• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പത്താം ക്ലാസ് പരീക്ഷാ ഫലവും നിങ്ങളുടെ മിഥ്യാഭിമാനത്തിന്റെ ഇരകളും.. അപർണ പ്രശാന്തി എഴുതുന്നു

അപർണ പ്രശാന്തി

സ്വതന്ത്ര മാധ്യമപ്രവർത്തകയായ അപർണ പ്രശാന്തി അറിയപ്പെടുന്ന കോളം എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരത്തിന് അപർണയുടെ ആദ്യ പുസ്കമായ 'ചലച്ചിത്രത്താഴ്' അർഹമായി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി.

പത്താം ക്ലാസ് പരീക്ഷ ഫലവും മലയാളിയും തമ്മിലുള്ള ബന്ധം ശരിക്കും വലിയ പഠനങ്ങൾക്ക് വിധേയമാക്കപ്പെടേണ്ട ഒന്നാണ്. ഒരു വ്യക്തിയെ അളക്കുന്നത് വരെ പത്താം ക്ലാസ്സിലെ മാർക്ക് നോക്കിയായിരുന്നു ഏതാണ്ട് രണ്ടു ദശാബ്ദം മുന്നേ വരെ. ഗ്രെഡിങ് വന്നതോടെ ആ അളവ് കോലുകൾ ശരിയായി പ്രവർത്തിക്കാതെ വരികയും അതിന്റെ നിരാശകൾ 'എല്ലാർക്കും' എ പ്ലസ് കിട്ടുന്നതിൽ ഉള്ള രോഷമായി പുറത്തു വരികയും ചെയ്തു. സമൂഹത്തിലെ മാർക്കിടൽ പേടിച്ചു ആത്മഹത്യ ചെയ്യുന്നവർ കുറഞ്ഞു വന്നു. കുറച്ചു കൂടി ആത്മവിശ്വാസത്തോടെ പത്താം ക്ലാസ് കടന്നു വന്നു കുട്ടികൾ പുഞ്ചിരിച്ചു. വിദ്യാഭ്യാസ സംവിധാനത്തിൽ ഇത് വരുത്തിയ നല്ലതും മോശവുമായ മാറ്റങ്ങൾ പഠന വിഷയം ആക്കാൻ ആകുന്നതേ ഉള്ളൂ.

കയ്യടിക്കാവുന്ന മാറ്റം

കയ്യടിക്കാവുന്ന മാറ്റം

എന്തായാലും നാട്ടുകൂട്ടം പോലെ പുറകെ കൂടുന്ന ബന്ധുക്കളെയും പരിചയക്കാരെയും കുറച്ചൊന്നു നിരാശരാക്കാൻ ഇതിലൂടെ സാധിച്ചത് കയ്യടിക്കാവുന്ന ഒരു മാറ്റമാണെന്നു പറയാം. വളരെ ഉപരിപ്ലവമായ ചിന്തയാണെന്നൊക്കെ പറയാം. എന്നാലും കുറച്ചെങ്കിലും അവരവരെ വിശ്വസിക്കാൻ ഉള്ള ധൈര്യം ആ അവസ്ഥ തരും.

അത് വ്യക്തിക്കും സമൂഹത്തിനും ചെയ്യുന്ന ഗുണങ്ങൾ ചെറുതല്ല. താരതമ്യങ്ങളിൽ അഭിരമിക്കുന്ന മധ്യവർത്തി മലയാളി സമൂഹത്തെ നിരാശപ്പെടുത്താനാവുക എന്നതൊരു വലിയ കാര്യമാണ്. ഇപ്പോഴും അപ്പോഴും ഉന്നത വിദ്യാഭ്യാസം ഏകതാനമായ ഒരു വരയാണ് നമുക്ക്. ഇത്രയൊക്കെ മാറ്റം വന്നിട്ടും ഇപ്പോഴും ഇവിടത്തെ വിദ്യാഭ്യാസ സംവിധാനത്തിന്, ചുറ്റുമുള്ളവരുടെ മിഥ്യാഭിമാനത്തിനു കുറെ ഇരകളുണ്ട്.

