• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് താലിബാനിസമല്ലെങ്കില്‍ പിന്നെ എന്താണ്?

മലപ്പുറത്തുകാര്‍ക്ക് മുഴുവന്‍ പ്രതിമാവിരോധമുണ്ടാകാന്‍ ഒരുതരത്തിലും ഇടയില്ല. അങ്ങനെയെങ്കില്‍ ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലും തുഞ്ചന്‍ പറമ്പിലുമൊക്കെയുള്ള പ്രതിമകള്‍ ഇന്ന് മലപ്പുറത്തിന്റെ മണ്ണില്‍ കാണില്ല. പിന്നെ ഒ വി വിജയന്റെ പ്രതിമയോട് മാത്രം ആര്‍ക്കാണിത്ര വിരോധം? ബാമിയാന്‍ പ്രതിമകള്‍ തകര്‍ത്ത താലിബാനികളുടെ മനസുള്ളവര്‍ മലപ്പുറത്ത് തലപൊക്കിത്തുടങ്ങിയിട്ടുണ്ടെന്ന് തന്നെയാണ് ഒവി വിജയന്റെ പ്രതിമ വികൃതമാക്കിയവര്‍ തെളിയിക്കുന്നത്. വര്‍ഗീയതയെ കഠിനമായി എതിര്‍ത്തിരുന്ന, അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ച ഒവി വിജയന്റെ പ്രതിമയ്ക്ക് തന്നെ ദുര്യോഗമുണ്ടായതില്‍ പ്രബുദ്ധ കേരളം ലജ്ജിച്ച് തലതാഴ്ത്തുക തന്നെ വേണം.

ഒവി വിജയന്റെ പ്രതിമ രാജാസ് ഹൈസ്‌കൂളിന്റെ തിരുമുറ്റത്ത് നില്‍ക്കുന്നത് കണ്ടുകൂടാത്തതാര്‍ക്കാണെന്ന് നാട്ടുകാര്‍ക്കെല്ലാമറിയാം. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒ വി വിജയന്റെ പ്രതിമ സ്ഥാപിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ ഫലിക്കാതെ വന്നപ്പോഴാണ് ഇരുളിന്റെ മറവില്‍ കള്ളന്മാരെ പോലെ പതുങ്ങിവന്ന് ഒരു കൂട്ടര്‍ ഈ പ്രതിമ തകര്‍ത്തത്.

പ്രതിമ തകര്‍ക്കപ്പെടുമ്പോള്‍ ഈ നീചകൃത്യത്തിന് പിന്നിലുള്ള അസഹിഷ്ണുക്കളുടെ സങ്കുചിത മനസാണ് പുറത്തുവരുന്നത്. തെളിച്ചത്തില്‍ നടക്കാത്തത് ഒളിവില്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം സാംസ്‌കാരിക കേരളം പൊറുപ്പിച്ചുകൂടാ! എന്തിന്റെ പേരിലായാലും പള്ളിക്കൂടക്കാര്യത്തില്‍ പാര്‍ട്ടിക്കാരുടെ ഇടപെടല്‍ തുടരണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഭവം.

മലപ്പുറം കോട്ടയ്ക്കല്‍ രാജാസ് ഗവ. എച്ച് എസ് എസില്‍ സ്ഥാപിച്ച ഒ വി വിജയന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചത് ഒ വി വിജയന്റെ പേരിലുള്ള സ്മൃതിവനമെന്ന പാര്‍ക്കിലാണ്. പുതിയ പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒവി വിജയന്റെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഇഴുകിച്ചേര്‍ന്ന സ്മൃതിവനം നിര്‍മ്മിക്കപ്പെട്ടത്. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഒവി വിജയനോടുള്ള ആദരവിനോടൊപ്പം തന്നെ പഠനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി സ്മൃതിവനം പാര്‍ക്കുണ്ടാക്കുകയും ഒവി വിജയന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തത്.

മുസ്ലീം ലീഗ് ഭരിക്കുന്ന കോട്ടയ്ക്കല്‍ നഗരസഭ സ്മൃതിവനം പാര്‍ക്കിനെതിരെ രംഗത്തുവന്നതോടെ ഒവി വിജയന്റെ പ്രതിമയെ സംബന്ധിച്ച വിവാദങ്ങള്‍ ശക്തമാവുകയായിരുന്നു. പ്രതിമാ നിര്‍മ്മാണത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിമ പൊളിച്ചുനീക്കാന്‍ നഗരസഭ ഉത്തരവിട്ടത് വിവാദങ്ങളുണ്ടാക്കിയിരുന്നു. വിദ്യാഭ്യാസ ചട്ടപ്രകാരം സ്മാരകം നിര്‍മ്മിക്കുമ്പോള്‍ നഗരസഭയുടെ അനുമതി ആവശ്യമാണെന്നും സ്‌കൂളിന്റെ നിയന്ത്രണാവകാശമുള്ള നഗരസഭയെ അറിയിക്കാതെയാണ് പ്രതിമ സ്ഥാപിച്ചതെന്നും പറഞ്ഞ് പ്രതിമ നീക്കാന്‍ നഗരസഭ ആവശ്യപ്പെടുകയായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അധികാരമുള്ള കോട്ടക്കല്‍ നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് നടക്കേണ്ടിയിരുന്ന സ്മൃതിവനം പാര്‍ക്കിന്റെ ഉദ്ഘാടനം തടസപ്പെട്ടു. തുടര്‍ന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും അധ്യാപക സഘടനകളും ഇടതുപക്ഷ സംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നതോടെ നഗരസഭ തല്‍ക്കാലത്തേയ്ക്ക് പത്തിമടക്കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനം നടത്താതെ ഒവി വിജയന്റെ പ്രതിമ ചാക്കുകൊണ്ട് മൂടിയിടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ പ്രതിമയുടെ പടമെടുക്കാനെത്തിയ മാധ്യമ ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി പ്രതിമ പൊതിഞ്ഞിരുന്ന ചാക്ക് ഊരി മാറ്റിയപ്പോഴാണ് ഒ വി വിജയന്റെ പ്രതിമ തകര്‍ക്കപ്പെട്ടതായി കണ്ടത്. പ്രതിമയുടെ മൂക്കും താടിയും കണ്ണടയുമെല്ലാം തകര്‍ന്ന് മുഖം വിരൂപമാക്കിയിരിക്കുകയാണ്.

പ്രതിമാനിര്‍മ്മാണത്തോട് എതിര്‍പ്പുള്ളവരായാലും അതല്ല വിവാദങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ഇറങ്ങിത്തിരിച്ചവരായാലും ഈ സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടവും നിയമസംവിധാനങ്ങളും രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കുക തന്നെ വേണം.

English summary
The sculpture of novelist and cartoonist OV Vijayan at the Government Rajas Higher Secondary School at Kottakkal in Malappuram was vandalised by unidentified persons on Wednesday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more