കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്രത്ത് ജഹാന്‍: രാഷ്ട്രീയത്തില്‍ മുങ്ങിയ കേസ്

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബാദില്‍ 2004 ജൂണ്‍ 15 ന് നടന്നത് ഏറ്റുമുട്ടലോ, വ്യാജ ഏറ്റുമുട്ടലോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും ആയിട്ടില്ല. പ്രാഥമിക കുറ്റപത്രത്തില്‍ വ്യാജ ഏറ്റുമുട്ടലെന്ന് സിബിഐ പറയുന്നു. പക്ഷേ ഈ കുറ്റപത്രത്തില്‍ സിബിഐ എത്രത്തോളം രാഷ്ട്രീയം കലര്‍ത്തിയിട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ല.

സംഭവം നടന്ന് ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇത്തരമൊരു കുറ്റ പത്രം തയ്യാറാക്കാന്‍ സിബിഐ നിര്‍ബന്ധിച്ചത് എന്തെല്ലാമെന്ന് പകല്‍പോലെ വ്യക്തമാണ്. ഇനി ഏറ്റമുട്ടല്‍ വ്യാജമായിരുന്നെങ്കില്‍ തന്നെയും കണ്ടെത്തല്‍ ഇത്രയും വൈകിച്ചതിന്റെ ചേതോവികാരം 2014 ല്‍ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പെന്ന് വ്യക്തം. ഗുജറാത്തിന് പുറത്തേക്ക് നരേന്ദ്ര മോഡി, ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുന്നതില്‍ കോണ്‍ഗ്രസ്സിന്റെ ഭയം തന്നെയാവണം ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിറകില്‍.

Ishrat Case

ഇഷ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തെ നിസ്സാരമായി കാണുന്നില്ല. പക്ഷേ ഇക്കാലമത്രയും രാജ്യത്ത് നടന്ന മറ്റ് ഏറ്റുമുട്ടല്‍-വ്യാജ ഏറ്റമുട്ടല്‍ കേസുകളുടെ സ്ഥിതി എന്തെന്ന് കൂടി ചിന്തിച്ചേ മതിയാവൂ. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഏറ്റമുട്ടല്‍ കൊലപാകതമൊന്നുമല്ല ഇഷ്രത്തിന്റെയും മറ്റ് മൂന്ന് പേരുടേയും. 2009 മുതല്‍ 2013 ഫെബ്രുവരി വരെ 555 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി ആര്‍പിഎന്‍ സിംങ് ലോക് സഭയില്‍ വ്യക്തമാക്കിയത് വെറും രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്.

അപ്പോള്‍ ഗുജറാത്തില്‍ മാത്രമല്ല ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് വ്യക്തം. ഈ കാലയളവില്‍ ഏറ്റവും അധികം എന്‍കൗണ്ടറുകള്‍ നടന്നിട്ടുള്ളത് മണിപ്പൂരിലും ഉത്തര്‍പ്രദേശിലുമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ആസ്സാമും ആന്ധ്രപ്രദേശും ഹരിയാനയും ഒക്കെ ഏറ്റുമുട്ടല്‍ കൊലകളുടെ കാര്യത്തില്‍ ഗുജറാത്തിനേക്കാള്‍ ബഹുദൂരം മുമ്പിലാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ കുറച്ചുകൂടി വ്യക്തത തരും. കമ്മീഷന്റെ കണക്കനുസരിച്ച് 2002 മുതല്‍ 2007 വരെ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച പരാതികള്‍ 440 ആണ്. ഇതില്‍ ഗുജറാത്തില്‍ നിന്നുള്ളത് അഞ്ചെണ്ണം മാത്രം. ഉത്തര്‍പ്രദേശില്‍ ഇത് 231 ആണ്. രാജസ്ഥാനില്‍ 33 ഉം മഹാരാഷ്ട്രയില്‍ 31 ഉം, ദില്ലിയില്‍ 26 ഉം ആണ്. ആന്ധ്രയില്‍ 22 ഉം ഉത്തരാഞ്ചലില്‍ 19 ഉം അസമില്‍ 12 ഉം പരാതികള്‍ വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നു. മധ്യപ്രദേശിലും കര്‍ണാടകയിലും 10 വീതവും തമിഴ് നാട്ടില്‍ 9 ഉം, പശ്ചിമ ബംഗാളില്‍ 8 ഉം ബീഹാറിലും ഹരിയാനയിലും ആറ് വീതവും പരാതികളുണ്ട്.

