• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മയ്ക്ക് ബദൽ ഇരകൾക്കൊപ്പം നില്‍ക്കുന്ന ഒരു ഇടതുസംഘടന... സവർണ-വലതുപക്ഷ അമ്മ ഇങ്ങനെ തന്നെ നിൽക്കട്ടെ

  • By Desk

സഹപ്രവര്‍ത്തകയെ ബാലാല്‍സംഗം ചെയ്ത കേസില്‍ പ്രതി ആയതിനെ തുടര്‍ന്ന് താര സഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തരികെ എടുക്കാന്‍ സംഘടന തീരുമാനിച്ചിരിക്കുന്നു . പുറത്താക്കാന്‍ ഉണ്ടായ സാഹചര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാകാതെ തന്നെയാണ് അമ്മ ഈ തീരുമാനം എടുത്തിരിക്കുന്നത്.

അമ്മ എന്ന സംഘടനയുടെ തീരുമാനത്തിൽ ഞാൻ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്തവർക്ക് വേണ്ടി തെരുവിൽ ഇറങ്ങിയ ആ‍ര്‍എസ്എസ്സുകാരിലും ഞാൻ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. ആത്യന്തികമായി ആ സംഘടനകൾ ഉയർത്തുന്ന നിലപാടും രാഷ്ട്രീയവും ആണത്. ആര്‍എസ്എസ്സുകാർ മതേതരർ ആകണം എന്ന് പറയും പോലെയാണ് അമ്മയിൽ ജനാധിപത്യം വേണം എന്നൊക്കെ പറയുന്നത്.

ആത്യന്തികമായി ആ സംഘടന ഒരു ഫ്യുഡൽ സ്ത്രീവിരുദ്ധ ജനാധിപത്യ വിരുദ്ധ സംഘടനയാണ്. ദിലീപിനെ പുറത്താക്കുക എന്ന അവരുടെ തീരുമാനം തന്നെ ആ സംഘടനയുടെ പൊതു സ്വഭാവത്തിന് ഘടകവിരുദ്ധം ആയിരുന്നു. അതായത് ആര്‍എസ്എസ് ഇഫ്താർ വിരുന്നു നടത്തും പോലെ അത് തന്നെയാണ് . അത്കൊണ്ട് തന്നെ അമ്മയുടെ ഇപ്പോഴത്തെ തീരുമാനം അവരുടെ നിലപാടുമായി യോജിക്കുന്ന ഒന്നാണ് സത്യസന്ധമാണ്.

മനുഷ്യ പക്ഷവും സ്ത്രീ പക്ഷവും

മനുഷ്യ പക്ഷവും സ്ത്രീ പക്ഷവും

അങ്ങനെ ലോകത്ത് ഏതെങ്കിലും മേഖലയിൽ എല്ലാവരും മനുഷ്യ പക്ഷത്തും സ്ത്രീ പക്ഷത്തും തൊഴിലാളി പക്ഷത്തും ന്യൂനപക്ഷ പക്ഷത്തും ആണെങ്കിൽ ഇവിടെ അമേരിക്കയും സോവിയറ്റ് യൂണിയനും ഉണ്ടാകില്ലായിരുന്നല്ലോ... മഹായുദ്ധങ്ങള്‍ ഉണ്ടാകില്ലായിരുന്നല്ലോ. ഇടതുപക്ഷവും വലതുപക്ഷവും ആവശ്യമില്ലല്ലോ... ആര്‍എസ്എസ്സിനെതിരെ സിപിഎം വേണ്ടല്ലോ.

