കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനങ്ങള്‍ ഒടുങ്ങാത്ത വിതുരയിലെ ജീവിതം

  • By Soorya Chandran
Google Oneindia Malayalam News

സ്ത്രീ പീഡന കേസുകളിലെ ഇരകള്‍ എന്നും ഇരകളായി തന്നെ അവശേഷിക്കും. അങ്ങനെയാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. സൂര്യ നെല്ലിയിലെ പെണ്‍കുട്ടി വളര്‍ന്ന് യുവതിയായെങ്കിലും അവള്‍ ഇപ്പോഴും മലയാളി മനസ്സുകളില്‍ പീഡിപ്പിക്കപ്പെട്ട ആ പഴയ കൗമാരക്കാരിയാണ്. ഒരു ദുഷിച്ച കണ്ണുകൊണ്ടല്ലാതെ അവരുടെ ജീവിതം കാണാന്‍ മലയാളികള്‍ ഇപ്പോഴും തയ്യാറല്ല.

സമാനമായ ഒരു ജീവിതം തന്നെയാണ് വിതുര കേസിലും .ജീവിതത്തില്‍ മറന്നുപോകണം എന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്ന സംഭവങ്ങള്‍ ഇടവേളകളില്ലാതെ പിന്തുടരുമ്പോള്‍ ഈ 'പെണ്‍കുട്ടികള്‍' എന്ത് ചെയ്യും?

വിതുര പെണ്‍വാണിഭ കേസിലെ ഇരയായ 'പെണ്‍കുട്ടി' ഇപ്പോള്‍ വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. കേസിന്റെ വിചാരണക്ക് ഹാജരാകാത്തതില്‍ കോടതി കടുത്ത നീരസം പ്രകടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ എന്തായിരിക്കും വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മാനസികാവസ്ഥ.

Human Traffcking

1995 ല്‍, 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊടിയ പീഡനങ്ങളുടെ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടാതിരിക്കില്ല അന്നത്തെ ആ പതിനാറ് വയസ്സുകാരിയെ. കേസും കൂട്ടവും വാര്‍ത്തകളും അപമാനവും സഹിച്ച് അവള്‍ കഴിച്ചുകൂട്ടിയ 17 വര്‍ഷങ്ങള്‍ ഒരു കോടതിക്കോ, നീതിന്യായ വ്യവസ്ഥിതിക്കോ തിരിച്ചറിയാനോ ഉള്‍ക്കൊള്ളാനോ കഴിഞ്ഞെന്നു വരില്ല. ഈ സത്യം മനസ്സിലാക്കിയതോടെയാണ് അവര്‍ ഇനി കോടതിയും കേസും ഒന്നും വേണ്ട, സമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് കരഞ്ഞ് പറഞ്ഞത്.

പ്രതികള്‍ എല്ലാവരും ശക്തരാണ്. അവര്‍ക്ക് പണവും സ്വാധീനവും ഉണ്ട്. കോടതികളില്‍ കോടതികളിലേക്ക് അപ്പീല്‍ നല്‍കി പോകാനും വാര്‍ത്തകളെ വളച്ചൊടിക്കാനും ഇവര്‍ക്കാകും. ഭീഷണികളും പ്രലോഭനങ്ങളും കൊണ്ട് വര്‍ഷങ്ങളായി ആ പെണ്‍കുട്ടിയുടെ പിറകെ അവര്‍ ഉണ്ട്. 17 വര്‍ഷം നീണ്ട നിയമ യുദ്ധത്തിലും നീതി കിട്ടാതെ ഇരിക്കുമ്പോള്‍ വിതുരയിലെ ആ 'പെണ്‍കുട്ടി' ഇനി എന്താണ് ചെയ്യേണ്ടത്.