അവൾ പിന്നെ പാട്ട് പഠിച്ചിട്ടില്ല

അവൾ പിന്നെ പാട്ട് പഠിച്ചിട്ടില്ല

പണ്ട് യു പി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ എപ്പോഴോ ആണ് പരാജയപ്പെട്ട ഒരു ആത്മഹത്യാ ശ്രമത്തെ പറ്റി കേൾക്കുന്നത്. മറ്റൊരു സ്ക്കൂളിൽ പഠിക്കുന്ന യുവജനോത്സവ വേദികളിലെ സ്ഥിരം ഗായികയുടേതായിരുന്നു അത്. പലപ്പോഴും കാണാറുള്ള മുഖമായത് കൊണ്ട് തന്നെ ചെറിയ വിഷമം ഉണ്ടായി. അന്നത്തെ പത്താം ക്ലാസ് മാർക്ക് കുറഞ്ഞതായിരുന്നു കാരണം. സ്ക്കൂളിന്റെ നൂറു മേനി വിജയക്കണക്കിന്റെ ഭാഗമൊക്കെയായി ആ പെൺകുട്ടി.

പക്ഷെ ഒരു വലിയ അലമാര നിറയെ അവൾ പാടി നേടിയ സമ്മാനങ്ങൾ അവളുടെ വീട്ടുകാർക്കോ അധ്യാപകർക്കോ ചുറ്റുമുള്ളവർക്കോ മികവിന്റെ തെളിവുകൾ ആയില്ല. പാട്ടു പഠിക്കാൻ ആഗ്രഹിച്ച അവളെ വീട്ടിൽ പൂട്ടിയിട്ടു തല്ലിയതായി ആ ഭാഗത്തെ സ്ക്കൂളുകളിൽ വർത്തമാനം കേട്ടു. എന്തായാലും അവൾ പിന്നീട് പാട്ടു പഠിച്ചിട്ടില്ല, ഏതോ നഴ്സിങ് കോളേജിൽ പോയി പഠിച്ചു.

കഴുത്തിനു ഞെരിച്ചു ഇല്ലാതാക്കിയ പാട്ടുകൾ

കഴുത്തിനു ഞെരിച്ചു ഇല്ലാതാക്കിയ പാട്ടുകൾ

ഇപ്പോൾ സമരം ചെയ്യാൻ പേടിക്കുന്ന നേഴ്സ് ആയി ഇവിടെ തന്നെ ഉണ്ട്. ചേച്ചിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ ഓർമയുണ്ട് എന്ന് ഇത്തിരി അസൂയയോടെ പറഞ്ഞപ്പോൾ ' അതൊക്കെ വീട് പണിക്കിടയിൽ കാണാതായി' എന്നവർ നിസംഗയായി. അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു. സ്ക്കൂൾ പഠന കാലത്തെ ഓട്ടപാച്ചിലുകൾ, അന്ന് പത്താം ക്ലാസ് ഫലം കാത്തു നിന്ന ദിവസം, ഏറ്റവും കുറവ് മാർക്ക് സയൻസ് വിഷയങ്ങൾക്കായിട്ടും നേഴ്സ് ആകേണ്ടി വന്ന അവസ്ഥ..

അവളൊരു ശരാശരി വിദ്യാർഥിനി ആണ് പഠനത്തിൽ എന്നത് കൊണ്ട് മാത്രം തല കുനിച്ചു നിൽക്കേണ്ടി വന്നത്, അവൾ സ്ക്കൂളിനായി നേടിയ വലിയ ട്രോഫികൾക്ക് വിലയില്ലാതായത്.. പിന്നീട് അവൾ പാടാൻ പോലും മറന്നു പോയത്.. കേൾക്കുമ്പോൾ അതിനാടകീയതയോ ട്വിസ്റ്റുകളോ ഇല്ലാത്ത ഒരു സാധാരണ ജീവിത കഥയാണിത്. പക്ഷെ ഒരുപാട് പാടി എവിടെയോ എത്തേണ്ട ആളാണ് ഇങ്ങനെയായത്. സമൂഹം കഴുത്തിനു ഞെരിച്ചു ഇല്ലാതാക്കിയ പാട്ടുകളുടെ കഥകൾ കൂടി ചേർന്നതാണ് നമുക്ക് ചുറ്റുമുള്ള സാധാരണ ജീവിതം.