ഒറ്റ സംഘടന എന്നതിലെ ജനാധിപത്യ വിരുദ്ധത

ഒറ്റ സംഘടന എന്നതിലെ ജനാധിപത്യ വിരുദ്ധത

ഒറ്റ സംഘടന എന്നത് ഏതു മേഖലയില്‍ ആണെങ്കിലും ജനാധിപത്യ വിരുദ്ധത ആണ്. അമ്മ ഒരു സ്ത്രീ /തൊഴിലാളി വിരുദ്ധ സവര്‍ണ്ണ വലതുപക്ഷ സംഘടന ആണ്. കാലങ്ങളായി പല നിലപാടുകളില്‍ കൂടി അവര്‍ അത് തെളിയിച്ചിട്ടും ഉണ്ട് . ആ നിലപാടുകള്‍ക്ക് എല്ലാം തന്നെ ഘടക വിരുദ്ധം ആയിരുന്നു പൊതുസമൂഹത്തെ കബളിപ്പിക്കാന്‍ വേണ്ടി, ബലാല്‍സംഗ കേസില്‍ അറസ്റ്റ്‌ ഉണ്ടായപ്പോള്‍ ദിലീപിനെ പുറത്താക്കാന്‍ എടുത്ത തീരുമാനം. എന്നാല്‍ ആ സവര്‍ണ്ണ വലതുപക്ഷ നിലപാടുമായി യോജിച്ചു പോകുന്നവര്‍ ആണ് സിനിമാ നടീ നടന്മാര്‍ മുഴുവന്‍ എന്ന് കരുതുക വയ്യ. അവരില്‍ ചെറിയ ഒരു വിഭാഗം എങ്കിലും ജനാധ്യപത്യ ബോധമുള്ള സ്ത്രീ പക്ഷത്തു നില്‍ക്കുന്ന മനുഷ്യര്‍ ആയിരിക്കും.

കാലം ആവശ്യപ്പെടുന്നത്

കാലം ആവശ്യപ്പെടുന്നത്

സവര്‍ണ്ണ, ഫ്യുഡല്‍, പാര്‍ട്രിയാര്‍ക്കല്‍ ആയ അമ്മ എന്ന സംഘടനയില്‍ നിന്നും പുറത്തുവന്ന് ഇരകള്‍ക്കൊപ്പം നിന്ന് മനുഷ്യപക്ഷത് നിന്ന് സംസാരിക്കുന്ന, സവര്‍ണ്ണ പുരുഷാധിപത്യ ബോധങ്ങള്‍ പേറാത്ത ഒരു സംഘടന രൂപീകരിക്കുക എന്നതാണ് കാലം ഇരകള്‍ക്കൊപ്പം ഐക്യപെടുന്ന നടീ-നടന്മാരോട് ആവശ്യപ്പെടുന്നത്. ഏതെങ്കിലും മേഖലയില്‍ ഒറ്റ സംഘടന എന്നത് ഏക പാര്‍ട്ടി ജനാധിപത്യം പോലെ അശ്ലീലമാണ്. അത് സിനിമാ നടിമാരായ കുറച്ചു സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം അല്ല താനും . ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സ്ത്രീ സമത്വം അംഗീകരിക്കുന്ന പുരുഷന്മാരുടെ കൂടി ഉത്തരവാദിത്വമാണ്.

ഡബ്ല്യുസിസിയുടെ വിജയം

ഡബ്ല്യുസിസിയുടെ വിജയം

രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞ സംഘടന ആണ് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ (ഡബ്ല്യുസിസി). ശൈശവ ദശയില്‍ ഉള്ള ഒരു സംഘടനയില്‍ നിന്നും അപ്രതീക്ഷിതമായ പക്വതയും നിലപാടുകളിലെ കൃത്യതയും കൊണ്ട് അവര്‍ തങ്ങളുടെ പക്ഷം ശരിയായി തന്നെ അവതരിപ്പിക്കുന്നതില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം വിജയിച്ചു തന്നെ നില്‍ക്കുന്നുണ്ട് .അമ്മ പോലുള്ള സവര്‍ണ്ണ സ്ത്രീവിരുദ്ധ സംഘടനകള്‍ അരങ്ങു വാഴുന്ന സിനിമാ ലോകവും അതിലെ മാടമ്പിമാരും ഓരോ സമയത്തും വനിതാ കൂട്ടായ്മയോടും അതിന്‍റെ നിലപാടുകളോടും പുലര്‍ത്തുന്ന അസഹിഷ്ണുതയും ആ സംഘടനയെ തന്നെ തള്ളിപ്പറയാന്‍ കാണിക്കുന്ന വ്യഗ്രതയും മാത്രം ശ്രദ്ധിച്ചാല്‍ അതൊരു വിജയമാണ് എന്ന് നിസ്സംശയം പറയാന്‍ കഴിയും.

