കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിഒകളെ സര്‍ക്കാര്‍ എന്തിന് ഭയക്കണം

  • By Soorya Chandran
Google Oneindia Malayalam News

NGO
എന്തിനാണ് സര്‍ക്കാരുകള്‍ ആക്ടിവിസ്റ്റുകളെ ഭയക്കുന്നത്? സര്‍ക്കാരിന്റെ കൊള്ളരുതായമ്കള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊറുക്കുമ്പോഴും ജനത്തിനൊപ്പം നിന്ന് സമരങ്ങള്‍ നയിക്കുന്നതുകോണ്ടോ? രാഷ്ട്രീയ പാര്‍ട്ടികള്‍ കാണാത്ത ജനകീയ പ്രശ്‌നങ്ങള്‍ പലപ്പോഴും ഉയര്‍ത്തിക്കൊണ്ടുവരുന്നതുകൊണ്ടോ?

ഏകാധിപത്യ പ്രവണത കാണിക്കുന്ന സര്‍ക്കാരുകള്‍ക്കെല്ലാം ഏതാണ്ട് ഒരേ സ്വഭാവമായിരിക്കും. അത് ഇന്ത്യയിലായും റഷ്യയിലായും ഈജിപ്തില്‍ ആയാലും. വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളെ(എന്‍ജിഒ) എല്ലാ ഭരണകൂടങ്ങളും വെറുക്കുകയോ സംശയിക്കുകയോ ചെയ്യുന്നുണ്ട്. ഹൊസ്‌നി മുബാറകിന്റെ ഈജിപ്തില്‍ ജനാധിപത്യത്തിനായുള്ള സമരം തുടങ്ങിയപ്പോള്‍ വിദേശ സഹായത്തോടെയുള്ള എന്‍ജിഒകളെയായിരുന്നു മുബാറക് ആദ്യം ആക്രമിച്ചത്. വലിയ പ്രശ്‌നങ്ങള്‍ ഭവിയില്‍ ഉണ്ടാകാതിരിക്കാന്‍ റഷ്യ ഇത്തരം എന്‍ജിഒകളെ ചാരപ്പട്ടികയില്‍ പെടുത്താന്‍ നിയമമുണ്ടാക്കി.

ഇതില്‍ നിന്ന് അത്ര വലിയ വ്യത്യാസമൊന്നമല്ല ഇന്ത്യ എന്ന് പറയുന്ന വലിയ ജനാധിപത്യ രാഷ്ടത്തിലും സ്ഥിതി. നമ്മുടെ സര്‍ക്കാരും എന്‍ജിഒകളെ വളരെ പേടിയോടേയും സംശയത്തോടെയും ആണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്.

എല്ലാ മേഖലകളിലും വിദേശ നികഷേപത്തിന് വേണ്ടി ഇരുകയ്യും തുറന്നിരിക്കുന്ന പ്രത്യേകതരം രാജ്യമാണ് നമ്മുടേത്. നമുക്ക് സ്വന്തമായുണ്ടായിരുന്നത് മുഴുവന്‍ വിറ്റ് തുലച്ച്, വിദേശികളെ കച്ചവടത്തിന് ക്ഷണിക്കുന്ന സാമ്പത്തിക 'തന്ത്രം' ആണല്ലോ നമ്മള്‍ ഉപയോഗിക്കുന്നത്. പക്ഷേ കൈകള്‍ ഇങ്ങനെ മലര്‍ക്കെ തുറക്കുമ്പോഴും എന്‍ജിഒ കള്‍ക്ക് കിട്ടുന്ന വിദേശ സഹായം സര്‍ക്കാരിന്റെ കണ്ണില്‍ കരടാണ്.

കൂടംകുളം ആണവവിരുദ്ധ സമരം അടക്കമുള്ള സമരങ്ങള്‍ക്ക് പിന്നില്‍ വിദേശ ഫണ്ട് പറ്റുന്ന എന്‍ജിഒകളാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം. രാജ്യത്ത് പലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന മറ്റ് പരിസ്ഥിതി സമരങ്ങളും ഇത്തരത്തില്‍ രൂപംകൊണ്ടവയാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു.

