കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐക്കാരെയും സമരത്തിനിറക്കേണ്ട ഗതികേട്

  • By ഷിബു
Google Oneindia Malayalam News

SFI
തിങ്കളാഴ്ചവരെ കാത്തുനില്‍ക്കാന്‍ സി പി എം നേതാക്കള്‍ക്കും കെ എസ് ടി എക്കാര്‍ക്കും ക്ഷമയില്ല. വെള്ളിയാഴ്ച തന്നെ എസ് എഫ് ഐ വിദ്യാര്‍ത്ഥികളെ പഠിപ്പ് മുടക്ക് സമരത്തിനിറക്കുകയാണ് നേതാക്കള്‍. രണ്ടാണ് കാര്യം 14ന് തിങ്കളാഴ്ച മലപ്പുറത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങുകയാണ്. അന്ന് എസ്എഫ്‌ഐക്കാരെ സമരത്തിനിറക്കിയാല്‍ ജനം പുച്ഛിക്കും. മറ്റൊന്ന് സംസ്ഥാനത്ത് ഇടതുപക്ഷ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് പൊളിയുകയാണ്. അതിനാല്‍ കുട്ടിക്കുരങ്ങന്മാരെ തെരുവിലിറക്കി സമരത്തിന്റെ ഉഗ്രത കേരളീയരെ അറിയിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ് സി പി എമ്മും ഇടതുപക്ഷവും.

കലോത്സവം തുടങ്ങുന്ന 14ന് എസ് എഫ് ഐക്കാര്‍ അനിശ്ചിതകാലപഠിപ്പ് മുടക്ക് തുടങ്ങിയാല്‍ പിന്നെ ഒരൊറ്റ സ്‌കൂളിലും വിദ്യാര്‍ത്ഥി സംഘടനക്കാരായി എസ്എഫ്‌ഐക്കാര്‍ക്ക് ചെല്ലാനൊക്കില്ല. കലോത്സവകാലത്ത് കേരളത്തിലെ കുട്ടികളും മാതാപിതാക്കളും ഇവന്മാരെ തലയില്‍ കൈവെച്ച് പ്രാകും. ഇനി മലപ്പുറത്തെങ്ങാനും പണിമുടക്കിയാല്‍ വിവരമറിയും. ലീഗുകാരും എം എസ് എഫുകാരും പിന്നെ എംഎസ്പി അടക്കമുള്ള പൊലീസുകാരും എസ് എഫ് ഐക്കാരന്റെ എല്ല് ചവിട്ടിയൂരും. അതിനാല്‍ മൂന്നുനാള്‍ മുമ്പേ നീട്ടിയെറിയുകയാണ് സിപിഎം. കലോത്സവം പൊളിക്കുമെന്ന് ഭീതിപരത്താന്‍ എസ്എഫ്‌ഐക്കാരെക്കൂടി സമരത്തിനിറക്കി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഉഷാറാക്കുകയാണ് ഇവരുടെ ലക്ഷ്യം.

യഥാര്‍ത്ഥത്തില്‍ അധ്യാപകര്‍ പണിമുടക്കിയാല്‍ മുടക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ എന്താണ് ചെയ്യേണ്ടത്? അധ്യാപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഠിപ്പ് മുടക്കുകയാണോ, അതോ അധ്യാപകരുടെ സമരത്തിനെതിരെ സമരം നടത്തി അധ്യാപകരെ തിരികെ സ്‌കൂള്‍ കയറ്റുകയാണോ വേണ്ടത്? വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതോ അധ്യാപനത്തെ ബാധിക്കുന്നതോ ആയ ഒരു കാര്യത്തിനുമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം നമ്മുടെ അധ്യാപകരും പണിമുടക്കുന്നത്. ഇനി സര്‍വ്വീസില്‍ കയറാനിരിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെയാണ് ഇവര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

മാര്‍ച്ച് മാസത്തില്‍ എസ് എസ് എല്‍ സി-പ്ലസ് ടു അടക്കമുള്ള പൊതുപരീക്ഷകള്‍ നടക്കുകയാണ്. ജനുവരി മാസം മുതല്‍ കുട്ടികള്‍ക്ക് രാപകലെന്യേ റിവിഷനുകളും മോഡല്‍ പരീക്ഷകളും നടത്തേണ്ട സമയത്ത് നമ്മുടെ നാട്ടിലെ ഒരു വിഭാഗം അധ്യാപകര്‍ സമരത്തിനിറങ്ങുന്നതും സ്‌കൂളുകളില്‍ കരി ഓയില്‍ പ്രയോഗം നടത്തുന്നതും വാതിലുകള്‍ പുതിയ താഴിട്ട് പൂട്ടുന്നതുമൊക്കെ ആരെ തോല്‍പ്പിക്കാനാണ്? സര്‍ക്കാരിനെയോ അതോ വിദ്യാര്‍ത്ഥികളെയോ? നമ്മുടെ നാട്ടിലെ അധ്യാപകര്‍ പഠിപ്പിക്കാനൊഴിച്ച് ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും കേമന്മാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ പണിമുടക്കിലൂടെ.

കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് അധ്യാപകരുടെ കയ്യിലിരിപ്പ് മൂലം സ്‌കൂളുകളെല്ലാം അടച്ചുപൂട്ടേണ്ട സ്ഥിതിയിലായി കേരളത്തിലെ കാര്യങ്ങള്‍. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുടെ നിലവാരം കുറഞ്ഞതോടെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് കൊയ്ത്തായി. മുറുക്കാന്‍കട തുടങ്ങുന്നതുപോലെ മുക്കിനുമുക്കിന് അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറന്നുവച്ച് കാശുവാരുകയാണ് മിടുക്കന്മാര്‍. എയ്ഡഡ് സ്‌കൂള്‍ നടത്തുന്നവര്‍ പോലും കാറ്റിനൊത്ത് തൂറ്റാന്‍ വേണ്ടി സി ബി എസ് ഇ സ്‌കൂളുകള്‍ തുറന്നുകഴിഞ്ഞു. ഇവിടെ പഠിപ്പിക്കുന്ന അധ്യാപകന് ദിവസക്കൂലിയായി നൂറുരൂപപോലും വേണ്ട. അപ്പോഴാണ് മാസം ഇരുപത്തയ്യായിരം മുതല്‍ അമ്പതിനായിരം വരെ എണ്ണിവാങ്ങുന്ന സര്‍ക്കാര്‍-എയ്ഡഡ് അധ്യാപകര്‍ അവകാശസംരക്ഷണത്തിനായി പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

അധ്യാപകന്‍ നടത്തുന്ന പണിമുടക്ക് ഉഷാറാകുന്നില്ലെന്ന് കണ്ട് തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെക്കൂടി തെരുവിലിറക്കാന്‍ മടികാണിക്കാത്ത ഇക്കൂട്ടരെ അധ്യാപകരെന്ന് തന്നെ ഇനി വിളിക്കാന്‍ കൊള്ളുമോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഒട്ടേറെ തലമുറകളുടെ ജീവിതം തുലച്ച, പൊതുവിദ്യാഭ്യാസരംഗത്തെ താറുമാറാക്കിയ ഈ അധ്യാപകരെ, നാട്ടുകാര്‍ വിവരംകെട്ട പരമദ്രോഹികളെന്ന് വിളിക്കുന്ന കാലം അത്ര വിദൂരമൊന്നുമല്ല.

English summary
Putting its weight behind the ongoing strike by Left service organisations in the State against the participatory pension scheme for government employees, the Students Federation of India (SFI) has decided not to allow classes in educational institutes across the State from Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X