കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കനല്ല, തീപാറുന്ന നോട്ടമില്ല, ധാർഷ്ട്യമില്ല... കൈയ്യിൽ പണവും ഇല്ല; അറിയണം ഈ കമ്യൂണിസ്റ്റിനെ

Google Oneindia Malayalam News

ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ അതിന്... മണിക് സര്‍ക്കാര്‍! ത്രിപുരയെ രണ്ട് പതിറ്റാണ്ടായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഭരിച്ച അതേ മണിക് സര്‍ക്കാര്‍.

അവകാശവാദങ്ങള്‍ ഒന്നുമില്ല അദ്ദേഹത്തിന്. ഇത്രയും കാലം ഭരണം നിലനിര്‍ത്തിയത് പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ കൊണ്ടും അല്ല. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ലാളിത്യംകൊണ്ടും, സാധാരണക്കാരിലേക്ക് എത്തിക്കുന്ന ഭരണനേട്ടങ്ങള്‍ കൊണ്ടും മാത്രമായിരുന്നു അത്. എന്നാൽ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍, ഇതൊന്നും മതിയായില്ല മണിക് സ‍ര്‍ക്കാരിന്. ചേ‍ത്തുപിടിച്ചതെല്ലാം ഒരു മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയായിരുന്നു.

ഇരട്ടച്ചങ്കോ, ധാര്‍ഷ്ട്യമോ, അച്ചടക്കത്തിന്റെ വാള്‍വീശലോ വെട്ടിപ്പിപ്പിടിക്കലോ അല്ല മണിക് സര്‍ക്കാരിന്റെ മുഖമുദ്ര. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന മണിക് സര്‍ക്കാരിനെ കുറിച്ച് അറിയേണ്ടതെല്ലാം...

പറഞ്ഞുകേട്ട കഥ

പറഞ്ഞുകേട്ട കഥ

കേരളത്തില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മണിക് സര്‍ക്കാര്‍. ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ് അധിക കാലം ആയിട്ടില്ല. പാര്‍ട്ടി ഓഫീസില്‍ രാത്രിയില്‍ എത്തിയ അദ്ദേഹം ഒരു ബഞ്ചില്‍ കിടന്നാണ് നേരം വെളുപ്പിച്ചതത്രെ... വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞുകേട്ട ഒരു കഥയാണ്. ഇതിലെ സത്യാവസ്ഥ എന്താണെന്ന് അറിയില്ല. എന്നിരുന്നാലും ലാളിത്യം തന്നെയാണ് മണിക് സര്‍ക്കാരിന്റെ മുഖമുദ്ര.

സാധാരണക്കാരില്‍ സാധാരണക്കാരനായി

സാധാരണക്കാരില്‍ സാധാരണക്കാരനായി

ഇന്ത്യ സ്വതന്ത്രയായി രണ്ട് വര്‍ഷങ്ങള്‍ തികയും മുമ്പാണ് മണിക് സര്‍ക്കാരിന്റെ ജനനം. രാധാകിഷോര്‍പൂരിലെ തയ്യല്‍ക്കാരനായ അമൂല്യ സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പ് ജീവനക്കാരിയായ അഞ്ജലി സര്‍ക്കാരിന്റേയും മകനായി 1949 ല്‍ ജനുവരി 22 ന് ആണ് മണിക് സര്‍ക്കാര്‍ ജനിക്കുന്നത്.

സമരജീവിതം

സമരജീവിതം

പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു മണിക്. ത്രിപുര എംബിബി കോളേജില്‍ എസ്എഫ്‌ഐ ജനറല്‍ സെക്രട്ടറിയായി. പിന്നീട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റും ആയി. സ്വാഭാവികമായും സിപിഎം രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായി.

22-ാം വയസ്സില്‍ സംസ്ഥാന നേതൃത്വത്തില്‍

22-ാം വയസ്സില്‍ സംസ്ഥാന നേതൃത്വത്തില്‍

വെറും 22 വയസ്സുള്ളപ്പോള്‍ ആണ് മണിക് സര്‍ക്കാര്‍ സിപിഎമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റിയില്‍ എത്തുന്നത്- 1972 ല്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തു. പിന്നേയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ എത്തുന്നത്.

സിപിഎം ഭരണകാലത്ത്

സിപിഎം ഭരണകാലത്ത്

ത്രിപുരയില്‍ സിപിഎം ആദ്യമായി ഭരണത്തിലെത്തുന്നത് 1978 ല്‍ ആണ്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് മണിക് സര്‍ക്കാര്‍. രണ്ട് വര്‍ഷത്തിന് ശേഷം അഗര്‍ത്തല നഗരം നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് മണിക് സര്‍ക്കാരിന്റെ പാര്‍ലമെന്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

കാത്തിരിപ്പ്

കാത്തിരിപ്പ്

1988 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം ഭരണം പിടിച്ചെടുത്തു. ഒടുവില്‍ 1998 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം അധികാരത്തില്‍ തിരിച്ചെത്തി. ആ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചതും മണിക് സര്‍ക്കാര്‍ ആയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം അപ്പോള്‍.

