• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നമ്മളുണ്ടെന്നു പോലും അറിയാത്തവരെ കുറിച്ച് ഓർക്കാറുണ്ടോ? അപര്‍ണ പ്രശാന്തി എഴുതുന്നു

  • By Desk

അപർണ പ്രശാന്തി

സ്വതന്ത്ര മാധ്യമപ്രവർത്തകയായ അപർണ പ്രശാന്തി അറിയപ്പെടുന്ന കോളം എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരത്തിന് അപർണയുടെ ആദ്യ പുസ്കമായ 'ചലച്ചിത്രത്താഴ്' അർഹമായി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി.

ചിലപ്പോഴൊക്കെ ഒരു നീണ്ട ബസ് യാത്രയിൽ, മറ്റു ചിലപ്പോൾ തിരക്കുള്ള ഇടങ്ങളിൽ അതുമല്ലെങ്കിൽ അപ്രതീക്ഷിതമായി ഏതൊക്കെയോ കല്യാണ വീട്ടിലോ മരണ വീട്ടിലോ ഒക്കെ കണ്ടു മുട്ടുന്ന ചിലരെ കുറിച്ച്... പിന്നീട് ഒരിക്കലും കാണാദൂരത്തിൽ മറഞ്ഞു പോകുന്നവരെ ... ചിലപ്പോൾ തൊട്ടടുത്ത ദൂരങ്ങളിൽ ഇരുന്നിട്ടും നമ്മൾ കാണാൻ ശ്രമിക്കാത്തവരെ ഒക്കെ കുറിച്ചു... വളരെ ചെറിയ കാണലുകൾക്കിടയിലും മറവിയിലേക്കു പോകാതെ നമ്മുടെ കൂടെ വരുന്നവർ... എന്തൊക്കെയോ അറിയാ കാരണങ്ങളാൽ നമ്മളെ ഇടക്കിടക്ക് സാനിധ്യം ഓർമിപ്പിക്കുന്നവർ... ചിലപ്പോൾ പേടി കൊണ്ട് മറ്റു ചിലപ്പോൾ കൗതുകം കൊണ്ട് അതുമല്ലെങ്കിൽ പ്രിയപ്പെട്ട എന്തൊക്കെയോ കുറിച്ച് ആരെയൊക്കെയോ കുറിച്ച് ഓർമിപ്പിക്കുന്നത് കൊണ്ട്, ഏതൊക്കെയോ അത്ഭുതങ്ങൾ കൊണ്ട്, വെറുപ്പ് കൊണ്ട് ഒക്കെ നമുക്കിടയിലേക്കു കടന്നു വരുന്നവർ... അങ്ങനെയുള്ളവരെ കുറിച്ചാണ്...

നോട്ടങ്ങളുടെ മന:ശാസ്ത്രം

നോട്ടങ്ങളുടെ മന:ശാസ്ത്രം

നീണ്ട ട്രെയിൻ യാത്രയിൽ ഒരു പെൺകുട്ടിയെ കണ്ടിരുന്നു.കടുത്ത നിർവികാരത ഉള്ള മുഖവുമായി തൊട്ടടുത്ത സീറ്റിൽ ഇരുന്നവൾ. മുഷിഞ്ഞ ഉടുപ്പുമായി ദൂരേക്ക് നോക്കിയിരിക്കുന്നവൾ. ഒരൊറ്റ ദിക്കിലേക്ക് നോക്കിയിരിക്കുന്ന അവൾ മറ്റു യാത്രക്കാർക്ക് കൗതുകമായിരുന്നു. ഇടക്കിടക്ക് ട്രെയിനിന്റെ വാതിൽ വരെ പോയി പെട്ടന്നവൾ മടങ്ങി വന്നു. കുറെ പേര് കൗതുകത്തോടെയും ചിലർ ഭയത്തോടെയും അവളെ നോക്കി. മറ്റു ചിലരാവട്ടെ അവളുടെ ശരീരത്തിന്റെ ആഴവും പരപ്പും കണ്ണ് കൊണ്ടളന്ന് ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ ദൂരത്തിരുന്നു. അവളെ കൂടുതൽ നോക്കിയാൽ 'പണി കിട്ടുമോ' എന്ന മലയാളി ഭയം കൊണ്ട് ചിലർ പത്രത്തിലേക്കും വാരികകളിലേക്കും മുഖം താഴ്ത്തി ഇരുന്നു. ഞങ്ങളിൽ ചിലർ എവിടെക്കാ എന്താ എന്നൊക്കെ അറിയാവുന്ന ഭാഷകളിൽ ചോദിച്ചു കൊണ്ടേ ഇരുന്നു. പേടിപ്പിക്കുന്ന നിർവികാരത കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കി ആ കുട്ടി പിന്നെയും വാതിലിനരികെ പോയി തിരിച്ചു വന്നു. ഭ്രാന്താണെന്നും ആരോ പറ്റിച്ചതാണെന്നും പോക്ക് കേസ് ആണെന്നും ഒക്കെ മാറി മാറി വിധിച്ചപ്പോഴും അവൾ അതെ ഇരുപ്പു തുടർന്നു.