എങ്ങനെ ഈ എന്‍ജി ഒകളെ നിയന്ത്രിക്കാം എന്ന് ചിന്തിച്ചപ്പോഴാണ് സര്‍ക്കാരിന്റെ മുന്നില്‍ പഴയ നിമങ്ങള്‍ പലതും കടന്ന് വന്നത്. അതില്‍ പ്രധാനം വിദേശ സംഭാവന നിയന്ത്രണ നിയമം(ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) ആണ്. പിന്നെ ഒന്നും ആലോചിക്കാതെ ആ നിയമമെടുത്ത് പ്രയോഗിക്കാന്‍ തുടങ്ങി. അതും പുതുയ രൂപത്തില്‍. വിദേശ സംഭാവന നിയന്തരണ റൂള്‍(2010)

ആദ്യം തമിഴ്‌നാട്ടിലെ കൂടംകുളം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടനെയാണ് കുടുക്കിയത്. പിന്നാലെ നാലായിരത്തോളം സന്നദ്ധ സംഘടനകളെ വിദേശ സഹായത്തിന്റെ പേരില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ജ്ജീവമാക്കിക്കൊണ്ടിരിക്കുകയാണ്.

എല്ലാത്തിനേയും ഒരു സാമ്പത്തിക വിദഗ്ധന്റെ കണ്ണുകളോടെ കാണുന്ന ആളാണ് നമ്മുടെ പ്രധാനമന്ത്രി ‍ഡോ. മന്‍മോഹന്‍സിങ്( അതിന്റെ ഗുണം ഇപ്പോള്‍ നാം അനുഭവിക്കുന്നുമുണ്ട്.) രാജ്യത്ത് നടന്ന രണ്ട് പ്രധാന സമരങ്ങള്‍ക്ക് പിറകില്‍ അമേരിക്കയില്‍ നിന്നും ചില സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഫണ്ടാണെന്നാണ് അദ്ദേഹം സയന്‍സ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഏതൊക്കെയാണ് ആ സമരങ്ങള്‍ എന്നറിയുമോ... കൂടംകുളം സമരവും ജെനറ്റിക്കലി മോഡിഫൈഡ് ( ജനിതകമാറ്റം വരുത്തിയ)ഭക്ഷണങ്ങള്‍ക്കെതിരേയും ഉള്ള സമരങ്ങള്‍.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുപോലും തിരിഞ്ഞു നോക്കാത്ത സമരങ്ങളാണവ. ജനങ്ങള്‍ പ്രതിഷേധിച്ച് തുടങ്ങിയപ്പോള്‍ അവര്‍ക്ക് കൂട്ടിനുണ്ടായിരുന്നത് ചില സര്‍ക്കാരിതര സംഘടനകള്‍ മാത്രം ആയിരുന്നു. അത് സര്‍ക്കാരിനെ എന്തിനാണ് ഇത്രയധികം ചൊടിപ്പിക്കുന്നത്. ജനങ്ങളുടെ ജീവന് വെല്ലുവിളിയാകുമെന്ന് സംശയിക്കുന്ന കാര്യങ്ങള്‍ ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടപ്പിലാക്കുമ്പോഴും നിശ്ശബ്ദമായി സഹിക്കണമെന്നാണോ പ്രധാനമന്ത്രി പറയുന്നത്.

സര്‍ക്കാരിതര സംഘടനകള്‍ കൈപ്പറ്റുന്ന വിദേശ സഹായം രാജ്യതാത്പര്യത്തിനെതിരെ ഉപയോഗിക്കുന്നത് തടയാനായിരുന്നു 1976 ല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം കൊണ്ടുവന്നത്. അടിയന്തരാവസ്ഥക്ക് മുമ്പുണ്ടായ സാഹചര്യം വിദേശ ശക്തികളുടെ ഇടപെടലിന്റെ ഫലമാണെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും വിശ്വസിച്ചിരുന്നു. സമാനമായ ചിന്താരീതിതന്നെയാണ് ഇപ്പോള്‍ മന്‍മോഹന്‍ സിങും പിന്‍തുടരുന്നത്.

