കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓർമ്മകളിലേക്ക് അപ്രതീക്ഷിതമായി ഒരു പാട്ട് മൂളി കടന്ന് വന്നവൾ.. അപർണ പ്രശാന്തിയുടെ പാട്ടോർമ്മകൾ

  • By അപർണ പ്രശാന്തി
Google Oneindia Malayalam News

അപർണ പ്രശാന്തി

സ്വതന്ത്ര മാധ്യമപ്രവർത്തകയായ അപർണ പ്രശാന്തി അറിയപ്പെടുന്ന കോളം എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരത്തിന് അപർണയുടെ ആദ്യ പുസ്കമായ ചലച്ചിത്രത്താഴ് അർഹമായി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി.

അപർണ പ്രശാന്തി എഴുതുന്നു...

കെഎസ്ആർടിസി ബസുകളിൽ കേൾക്കുന്ന പാട്ടുകൾ എല്ലാവർക്കും ഓർമകളുടെ തെരഞ്ഞെടുപ്പാണ്. നഷ്ടപ്പെട്ടതോ നിലവിലുള്ളതോ ആയ മുറിവുകളുടെ, സന്തോഷങ്ങളുടെ, പ്രണയങ്ങളുടെ, പ്രണയഭംഗങ്ങളുടെ, നിസഹായതകളുടെ അങ്ങനെ എന്തിന്റെയൊക്കെയോ തിരുശേഷിപ്പുകളാണ് ആ പാട്ടുകൾ. വിചിത്രമായ നൂറായിരം ഭൂത, ഭാവി, വർത്തമാന യാത്രകൾ പാട്ടുകളിലൂടെ നടത്തുന്നവരാണ് നമ്മൾ.അത്തരമൊരു ഓർമ മൂളലിനിടയിൽ ആണ് ഒട്ടും പ്രതീക്ഷിക്കാത്ത ഓർമയായി ഒരു പെൺകുട്ടി കടന്നു വന്നത്..

വിഷാദവും പാട്ടും

വിഷാദവും പാട്ടും

പണ്ടെപ്പോഴോ സ്ക്കൂൾ കലോത്സവത്തിന് ലളിതഗാനം പാടിയവളെ.... അവൾക്ക് എന്തെങ്കിലും സമ്മാനങ്ങൾ കിട്ടിയോ എന്നൊന്നും ഓർമയില്ല. പക്ഷെ സ്ക്കൂൾ കോണിപ്പടിയുടെ ചുവട്ടിൽ വച്ച് അവൾ ആരു ചോദിച്ചാലും പാട്ടുകളും കവിതകളും പാടിത്തരുമായിരുന്നു. ഏതു വിരഹ വിഷാദത്തെയും ചിരിച്ചു കൊണ്ട് ഉള്ളിലേക്കു പ്രസരിപ്പിക്കുന്നവൾ.... അവൾ ഞങ്ങൾക്ക് പാടിത്തന്ന പാട്ടുകളിലൊന്നിനെ പറ്റി രണ്ടു കൂട്ടുകാരികൾ യാദൃശ്ചികമായി എഴുതിയതാണ് കാരണം. എഴുത്തു കണ്ട് ആ പാട്ടു തപ്പി പോയപ്പോൾ സ്ക്കൂളിലെ പഴയ കോണിപ്പടിക്കു ചുവട്ടിൽ നിന്ന്, ചിതറിയ ശബ്ദം പുറത്തേക്കെത്തിക്കുന്ന മൈക്കിനപ്പുറം നിന്ന് അവളാ പാട്ടു പാടും പോലെ

''പണ്ടു പാടിയ പാട്ടിലൊരെണ്ണം''

''പണ്ടു പാടിയ പാട്ടിലൊരെണ്ണം''

90 കളിൽ വളർന്ന ഏതൊരാളെയും പോലെ ലളിതഗാനങ്ങൾ പലപ്പോഴും കലോത്സവ വേദികളുടെ ഓർമകളാണ്. വിറകൊണ്ട് പാട്ടു മറന്നു പോയവരുടെ ,ശബ്ദം കൊണ്ട് ഞെട്ടിച്ചവരുടെ ഒക്കെ ഓർമകൾ.. ആ പാട്ടു പാടിയവരേക്കാൾ ഓർമകളെ പേറുന്നുണ്ടാവാം കേട്ടവർ. അവൾ സ്ഥിരമായി പാടാറുള്ള പാട്ടായിരുന്നു, ''പണ്ടു പാടിയ പാട്ടിലൊരെണ്ണം'' എന്ന ലളിത ഗാനം . കൊണ്ടു പോകരുതേ എന്ന വരിയെത്തുമ്പോൾ ശരിക്കും ആഴമുള്ള വേദന കൊണ്ട് അപേക്ഷിക്കും പോലെയാണു പാടുക. കൈയ്യിലെന്തിനെയോ മുറുകേ പിടിച്ച് തേങ്ങും പോലെ ചിരിച്ചു കൊണ്ടവൾ പാടും: ഞങ്ങൾ വീണ്ടും വീണ്ടും അവളെക്കൊണ്ട് പാടിക്കും. ഞങ്ങളുടെ സ്ക്കൂൾ ഉച്ചകളെ സമൃദ്ധമാക്കിയ അവളുടെ ശബ്ദം..

