കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്കാന ഉണ്ടാകുമ്പോള്‍ ആര്‍ക്കാണ് പ്രശ്‌നം

  • By Soorya Chandran
Google Oneindia Malayalam News

ആന്ധ്ര പ്രദേശ് എന്ന വലിയ സംസ്ഥാനം വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു എന്നാണ് കരുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ തീരുമാനത്തെ അനുകൂലിക്കാന്‍ ആന്ധ്രക്ക് പുറത്ത് ആരുമില്ല.

നിലവിലുള്ള ആന്ധ്രയുടെ പ്രകൃതി വിഭവങ്ങള്‍ എങ്ങനെ വിഭജിക്കപ്പെടുമെന്നും , ഭരണ സിരാകേന്ദ്രം മാറുന്നതുകൊണ്ടാകുന്ന പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കുമെന്നുമൊക്കെയാണ് കോണ്‍ഗ്രസിനെ കുഴക്കുന്ന ചോദ്യങ്ങള്‍. എന്നാല്‍ സംസഥാന വിഭജനം ഇതിനപ്പുറത്തേക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ചില വിഭാഗങ്ങളും ആന്ധ്രയില്‍ ഉണ്ട്.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഗരിമയാര്‍ന്ന നഗരങ്ങളില്‍ ഒന്നാണ് ഹൈദരാബാദ്. നൈസാമിന്റെ ഭരണകേന്ദ്രമായിരുന്ന ഹൈദരാബാദ് അതിന്റെ എല്ലാ ആര്‍ഭാടങ്ങളും നിറഞ്ഞത് തന്നെയായിരുന്നു. ഈ നഗരം എങ്ങോട്ട് പോകുമെന്നതായിരുന്നു ആദ്യമുയര്‍ന്ന സംശയങ്ങള്‍. പക്ഷേ ഭൂമിശാസ്ത്ര പരമായി തെലുങ്കാനയോടാണ് ഹൈദരാബാദിന് അടുപ്പം.

Telangana Map

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം ഹൈദരാബാദ് തുടക്കത്തില്‍ രണ്ട് സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാകുമെന്നാണ്. അതിന് ശേഷം കേന്ദ്ര ഭരണ പ്രദേശമാകും. അതോടെ ഇന്നത്തെ ഹൈദരാബാദ് ഒരു പക്ഷേ ആകെ മാറും.

ഏറെ ശാന്തമാണ് ഇന്ന് കാണുന്ന ഹൈദരാബാദ്. പക്ഷേ എവിടെ നോക്കിയാലും കനത്ത പോലീസ് കാവല്‍ കാണാം. പുറത്ത് കാണുന്ന ശാന്തത ഏത് നിമിഷം വേണമെങ്കിലും തകരാം എന്നതാണ് കാരണം. മത സ്പര്‍ദ്ധയുടെ ഒരു തീപ്പൊരി വീണാല്‍ മതി, പിന്നെ അത് ഹൈദരാബാദില്‍ ആളിക്കത്തും.

ചില മുസ്ലീം തീവ്രവാദ സംഘടനകള്‍ ഹൈദരാബാദിന്റെ ഈ സ്വഭാവം നന്നായി മുതലെടുക്കുന്നവയാണ് . അതുകൊണ്ട് തന്നെ അവരുടെ പ്രവര്‍ത്തന കേന്ദ്രവുമാണ് ഹൈദരാബാദ്. അഞ്ച് വര്‍ഷത്തിന് ശേഷം നഗരം കേന്ദ്ര ഭരണ പ്രദേശമാകുമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം വെകിളി പിടിക്കുക ഇവര്‍ക്ക് തന്നെയായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കൈകളില്‍ നിന്ന് ഭരണം, കേന്ദ്രം ഏറ്റെടുമ്പോള്‍ നിലവിലുള്ള സൗകര്യങ്ങളൊന്നും ഈ പറയുന്ന തീവ്രവാദികള്‍ക്ക്(ഹിന്ദു/മുസ്ലീം) കിട്ടിയെന്ന് വരില്ല.