അവര്‍ ചോദ്യം ചെയ്യപ്പെടും

അവര്‍ ചോദ്യം ചെയ്യപ്പെടും

എന്നാല്‍ എല്ലാക്കാലവും സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംസാരിക്കുകയും അതിനെ പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്കു വയ്ക്കുകയും പരിഹാരം തേടുകയും ചെയ്യേണ്ടത് ഇതിലെ കുറച്ചു സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം ആണെന്ന് കരുതി സൗകര്യ പൂര്‍വ്വം മൗനം നടിക്കുന്ന നടന്മാരുടെ നിലപാടുകളിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടും.എന്തുകൊണ്ടാണ് ഇവരില്‍ ഒരാള്‍ക്കുപോലും അമ്മയില്‍ നിന്നും പുറത്തുവരണം, തങ്ങളുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇരകള്‍ക്കൊപ്പം ഐക്യപ്പെടുന്ന ഒരു സംഘടന വേണം എന്ന തോന്നല്‍ ഈ നിമിഷം വരെ ഉണ്ടാകാത്തത്.

കലാകാരന്റെ ഉത്തരവാദിത്തം

കലാകാരന്റെ ഉത്തരവാദിത്തം

കല, കലയ്ക്കുവേണ്ടി മാത്രമാണോ സമൂഹത്തിനു കൂടി വേണ്ടിയാണോ എന്ന ചര്‍ച്ചയൊക്കെ നാല് പതിറ്റാണ്ട് മുന്‍പേ കേരളം നടത്തിയതാണ് . കലാകാരന് സമൂഹത്തോട് ബാധ്യതകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാന്‍ ഉണ്ട് . അവന്‍ സമൂഹം നല്‍കുന്ന പ്രിവിലെജുകള്‍ കൈപ്പറ്റുന്നുണ്ട് . പണക്കൊഴുപ്പിന്റെ പുരുഷബോധത്തില്‍ നിന്നുകൊണ്ട് തങ്ങള്‍ കൂടി അംഗമായ ഒരു സംഘടന കേരള സമൂഹത്തെ അപ്പാടെ വെല്ലുവിളിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും കൂടിയുള്ള ഉത്തരവാദിത്വം ഈ കലാകാരന്മാര്‍ക്കുണ്ട്.

വേട്ടക്കാരനൊപ്പം ഐക്യപ്പെടുന്ന ജനപ്രതിനിധികളും

വേട്ടക്കാരനൊപ്പം ഐക്യപ്പെടുന്ന ജനപ്രതിനിധികളും

ഇവരില്‍ ചിലര്‍ ജനപ്രതിനിധികള്‍ കൂടിയാണ് അതും ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവച്ചു ജനവിധി തേടിയവര്‍ ആണ് എന്നത് അത്യന്തം ദൗര്‍ഭാഗ്യകരം ആണ്. മുന്‍കാല നിലപടുകളില്‍ ഇതേ ജനപ്രതിനിധികള്‍ തന്നെ തങ്ങളുടെ രാഷ്ട്രീയത്തിന് പ്രതിലോമകമായ നിലപാടുകള്‍ കൊണ്ട് വേട്ടക്കാരനൊപ്പം ഐക്യ പ്പെടുകയും ചെയ്തിട്ടുള്ളവര്‍ ആണ്. അവരെ ആ വഴിയില്‍ നിന്നും വഴിമാറ്റി നടത്തേണ്ട ഉത്തരവാദിത്വം അവര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്കും ഉണ്ട്.

അമ്മ എന്ന വലതുപക്ഷ സവര്‍ണ്ണ സംഘടന ഇങ്ങനെ തന്നെ നിലനില്‍ക്കുകയും എതിര്‍ഭാഗത്ത്‌ ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഇടതുപക്ഷ സംഘടന രൂപീകരിക്കപ്പെടുകയും ചെയ്യേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്‌.

കുമ്മനം രാജശേഖരനിൽ നിന്നും കേരളം പഠിച്ച പാഠം എന്താണ്... രശ്മി എഴുതുന്നു!!

സംഘ് ആക്രമണങ്ങളെ അക്രമരാഷ്ട്രീയം എന്ന് ലളിതവൽക്കരിക്കുന്ന നിഷ്പക്ഷത അശ്ലീലമാണ്- രശ്മി എഴുതുന്നു

English summary
An alternative left ofganisation to AMMA is essential in Malayalam film industry, Resmi Radha Writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X