കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതിവാതക വില കൂട്ടിയത് റിലയന്‍സിന് വേണ്ടി

  • By Soorya Chandran
Google Oneindia Malayalam News

എന്തിനാണ് കേന്ദ്രം പെട്ടെന്ന് പ്രകൃതി വാതക വില ഇരട്ടിയാക്കിയത്? ഓയില്‍ ഇന്ത്യ ലിമിറ്റഡ് പ്രതീക്ഷിച്ചതിലും വലിയ വര്‍ദ്ധന വരുത്താന്‍ മാത്രം എന്ത് പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്...?

ചോദ്യങ്ങള്‍ നീളുമ്പോള്‍ ഉത്തരങ്ങളെല്ലാം റിലയന്‍സ് ഇന്‍സ്ട്രീസ്‌ ലിമിറ്റഡിലേക്കും മുകേഷ് അംബാനി എന്ന ബിസിനസ് രാജാവിലേക്കും റിലയന്‍സിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്ന യു.പി.എ എന്ന ഭരണ സംവിധാനത്തിലേക്കുമാണ് നീങ്ങുന്നത്.

Reliance

പ്രകൃതി വാതക വില ഇരട്ടിയാക്കുമ്പോള്‍ കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതക സമ്പത്ത് കൈയ്യടക്കിവെച്ചിരിക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് മാത്രമായിരിക്കും ഗുണം. രാജ്യത്തിന്റെ പൊതു സ്വത്തായ പ്രകൃതി വിഭവങ്ങള്‍ റിലയന്‍സ് പോലുള്ള കുത്തകകള്‍ക്ക് അടിയറവ് വെക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വില കൂട്ടാനുള്ള തീരുമാനം റിലയന്‍സിന് എത്ര ലാഭമുണ്ടാക്കുമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) കണക്കുകൂട്ടാനിരിക്കുന്നതേ ഉള്ളു.

യൂണിറ്റിന് 4.2 ഡോളര്‍ വിലയുണ്ടായിരുന്നത് ഒറ്റയടിക്ക് 8.4 ഡോളര്‍ ആക്കി ഉയര്‍ത്തുകയാണ് കേന്ദ്രമന്ത്രി സഭ ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വിലവര്‍ദ്ധനയും ഡോളറിലാക്കിയതില്‍ ദുരൂഹതയുണ്ട്. റിലയന്‍സിന്റെ ലാഭം എത്രത്തോളം കൂട്ടുക എന്നതാണോ സര്‍ക്കാരിന്റെ ലക്ഷ്യം എന്നും ഇത് സംശയം ജനിപ്പിക്കും.

2000 ല്‍ ആണ് കൃഷ്ണ-ഗോദാവരി തടത്തില്‍ പ്രകൃതിവാതക ഖനനത്തിന് റിലയന്‍സിന് അനുമതി കൊടുത്തത്. രാജ്യത്തിന്റെ ആവശ്യത്തിന്റെ അമ്പത് ശതമാനവും ഇവിടെ നിന്ന് ഉത്പാദിപ്പിക്കാമെന്ന ധാരണയിലായിരുന്നു അനുമതി. 17 വര്‍ഷം ചുരുങ്ങിയ വിലക്ക് പ്രകൃതി വാതകം നല്‍കണമെന്നും നിബന്ധനയുണ്ടായിരുന്നു. ഈ ധാരണ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കര്‍ശന നടപടിയായിരുന്നു എടുക്കേണ്ടിയിരുന്നുത്. പക്ഷേ സംഭവിച്ചത് തിരിച്ചായിരുന്നു എന്ന് മാത്രം.