വൈകാരിക സംഘർഷങ്ങളുടെ ഒരേ ദൂരം

വൈകാരിക സംഘർഷങ്ങളുടെ ഒരേ ദൂരം

പിന്നീട് ഗ്രെഡിങ്ങും ഒക്കെ വന്നെങ്കിലും പത്താം ക്ലാസ് എന്ന സങ്കല്പത്തെ ഇവിടത്തെ ശരാശരി മലയാളിയുടെ മനസ്സിൽ നിന്ന് പൂർണമായി തള്ളിക്കളയാൻ ആയിട്ടില്ല. ദിവസവും സ്‌കൂളിൽ രാവിലെയും വൈകീട്ടും ഉള്ള അധിക ക്ലാസ്സുകളും പിന്നീടുള്ള നാല് മണിക്കൂർ ട്യൂഷനും താങ്ങാൻ ആകാതെ നാട് വിട്ടു പോയ ഒരു കുട്ടിയെ അറിയാം. നന്നായി ചിത്രം വരക്കുമായിരുന്ന അവന്റെ ചായക്കൂട്ടുകൾ മുഴുവൻ കത്തിച്ചു കളഞ്ഞാണ് അവന്റെ പത്താം ക്‌ളാസ് പ്രവേശം വീട്ടുകാർ ആഘോഷിച്ചത്.

സ്‌കൂളുകളും വിദ്യഭ്യാസ ഘടനയും ഒക്കെ മുഴുവനായി മാറിയിട്ടും ഈ അവസ്ഥക്ക് മാറ്റം വന്നിട്ടില്ല. ആദ്യം പറഞ്ഞ പാട്ടുകാരി പത്താം ക്ലാസുകാരി പരീക്ഷയെഴുതി മരിക്കാൻ ഒരുങ്ങുമ്പോൾ ഇവൻ ജനിച്ചിട്ട് പോലുമുണ്ടാവില്ല. പക്ഷെ ഇവർ രണ്ടു പേരും താണ്ടിയത് വൈകാരിക സംഘർഷങ്ങളുടെ ഒരേ ദൂരം.

ചുറ്റും നോക്കിയാൽ കാണാം ഇവരെ

ചുറ്റും നോക്കിയാൽ കാണാം ഇവരെ

നാട് വിട്ടവൻ പോയപ്പോഴും ' എന്റെ മോന്റെ പത്താം ക്ലാസ് പരീക്ഷ'' എന്ന് പറഞ്ഞു കരഞ്ഞ അവന്റെ 'അമ്മ വാട്സാപ്പിലെ ഒരു തമാശ ചിത്രം ആയിരുന്നു. പക്ഷെ ആ മൂല്യബോധത്തെ തിരുത്താൻ ഇതേ തമാശക്കാർ തന്നെ അവരെ അനുവദിച്ചില്ല. എന്തായാലും അവൻ ജീവനോടെ തിരിച്ചെത്തി പത്താം ക്ലാസ് പരീക്ഷ എഴുതി. എ യും ബി യും എന്തെന്ന് ശരിക്കും മനസിലാകാത്തത് കൊണ്ടാവണം അവന്റെ പരീക്ഷാ ഫലത്തെ ചുറ്റുമുള്ളവർ വെറുതെ വിട്ടു. പക്ഷെ കത്തിച്ചു കളഞ്ഞ ചായക്കൂട്ടുകൾ അവനെ ഇപ്പോഴും മാനസിക രോഗാശുപത്രിയിൽ ഇടക്ക് എത്തിക്കാറുണ്ട്.

ഒരുപാട് സംസാരിക്കുമായിരുന്ന അവൻ നിശ്ശബ്ദതയുടെ ഏതോ തുരുത്തിലാണ് ഇപ്പോൾ. ''ഒറ്റപ്പെട്ടത്'' എന്ന് മുഖം തിരിക്കും മുന്നേ ചുറ്റിലേക്കും ഒന്ന് നോക്കിയാൽ കാണാം, ഇത്രയൊന്നും തീവ്രം അല്ലെങ്കിലും അടിച്ചും ഇടിച്ചും എന്തിനോ പുറകെ ഓടിച്ചു കുട്ടികളെ ഇല്ലാതാക്കുന്നവരെ. ചിലരൊക്കെ ആ ഓട്ടത്തിൽ വിജയിക്കുന്നു, മറ്റു ചിലർ കാലിടറി വീഴുന്നു. രണ്ടു പേരും താണ്ടിയ മുറിവുകളുടെ ദൂരങ്ങൾ ഒന്നാണ്.