മഞ്ഞക്കുപ്പായമിട്ട ആ പെണ്‍കുട്ടി

മഞ്ഞക്കുപ്പായമിട്ട ആ പെണ്‍കുട്ടി

അവളുടെ മഞ്ഞ നിറത്തിലുള്ള ഉടുപ്പ് വെയിലടിച്ചു തിളങ്ങി. നീണ്ട വിരലുകൾക്ക് വഴങ്ങാതെ മുടിയിഴകൾ പാറി പറന്നു. ഭംഗിയുള്ള കാഴ്ച വസ്തു മാത്രമായി അവളെ അവിടെ ഉപേക്ഷിച്ചു ഞാൻ ട്രെയിൻ ഇറങ്ങി. എന്റെ ദൂരങ്ങളിലേക്ക് ഒറ്റക്ക് നടന്നു ആ രാത്രി ഞാൻ അവളെ മറന്നു. പിന്നീട് ക്ഷണിക്കാതെ ഓരോ ട്രെയിൻ ശബ്ദത്തിലും മഞ്ഞ ചുരിദാർ ഇട്ടു പാറി പറന്ന മുടിയുമായി അവൾ ഓർമയിലേക്ക് വന്നു. അവളെവിടെയോ കാത്തു നിൽക്കുന്ന ആരോ ഒരാളിലേക്ക് അല്ലെങ്കിൽ ഏതോ ഒരിടത്തിലേക്കു സുരക്ഷിതയായി ഇറങ്ങി നടന്നു എന്നും നിർവികാരത ഞങ്ങളെ പറ്റിക്കാൻ അല്ലെങ്കിൽ ചൂളി വരുന്ന നോട്ടങ്ങൾ അതിജീവിക്കാൻ ഇട്ട മുഖാവരണം ആണ് എന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു ഞാൻ ആ ഓർമ അവസാനിപ്പിക്കാൻ നോക്കും. ഇല്ലെങ്കിൽ എന്ത് കൊണ്ടോ ഏതോ സുരക്ഷിതമായ ഇടത്തിൽ അവളെ വിട്ടു ഇറങ്ങി പോന്ന കുറ്റബോധ൦ എന്നെ പൊതിയും...

മരണമെത്തുന്ന നേരത്ത്...

മരണമെത്തുന്ന നേരത്ത്...

മറ്റൊരു ഓർമയും ട്രെയിൻ യാത്രയുടേതാണ്. ചെറിയ കുട്ടിയായിരുന്നപ്പോൾ കാരണം ഓർമയില്ലാത്ത ഏതോ യാത്രയുടെ തുടക്കത്തിൽ കണ്ട ശവ ശരീരമായിരുന്നു അത്. അമ്മയ്ക്കും അച്ഛനോമൊപ്പം ട്രെയിനിന്റെ ജനലരികിൽ സീറ്റ് കിട്ടിയ സന്തോഷത്തിൽ നിൽക്കുമ്പോൾ ആണ് വലിയ ഒരു ആൾക്കൂട്ടത്തെ കണ്ടത്. ഒരാൾ ട്രെയിൻ തട്ടി മരിച്ചതാണെന്നും ആത്മഹത്യ ആണെന്നും ചിതറി തെറിച്ച് ആളെ അറിയാത്ത രീതിയിൽ അയാളുടെ ശരീരം മാറിപ്പോയി എന്നും പരസ്പരം എല്ലാവരും പറഞ്ഞു കൊണ്ടേ ഇരുന്നു. വെള്ള തുണിയിൽ പൊതിഞ്ഞ സ്ട്രച്ചറിൽ കിടത്തിയ ശരീരത്തിന്റെ ഒരു കഷ്ണം എല്ലാവരെയും നിശ്ശബ്ദരാക്കി കൊണ്ട് കടന്നു പോയി. യൂണിഫോം ഇട്ട പോലീസുകാർ, വെള്ള യൂണിഫോം ഇട്ട മറ്റാരൊക്കെയോ ഒക്കെ കടന്നു പോയി.