വില കൂട്ടിയതിന്റെ പിന്നാമ്പുറ കഥകളാണ് ഏറ്റവും രസകരം. വില വര്‍ദ്ധന സംബന്ധിച്ച് പഠനം നടത്തിയ രംഗനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതലായിരുന്നു നമ്മുടെ ധനമന്ത്രിയും പ്രത്യേക ക്ഷണിതാവായ മൊണ്‍ടേക് സിങ് ആലുവാലിയയും ആവശ്യപ്പെട്ടത്. യൂണിറ്റിന് 11 ഡോളര്‍ ആക്കണമെന്ന് ഈ രണ്ട് സാമ്പത്തിക വിദഗ്ധരും ശക്തമായി ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം ഗ്രാമ വികസന മന്ത്രി ജെയ്പാല്‍ റെഡ്ഡിയും വളം മന്ത്രി ശ്രീകാന്ത് ജാനെയും ഊര്‍ജ്ജമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഈ തിരുമാനത്തെ ശക്തമായെതിര്‍ത്തു. കാരണം വൈദ്യുതി ഉത്പാദനത്തേയും വളം ഉത്പാദനത്തേയും ആണ് വില വര്‍ദ്ധന ഏറ്റവും അധികം ബാധിക്കുക. വൈദ്യുതി ഉത്പാദനത്തിന്റെ ചെലവ് ഒരുയൂണിറ്റിന് 2.9 രൂപ എന്നത് 6.4 രൂപയാകും.

പ്രകൃതി വാതകത്തിന്റെ ഉത്പാദന ചെലവ് പോലും കണക്കാക്കാതെയുള്ള അശാസ്ത്രീയമായ വിലകൂട്ടല്‍ എന്നാണ് മുന്‍ പെട്രോളിയം മന്ത്രി കൂടിയായ ജെയ്പാല്‍ റെഡ്ഡി മന്ത്രിസഭാ തിരുമാനത്തെ വിശേഷിപ്പിച്ചത്.

റിലയന്‍സിന് വേണ്ടി പ്രകൃതി വാതക വില കൂട്ടിയ സംഭവം മുമ്പും നടന്നിട്ടുണ്ടെന്നതാണ് സത്യം. 2007 ല്‍ അന്നത്തെ പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌റ പ്രകൃതി വാതക വില സ്വമേധയാ കൂട്ടുകയായിരുന്നു. യൂണിറ്റിന് 2.34 ഡോളര്‍ ഉണ്ടായിരുന്നത് ഒറ്റയടിക്ക് 4.2 ഡോളറാക്കി. പൊതുമേഖല സ്ഥാപനമായ എന്‍ടിപിസിക്ക് പോലും ഈ വിലക്കാണ് പ്രകൃതി വാതകം വാങ്ങേണ്ടി വന്നത്.

റിലയന്‍സ് ഇന്‍സ്ട്രീസില്‍ നിന്ന് 2.34 ഡോളറിന് പ്രകൃതി വാതകം വാങ്ങിച്ചിരുന്ന അനില്‍ അംബാനിയുടെ റിലയന്‍ നാച്വറല്‍ റിസോഴ്‌സസിനും ഈ തീരുമാനം വലിയ തിരിച്ചടിയായി. കറാര്‍ തെറ്റിച്ചെന്ന് കാണിച്ച് അനില്‍ അംബാനി നല്‍കിയ കേസാണ് പിന്നീട് സുപ്രീം കോടതി വരെ എത്തിയ വിവാദമായത്. ഒടുവില്‍ സുപ്രീം കോടതിയും റിലയന്‍സ് ഇന്‍സ്ട്രീസ്‌ ലിമിറ്റഡിന് അനുകൂലമായി വിധിച്ചു. ഇതുവഴി മുകേഷ് അംബാനിക്ക് ഏതാണ്ട് 23,000 കോടി രൂപയുടെ അധിക ലാഭമുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇപ്പോള്‍ വില ഇരട്ടിയാക്കിയതിന് ധനമന്ത്രി ചിദംബരത്തിന് ഒരു ന്യായീകരണം പറയാനുണ്ട്. പ്രകൃതി വാതകത്തിന്റെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതും ഇറക്കുമതി കൂടിയതും വലിയ പ്രതിസന്ധിയാണത്രെ സൃഷ്ടിക്കുന്നത്. ഇത് മറികടക്കാന്‍ വില ഇരട്ടിയാക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് ചിദംബരം പറയുന്നത്. വില ഇരട്ടിയാകുമ്പോള്‍ പ്രകൃതി വാതക മേഖലയില്‍ നിക്ഷേപം കൂടുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍. പക്ഷേ ജനങ്ങള്‍ക്ക് മാത്രം ഒന്നും മനസ്സിലാകുന്നില്ല.

English summary
The hike in the natural gas stands for Reliance India Limited, experts says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X