അതിജീവിച്ച അപമാനങ്ങൾ

അതിജീവിച്ച അപമാനങ്ങൾ

പത്താം ക്ലാസും പ്ലസ് ടു വും കഴിഞ്ഞു നടക്കുന്ന ഉന്നത വിദ്യാഭ്യാസ പ്ലാനിങ്ങും ഇവിടത്തെ ഒരു സ്ഥിരം രീതിയാണ്. മെഡിസിൻ, എഞ്ചിനിയറിങ്, ടീച്ചിങ് മേഖലകൾ വിട്ടൊരു കളിയും ഇല്ല ഇവിടത്തെ സമൂഹത്തിനു. ഫൈൻ ആർട്സ് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞ ഒരു പരിചയക്കാരൻ ഉണ്ട്. അവന്റെ വീട്ടുകാർക്ക് അതിനോട് എതിർപ്പില്ല, പതിവ് എന്ത് ചെയ്യുന്നു ചോദ്യങ്ങൾക്കിടയിൽ ഇത് പറഞ്ഞപ്പോ, ആകെ ഉള്ള മകനെ കഞ്ചാവടിക്കാൻ പറഞ്ഞയക്കുകയാണല്ലേ എന്ന് ചോദിച്ചു കുറെ അയൽവാസികൾ വന്നു.

നിരന്തരമായ പരിഹാസത്തിന്റെയും അപമാനിക്കലിന്റെയും കഠിന കാലങ്ങളെ അതിജീവിച്ചാണ് അവൻ തന്റെ സ്വപ്നങ്ങൾക്ക് പുറകെ പോയത്. അഭിനയിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരു പത്താം ക്ലാസുകാരിയെ അറിയാം. നാടക നടിയായ അവൾ പൂനെയിൽ പോയി അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്നു.

പൊതുബോധം ഇല്ലാതാക്കുന്നത്

പൊതുബോധം ഇല്ലാതാക്കുന്നത്

ഇത്രയും ഉറപ്പോടെ തന്റെ തൊഴിലിടത്തെ പറ്റിയൊക്കെ ആ പ്രായത്തിൽ അവൾ പറയുന്നത് കേൾക്കുമ്പഴേ അത്ഭുതമാണ്. പക്ഷെ എല്ലാരുടേം കൂടെ കിടക്കാൻ പഠിപ്പിക്കാൻ മകളെ വിടുകയാണോ എന്ന് ചോദിച്ച ബന്ധുവിനെ കുറിച്ചും അവൾക്കു പറയാൻ ഉണ്ടായിരുന്നു. ഉയർന്ന മാർക്ക് വാങ്ങുന്ന അവളെ രക്ഷിതാക്കൾ വിൽക്കാൻ നോക്കുന്നു എന്നയാൾ നാട് മുഴുവൻ പറഞ്ഞു നടന്നു. വേണമെങ്കിൽ അതിനിഷ്കളങ്കതയായി നമുക്ക് ഇതിനെ കണ്ടില്ല എന്ന് നടിക്കാം.

പക്ഷെ എത്ര ചെറിയ പ്രായം മുതലാണ് നമ്മുടെ പൊതുബോധങ്ങൾ കുട്ടികളെ ഇല്ലാതാക്കുന്നത്. ഇങ്ങനെ സ്വന്തം ഇടങ്ങളിൽ ചെന്നെത്തിയ എല്ലാവർക്കും പറയാൻ ഉണ്ടാവും ഇത്തരം അപമാനങ്ങളുടെ തുരുത്തിൽ നിന്നും അവരും അവർക്കു പ്രിയപ്പെട്ടവരും രക്ഷപ്പെട്ടോടിയ കഥകൾ