 മരണ വീടുകളില്‍ സഹതാപം ഉടലെടുക്കുന്നത്

മരണ വീടുകളില്‍ സഹതാപം ഉടലെടുക്കുന്നത്

വലിയൊരു ബഹളത്തിനും നിശ്ശബ്ദതക്കും ശേഷം ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി...മരണ കഥകളും കാരണങ്ങളും അന്വേഷിച്ച ആൾകൂട്ടം പതിയെ ആ കാഴ്ച മറന്നു. ഏതൊക്കെയോ പ്രിയപ്പെട്ടവരുടെ മരണങ്ങളുടെ ഓർമയിൽ മുഴുകിയവർ പതിയെ സന്തോഷങ്ങളുടെ കഥയിലേക്ക് മടങ്ങി വന്നു. മരണം ഒരു തരത്തിൽ ആളുകളെ സുരക്ഷിതരാക്കും എന്ന് പിന്നീട് പറഞ്ഞു കേട്ടിട്ടുണ്ട്. തങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന സുരക്ഷിതത്വ ബോധത്തിൽ നിന്നാണ് എല്ലാ മരണ വീടുകളിലെയും സഹതാപങ്ങൾ ഉടലെടുക്കുന്നത് എന്ന് പറയുന്നത് ശരിയാണെന്നും തോന്നിയിട്ടുണ്ട്. എന്തായാലും കാരണമില്ലാതെ പലപ്പോഴും വെള്ള പൊതിഞ്ഞ ആ ശരീരത്തിന്റെ കഷ്ണം ജീവിതത്തെയും മരണത്തെയും ഓർമിപ്പിക്കാറുണ്ട്. പിന്നീട് ഒരുപാട് മരണങ്ങൾ കെട്ടും കണ്ടും തൊട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം മറവിക്ക്‌ വിട്ടു കൊടുക്കാൻ ശ്രമിക്കുന്ന നേരങ്ങളിൽ മുഖം പോലും ഇല്ലാത്ത ഒരു വെള്ള തുണിയും കൊണ്ട് ഒരാൾക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്നു പോകുന്നത് കാണാം. അത് നോക്കുന്ന ട്രെയിൻ ജനാലക്കടുത്തെ ചെറിയ പെൺകുട്ടിയെയും കാണാം

ഹിന്ദിപ്പാട്ടുകള്‍ പാടുന്ന ആ ചെറുപ്പക്കാരന്‍

ഹിന്ദിപ്പാട്ടുകള്‍ പാടുന്ന ആ ചെറുപ്പക്കാരന്‍

എല്ലാ ഗ്രാമങ്ങളിലും എന്ന പോലെ ഞങ്ങളുടെ അടുത്തും ഗാനമേളകൾ ഉണ്ടാകുമായിരുന്നു. ഉത്സവത്തിനും ശിവരാത്രിക്കും ക്ലബ് വാർഷികങ്ങൾക്കും സ്‌കൂൾ കോളജ് ആഘോഷങ്ങൾക്കുമൊക്കെ ഗാനമേളകൾ ഉണ്ടാകുമായിരുന്നു. പൊതു മൈതാനങ്ങളിൽ രാത്രി മൊത്തം നിറയുന്ന ഗാനമേളകൾക്ക് ചില ഓർമകളോളം ഭംഗിയുണ്ട്. ഇന്നത്തെ മ്യൂസിക് ബാൻഡ് സ്വതന്ത്ര സംഗീതത്തിന്റെയൊന്നും വലിയ ഫ്രെയിം ഉണ്ടായിരുന്നില്ല അതിനു. ഒരു ഗ്രാമത്തിന്റെ രാത്രികളെ സജീവമാക്കാൻ പോന്ന ഊർജ്ജമായിരുന്നു ആ ഗാനമേളകൾ. അന്നത്തെ ഗാനമേളകൾ സ്ഥിരം ഹിന്ദിപ്പാട്ടുകൾ പാടുന്ന ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. റാഫിയുടെ ദുനിയാ കെ രഖ് വാലേയും ക്യാ ഹുവാ തേരാ വാദയും ഒരു പോലെ ഭംഗിയായി പാടുന്ന ആൾ. അന്നത്തെ രാത്രികളിൽ ഒരു ആൾകൂട്ടം അയാളുടെ ശബ്ദത്തിൽ ലയിച്ചിരിക്കുകയും ആടി പാടുകയും ഒക്കെ ചെയ്തിരുന്നു.

