കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിര മുതൽ മോദി വരെ... പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ അടിയന്തിരാവസ്ഥകള്‍.. എം ബിജുശങ്കര്‍ എഴുതുന്നു

  • By Desk
Google Oneindia Malayalam News

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

ഇന്ത്യയില്‍ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ 43ആം ആണ്ട് തിക്തമായ ഓര്‍മകളുമായി ജൂണ്‍ 25 കടന്നു പോയി. ഈ വാര്‍ഷിക വേളയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഭീതിതമായ ശബ്ദം, രാജ്യം ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെ കടന്നു പോകുന്നു എന്നതാണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റ ഭരണമല്ലെന്നും വ്യക്തിയുടെ ഇച്ഛക്ക് അതിനെ തകിടം മറിക്കാനാവുമെന്നും 1975 ല്‍ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിലൂടെ ഇന്ദിരാഗാന്ധി കാട്ടിത്തന്നു. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന ഒരു ഭരണ കൂടം ജനങ്ങള്‍ക്കെതിരെ തിരിയാന്‍ മടിക്കില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്.

എന്തുകൊണ്ട് ഇന്നത്തെ മലയാളി യുഎഇയുടെ പൊതുമാപ്പിനു കാത്തുനില്‍ക്കുന്നില്ല? എം ബിജുശങ്കര്‍ എഴുതുന്നു!എന്തുകൊണ്ട് ഇന്നത്തെ മലയാളി യുഎഇയുടെ പൊതുമാപ്പിനു കാത്തുനില്‍ക്കുന്നില്ല? എം ബിജുശങ്കര്‍ എഴുതുന്നു!

അടിയന്തിരാവസ്ഥയെ എതിര്‍ത്തു എന്നു സ്ഥാപിക്കാന്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ആര്‍ എസ് എസ്. അവര്‍ നയിക്കുന്ന ബി ജെ പി സര്‍ക്കാര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ഭീതി രാജ്യത്തു പരക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ ആരാധനയോടെ കണ്ടവരായിരുന്നു ആര്‍ എസ് എസും അന്നത്തെ ജനസംഘവുമെന്നു ചരിത്ര രേഖകള്‍ കാട്ടിത്തരുന്നു. കേരളത്തിലെ സംഘപരിവാരം തങ്ങള്‍ അടിയന്തിരവാസ്ഥയുടെ ഇരകളായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ നടക്കുന്ന വാചാടോപങ്ങളെ മുക്കിക്കളയുന്നതായിരുന്നു അന്നത്തെ സംഘ നേതൃത്വത്തിന്റെ പ്രവര്‍ത്തനം.

 ആള്‍ക്കൂട്ടം നിയമം നടപ്പാക്കുന്ന കാലം

ആള്‍ക്കൂട്ടം നിയമം നടപ്പാക്കുന്ന കാലം

ആള്‍ക്കൂട്ടം നിയമം നടപ്പാക്കുന്ന പിടിപ്പുകെട്ട നീതിന്യായ വ്യവസ്ഥയുടെ അവസ്ഥയിലേക്കു രാജ്യം എത്തപ്പെട്ടു എന്നു വ്യക്തമവുന്ന സംഭവങ്ങളാണു രാജ്യത്ത് ആവര്‍ത്തിക്കുന്നത്. പശുവിന്റെ പേരില്‍ ദലിതുകളും മുസ്ലിംകളും നേരിടുന്ന പീഡനം ഒരു പരിഷ്‌കൃത സമൂഹത്തിനു സങ്കല്‍പ്പിക്കാന്‍ പറ്റാത്തതു തന്നെ. അസഹിഷ്ണുത നടമാടുന്ന രാജ്യത്ത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിന്തകരും ബുദ്ധിജീവികളും മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെടുന്നു. സ്വകാര്യ സേനകളും അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളും നിയമം കൈയ്യിലെടുക്കുന്ന അത്യന്തം ഹീനമായ സാഹചര്യം വന്നു ചേര്‍ന്നിരിക്കുന്നു.

അധികാരം കേന്ദ്രീകരിക്കുന്നതിന്റെ ഭീതി ജനകവും അപകടകരവുമായ സൂചനകളാണ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണ ഘടനാ ദത്തമായ അധികാരങ്ങള്‍ പോലും വകവച്ചുകൊടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നയം രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളാ മുഖ്യമന്ത്രിയെ കാണാന്‍ പോലും പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല എന്ന വെളിപ്പെടുത്തല്‍ അപകടകരമായ ലക്ഷണമാണു വെളിപ്പെടുത്തുന്നത്. ആവശ്യങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാരെ കണ്ടു പറഞ്ഞു പോയ്‌ക്കൊള്ളണമെന്ന ധാര്‍ഷ്ട്യം രാജ ഭരണിന്റെ ഉച്ഛിഷ്ടമാണ്.

