• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിപി സത്യന്റെ ശ്വാസം ഊതി നിറച്ച പന്ത്.. ക്യാപ്റ്റൻ' ഒരു ഓർമ്മപ്പെടുത്തലാണ്.. ജയസൂര്യ വൺഇന്ത്യയോട്

  • By Sajitha

ക്യാപ്റ്റനിൽ ജയസൂര്യ ഫുട്ബോൾ ഊതി നിറയ്ക്കുന്ന ഒരു രംഗമുണ്ട്. കണ്ണ് തുറിച്ച്.. മുഖപേശികൾ വലിഞ്ഞ് മുറുകി.. ജീവശ്വാസം മുഴുവനായി ഒരു പന്തിൽ നിറയുന്നത് കാണാം. ക്യാപ്റ്റൻ' ആ ഫുട്ബോളാണ്. ജയസൂര്യയെന്ന അഭിനേതാവ് വിപി സത്യനെന്ന ഫുട്ബോൾ കളിക്കാരന്റെ, മനുഷ്യന്റെ ശ്വാസം ഊതി നിറച്ച പന്ത്.

ആട് 2വിന് ശേഷം അടുത്ത സൂപ്പർഹിറ്റ് വിജയമാണ് 'ക്യാപ്റ്റൻ' ജയസൂര്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിലെ പണപ്പെരുപ്പം മാത്രമല്ല ജയസൂര്യയ്ക്ക് ക്യാപ്റ്റൻ'. അറിഞ്ഞ് കൊണ്ട് തന്നെ ഓർമ്മയുടെ, ഭൂതകാലത്തിന്റെ അരികുകളിലേക്ക് നമ്മൾ മാറ്റിനിർത്തുന്നവർക്കുള്ള ആദരവ് കൂടിയാണ്. കണ്ണ് നിറയാതെയും കയ്യടിക്കാതെയും ആരും തിയറ്റർ വിടുന്നില്ല. ജയസൂര്യ എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് കൂടിയാണ് ക്യാപ്റ്റൻ'. ക്യാപ്റ്റനെ കുറിച്ച്, വിപി സത്യനെക്കുറിച്ച് ജയസൂര്യ വൺഇന്ത്യയോട്.

പുതിയ സംവിധായകൻ, അറിയപ്പെടാത്ത വിപി സത്യന്റെ ജീവിതം..

പുതിയ സംവിധായകൻ, അറിയപ്പെടാത്ത വിപി സത്യന്റെ ജീവിതം..

ഒരു കഥാപാത്രത്തെക്കുറിച്ച് അഭിനേതാവിൽ ആത്മവിശ്വാസം ജനിക്കുക, നമ്മളെ അത് കൺവിൻസ് ചെയ്യിക്കുമ്പോഴാണ്. നമ്മുടെ മനസ്സ് കൊണ്ട് ആ വ്യക്തിയെ കാണാൻ സാധിക്കുമ്പോഴാണ്. ഒരു വൃത്തത്തിലൂടെ അഭിനേതാവ് കടന്ന് പോകുമ്പോഴാണ് ആ ആത്മവിശ്വാസമുണ്ടാകുന്നത്. ഒരു കഥ കേൾക്കുമ്പോൾ നമ്മളതിൽ നിന്നും മാറി നിൽക്കുകയാണ് എങ്കിൽ ആ സിനിമ ചെയ്തിട്ട് കാര്യമില്ല. നേരെ മറിച്ച് കഥ കേൾക്കുമ്പോൾ ആ ഒരു ഫീലിലൂടെ കടന്ന് പോകാൻ സാധിക്കുന്നുണ്ടെങ്കിൽ, അത്തരം സിനിമകളാണ് താനിപ്പോൾ ചെയ്യുന്നത്.

ഒന്നോ രണ്ടോ സീനുകൾ മാത്രമേ ആദ്യം സംവിധായകൻ പ്രജേഷ് സെൻ തന്നോട് പറഞ്ഞിട്ടുള്ളൂ. അപ്പോൾ തന്നെ താൻ പറഞ്ഞു, പ്രജേഷേ നമ്മളീ പടം ചെയ്യും. അത് കഴിഞ്ഞ് വളരെ നാളുകൾക്ക് ശേഷമാണ് സിനിമയുടെ കഥ പൂർണമായും കേൾക്കുന്നത് പോലും. പ്രജേഷ് സെന്നിൽ ആദ്യം മുതൽക്കേ ഒരു വിശ്വാസം ഉണ്ടായിരുന്നു. മലയാളത്തിൽ ഒരു ബയോപിക് വരുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ടാണ്. മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപികാണ് ക്യാപ്റ്റൻ എന്നതും ഈ സിനിമ ചെയ്യാനൊരു കാരണമാണ്.