ഹര്‍ഷന്‍... നിങ്ങള്‍ എവിടെയാണ്?

ഹര്‍ഷന്‍... നിങ്ങള്‍ എവിടെയാണ്?

ഹർഷൻ എന്നായിരുന്നു അയാളുടെ പേര്. അന്നത്തെ ശബ്ദ മുഖരിതമായ ആഘോഷങ്ങൾ അപ്രത്യക്ഷമായി. അല്ലെങ്കിൽ അതിനു സജീവത വല്ലാതെ കുറഞ്ഞു. ഹർഷൻ ഇപ്പോഴും പാടുന്നുണ്ടോ എന്നറിയില്ല. പക്ഷെ പാട്ടു പാടുന്നവരോട്, പാടിയിരുന്നവരോട് ഒക്കെ ഹർഷനെ അന്വേഷിക്കാറുണ്ട്. കാരണമൊന്നും ഉണ്ടായിട്ടല്ല. പക്ഷെ അയാൾ എവിടെയോ പാടുന്നുണ്ട് എന്ന് കേൾക്കാൻ വല്ലാത്ത ആഗ്രഹമുണ്ട്. പാട്ടുകളിലൂടെ മാത്രമാണ് ഞാൻ ഹർഷനെ ഓർക്കുന്നത്. ഒരുപക്ഷെ മുഖമൊന്നും കണ്ടാൽ തിരിച്ചറിയില്ല. എന്നാലും എന്റെ നാട്ടിലെ എന്നെ പോലെ എവിടെയൊക്കെയോ ഉള്ള ആരെയൊക്കെയോ പാട്ടു പാടി കയ്യടിപ്പിച്ച തരിപ്പിച്ച ഒരാൾ എവിടെയാണ് എന്ന് ഞാൻ ഓർക്കാറുണ്ട്. അവരിൽ പലർക്കും ഹർഷന്റെ പേരറിയുമോ എന്നറിയില്ല. പക്ഷെ ഹർഷന്റെ പാട്ടുകൾ അവർ ഉള്ളു കൊണ്ട് കേട്ടിരുന്നു. കുട്ടികാലത്തെയും കൗമാരത്തെയുമൊക്കെ ഹർഷൻ ക്യാ ഹുആ തേരാ വാദാ എന്ന് പാടി സജീവമാക്കിയിരുന്നു. അയാൾ എവിടെയാണെങ്കിലും ഇപ്പോഴും അത് പോലെ പാടി കൊണ്ടിരിക്കണേ എന്ന് ആഗ്രഹിക്കാറുണ്ട്

ബസ്സിലെ പെണ്‍കുട്ടികള്‍...

ബസ്സിലെ പെണ്‍കുട്ടികള്‍...