ഈ കണക്കനുസരിച്ച് പോലും 14-ാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. എന്നിട്ടും ഗുജറാത്തിനെ വ്യാജ ഏറ്റുമുട്ടലുകളുടെ സംസ്ഥാനമായി ചിത്രീകരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? മേല്‍പ്പറഞ്ഞവയില്‍ മിക്ക സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സോ, കോണ്‍ഗ്രസ് പിന്തുണക്കുന്നവരോ ഭരിക്കുന്ന സ്ഥലങ്ങളാണ്. അവിടെ മരിക്കുന്നവര്‍ക്കെന്താ മനുഷ്യാവകാശങ്ങളില്ലേ...?

രാജ്യത്തിന്റെ ഭരണ കേന്ദ്രമായ ദില്ലിയില്‍ 2013 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 10 ഏറ്റുമുട്ടല്‍ കൊലകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദില്ലിയും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഭരണസിരാകേന്ദ്രത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിലയില്ലാതാകുന്നു. മാധ്യമങ്ങള്‍ക്കും അവരെ ആവശ്യമില്ല.

വ്യാജ ഏറ്റമുട്ടലുകള്‍ അത് ഒന്നായാലും നൂറായാലും തെറ്റു തന്നെ. പക്ഷേ ഒരേ പന്തിയില്‍ വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പുന്നതുപോലെയാണ് ഗുജറാത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് എന്ന് മാത്രം.

ഇഷ്രത്ത് കേസിലെ സിബിഐയുടെ പ്രാഥമിക കുറ്റപത്രവും ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. ഇഷ്രത്തിന് തീവ്രവാദ ബന്ധമില്ലെന്ന് ഉറപ്പിച്ച് പറയുന്ന കുറ്റ പത്രം മറ്റ് മൂന്ന് പേരെ സത്യത്തില്‍ കുറ്റ വിമുക്തരാക്കുന്നില്ല. ഈ വിഷയത്തില്‍ സിബിഐ പാലിക്കുന്ന മൗനം തന്ത്രപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇഷ്രത്തിനൊപ്പം കൊല്ലപ്പെട്ടവരില്‍ സീഷന്‍ ജോഹര്‍ 2004 ഏപ്രില്‍ മുതലേ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നവെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. അംജത് അലിയെ മെയ്മാസം മുതലും കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഇഷ്രത്തിനേയും ജാവേദ് ഷേക്ക് എന്ന പ്രാണേഷ് കുമാര്‍ പിള്ളയെ ജൂണിലും ആണ് കസ്റ്റഡിയിലെടുത്തതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പിന്നീട് ഇവരെ ഒരുമിച്ച് കൊണ്ടുവന്ന് , മയക്കുമരുന്ന നല്‍കി വെടി വെച്ചു കൊന്നു. ഏറ്റുമുട്ടലെന്ന് വരുത്തി തീര്‍ക്കാന്‍ ഐ.ബി സംഘടിപ്പിച്ച തോക്കുകള്‍ ഇവര്‍ക്കരികില്‍ വെച്ചു എന്നും സിബിഐ പറയുന്നു.

എന്തിനായിരുന്നു സീഷന്‍ ജോഹറിനേയും അംജത് അലിയേയും പോലീസ് മുമ്പ് തന്നെ കസ്റ്റഡിയില്‍ എടുത്തത് എന്നൊന്നും സിബിഐക്ക പറയാനില്ല. പിന്നെന്തിനാണ് ഇവരെ ഇങ്ങനെടയൊക്കെ കഷ്ടപ്പെട്ട് ഒരുമിച്ച് കൊണ്ടുവന്ന് വെറുതേ കൊന്നുകളഞ്ഞെതെന്നും സിബിഐക്ക് അറിയില്ല. ഇഷ്രത്ത് ഒഴികെ മറ്റുള്ളവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും സിബിഐക്ക് അറിയില്ല....പിന്നെ അറിയാവുന്നത് ഒരു കാര്യം മാത്രം... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇഷ്രത്ത് ജഹാനേയും കൂട്ടരേയും വ്യാജ ഏറ്റമുട്ടലില്‍ പോലീസ് കൊല്ലുകയായിരുന്നു എന്ന് മാത്രം. വെറുതെയല്ല ചില നിരീക്ഷകര്‍ സിബിഐ യെ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് വിളിക്കുന്നത്.

English summary
The charge sheet submitted by CBI against the Ishrat Jahan fake encounter case is a poticised one for the ruling congress party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X