• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിന്നിലാപുരത്തേക്കുള്ള യാത്ര

  • By എം.ഡി. ജയശ്രീ

കുട്ടിക്കാലത്ത്‌ എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു പാലക്കാടിന്‌ അടുത്ത്‌ തിന്നിലാപുരം എന്ന ചെറിയ ഗ്രാമത്തിലേക്കുള്ള യാത്ര. എന്റെ അമ്മയുടെ നാടാണത്‌. പണ്ട്‌ അത്ര അധികം ബസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചുറ്റും പാടങ്ങളും മലകളും മരങ്ങളും പുഴകളും മാത്രം. ഗ്രാമത്തിന്റെ ഭംഗി ഇത്രയേറെ കനിവറിഞ്ഞു കിട്ടിയ വേറെ ഏതെങ്കിലും സ്ഥലം ഉണ്ടോ എന്നു സംശയം ആണ്‌. അവിടെ കാണുന്ന ഇലകളും പൂക്കളും പക്ഷികളും പുഴകളും ഒക്കെ എന്റെ കഥാപാത്രങ്ങള്‍ ആണ്‌. തെറിച്ചു വീഴുന്ന വെള്ളത്തുള്ളികള്‍ക്കു പോലുമുണ്ടാവും കുറെയേറെ വിശേഷങ്ങള്‍പങ്കുവയ്‌ക്കാന്‍. സ്‌കൂളടയ്‌ക്കുമ്പോള്‍ കുറച്ചുദിവസം ഞങ്ങള്‍ അമ്മയുടെ നാട്ടില്‍ ചെലവഴിച്ചിരുന്നു. ബസ്‌ ഇറങ്ങി വീട്ടിലേക്ക്‌ ഒരു കുന്നിറങ്ങി പാടത്തിന്റെ വരമ്പിലൂടെ സൂക്ഷിച്ചു വേണം യാത്ര.

ഞങ്ങള്‍ നാലു മക്കളും അമ്മയും, ചിറ്റയും നിര നിരയായി വരുന്നത്‌ കാണുന്നവര്‍ക്ക്‌ കൗതുകം തന്നെ ആയിരുന്നിരിക്കും. എതിരെ വരുന്നവരുടെ കുശല പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം പറഞ്ഞു കൊണ്ടിരുന്നാല്‍ ഒരു പക്ഷെ തെന്നി താഴെ വീഴാനും സാധ്യതയുണ്ട്‌. പോകുന്നവഴിക്ക്‌ ഒരു കുളമുണ്ട്‌. പെണ്ണുങ്ങള്‍ക്ക്‌ മാത്രമായി ഒരു കുളം. അവരുടെ സങ്കടങ്ങള്‍, ദേഷ്യങ്ങള്‍, നിരാശകള്‍ എല്ലാം തേച്ചുരച്ചു കളയുന്ന ഒരു ഇടത്താവളം. എന്തെങ്കിലുമൊക്ക സങ്കല്‌പിക്കാനും അതു മാറി നിന്നു നുണച്ചിറക്കി സന്തോഷിക്കാനും അവര്‍ക്കു വേറൊരിടമില്ല. വിഷമങ്ങളും വൈരാഗ്യങ്ങളും കൂട്ടിവെയ്‌ക്കുന്തോറും സ്വച്ഛതയ്‌ക്കു മാറ്റു കുറയും. 'ഈ വൃത്തിയാക്കല്‍' വിദ്യ നമുക്കു കൈമോശം വന്നുപോയോ?. അതു തിരിച്ചു കിട്ടിയാല്‍ നമ്മുടെ നിഷ്‌കളങ്കതയും തിരികെ കിട്ടുമായിരുക്കും.