കൂടംകുളം സമരം മാത്രമല്ല, രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്കെല്ലാം പിറകില്‍ വിദേശ ശക്തികളാണെന്നാണ് സര്‍ക്കാരിന്റെ വിശ്വസം. റഷ്യയുമായി സഹകരിക്കുമ്പോള്‍ അമേരിക്കയും, അമേരിക്കയുമായി സഹകരിക്കുമ്പോള്‍ റഷ്യയും സമരങ്ങള്‍ക്ക് പണമിറക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. കൂടംകുളംത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നതിന്റെ സൂചന ഇതു തന്നെയാണ്.

നാലായിരത്തോളം സംഘടനകളുടെ ലൈസെന്‍സ് ആണ് വിദേശ സംഭാവ നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത്. ഇത് കൂടാതെ നിരവധി സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുമുണ്ട്. നിരോധനം നേരിടേണ്ടിവന്ന പ്രമുഖ സംഘടനകളില്‍ ഒന്ന് ഇന്ത്യന്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം(ഇന്‍സാഫ്) ആണ്. രാജ്യത്തെ എഴുനൂറോളം ചെറിയ സംഘടനകളുടെ ഒരു കണ്‍സോര്‍ഷ്യം ആണിത്. ഖനി മുതലാളിമാര്‍ക്കും, ആണവ ഉര്‍ജ്ജത്തിനും ജനിതകമാറ്റം വരുത്തിയ ഭക്ഷണ സാധങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന സംഘടന. ഇവര്‍ ദേശ വിരുദ്ധരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏത് അളവുകോലാണ് സര്‍ക്കാര്‍ ഇതിനായി ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല.

എവിടെയങ്കിലും അനീതിയോ ക്രമക്കേടോ നടക്കുന്നത് ഏതെങ്കിലും അന്താരാഷ്ട്ര സംഘടന പുറത്ത് കൊണ്ടുവന്നാല്‍ പിന്നെ അത് ദേശീയ താത്പര്യത്തിന് എതിരായി. എങ്ങനെയാണ് ഒരു കാര്യം ദേശീയ താത്പര്യത്തിന് എതിരാകുന്നത്.ആരുടെ താത്പര്യമാണ് യഥാര്‍ത്ഥത്തില്‍ ദേശീയ താത്പര്യം... ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാന്‍ ആരുമില്ല.

പരിസ്ഥിതിയെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നതിനെ എതിര്‍ത്താല്‍ പക്ഷേ അത് ദേശ വിരുദ്ധമാകും. ലോകരാഷ്ട്രങ്ങള്‍ ആണോവര്‍ജ്ജത്തെ കൈവെടിയുന്പോള്‍ അക്കാര്യം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ അതും ദേശ വിരുദ്ധം. പ്രകൃതിവിരുദ്ധ ഭക്ഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ അതും ദേശ വിരുദ്ധം.

പിന്നെ എന്ത് പറഞ്ഞാലാണ് അത് രാജ്യ താതപര്യത്തിന് ഉതകുന്നതാകുക. ആര് പറയണം. ആര്‍ക്ക് വേണ്ടി പറയണം. ഒന്ന് പതുക്കെ കാതോര്‍ത്താല്‍ നമ്മുടെ ഭരണകൂടം പറയുന്നത് കേള്‍ക്കാം....കോര്‍പ്പറേറ്റുകളുടെ താതപര്യമാണ് ദേശീയ താത്പര്യം . കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നതാണ് ദേശീയ താതപര്യം, കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നതെല്ലാം ദേശതാത്പര്യത്തിനനുസരിച്ച്....

English summary
The government is using Foreign Contribution (Regulation) Act to restrict NGOs. Actually government is feared about their activities than opposition parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X