍ സൗമ്യയുടെ ചിത്രം അച്ചടിച്ചുവരുന്നുണ്ട്. ഓരോ കേരളീയന്റെയും മനസില്‍ സൗമ്യ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷവും കേരളത്തില്‍ ബലാത്സംഗങ്ങളും പീഡനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സൗമ്യക്ക് നേരിട്ട അതിക്രൂരമായ പീഡനം കേരളീയ മനസാക്ഷിയെ എപ്പോഴും ഞെട്ടിയുണര്‍ത്താറുണ്ട്. സൗമ്യയുടെ പേരും ചിത്രവും വിശദാംശങ്ങളും പുറത്തുവന്നതുകൊണ്ട് എന്ത് കുഴപ്പമാണ് ഉണ്ടായതെന്ന് ബഹുമാനപ്പെട്ട കേന്ദ്രഭരണകൂടവും നിയമസംവിധാനങ്ങളും ഒന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കും.

2012 മാര്‍ച്ച് ആറിന് തിരുവനന്തപുരം വട്ടപ്പാറയില്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന ആര്യ എന്ന പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാതിരുന്ന അവസരത്തില്‍ ഓട്ടോ ഡ്രൈവറായ രാജേഷ്‌കുമാര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 2013 ജനുവരി ഒന്നിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും വിശദാംശങ്ങളും 2013 ജനുവരി രണ്ടിന് പ്രസിദ്ധീകരിച്ച പത്രങ്ങളിലുണ്ട്.

ശശി തരൂര്‍ എന്തായാലും സാമ്പ്രദായിക കോണ്‍ഗ്രസുകാരനല്ല. മറ്റെന്തൊക്കെ കുഴപ്പങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ചാലും സാമാന്യയുക്തിക്കും നീതിക്കും നിരക്കാത്ത കാര്യങ്ങളെ മൂടിവയ്ക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്റേതെന്ന് വ്യക്തമാണ്. ട്വിറ്ററിലൂടെ ശശി തരൂര്‍ പറഞ്ഞത് വിവാദമാക്കുന്നതിന് പകരം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ച് പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്ക് മനസിലാക്കിയ ശേഷമാണ് പ്രതികരണമുണ്ടാകേണ്ടത്. 'ആ പെണ്‍കുട്ടിയുടെ പേര് ഇനിയും രഹസ്യമാക്കി വെക്കുന്നതിലൂടെ ഏത് ലക്ഷ്യമാണ് സാധൂകരിക്കപ്പെടുകയെന്ന് അറിയില്ല. എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുകയും സ്വന്തം വ്യക്തിത്വമുള്ള ഒരാളെന്ന നിലയില്‍ ആദരിക്കുകയും ചെയ്തുകൂടാ?'

English summary
Unless her parents object,she should be honoured&the revised anti-rape law named after her. She was a human being w/a name,not just a symbol, Says sashi tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more