കൈമലർത്തി മന്ത്രിമാർ, ഒഴിഞ്ഞുമാറി പ്രധാനമന്ത്രി

കൈമലർത്തി മന്ത്രിമാർ, ഒഴിഞ്ഞുമാറി പ്രധാനമന്ത്രി

സംസ്ഥാനം റേഷന്‍ വിഹിതം അടക്കം വിവിധ വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ നയ പരമായ തീരുമാനമില്ലാതെ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നു പറഞ്ഞു മന്ത്രിമാര്‍ കൈമലര്‍ത്തുകയാണ്. നയപരമായ തീരുമാനം ആവശ്യപ്പെട്ടു പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തി ഒഴിഞ്ഞു മാറുന്നത് ജനാധിപത്യ വ്യവസ്ഥയും ഫെഡറല്‍ സംവിധാനവമുള്ള രാജ്യത്തിനു മാനക്കേടുണ്ടാക്കുന്നു.

കേന്ദ്ര മന്ത്രിസഭയില്‍ മന്ത്രിമാര്‍ പലരും നോക്കുകുത്തിയാണെന്നും അധികാരം പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിച്ചു നില്‍ക്കുകയാണെന്നുമുള്ള അവസ്ഥ അധികാര കേന്ദ്രീകരണത്തിന്റെ ഏറ്റവും ഭീഷണമായ ഘട്ടമാണ്. അടിയന്തിരാവസ്ഥയിലേക്കു രാജ്യത്തെ നയിച്ച ഘട്ടത്തില്‍ ഇന്ദിരാഗാന്ധി എപ്രകാരമാണോ അമിതാധികാരം കൈയ്യാളിയത്, അതിനു സമാനമായ അന്തരീക്ഷം ഇപ്പോള്‍ രാജ്യത്തുണ്ടെന്നു വരുന്നത് ആപല്‍ക്കരമായ സൂചനയാണു നല്‍കുന്നത്.

സംഘ കേന്ദ്രങ്ങളുടെ പ്രചാരണം

സംഘ കേന്ദ്രങ്ങളുടെ പ്രചാരണം

കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിനെ തങ്ങള്‍ ചെയ്യുന്ന ദയാവായ്പ് എന്ന നിലയില്‍ പ്രചരിപ്പിക്കാനാണു സംഘ കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ജന്മി കുടിയാന്‍ ബന്ധമാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ഇത്തരം പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ആസൂത്രിതമായി ഇടം പിടിക്കുന്നതെന്നു കാണാം.
യു പി എ സര്‍ക്കാരിന്റെ കൊടിയ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടിയാണു ബി ജെ പി അധികാരത്തിലെത്തിയത്. എന്നാല്‍ മോഡി ഭരണ കാലത്ത് ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിച്ച് രാജ്യം വിട്ട സമ്പന്നര്‍ക്കുമുമ്പില്‍ ഭരണകൂടം നോക്കുകുത്തിയായി നില്‍ക്കുന്നതു ജനം കാണുന്നു.
അടിയന്തിരാവസ്ഥപോലെ ഭരണ ഘടനയെ റദ്ദുചെയ്യുന്ന അതന്ത്യം ഹീനവും സ്വേച്ഛാപരവുമായ തീരുമാനത്തിലേക്കു ഭരണ കൂടത്തെ നയിക്കാന്‍ ഇത്തരം സാഹചര്യങ്ങള്‍ ധാരാളമാണ്.

പ്രഖ്യാപനമില്ലാത്ത അടിയന്തിരവാസ്ഥ

പ്രഖ്യാപനമില്ലാത്ത അടിയന്തിരവാസ്ഥ

അടിയന്തിരവാസ്ഥ നടപ്പാക്കുന്നു എന്ന പ്രഖ്യാപനമില്ലാതെ തന്നെ അതിന്റെ കാടത്തം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുമെന്നു വര്‍ത്തമാന കാല സാഹചര്യം വിലയിരുത്തുന്നവര്‍ക്കു മനസ്സിലാവും. അടിയന്തിരാവസ്ഥയെ അനുകൂലിച്ച പാരമ്പര്യമാണു തങ്ങള്‍ക്കുള്ളതെന്നു മറച്ചു പിടിക്കാന്‍ ആര്‍ എസ് എസും ബി ജെ പിയും എക്കാലവും ശ്രമിച്ചിട്ടുണ്ട്. വസ്തുതകളെ തമസ്‌കരിച്ച് തങ്ങള്‍ അടിയന്തിരാവസ്ഥക്കെതിരെ പ്രവര്‍ത്തിച്ചു എന്നു പ്രചരിപ്പിക്കാന്‍ അവര്‍ കൊണ്ടു പിടിച്ചു ശ്രമിക്കുന്നതു കാലങ്ങളായി നാം കണ്ടു വരുന്നു.
അടിയന്തിരാവസ്ഥക്കെതിരെ രാജ്യത്തു നടന്ന ജനകീയ പോരാട്ടങ്ങളുടെ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന സര്‍ക്കാറിന്റെ തകര്‍ച്ചക്കു കാരണം ആര്‍ എസ് എസിന്റെ സാന്നിധ്യമായിരുന്നു. ആര്‍ എസ് എസിന്റേയും അവരുടെ അന്നത്ത രാഷ്ട്രീയ മുഖമായ ജന സംഘത്തിന്റേയും പിന്‍തുണ സ്വീകരിച്ച ജയപ്രകാശ് നാരായണന്‍, ആര്‍ എസ് എസുമായി ബന്ധിപ്പിക്കപ്പെട്ട ജനസംഘത്തിന്റെ മതേതര നാട്യം വിശ്വസിക്കാന്‍ കഴിയില്ലെന്നു പരസ്യമായി നിലപാടു സ്വീകരിക്കുകയുണ്ടായി.