തല്ല് കൊള്ളാനാണോ പ്ലാൻ

തല്ല് കൊള്ളാനാണോ പ്ലാൻ

പത്രപ്രവർത്തനം എന്തെന്ന് ഡിഗ്രികാർക്കു പരിചയപ്പെടുത്താൻ ഒരു കോളജിൽ പോയി. വലിയ ക്ലാസ് മുറികളിൽ ഒന്നിൽ കയറിയപ്പോൾ ഒരു കുട്ടി ചോദിച്ചു, മിസ് എന്തിനാ ഈ കോഴ്സ് എടുത്തേ, സ്ക്കൂളിൽ ഒക്കെ മാർക്ക് കുറവായതു കൊണ്ടാണോ'. അന്നവരേക്കാൾ വലിയ പ്രായ വ്യത്യാസം ഇല്ലാതിരുന്നതിന്റെ മുഴുവൻ സ്വതന്ത്രവും എടുത്താണ് അവൻ അങ്ങനെ ചോദിച്ചത്. 'എനിക്കിഷ്ടമായത് കൊണ്ട് എന്ന് മറുപടി പറഞ്ഞപ്പോൾ, അപ്പൊ ഇനി പോലീസുകാരുടെ തല്ലു കൊള്ളാൻ ആണോ പ്ലാൻ എന്ന് ചോദിച്ചു.

നമ്മുടെ സമൂഹവും സിനിമയും ഒക്കെ വരച്ചിട്ട പത്രപ്രവർത്തകരുടെ നൂറായിരം രൂപങ്ങളുടെ തുടർച്ചയായാണ് അവനു എന്നെ തോന്നിയത്. 'നല്ല പെൺകുട്ടികൾക്ക് ഒരിക്കലും ചേരാൻ പറ്റാത്ത ഇടമായത് കൊണ്ട് ജേർണലിസം താൽപര്യമില്ല' എന്ന് പറഞ്ഞ പെൺകുട്ടിയും ഉണ്ടായിരുന്നു അതെ ക്‌ളാസിൽ. അവരോടൊന്നും ദേഷ്യം തോന്നിയില്ല.

നിസ്സഹായത പരകോടിയിലെത്തിയ ഓർമ്മകൾ

നിസ്സഹായത പരകോടിയിലെത്തിയ ഓർമ്മകൾ

ഡോക്റ്ററാക്കാൻ കുറെ പൈസ ചെലവാക്കേണ്ടി വരും എന്ന് കരുതിയാണോ അച്ഛനും അമ്മയും വേറെ കോഴ്സുകൾക്ക് ചേർത്തത് എന്ന് ചോദിച്ച കുറെ പേരെ കടന്നു പോകുന്നത് കൊണ്ട് അതിനു ശേഷമുള്ള തലമുറയും ഇങ്ങനെ ആയല്ലോ എന്ന സങ്കടം തോന്നി. അന്ന് മണിക്കൂറുകൾ സംസാരിച്ചു അവരുടെ പൊതുബോധത്തെ മാറ്റാൻ ചെറുതായെങ്കിലും സാധിച്ചു. അന്ന് പത്രപ്രവർത്തകയാകാൻ മോഹിച്ച ഒരു പെൺകുട്ടി പിന്നീട് വീട്ടുകാർ മുറിയിൽ അടച്ചിടും എന്ന അവസ്ഥയിൽ വിളിച്ചിരുന്നു.

നിസഹായത അതിന്റെ പരകോടിയിൽ എത്തിയ അങ്ങനെ എത്രയോ ഓർമ്മകൾ.. ഇതൊന്നും വലിയ കഥകളല്ല. നമ്മുടെ ജീവിതത്തിന്റെ ദിവസവും ഉള്ള ഒഴുക്കിന്റെ ഭാഗം മാത്രമാണ്. ആ ഒഴുക്കിൽ സമൂഹത്തിന്റെ ബോധ്യങ്ങളോട് കലഹിച്ചു ജീവൻ തന്നെ പോയവർ, ജീവിതം ഇല്ലാതായർ, സ്വപ്നങ്ങളെ ഇല്ലാതാക്കിയവർ, സ്വപ്നങ്ങൾക്ക് പുറകെ പോയി പൊരുതി തോറ്റവരും ജയിച്ചവരും ഒക്കെ കൂടിയാണ് ഇവിടെ വെറും സാധാരണ കഥകൾ ആകുന്നത്.

നമ്മളുണ്ടെന്നു പോലും അറിയാത്തവരെ കുറിച്ച് ഓർക്കാറുണ്ടോ? അപര്‍ണ പ്രശാന്തി എഴുതുന്നു

എനിക്ക് ആ മതവുമായി ഒരു ബന്ധവും ഇല്ല- വിവാദങ്ങളെ കുറിച്ച് ദേശീയ പുരസ്കാര ജേതാവ് അനീസ് സംസാരിക്കുന്നു

English summary
Aparna Prasanthi's column about SSLC exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more