തെലുങ്കാന രൂപീകരിക്കുമ്പോള്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരിക രണ്ട് പാര്‍ട്ടികള്‍ക്കാണ്. പഴയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്കും(ടിഡിപി), വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനും.എന്നാല്‍ പുതിയ സംസ്ഥാനം വരുന്നതോടെ അത് തെലുങ്കാന രാഷ്ട്ര സമിതി എന്ന പാര്‍ട്ടിയുടെ പുതിയ താരോദയം ആകുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. തെലുങ്കാനക്ക് വേണ്ടി ഏറെ ശബ്ദമുയര്‍ത്തിയത് ഇവരായിരുന്നു.

നിലവില്‍ തെലുങ്കാനയുടെ കര്യത്തില്‍ ഇരു പാര്‍ട്ടികളും സുരക്ഷിതമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നാണ് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുള്ളത്.

തെലുങ്കാന വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ചന്ദ്ര ബാബു നായിഡു പറയുന്നുണ്ടെങ്കിലും എന്താണ് നിലപാടെന്ന് എവിടേയും വ്യക്തമാക്കിയിട്ടില്ല. അഞ്ച് വര്‍ഷം മുമ്പ് തെലുങ്കാന രൂപീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ പാര്‍ട്ടിയാണ് ടിഡിപി. എന്നാല്‍ പിന്നീട് ഇത്തരമൊരു നീക്കം വന്നപ്പോള്‍ ടിഡിപിയുടെ ആന്ധ്ര-രായലസീമ പ്രദേശത്തെ എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെക്കുകയാണ് ചെയ്തത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ്സും തെലുങ്കാന പ്രശ്‌നത്തില്‍ വലിയ പ്രതി സന്ധി നേരിടും ജഗന്‍മോഹന്‍ റെഡ്ഡി അഴിമതി കേസില്‍ ജയിലില്‍ ആയതുകൊണ്ട് അമ്മ വൈഎസ് വിജയമ്മക്കാണ് പാര്‍ട്ടിയുടെ ചുമതല. പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രത്തന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും ഇപ്പോള്‍ രാജിവച്ചിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി നേതാവായ വിജയമ്മ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല.

പാര്‍ട്ടിക്ക് തെലുങ്കാന മേഖലയില്‍ അത്രക്ക് സ്വാധീനമൊന്നുമില്ല എന്ന് തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുംനേതാക്കളും ഒക്കെ വിശ്വസിക്കുന്നത്. പക്ഷേ തെലുങ്കാന ഒരു വിഷയമായി ഉയര്‍ന്നുവന്നപ്പോള്‍ പാര്‍ട്ടി ചുമതല വഹിക്കുന്ന വിജയമ്മ മറ്റ് എംഎല്‍മാര്‍ക്കൊപ്പം രാജിവെക്കാതിരുന്നതിന്റെ രാഷ്ട്രീയം ഇപ്പോഴും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മനസ്സിലായിട്ടില്ല.

കോണ്‍ഗ്രസ് ഇത്തവണയും തെലുങ്കാനയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ് തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഇപ്പോഴുമുള്ളത്. മുമ്പ് പല തവണ കോണ്‍ഗ്രസ് ഈ വിഷയം ഇതേ രീതിയല്‍ നീട്ടിക്കൊണ്ടുപോയത് നേരിട്ട് കണ്ട ആളാണ് ചന്ദ്ര ബാബു നായിഡു. ഇത്തവണയാണെങ്കില്‍ കോണ്‍ഗ്രസ് തന്നെ വിഷയത്തില്‍ പിളര്‍പ്പിന്റെ വക്കിലാണ്. ആന്ധ്ര-രായലസീമ മേഖലയിലുള്ളവര്‍ വിഭജനത്തെ പൂര്‍ണമായും എതിര്‍ക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രി അടക്കം എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കുമെന്ന് തന്നെയാണ് മറ്റ് പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.

English summary
By forming Telangana State, the local parties of Andhra Pradesh will be the affected one. The terror groups located in Hyderabad will also face difficulties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X