• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഭക്ഷ്യ സുരക്ഷ പദ്ധതി രാജ്യത്തിന് ബാധ്യത

  • By Soorya Chandran

രാജ്യത്തെ പട്ടിണിയും പരിവട്ടവും മാറ്റാന്‍ ഉതകുന്നതാണ് പാര്‍ലമെന്റ് പാസ്സാക്കിയ ഭക്ഷ്യ സുരക്ഷ ബില്‍ എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും യുപിഎ സര്‍ക്കാരിന്റേയും വാദം. എഴുപത് ശതമാനം ജനങ്ങള്‍ക്കും ചുരുങ്ങിയ ചെലവില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുന്നത് വഴി പട്ടിണിയും പോഷകാഹാരക്കുറവും കൊണ്ടുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും സര്‍ക്കാര്‍ പ്രത്യാശിക്കുന്നു.

എന്നാല്‍ ഇക്കാര്യങ്ങളൊന്നും അത്ര എളുപ്പമല്ല എന്ന് വിലയിരുത്തുന്ന വലിയൊരു വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉണ്ട്. ഇത്രയും വലിയ കാര്യം ചെയ്യാന്‍ വേണ്ടുന്ന പണം എവിടെ നിന്നാണെന്നാണ് ഇവരില്‍ പലരുടേയും ചോദ്യം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത് ഒരു എടുത്തു ചാട്ടമല്ലേ എന്നാണ് പലരും സംശയിക്കുന്നത്. കൂടാതെ രാഷ്ട്ര താത്പര്യത്തിനപ്പറും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും ആരോപണം ഉണ്ട്.

രാജ്യത്തെ 82 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഒരാള്‍ക്ക് ഒരു മാസം അഞ്ച് കിലോ ഭക്ഷ്യ ധാന്യമാണ് ലഭിക്കുക. അരിക്ക് മൂന്ന് രൂപ, ഗോതമ്പിന് രണ്ട് രൂപ, മറ്റ് ധാന്യങ്ങള്‍ക്ക് ഒരു രൂപ എന്ന തോതിലായിരിക്കും കിലോ ഗ്രാമിന് വില. 82 കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണ ഫലം കിട്ടണമെങ്കില്‍ എത്ര കോടി ചെലവ് വരുമെന്ന് കൈകള്‍ കൊണ്ട് കണക്ക് കൂട്ടാന്‍ ആകില്ല.

സര്‍ക്കാര്‍ പറയുന്നത് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി എഴുനൂറ്റി ഇരുപത്തി മൂന്ന്(1,24,723 ) കോടി രൂപ ഒരു വര്‍ഷത്തേക്ക് മാത്രം ചെലവാകുമെന്നാണ്. പക്ഷേ യഥാര്‍ത്ഥ കണക്ക് ഇതിലും എത്രയോ അധികമാകുമെന്നാണ് മറ്റ് പല ഏജന്‍സികളും പറയുന്നത്.

റോയിറ്റര്‍ വാര്‍ത്ത ഏജന്‍സിയിലെ കോളമിസ്റ്റ് ആയ ആന്‍ഡി മുഖര്‍ജിയുടെ കണ്ടെത്തല്‍ പ്രകാരം 2500 കോടി അമേരിക്കന്‍ ഡോളര്‍ പ്രതിവര്‍ഷ ചെലവ് വരും. ഏതാണ്ട് ഒന്നര ലക്ഷം കോടി രൂപ. കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക ചെലവ്, വരവ് കമ്മീഷന്‍ നടത്തിയ പഠനത്തില്‍ തുക ഇതിലും കൂടുതലാണ്. മൂന്ന് വര്‍ഷത്തേക്ക് ഏഴ് ലക്ഷം കോടി രൂപയോളം ചെലവാകുമെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. അതായത് വര്‍ഷം 2,41,262 കോടി രൂപ.

പ്രമുഖ സാമ്പത്തിക സാമ്പത്തിക എഴുത്തുകാരനായ സുര്‍ജിത് ഭല്ലയുടെ അഭിപ്രായത്തില്‍ പദ്ധതി തുക പ്രതി വര്‍ഷം മൂന്ന് ലക്ഷം കോടി രൂപ കടക്കും. ഇത് ജിഡിപിയുടെ മൂന്ന് ശതമാനത്തോളം വരുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതിനെതിരെ മറ്റ് സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ജിഡിപിയുടെ 1.35 ശതമാനം മാത്രമേ പദ്ധതിക്കായി ചെലവ് വരൂ എന്നാണ് മറുപക്ഷം.

ജിഡിപിയുടേയും, ശതമാനത്തിന്റേയോ കണക്കുകളില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ഭക്ഷ്യ സുരക്ഷ ബില്ലും തമ്മിലുളള ബന്ധം വ്യക്തമാകില്ല. അതിന് അക്കം നിരത്തുന്ന കണക്കുകള്‍ തന്നെ വേണം.

പതിനോന്ന് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി ഒമ്പത്(11,22,799) കോടി രൂപയാണ് 2013-2014 വര്‍ഷത്തില്‍ രാഷ്ട്രം പ്രതീക്ഷിക്കുന്ന വരവ്. സര്‍ക്കാരിന്റ കണക്ക് പ്രകാരം മൊത്തം വരവിന്റെ 11.10 ശതമാനം ഭക്ഷ്യ സുരക്ഷക്ക് ഉപയോഗിക്കേണ്ടിവരും. എന്നാല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇത് 21.5 ശതമാനമാകും. സുര്‍ജിത് ഭല്ലയുടെ കണക്ക് പ്രകാരമാണങ്കില്‍ 28 ശതമാനവും ആകും.