ബയോപിക് എന്ന വെല്ലുവിളി..

ബയോപിക് എന്ന വെല്ലുവിളി..

ഈ സിനിമ ചെയ്ത് തുടങ്ങുമ്പോൾ മറ്റൊന്നിനെക്കുറിച്ചും താൻ ചിന്തിച്ചിരുന്നില്ല. വിപി സത്യൻ എന്ന മനുഷ്യന്റെ മാനസികസംഘർഷങ്ങളെക്കുറിച്ച് മാത്രമാണ് ആലോചിച്ചത്. അതിലൂടെ മാത്രമാണ് കടന്ന് പോയത്. സിനിമയാകുമ്പോൾ അതിന്റെ റിസൽട്ട് എന്താകും എന്നതിനെക്കുറിച്ച് ആശങ്കപ്പെട്ടതേ ഇല്ല. വിപി സത്യൻ അങ്ങനെയാണോ, അല്ലായിരിക്കുമോ എന്നൊക്കെയുള്ള അലട്ടലുകൾ ഒന്നും ഉണ്ടായിട്ടില്ല. അദ്ദേഹം ഇതാണ് എന്ന് വിശ്വസിച്ച് ചെയ്യുമ്പോൾ അത് തന്നെയാണ്. ആ വിശ്വസമായിരുന്നു വിപി സത്യന്റെ ജീവിതമെന്ന വെല്ലുവിളിയെ നേരിടാനുള്ള കൈമുതൽ.

പ്രജേഷ് ഒരു തവണ വീട്ടിൽ വന്ന് കഥ പറഞ്ഞത് കേട്ട് സരിതയുടെ കണ്ണ് നിറഞ്ഞു. കളിക്കളത്തിന് അകത്തുള്ള വിപി സത്യനെ മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. ആ കാലഘട്ടത്തിലെ ഫുട്ബോൾ അറിയാവുന്നവർക്ക് സത്യനെ അറിയാം. പക്ഷേ ഇന്ന് ഫുട്ബോൾ ഇഷ്ടപ്പെടാത്തവർക്ക് പോലും സികെ വിനീതിനെ അറിയാം എന്നോർക്കണം. അങ്ങനെ അറിയാതെ പോയ ഒരു വ്യക്തിയെ ഈ കാലത്തിന് കൂടി പരിചയപ്പെടുത്തിക്കൊടുക്കാൻ ക്യാപ്റ്റനിലൂടെ സാധിച്ചു.

സത്യേട്ടന്റെ നാട്ടിൽ

സത്യേട്ടന്റെ നാട്ടിൽ

ഈ തലമുറയിൽ ഉള്ളവർക്ക് വിപി സത്യൻ ആരെന്ന് അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു സ്മാരകം കണ്ണൂരിലെ സത്യട്ടന്റെ നാട്ടിലുണ്ട്. ആ സ്മാരകം അവിടുത്തെ അഞ്ചോ പത്തോ സെന്റ് സ്ഥലത്ത് മാത്രമല്ല, കേരളത്തിലെയും ഇന്ത്യയിലെയും ഓരോരുത്തരുടേയും മനസ്സിലിൽ ഉണ്ടാവണം എന്ന് ക്യാപ്റ്റൻ ചെയ്യുമ്പോൾ ആഗ്രഹിച്ചിരുന്നു.

സത്യേട്ടന്റെ സ്മാരകത്തിന് മുന്നിലൊരു ചടങ്ങിൽ കഴിഞ്ഞ ദിവസം പങ്കെടുക്കുകയുണ്ടായി. അവിടെ വെച്ച് സത്യേട്ടന്റെ ഭാര്യ അനിത മൈക്കിലൂടെ പറഞ്ഞു, സ്ക്രീനിൽ കണ്ടത് ജയസൂര്യയെ അല്ല, എന്റെ സത്യേട്ടനെ ആണ് എന്ന്. അതാണ് തനിക്കുള്ള ഏറ്റവും വലിയ അവാർഡ്. ഒരു സ്റ്റേറ്റ് അവാർഡിനേക്കാളും ദേശീയ അവാർഡിനേക്കാളും ഓസ്കാറിനേക്കാളുമൊക്കെ വലുതാണ് ആ ഭാര്യയുടെ വാക്കുകൾ.