കുളം കഴിഞ്ഞ്‌ വീണ്ടും പാടവരമ്പില്‍ കൂടി നടക്കുമ്പോള്‍ ഒരു വലിയ പാറകാണാം. അരികിലായി നിറയെ പൂത്തു നില്‌ക്കുന്ന ഒരു വലിയ ചെമ്പക മരം. ചെറിയ പടിപ്പുര കഴിഞ്ഞാല്‍ അമ്മയുടെ വീടെത്തി. ഉച്ച സമയത്ത്‌ ആവും ഞങ്ങള്‍ അവിടെ എത്തുക. നല്ല വിശപ്പുണ്ടാവും. വറുത്തരച്ച പുളിങ്കറിയുടെ അന്തരീക്ഷത്തില്‍ മണം നിറഞ്ഞു നില്‌ക്കും. ഇവിടുത്തെ പോലെ തേങ്ങ അരച്ചുള്ള കൂട്ടാമൊന്നും ആയിരിക്കില്ല. കുമ്പളങ്ങയോ മത്തങ്ങയോ ഇട്ടു വയ്‌ക്കുന്ന ഒരു ഒഴിച്ചു കൂട്ടാന്‍. മുങ്ങി തപ്പിയാല്‍ ഭാഗ്യമുണ്ടെങ്കില്‍ ഒരു മുരിങ്ങ കോല്‌ കിട്ടിയാലായി. പക്ഷേ കടുകും മുളകും ഉലുവയും വറത്തിടുമ്പോഴുള്ള ആ മണവും സ്വാദും എവിടെയും കിട്ടില്ല. അമ്മ വിശേഷം പറയുന്ന തിരക്കിലാവും. വിശന്നിരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്കാവട്ടെ ഊണു കഴിക്കാന്‍ എപ്പൊ വിളിക്കും എന്ന ചിന്ത ആയിരിക്കും. കുട്ടികളെ വരി വരിയായി നിലത്ത്‌ ഇരുത്തിയാവും ചോറു വിളമ്പുക. വറ്റല്‍ വറുത്തത്‌ ഉണ്ടാവും, കൂടെ നേര്‍പിച്ച മോരും.

ഊണ്‌ കഴിഞ്ഞു കൈ കഴുകിയാല്‍ കുറച്ചു നേരം പശുത്തൊഴുത്തിലൊക്കെ ഒന്നു പോയി കാഴ്‌ച കാണും. നിലത്തു പായ വിരിച്ചും ഇരുന്നു കിടന്നുമായി അമ്മമാര്‍ കൂട്ടം കൂടലിന്റെ തിരക്കിലാവും. ഞങ്ങള്‍ കുട്ടികള്‍ തട്ടും പുറത്തോ തൊടിയിലോ കറങ്ങി നടക്കും. ചേട്ടന്‍മാര്‍ ഒരിക്കലും എന്നെ അവരുടെ കളികളില്‍ കൂട്ടിയിരുന്നില്ല. അവരുടെ ചട്ടമ്പിത്തരം എന്നല്ലാതെ എന്തു പറയാന്‍. (അതിന്റെ ദുഖം ഇപ്പോഴും മാറിയിട്ടില്ല). എന്നെക്കാളും രണ്ടു മൂന്നു വയസ്സ്‌ ഇളയ കുട്ടികളും അവിടെ ഉണ്ട്‌. എനിക്ക്‌ ചേച്ചി എന്ന പട്ടം അംഗീകരിച്ചു തന്നവര്‍. പാറപ്പുറത്തു വീണു കിടക്കുന്ന ചെമ്പക പൂക്കള്‍ അവരുടെ കുഞ്ഞി കൈകളില്‍ അമര്‍ത്തി പിടിച്ചു നീട്ടി തരുമ്പോള്‍ എല്ലാം വാടിയിട്ടുണ്ടാവുമെങ്കിലും അതിന്റെ മണവും ഭംഗിയും വേറെ ഏതെങ്കിലും പൂവിന്‌ ഉണ്ടെന്നു എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല.