ബസിൽ വച്ച് കണ്ട രണ്ടു പെൺകുട്ടികളെ കുറിച്ചാണ്. ഇതും കുട്ടികാലത്തെ ഓർമയാണ്. കൗമാരത്തിലെത്തിയ രണ്ടു പെൺകുട്ടികൾ കരഞ്ഞു കലങ്ങിയ മുഖവുമായി ബേസിൽ ഇരിക്കുന്നു. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അവർ കരയുകയും പരസ്പരം ആശ്വസിപ്പിക്കാൻ വിഫലമായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തമിഴ് സിനിമകളിൽ അക്കാലത്തു കണ്ട കണ്ണ് ചുവന്ന വില്ലൻ ഛായ ഉള്ള ഒരാൾ അവരുടെ വണ്ടിക്കൂലി കണ്ടക്റ്റർക്കു കൊടുത്ത് അവരെ രൂക്ഷമായി നോക്കി ഇറങ്ങി പോയി. അയാളുടെ നോട്ടത്തിൽ ഭയന്ന് അവർ കരച്ചിലടക്കാൻ ഒരു വിഫല ശ്രമം നടത്തുന്നു. പിന്നെയും കരച്ചിൽ തുടരുന്നു. കയ്യിൽ മുറിപ്പാടുകൾ തെളിഞ്ഞു കാണാം. ബസിൽ അവർ എത്ര ശ്രമിച്ചിട്ടും നിലക്കാത്ത കരച്ചിൽ ഉച്ചത്തിലും പതിയെയും ആകുന്നു. പതിഞ്ഞ താളത്തിൽ കരയാൻ പഠിച്ച പെൺപാഠങ്ങൾ അനുസരിക്കാൻ അവർ ആവതു ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ അവരിൽ നിന്ന് കണ്ണീർ വഴുതി പോയ്കൊണ്ടേ ഇരുന്നു.

 എന്തായിരുന്നു ആ കുട്ടികളെ കരയിച്ചത്?

എന്തായിരുന്നു ആ കുട്ടികളെ കരയിച്ചത്?

അവരെ ശ്രദ്ധിക്കാതെ വളഞ്ഞും ചെരിഞ്ഞും ബസ് ഓടി കൊണ്ടേ ഇരുന്നു. പരസ്പരം വെള്ളം നൽകി ആശ്വസിപ്പിച്ചും പതുക്കെ എന്തൊക്കെയോ പറഞ്ഞും അവർ കരഞ്ഞു കൊണ്ടേ ഇരുന്നു. ഞാൻ ഒഴികെ ആരും അവരെ ശ്രദ്ധിക്കാത്തത് പോലെ തോന്നി. ആരും കാത്ത് നിൽക്കാത്ത ഏതോ ബസ്റ്റോപ്പിൽ അവർ ഇറങ്ങി നിന്ന്. ബസ് നിർത്തിയ അത്രയും സമയം അവർ അവിടെ നിന്നിട്ടുണ്ട്. പോകുന്നത് ഏതെങ്കിലും മരണ വീട്ടിലേക്കാവാം എന്ന് കരുതി അവരെ നോക്കി ഇരുന്നിരുന്ന എനിക്കപ്പുറം വന്നിരുന്ന രണ്ടു മനുഷ്യർ ചെറു ചിരിയോടെ പരസ്പരം പറഞ്ഞു, ആര് വിറ്റതാണാവോ എന്ന്... ബസ് പിന്നെയും കയറ്റിറക്കങ്ങളിലൂടെ പാഞ്ഞു പോയി.ഇടയ്ക്കു ആ വഴിയിലൂടെ പോകുമ്പോൾ പക്ഷെ ഇപ്പോഴും അവർ ഇറങ്ങി നിന്ന ബസ്‌സ്റ്റോപ്പിലേക്കു തിരിഞ്ഞു നോക്കി പോകാറുണ്ട്

ചിര പരിചയങ്ങളുടെ സ്നേഹത്തിലും സുരക്ഷിതത്വത്തിലും മടുപ്പിലും ഒക്കെയാവാം നമ്മൾ കാലദൂരങ്ങൾ താണ്ടി പോകുന്നത്. എങ്കിലും ഇങ്ങനെ ചിലർ കൂടി ചേർന്നല്ലേ ആ വട്ടം മുഴുവാക്കുന്നത്. ഒരു കാരണവും ഇല്ലാതെ വന്നു പോയി നമ്മൾ ഇവിടെ ഉണ്ടെന്നു പോലുമറിയാതെ അതിഭീകരമായ കഥകൾ ഒന്നുമാകാതെ ഓർമകളിൽ നിൽക്കുന്നവരും കൂടി...

കൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നു

എന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നു

ബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തി

English summary
Aparna Prasanthi writes about the memories of unknown persons who may not know we are here or not
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more