വിപി സത്യനിലേക്കുള്ള യാത്ര

വിപി സത്യനിലേക്കുള്ള യാത്ര

ക്യാപ്റ്റനാകാൻ വിപി സത്യനെക്കുറിച്ച് വിശദമായ അന്വേഷണം തന്നെ നടത്തി. ആദ്യം അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ് വായിച്ചത്. വായിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബം, കളിജീവിതം, ഫുട്ബോളിനോടുള്ള കമ്മിറ്റ്മെന്റ് അങ്ങനെ എല്ലാത്തിനെക്കുറിച്ചും ഒരു ചിത്രം ആ പുസ്തകത്തിൽ നിന്നും കിട്ടി. പിന്നീട് സത്യേട്ടന്റെ വീട്ടിൽ പോയി. ഭാര്യ അനിതയോട് സംസാരിച്ചു. ഓരോ കാര്യങ്ങളും വിശദമായി തന്നെ ചോദിച്ച് മനസ്സിലാക്കി. വിപി സത്യന്റെ സുഹൃത്തുക്കളും ഏറെ സഹായിച്ചു. അതെല്ലാം വെച്ചുകൊണ്ടാണ് തന്റെ ഉള്ളിൽ സത്യേട്ടനെ ജനിപ്പിച്ചത്.

ശരീരത്തിലും മനസ്സിലും സത്യൻ

ശരീരത്തിലും മനസ്സിലും സത്യൻ

സിനിമയ്ക്ക് വേണ്ടി 5 മാസമാണ് മാറ്റിവെച്ചത്. ശാരീരികമായ ചില മാററങ്ങൾ വേണ്ടി വന്നിരുന്നു. ദിവസവും രാവിലെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യുമായിരുന്നു. തിരിച്ച് വന്ന് നേരെ ജിമ്മിലേക്ക് പോകും. ഒരു അത്ലറ്റിന്റെ ശരീരം വേറെ തന്നെയാണ്. ആ മാറ്റങ്ങളൊക്കെത്തന്നെയും ഒരു ഫുട്ബോളറുടെ ശരീരത്തെ മാത്രം വിശ്വസനീയമാക്കുന്നതാണ്. ശരീരം മാത്രമല്ലല്ലോ, ഹൃദയം കൊണ്ട് സത്യനായി മാറുക എന്നതിലായിരുന്നു കാര്യം.

കുട്ടിസത്യനായി അദ്വൈത്

കുട്ടിസത്യനായി അദ്വൈത്

ക്യാപ്റ്റൻ കണ്ട് കരഞ്ഞ ഒരാൾ മകൻ അദ്വൈതാണ്. അവൻ ഫുട്ബോൾ നന്നായി കളിക്കും. മകനായത് കൊണ്ട് എടാ നീ അഭിനയിക്ക് എന്നൊന്നും പറഞ്ഞിട്ടില്ല. അത്ര പെട്ടെന്നൊന്നും സമ്മതിക്കുന്ന ആളല്ല. തന്നെക്കാളും ബുദ്ധിയുള്ള പയ്യനാണ്. സത്യട്ടേന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നോ എന്നേ ചോദിച്ചുള്ളൂ. ഞാൻ ചെയ്യാം അച്ഛാ എന്ന് പറഞ്ഞു. പക്ഷേ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, ഇനി അച്ഛന്റെ ചെറുപ്പകാലം അഭിനയിക്കില്ലെന്ന്. താൻ ചോദിച്ചു അതെന്താടാ എന്ന്. ''എനിക്ക് ദുൽഖറിന്റെ ചെറുപ്പകാലമൊക്കെ അഭിനയിക്കേണ്ടേ'' എന്നാണവൻ പറഞ്ഞത്. അവൻ ഭയങ്കര ദുൽഖർ ഫാനാണ്. പക്ഷെ തന്നെ കഴിഞ്ഞിട്ടേ ഉള്ളൂ അവന് ദുൽഖർ. അല്ലെങ്കിലവനെ വീട്ടിൽ നിന്നും പുറത്താക്കില്ലേ..

