കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അപകടം; ആന്റണി മിണ്ടാത്തതെന്ത്?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നാവിക സേനയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പ്രതിരോധ മന്ത്രി എകെ ആന്റണിക്ക് എന്താണ് പറയാനുള്ളത്. ഒരു പക്ഷേ പറയുന്നതിനപ്പുറത്തേക്ക് അദ്ദേഹം പ്രവര്‍ത്തിക്കേണ്ട സമയാണ് അതിക്രമിച്ചിരിക്കുന്നത്. ഇതിനിടെ മസ്ഗാവ് കപ്പല്‍ നിര്‍മാണശാലയില്‍ യുദ്ധക്കപ്പലില്‍ ഉണ്ടായ അപകടത്തില്‍ ഒരു നാവിക കമാണ്ടര്‍ കൂടി മരിക്കുകയും ചെയ്തു.

ഏഴ് മാസത്തിനിടെ 11 അപകടങ്ങളാണ് നാവിക സേനയില്‍ നടന്നത്. മരണങ്ങളും ഏറെ. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവിക സേനാ മേധാവി അഡ്മിറല്‍ ഡികെ ജോഷി സ്ഥാനമൊഴിഞ്ഞു. ഒരു സൈനികന്‍ ഒരിക്കലും ആഗ്രഹിക്കാത്ത വിരമിക്കലായിരുന്നു മിടുക്കനായ നാവിക സേന മേധാവിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

AK Antony

അര നൂറ്റാണ്ടുകൊണ്ട് എകെ ആന്റണി ഉണ്ടാക്കിയ സല്‍പേരിനെ മുഴുവന്‍ ഒറ്റയടിക്ക് ആവാഹിക്കുന്നതായിരുന്നു ഡികെ ജോഷിയുടെ രാജി. ആദര്‍ശ ധീരന്‍, അഴിമതിരഹിതന്‍ എന്നീ തലപ്പാവുകള്‍ ചുമക്കുന്ന ആന്റണി എളുപ്പത്തില്‍ ജോഷിയുടെ രാജി അംഗീകരിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.

അഴിമതിരഹിതന്റെ കുപ്പായം പേറുമ്പോള്‍ ആന്റണി ചെയ്യാന്‍ മടിച്ചിരുന്നത് സൈനിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ ഇറക്കുമതിയും വാങ്ങലും ഒക്കെ ആയിരുന്നു. കാരണം കോടികള്‍ കമ്മീഷന്‍ മറിയുന്ന ഇടപാടുകളില്‍ വന്‍ അഴിമതി നടക്കുമെന്ന് ആന്റണിക്ക് തന്നെ വ്യക്തമായി അറിയാം. എന്നാല്‍ ആ അഴിമതി തടയാന്‍ നില്‍ക്കാതെ അവശ്യ സാധനങ്ങള്‍ വാങ്ങിക്കുന്നതില്‍ കാലതാമസം വരുത്തുകയാണ് എകെ ആന്റണി ചെയ്തു പോന്നത്.

വെറുതേ പറയുന്നതല്ല. സിഎജി റിപ്പോര്‍ട്ടുകള്‍ ഇതിന് ഉപോല്‍ബലകമായ തെളിവുകളാണ്. അവശ്യസാധനങ്ങള്‍ വാങ്ങിക്കുന്നതിലുളള കാലതാമസം ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കെടുത്തുന്നതായി സിഎജി രേഖപ്പെടുത്തുന്നുണ്ട്. 2008-2009 കാലത്ത് സിഎജി റിപ്പോര്‍ട്ടില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതായി ഡിഎന്‍എ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു-' മുങ്ങിക്കപ്പലുകള്‍ക്ക് അത്യാവശ്യമായി വേണ്ടുന്ന ബാറ്ററി മോണിറ്ററിങ് സിസ്റ്റം വാങ്ങുന്ന പ്രക്രിയയില്‍ അകാരണമായ കാലതാമസം കണ്ടെത്തുന്നു'

സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ഡിഫന്‍സ് അക്വിസിഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ മറ്റാരുമല്ല. പ്രതിരോധമന്ത്രി എകെ ആന്റണി തന്നെയാണ്. അപ്പോള്‍ ഇത്തരത്തിലുള്ള കാലതാമസത്തിന്റെ ഉത്തരവാദിത്തം ആന്റണിക്കല്ലാതെ മറ്റാര്‍ക്കാണ്. ഐഎന്‍എസ് സിന്ധുരത്‌നയിലെ അപകടത്തിന് കാരണം ബാറ്ററി കമ്പാര്‍ട്ടമെന്റിന്റെ പ്രശ്‌നമായിരുന്നു എന്നാണല്ലോ നിഗമനം.

ആന്റണിയുടെ ആദര്‍ശ ധീരതയുടെ പഴങ്കഥകള്‍ ഏറെയുണ്ട്. നരസിംഹ റാവു മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സ്ഥാനം രാജി വച്ചതാണ് അതില്‍ പ്രധാനം. തന്റെ മന്ത്രാലയത്തില്‍ നടന്ന ഒരു അഴിമതിയുടെ പേരില്‍ അന്ന് രാജിവച്ച് കേരളത്തിലേക്ക് മടങ്ങുകയാണ് എകെ ആന്റണി ചെയ്തത്.

മന്ത്രിസഭയിലെ തന്ത്രപ്രധാന സ്ഥാനം സോണിയ ഗാന്ധി എകെ ആന്റണിക്ക് നല്‍കിയത് മറ്റൊന്നും കൊണ്ടല്ല. മറ്റ് വകുപ്പുകളിലെ അഴിമതി തന്നെ പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അഴിമിതിക്ക് ഏറ്റവും സാധ്യതകളുള്ള പ്രതിരോധ വകുപ്പിലെങ്കിലും എന്തെങ്കിലും മാറ്റമുണ്ടാകട്ടെ എന്ന് കരുതിയാണ്.

സോണിയയുടെ ആഗ്രഹം ഒരു പരിധിവരെയെങ്കിലും സാക്ഷാത്കരിക്കാന്‍ ആന്റണിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയാം. പക്ഷേ ഇന്ത്യന്‍ സൈന്യത്തിന്റെ അധുനീകരണത്തെ ഒരു ദശാബ്ദമെങ്കിലും പിന്നോട്ടടിപ്പിച്ച പ്രതിരോധമന്ത്രി എന്ന മുള്‍ക്കിരീടമായിരിക്കും ആന്റണിക്ക് ചരിത്രം ചാര്‍ത്തിക്കൊടുക്കുക.

English summary
AK Antony could not wash his hands in Navy Accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X