ആർഎസ്എസും അടിയന്തിരാവസ്ഥയും

ആർഎസ്എസും അടിയന്തിരാവസ്ഥയും

ജനതാ പാര്‍ടിയില്‍ ജനസംഘം ലയിക്കുകയും മന്ത്രിസഭയില്‍ അവര്‍ പങ്കാളികളാവുകയും ചെയ്തു. ഒരേസമയം ആര്‍ എസ് എസിലും ജനതാപാര്‍ടിയിലും അംഗത്വം എന്ന 'ഇരട്ട അംഗത്വ' പ്രശ്‌നമാണ് അടിയന്തിരാവസ്ഥക്കു ശേഷം രൂപീകരിക്കപ്പെട്ട സര്‍ക്കാറിന്റെ തകര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം.
അടിയന്തിരാവസ്ഥക്കാലത്ത് ആര്‍ എസ് എസ് തലവന്‍ ദേവറസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകള്‍തന്നെ അവര്‍ അടിയന്തിരാവസ്ഥക്ക് അനുകൂലമായിരുന്നു എന്നതിന്റെ നിദര്‍ശനങ്ങളായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ എസ് എസിന്റെ നിരോധനം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ദേവറസ് വിനോബഭാവെയ്ക്കും എഴുതി. യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍നിന്ന് 1975 നവംബര്‍ 10 നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അദ്ദേഹം എഴുതിയ കത്ത് ഇന്നും തെളിവായി നില്‍ക്കുന്നു.

ആ കത്തിന് പിന്നിൽ...

ആ കത്തിന് പിന്നിൽ...

പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ടു തുടങ്ങുന്ന ആ കത്തില്‍ ആര്‍ എസ് എസിനു പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കമെന്ന് അഭ്യര്‍ഥിക്കുന്നു. ലക്ഷക്കണക്കിന് ആര്‍ എസ് എസ് വോളന്റിയര്‍മാരെ ദേശീയ പുരോഗതിക്കായി ഉപയോഗപ്പെടുത്താമെന്നു ദേവറസ് വീണ്ടും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ കുപ്രസിദ്ധമായ 20 ഇന പരിപാടിയെ ആ കത്ത് പിന്തുണയ്ക്കുകയും ചെയ്തു.

പ്രധാനമന്ത്രിക്ക് ആര്‍ എസ് എസ് തലവന്‍ എഴുതിയ ഒരു കത്തില്‍ പോലും അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്നോ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്നതും അടിയന്ത്രിരാവസ്ഥയോടുള്ള അവരുടെ സമീപനം വ്യക്തമാക്കുന്നതാണ്.ആര്‍ എസ് എസിന് ജെ പി പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്ന് ദേവറസ് ഇന്ദിരാഗാന്ധിക്കയച്ച കത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

യഥാര്‍ഥ അടിയന്തിരാവസ്ഥയിലേക്കോ?

യഥാര്‍ഥ അടിയന്തിരാവസ്ഥയിലേക്കോ?

അടിയന്തിരാവസ്ഥയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കി ആര്‍ എസ് എസ് തടവുകാരില്‍ ഭൂരിപക്ഷവും ജയില്‍ മോചിതരായതിനു സോഷ്യലിസ്റ്റ് നേതാവ് ബാബാ ഉദ്ധവിനെ പോലുള്ള സഹ തടവുകാരുടെ സാക്ഷ്യം പുറത്തു വരികയുണ്ടായി. ജനാധിപത്യത്തെ നിഷേധിച്ചുകൊണ്ടോ തകര്‍ത്തുകൊണ്ടോ ഏകാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നത് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും സഹജസ്വഭാവമാണ്.
ഇതിന്റെ തെളിവുകളാണ് സംസ്ഥാനങ്ങളോടു കാണിക്കുന്ന അത്യന്തം നീചമായ അവഗണന. പലഘട്ടത്തിലും പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി നിര്‍ത്തുന്നത് ഈ സര്‍ക്കാറിന്റെ രീതിയായിട്ടുണ്ട്. ഈ രാഷ്ട്രീയ സാഹചര്യമെല്ലാം വ്യക്തമാക്കുന്നത് രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ നിന്ന് എപ്പോഴും യഥാര്‍ഥ അടിയന്തിരാവസ്ഥയിലേക്കു സഞ്ചരിക്കാം എന്നു തന്നെയാണ്.

English summary
43 years since Emergency: Bijushankar writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X