സത്യനെ കണ്ടവർ.. സത്യനെ മാത്രം

സത്യനെ കണ്ടവർ.. സത്യനെ മാത്രം

സിനിമ കണ്ട ശേഷം ഐഎം വിജയൻ ചേട്ടൻ വിളിച്ചിരുന്നു. ''ജയാ നിഴല് പോലെ കൂടെ നടന്നതാണ് ഞാൻ.. എനിക്കറിയാലോ.. എന്റെ സത്യേട്ടനെ എനിക്ക് കാണാൻ പറ്റി.. വണ്ടീടെ ആക്സലേറ്റർ കൊടുക്കുന്നത് പോലും സത്യേട്ടനെ പോലെ ആണല്ലോ, അതെങ്ങനെ സാധിച്ചു'' എന്ന് ചോദിച്ചു. '' അതൊക്കെ ദൈവാനുഗ്രഹത്താൽ സംഭവിച്ചതാണ്. ജയസൂര്യ നന്നാവണം എന്ന് പുള്ളിക്കാരന് ആഗ്രഹം ഇല്ലെങ്കിലും അങ്ങേര് നന്നാവണം എന്നാഗ്രഹം ഉണ്ടാകുമല്ലോ, അങ്ങനെ മൂപ്പര് ചെയ്യിച്ചതാണ്'' എന്ന് താൻ മറുപടി പറഞ്ഞു. ഷറഫലിയെ പോലുള്ളവരും വിളിച്ച് 'സത്യനെ കണ്ടു' എന്ന് പറഞ്ഞ് കേൾക്കുന്നതാണ് വലിയ സന്തോഷം

ഇതെന്റെ സത്യനല്ല എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തിപരമായി അടുപ്പമുള്ളവർക്ക് തന്നെ ശരിക്ക് അറിയാം. കൂടെയിരുന്ന് പഠിച്ച സുഹൃത്തായ സുജീഷ് ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ''എടാ എനിക്ക് നിന്നെ കാണാൻ പറ്റുന്നില്ല, വിപി സത്യനെ അല്ലാതെ ആരെയും കാണാൻ പറ്റുന്നില്ല..'' തന്റെ മാനറിസങ്ങളെല്ലാം അറിയുന്നവരാണ് ഭാര്യയും മോനുമെല്ലാം.. എവിടെയും തന്നെ കണ്ടില്ലെന്ന് തന്നെയാണ് അവരും പറഞ്ഞത്. ഇതുവരെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂകളൊന്നും വന്നിട്ടില്ല എന്നതിലും സന്തോഷമുണ്ട്.

പ്രിയപ്പെട്ട രംഗം

പ്രിയപ്പെട്ട രംഗം

ക്യാപ്റ്റനിൽ കുറേപ്പേർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഫുട്ബോൾ വീർപ്പിക്കുന്ന സീൻ ആയിരുന്നു. ചിലർക്ക് ഇഷ്ടപ്പെട്ടത് ഇന്റർവെൽ സീനാണ്. ചിലർക്ക് കടപ്പുറത്ത് ഇരുന്ന് മണൽ കാലിൽ മൂടി അനിതയോട് വേറെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെടുന്ന സീനാണ്. ഇതൊന്നുമല്ല തന്റെ പ്രിയപ്പെട്ട രംഗം. ഒരു പക്ഷേ ആരും അത് ശ്രദ്ധിച്ചിട്ട് പോലുമുണ്ടാകില്ല. സന്തോഷ് ട്രോഫി മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഓരോരുത്തർക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് നടന്ന് വരുന്ന ഒരു ഷോട്ടുണ്ട്. ആ രംഗത്ത് സത്യനിൽ പൂർണമായ ഒരു ആത്മവിശ്വാസമുണ്ട്. ഞാനെത്രയോ കളി കണ്ടിരിക്കുന്നു എന്ന ഒരു ആറ്റിറ്റ്യൂഡ്, അതാ സമയത്ത് സത്യനുണ്ടായിരുന്നു.

തലയിൽ കയറിയ കഥാപാത്രങ്ങൾ

തലയിൽ കയറിയ കഥാപാത്രങ്ങൾ

നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആരെങ്കിലും വേണ്ടപ്പെട്ട ഒരു സാധനം തരുമ്പോൾ അത് നമ്മൾ സൂക്ഷിച്ച് വെക്കും. ഇഷ്ടത്തോടെ തരുന്ന ഒരു സാധനം, അതൊരു പേനയാണെങ്കിൽ പോലും നഷ്ടപ്പെടുത്തില്ല. താൻ ഇഷ്ടത്തോടെ ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം ഉള്ളിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. വിപി സത്യനേയും. ഒന്നിനെ പോലും താൻ ഇറക്കി വിടില്ല. അവർ ഇറങ്ങിപ്പോകില്ല തന്നിൽ നിന്ന്. ഇതുവരെയുള്ള കരിയർ ബെസ്റ്റ് ഇതാകട്ടെ എന്നാണ് ഇപ്പോഴുള്ള പ്രാർത്ഥന. അടുത്തത് വരുമ്പോൾ അതാകണേ കരിയർ ബെസ്റ്റ് എന്നാണ് പ്രാർത്ഥിക്കാറുള്ളത്.

English summary
Actor Jayasurya talks about VP Sathyan and Captain Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more