യാദൃശ്ചികമായി

യാദൃശ്ചികമായി

1998 ലെ തിരഞ്ഞെടുപ്പിലും വിജയം സിപിഎമ്മിനൊപ്പെ ആയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ഒരു പേരായിരുന്നില്ല മണിക് സര്‍ക്കാരിന്റേത്. നിലവിലെ മുഖ്യമന്ത്രി മുഖ്യമന്ത്രി ദശരഥ് ദേബ് അത്തവണ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മത്സര രംഗത്തുണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സഹ മുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍വാങ്ങി. അങ്ങനെ ത്രിപുര മുഖ്യമന്ത്രിയായി മണി സര്‍ക്കാരിനെ സിപിഎം തീരുമാനിക്കുകയായിരുന്നു.

കാറില്ല, സ്വത്തില്ല- പ്രായം 49

കാറില്ല, സ്വത്തില്ല- പ്രായം 49

1998 ല്‍ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മണിക് സര്‍ക്കാരിന്റെ പ്രായം 49 വയസ്സായിരുന്നു. സ്വന്തമായി കാറോ സ്വത്തുക്കളോ ഇല്ലാത്ത, ദരിദ്രനായ മുഖ്യമന്ത്രി ആയിരുന്നു അന്നും അദ്ദേഹം. അന്ന് ബാങ്ക് ബാലന്‍സും ഉണ്ടായിരുന്നില്ല. 1998 ല്‍ തന്നെ മണിക് സ‍ര്‍ക്കാര്‍ സിപിഎം പോളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു

പാര്‍ട്ടിയുടെ ശമ്പളം

പാര്‍ട്ടിയുടെ ശമ്പളം

മുഖ്യമന്ത്രി എന്ന നിലയില്‍ കിട്ടുന്ന ശമ്പളം പാര്‍ട്ടി ഫണ്ടിലേക്ക് സംഭവാന ചെയ്യുന്ന ആളാണ് മണിക് സര്‍ക്കാര്‍. പാര്‍ട്ടി നല്‍കുന്ന പതിനായിരത്തോളം രൂപയാണ് വ്യക്തിപരമായ ചെലവുകള്‍ക്ക് ഉപയോഗിക്കുന്നത്. ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമായി കാറോ മറ്റ് സ്വത്തുക്കളോ ഇല്ല.

ഭാര്യയുടെ പെന്‍ഷന്‍

ഭാര്യയുടെ പെന്‍ഷന്‍

പാഞ്ചാലി ഭട്ടാചാര്യ ആണ് മണിക് സര്‍ക്കാരിന്റെ ഭാര്യ. കേന്ദ്ര സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥയായിരുന്നു പാഞ്ചാലി. 2011 ല്‍ അവര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. പാഞ്ചാലിയുടെ പെന്‍ഷനും പാര്‍ട്ടി നല്‍കുന്ന ശമ്പളവും കൊണ്ടാണ് ജീവിതം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം ഉപയോഗിക്കാറില്ല ഈ മന്ത്രിപത്‌നി. യാത്രകള്‍ക്ക് അധികവും റിക്ഷകളെ ആണ് ആശ്രയിക്കാറുള്ളത്.

കുറഞ്ഞുകുറഞ്ഞ് ബാങ്ക് ബാലന്‍സ്

കുറഞ്ഞുകുറഞ്ഞ് ബാങ്ക് ബാലന്‍സ്

ഇത്തവണ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 1520 രൂപയാണ് മണിക് സര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്നത്. ബാങ്ക് ബാലന്‍സ് 2410.60 രൂപയും. അഞ്ച് വര്‍ഷം മുമ്പ് 2013 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് 9720.38 രൂപയായിരുന്നു അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ്.

ജനങ്ങള്‍ക്കൊപ്പം

ജനങ്ങള്‍ക്കൊപ്പം

ചുവന്ന ബീക്കണ്‍ ലൈറ്റ് വയ്ക്കാത്ത സര്‍ക്കാര്‍ കാറില്‍ സഞ്ചരിക്കുന്ന, ജനങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന മുഖ്യമന്ത്രി... ജനകീയനായ മുഖ്യമന്ത്രി... ഇതൊക്കെ തന്നെ ആയിരുന്നു മണിക് സര്‍ക്കാര്‍. നീണ്ട 20 വര്‍ഷം ഒരു തരിമ്പ് പോലും ഭീഷണിയില്ലാതെ, ആരേയും ഭീഷണിപ്പെടുത്താതെ സിപിഎമ്മിനെ അധികാരത്തില്‍ ഉറപ്പിച്ചത് മാണിക് സര്‍ക്കാരിന്റെ വൈഭവം തന്നെ ആയിരുന്നു എന്ന് പറയാതിരിക്കാന്‍ ആവില്ല.

English summary
All about Manik Sarkar, the man who was on Chief Minister's seat for long 20 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X