എങ്കിലും പണ്ടത്തെ ആ ചിരി..

എങ്കിലും പണ്ടത്തെ ആ ചിരി..

പതിവുപോലെ ആ ഉച്ചകളെ ഓർമകൾക്കു വെറുതെ വിട്ടുകൊടുത്ത് ഞാനും അവളും എല്ലാവരും തിരിഞ്ഞു നടന്നു. മറ്റെവിടെയോ മഴയുള്ള ഉച്ചനേരങ്ങളിൽ അവൾ പാടുന്നുണ്ടാവും എന്നോർക്കാറുണ്ടായിരുന്നു ഇടക്കൊക്കെ. കാലമൊരുപാട് കഴിഞ്ഞു .... പിന്നെ എവിടെയോ തിരക്കുള്ള ബസിൽ കേട്ട പിൻ വിളിയിൽ ഞാൻ തിരിഞ്ഞപ്പോൾ അവൾ. " നിരാർദ്രത വാട്ടിയ മേനി, എങ്കിലും പണ്ടത്തെ ആ ചിരി " എന്ന ഒ എൻ വി വരികളോർത്തു. കടുത്ത നിസംഗതയിൽ നിന്ന് പുറത്തു വന്ന ചിരിയിൽ അവൾ .... എന്റെ കഥകൾക്കപ്പുറം ചോദിച്ചു, പാടാറില്ലേ ഇപ്പോൾ? അത്ഭുതം കൂറിയ നോട്ടത്തിനപ്പുറം പറഞ്ഞു. ഇല്ല .... പേടിപ്പിക്കുന്ന നിർവികാരതയിൽ ഭയന്ന് ഞാൻ ചോദിച്ചു, എന്തേ? 'ഒന്നുല്ല.... മറന്നു പോയി.... ജീവിതം പാട്ടിനെ 'വിഴുങ്ങി എന്നൊക്കെ എഴുതാം ഒരു ഭംഗിക്ക്..

കൊണ്ടു പോകരുതേ എൻ മുരളി..

കൊണ്ടു പോകരുതേ എൻ മുരളി..

പല വട്ടം വാട്ട്സ് അപ്പിലൂടെ പാടാൻ പറഞ്ഞു. നിസംഗതയോടെ ഒഴിഞ്ഞുമാറി.... അന്നത്തെ പണ്ടു പാടിയ ആ ലളിത ഗാനമില്ലേ, അത് ഓർക്ക്ന്നുണ്ടോ? ഒരിക്കൽ ചോദിച്ചു. ഒന്നയച്ചേ.... അവൾക്കയച്ചപ്പോൾ ഇല്ല ... ഞാനോർക്കുന്നില്ല എന്ന് മറുപടി വരാൻ അധികം താമസിച്ചില്ല. അന്നു രാത്രി അവൾ പറഞ്ഞു ,പിന്നേം പാടാൻ തോന്നും എന്നുള്ളതു കൊണ്ട് മന:പൂർവം മറവി വന്നതാവും എന്ന്.... എന്റെ മുന്നിൽ ചിരിച്ചു കൊണ്ട് കൊണ്ടു പോകരുതേ എൻ മുരളി എന്നൊരു പെൺകുട്ടി പാടി അപേക്ഷിക്കുന്നു.... സ്ക്കൂൾ മൈതാനവും കടന്നവളുടെ ശബ്ദം മുഴങ്ങി കേൾക്കുന്നു

അവൾ പാടിക്കൊണ്ടേയിരുന്നു

അവൾ പാടിക്കൊണ്ടേയിരുന്നു

ബാവ്രാ മൻ കേൾക്കുമ്പോൾ തോന്നുന്ന പെൺ ഓർമകളൊക്കെ വലിയ ലക്ഷ്വറിയും പ്രിവിലേജുമാണെന്നറിഞ്ഞു നിശബ്ദയും നിസഹായയും ആയി ഞാൻ തിരിഞ്ഞു നടന്നു. കെഎസ്ആർടിസി ബസ് പെട്ടന്ന് ഒരു നിയോൺ വെളിച്ചത്തെ കടന്ന് ഇരുട്ടിലേക്ക് ഓടിക്കയറി.... എന്റെ മൊബൈൽ ഫോൺ പാട്ട് നിർത്തി.... ഞാനാ ഓർമയുടെ ഭാരത്തെ വിട്ട് സ്വതന്ത്രയായി.... അവൾ പക്ഷെ പാടിക്കൊണ്ടേയിരുന്നു,"ഈ വസന്ത നിലാവിലൊരൽപ്പം ഈണമേകാൻ വന്ന കിനാവേ....."

English summary
Aparna Prasanthi writes about her nostalgic memmories about songs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X