അമ്മ പറ്റിയ ഇരകളെ കിട്ടിയ സന്തോഷത്തില്‍ വിശേഷങ്ങള്‍ കുടഞ്ഞ്‌ ഇടുന്ന തിരക്കിലാവും. അല്‌പം ദൂരെ പാറപ്പുറത്തിരുന്ന്‌ ദൂരെ മലകള്‍ക്ക്‌ ഇടയിലൂടെ മേഘങ്ങള്‍ തെന്നിമാറുന്നതു കാണാന്‍ നല്ല രസമാണ്‌. നൈമിഷികതയാണോ സൗന്ദര്യത്തിന്റെ ജീവന്‍?. ഉദയാസ്‌തമയങ്ങള്‍ ഇത്രയേറെ സുന്ദരമായിരിക്കുന്നത്‌ അതു പെട്ടെന്ന്‌ മറയുന്നതു കൊണ്ടല്ലേ? മേഘങ്ങള്‍ മാറുന്ന വേഗത്തിലാണ്‌ അവിടെ സമയവും പോകുന്നത്‌. രാത്രി ആവുമ്പോള്‍ ചിവീടിന്റെ തുടരെ തുടരെയുള്ള കരച്ചില്‍ കേള്‍ക്കാം. മഴ ചെറുതായി പെയ്യുന്നുണ്ടെങ്കില്‍ പശുക്കള്‍ മാറ്റി കെട്ടാനായി വിളിച്ചറിയിക്കും. ഒരു വിളക്ക്‌ മുന്‍വശത്തു കത്തിച്ചു വെച്ചിട്ടുണ്ടാവും.

ഇന്നത്തെ പോലെ ദൈവങ്ങളെ എല്ലാം പൂജാമുറിയില്‍ അടച്ചുപൂട്ടി ഇരുത്തിയിരുന്നില്ല. എല്ലാ ദൈവങ്ങള്‍ക്കും സര്‍വ്വ സ്വാതന്ത്ര്യമാണ്‌. ആരുടെ മനസ്സിലും കയറി ഇരിക്കാം. ടോര്‍ച്ചു ലൈറ്റിന്റെ വെളിച്ചത്തില്‍ ഇരുട്ടിലൂടെ നടന്നു വരുന്ന വലിയച്ഛന്റെ കൈയില്‍ ചിലപ്പൊ തേക്കിന്റെ ഇലയില്‍ പൊതിഞ്ഞ വെല്ല പായസം കാണും. വലിയമ്മ എല്ലാവര്‍ക്കും ഒരു പോലെ പങ്കിട്ടു തരും. ചൂടോടെ കഴിച്ചു കഴിയുമ്പോള്‍ കുറച്ചു കൂടി കിട്ടണമെന്നു കൊതിക്കുമെങ്കിലും ചോദിക്കാന്‍ മടിച്ച്‌ ഇല തൊട്ടു നക്കി തൃപ്‌തി പെടും.

ഇങ്ങനെ രസിച്ച്‌ കഴിയുന്നതിനിടെ സ്‌കൂളു തുറക്കുന്ന ദിവസവും ഓടിയെത്തും. പരീക്ഷ കഴിഞ്ഞു കിട്ടിയ അവധി തീര്‍ന്നു സ്‌കൂള്‍ തുറക്കുമ്പോള്‍ ഉത്തരക്കടലാസുകള്‍ തിരുത്തി വിധി പറയലിനു റെഡി ആയിട്ടുണ്ടാവൂം. തിരിച്ചുള്ള യാത്രയില്‍ ആകെ വിരസത തോന്നും. ചെറിയ മഴ ചാറ്റല്‍ കാണുമ്പോള്‍ ദേഷ്യം വരും. ഇതിനൊന്നു ശക്തിയായി പെയ്‌തൂടെ. വെള്ളപ്പൊക്കം വന്ന്‌ സ്‌കൂളില്‍ വെള്ളം കയറി ആ ഉത്തരക്കടലാസുകളെല്ലാം ഒലിച്ചു പോയിരുന്നെങ്കില്‍..... നടക്കാത്ത സ്വപ്‌നങ്ങള്‍ ആണെങ്കിലും വെറുതെ ആശിക്കും.......

English summary
When I think about the vaccations in my childhood, we were often went to my mother's home Thennilapuram in Palakkad district.It was a wonderful experience in my life and i have plenty of memory about the beautiful place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more