സ്ത്രീ പീഡനക്കേസില്‍ പ്രതിക്ക് പരമാവധി കിട്ടാവുന്ന ശിക്ഷ 14 വര്‍ഷത്തെ തടവ് ശിക്ഷയാണത്രെ. അപ്പോള്‍ കഴിഞ്ഞ 17 വര്‍ഷമായി ഈ പെണ്‍കുട്ടി അനുഭവിച്ചുവരുന്ന പീഡനങ്ങള്‍ക്ക് ആര് സമാധാനം പറയും. നൂലാമാലകള്‍ അഴിയാത്ത നിയമ വ്യവസ്ഥയാണ് നമ്മുടേത്. സത്യമെന്തെന്ന് വ്യക്തമായാലും കോടതിയെ പോലും ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കാന്‍ നിയമത്തിലെ പഴുതുകള്‍ ചിലപ്പോള്‍ അനുവദിച്ചെന്ന് വരില്ല. വര്‍ഷങ്ങള്‍ നീണ്ട കോടതി ജീവിതത്തില്‍ നിന്ന് ആ 'പെണ്‍കുട്ടി' പഠിച്ച പാഠങ്ങള്‍ ഇതൊക്കെയാണ്.

ഇപ്പോള്‍ അവള്‍ വിവാഹിതയാണ്. ഒരുവയസ്സ് പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ്. പതുക്കെപ്പതുക്കെ സാധാരണ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ നമ്മുടെ നിയമ വ്യവസ്ഥക്ക് അവളെ അങ്ങനെ കൈവിടാന്‍ കഴിയുന്നില്ല. ഒരിക്കലും തീരാത്ത വിചാരണകളിലേക്ക് അവള്‍ വീണ്ടും വലിച്ചിഴക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം വിതുര പെണ്‍വാണിഭക്കേസ് എന്നപേരില്‍ ദിനവും വെണ്ടക്ക നിരത്തുന്ന പത്രങ്ങളും മാധ്യമങ്ങളും കൂടിയാകുമ്പോള്‍ അവള്‍ക്ക് സാമൂഹ്യ നീതിയാണ് നിഷേധിക്കപ്പെടുന്നത്.

15 കേസുകളുടെ വിചാരണയാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ നടക്കുന്നത്. മുമ്പ് വിചാരണ നിര്‍ത്തിവക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇര തന്നെ വിചാരണ നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിലെ നിഗൂഢതയായിരുന്നു അന്ന് പലരും അന്വേഷിച്ചത്. ഒരു മാസത്തേക്ക് മാത്രമായിരുന്നു അന്ന് വിചാരണ നിര്‍ത്തിവച്ചത്. തുടര്‍ന്ന് കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കിയിരുന്നു.

എന്നിട്ടെന്തായി . എത്ര നാള്‍ മാധ്യമങ്ങള്‍ ഈ 'പെണ്‍കുട്ടിയെ' മാറ്റി നിര്‍ത്തി. വിചാരണയില്‍ നിന്ന് എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിത് പോലും വാര്‍ത്തയായി. മരിച്ചാലും ഇനി നീതി തേടി കോടതിയിലേക്കില്ല എന്നാണ് അവര്‍ കത്തില്‍ പറഞ്ഞിരുന്നത്.

ഇപ്പോഴും ആ ചിന്തയില്‍ നിന്ന് അവള്‍ പിറകോട്ട് പോയിട്ടുണ്ടാകില്ല. വര്‍ഷങ്ങള്‍ നീളുന്ന വിചാരണക്കൊടുവില്‍ തനിക്ക് നീതികിട്ടുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല. അതിനവളെ കുറ്റപ്പെടുത്താനും ആകില്ല. പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചാല്‍ തന്നെയും അവര്‍ മേല്‍ക്കോടതിയില്‍ അപ്പീലിന് പോകും. പിന്നെയും വിചാരണയുടെ ക്രൂരതകള്‍ ഈ 'പെണ്‍കുട്ടി' തന്നെ അനുഭവിക്കേണ്ടി വരും.

English summary
The Vithura sex scandal happened 17 years before in 1995 and the victim didn't get any justice till now. Hearing of the case in special court is still going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X