പദ്ധതിക്ക് എത്ര ചെലവ് വരും എന്ന കാര്യത്തില്‍ ഏതാണ്ട് ഒരു വ്യക്തതവരുത്താന്‍ മുകളില്‍ പറഞ്ഞ കണക്ക് ഉപകരിക്കും. പക്ഷേ അതിലും ഒരു പ്രശനമുണ്ട്. മൊത്തം വരവ് എന്ന് പറഞ്ഞാല്‍ അത് മുഴുവന്‍ എടുത്ത് സര്‍ക്കാരിന് ചെലവാക്കാന്‍ കഴിയില്ല. വരവില്‍ നിന്നുളള വരുമാനം എത്രയെന്ന് കൂടി നോക്കിയേ ചെലവ് ചെയ്യാന്‍ പറ്റു. അതുകൊണ്ട് തന്നെ നാം സ്ഥിരം കേള്‍ക്കാറുള്ള ഒരു കമ്മി ബജറ്റിന്റെ അവസ്ഥയാകും രാജ്യത്ത് ഇനിമുതല്‍ എന്നും ഉണ്ടാകുക.

നിലവില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പാണ്. കൂടുതല്‍ പണം ഇതിലേക്കായി ഒഴുകികേണ്ടി വരും. അപ്പോള്‍ ധനക്കമ്മിയും കൂടും. വരവിനനുസരിച്ച് ചെലവ് ചെയ്തില്ലെങ്കില്‍ കുടുങ്ങും എന്ന നാട്ടുമൊഴി ഇക്കാര്യത്തില്‍ അറം പറ്റിയ പോലെയാകും.

എങ്ങനെയാണ് രാജ്യം ഈ പ്രതിസന്ധിയെ മറികടക്കുക. സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണെന്ന് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. നികുതി വര്‍ദ്ധിപ്പിക്കല്‍ അടക്കമുള്ള നടപടയില്ലാതെ നിവൃത്തിയില്ല എന്നും പറയപ്പെട്ടു. രൂപയുടെ മൂല്യമാണെങ്കില്‍ ദിനം പ്രതി ഇടിഞ്ഞ് താഴെ വീണുകൊണ്ടിരിക്കുന്നു. അപ്പോള്‍ പിന്നെ എന്തായിരിക്കും സര്‍ക്കാരിന്റെ മുന്നിലുള്ള വഴി?

കൂടുതല്‍ പണം കടം വാങ്ങാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാകും. പ്രതിസന്ധി കൂടുംമ്പോള്‍ ബാങ്കുകളും മറ്റ് പലിശ നിരക്ക് കൂട്ടും. കൂടിയ പലിശ നിരക്ക് ഒരു മികച്ച സാമ്പത്തിക വളര്‍ച്ചക്ക് ഒട്ടും ഗുണകരമല്ലാത്ത സാഹചര്യമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഭക്ഷ്യ സുരക്ഷയിലേക്ക് തന്നെ തിരിച്ചു വരാം. ഇപ്പോഴത്തെ ജനസംഖ്യക്ക് അനുസരിച്ചുള്ള കണക്കുകളാണ് മുകളില്‍ പറഞ്ഞത്. നമ്മുടെ രാജ്യം മറ്റ് വളര്‍ച്ചകളുടെ കാര്യത്തില്‍ പിറകിലാണെങ്കിലും ജനസംഖ്യാ വര്‍ദ്ധനയുടെ കാര്യത്തില്‍ ചൈനനയെപ്പോലും കടത്തിവെട്ടാവുന്ന വേഗം കൈവരിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഷാവര്‍ഷം ജനസംഖ്യനുപാതികമായി ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ചെലവും കൂടും എന്നര്‍ത്ഥം.

എല്ലാവര്‍ക്കും നല്ല ഭക്ഷം കൊടുക്കാന്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് സത്യത്തില്‍ ബാധ്യതയുണ്ട്. പക്ഷേ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിട്ടാണെങ്കില്‍ പിന്നെന്ത് ഗുണം. സര്‍ക്കാര്‍ പറയുന്ന 70 ശതമാനത്തില്‍ 30 ശതമാനത്തോളം പേര്‍ സത്യത്തില്‍ ഇത്തരം ഗുണഭോക്തൃ പദ്ധതിയില്‍ ഉള്‍പ്പെടേണ്ട ആളുകളല്ല എന്നും അഭിപ്രായമുണ്ട്. നിലവിലുളള സൗജന്യങ്ങളും സഹായങ്ങളും കൃത്യമായി ജനങ്ങളില്‍ എത്തിച്ചാല്‍ തന്നെ ഒരു മാതിരി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ പുതിയ പദ്ധതിയുടെ പേര് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാതെ നിലവിലുള്ള സംവിധാനം എണ്ണയിട്ട് ഓടിച്ചാല്‍ , കോടികള്‍ ബാധ്യത വരാതെ രാജ്യത്തിന് പിടിച്ചു നില്‍ക്കാം.

English summary
India as a nation has made big mistakes on the economic and the financial front in the nearly 66 years that it has been independent, but the passage of the Food Security Bill, might turn out to be our biggest mistake till date.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more