കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവർഷം 2020: വികസിത രാഷ്ട്രമെന്ന കലാമിന്റെ സ്വപ്നം എന്തുകൊണ്ട് ഇനിയും സാധ്യമായില്ല

Google Oneindia Malayalam News

ദില്ലി: മുൻ രാഷ്ട്രപതി ഡോ എപിജി അബ്ദുൾ കലാം 2000 ൽ കണ്ട വികസിത ഇന്ത്യ എന്ന സ്വപ്നത്തിലേക്കാണോ നമ്മുടെ രാജ്യം പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത്? പല കാര്യങ്ങളിലും വലിയ നേട്ടങ്ങൾ നമ്മളുണ്ടാക്കിയിട്ടുണ്ട് എങ്കിലും, മൊത്തത്തിലുള്ള രാജ്യത്തിന്റെ പ്രകടനം കലാമിന്റെ സ്വപ്നത്തിനോട് ചേർന്നുനിൽക്കുന്ന ഒന്നല്ലെന്ന് തന്നെ പറയേണ്ടി വരും .

2000-ാം ആണ്ടിൽ 500 വിദഗ്ധരുടെ സഹായത്തോടെ ആയിരുന്നു ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം 'വിഷൻ -2020' തയ്യാറാക്കിയത്. പുതിയ നൂറ്റാണ്ടിൽ രാജ്യം വലിയ മുന്നേറ്റത്തിന്റെ പാതയിൽ ആയിരുന്നു അപ്പോൾ. ഓരോ വർഷവും പുത്തൻ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ പല കാര്യങ്ങളിലും കലാമിന്റെ പ്രതീക്ഷകളേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു.

പക്ഷേ, ഇപ്പോൾ 2020 ൽ എത്തി നിൽക്കുന്പോൾ പല മേഖലകളിലും നമുക്ക് കലാമിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം തെളിഞ്ഞുവരികയാണ്. കലാമിന്റെ കാഴ്ചപ്പാടിലുണ്ടായിരുന്ന വികസിത ഇന്ത്യയിലേക്കെത്തുന്നതിൽ നാം എവിടെയാണ് പരാജയപ്പെട്ടത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

സാമ്പത്തിക വികസനവും ദാരിദ്ര്യ നിർമാർജനവും

സാമ്പത്തിക വികസനവും ദാരിദ്ര്യ നിർമാർജനവും

തുടർച്ചയായി 8 ശതമാനം മുതൽ 9 ശതമാനം വരെ വാർഷിക സാമ്പത്തിക വളർച്ചയായിരുന്നു എപിജെ അബ്ദുൾ കലാമിന്റ സ്വപ്നത്തിൽ ഉണ്ടായിരുന്നത്. 2004 മുതൽ 2009 വരെ രാജ്യത്തിന്റെ വളർച്ചാ നിരക്കും ഏറെക്കുറേ അങ്ങനെ തന്നെ ആയിരുന്നു. എന്നാൽ അതിന് ശേഷം, ഇത് കുത്തനെ ഇടിയാൻ തുടങ്ങി. ഇന്ന് അത് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.

2020 ആകുമ്പോഴേക്കും രാജ്യത്ത് നിന്ന് ദാരിദ്ര്യത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് കലാം സ്വപ്നം കണ്ടിരുന്നു. പക്ഷേ, ആ സ്വപ്നവും സഫലമായിട്ടില്ല. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഒരു വിഭാഗം രക്ഷനേടിയിട്ടുണ്ട് എന്നതിൽ ആശ്വസിക്കാം. എന്നിരുന്നാലും, രാജ്യത്തെ ജനസംഖ്യയുടെ 60% ത്തിലധികം പേർ ഇപ്പോഴും ഒരു ദിവസം 3 ഡോളറിൽ താഴെയാണ് സമ്പാദിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വലിയൊരു വിഭാഗം കൊടിയ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയിട്ടും ഉണ്ട്.

ശരാശരി പ്രായവും ജോലിയും

ശരാശരി പ്രായവും ജോലിയും

2000 ൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 64 വയസ്സായിരുന്നു. കലാമിന്ർറെ സ്വപ്നം പ്രകാരം 2020 ൽ എത്തുന്പോൾ ശരാശരി ആയുർദൈഘ്യം 69 വയസ്സിൽ എത്തും എന്നതായിരുന്നു. എന്തായാലും അക്കാര്യത്തിൽ അദ്ദേഹത്തിന്റെ സ്വപ്നം സഫലമായി എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

എന്നാൽ ഇതോടൊപ്പെ ചേർത്തുവായിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. ഇന്ത്യയിലെ ശരാശരി ആയുർദൈഘ്യം വർദ്ധിച്ചു എന്നത് യാഥാർത്ഥ്യമാണെങ്കിലും, അതിലും ഉയർന്ന ആയുർദൈഘ്യമുളള രാജ്യങ്ങൾ വേറേയും ഉണ്ട്.. ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ശരാശരി ആയുർദൈഘ്യം 75 വയസ്സിൽ കൂടുതലാണ്.

വിഷൻ -2020 ൽ രാജ്യം തൊഴിലില്ലായ്മ പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ കലാമിന്റെ സ്വപ്നത്തിന്റെ ഏറ്റവും ദുരന്തപൂർണമായ ഒരു അവസാനത്തിലാണ് ഇന്ത്യ ഉള്ളത്. കഴിഞ്ഞ 45 വർഷത്തിനിടയിലുള്ള ഏറ്റവും മോശം തൊഴിലില്ലായ്മയെ ആണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസവും ആരോഗ്യവും

വിദ്യാഭ്യാസവും ആരോഗ്യവും

ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാജ്യം 20 വർഷം കൊണ്ട് ആഗോള നിലവാരത്തിൽ എത്തും എന്നതായിരുന്നു എപിജെ അബ്ദുൾ കലാമിന്റെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്. നിലവിൽ കോളേജുകളിലെ പ്രവേശന നിരക്ക് വെറും 23 ശതമാനം മാത്രമാണ്. അമേരിക്കയിൽ ഇത് 87 ശതമാനവും യുകെയിൽ 57 ശതമാനവും നമ്മുടെ തൊട്ട് അയൽരാജ്യമായ ചൈനയിൽ 39 ശതമാനവും ആണ്.

ഉച്ചഭക്ഷണ പദ്ധതി, സർവ്വശിക്ഷാ അഭിയാൻ തുടങ്ങിയ പരിപാടികൾ കാരണം സ്കൂൾ വിദ്യാഭ്യാസത്തിൽ എൻറോൾമെന്റ് നിരക്ക് വർഷങ്ങളായി കൂടിയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ തുടർ വിദ്യാഭ്യാസത്തോടുള്ള താൽപര്യം കൂടിയിട്ടില്ല. ഉന്നത വിദ്യാഭ്യാസത്തിനായുള്ള സർവകലാശാലകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ആവശ്യത്തിന് സർവകലാശാലകൾ ഇപ്പോഴും ഇല്ല.

20 വർഷത്തിനുള്ളിൽ എല്ലാവർക്കും മിതമായ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകാൻ രാജ്യത്തിന് കഴിയുമെന്നായിരുന്നു കലാമിന്റെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത് 50 കോടി പൗരന്മാർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, അപ്പോഴും രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ചികിത്സയ്ക്കുള്ള പണം സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇന്നും രാജ്യത്തെ ജനസംഖ്യയുടെ 80% ത്തിലധികം പേർക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല.

വിശപ്പും പോഷകാഹാരക്കുറവും

വിശപ്പും പോഷകാഹാരക്കുറവും

ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തേയും വലിയ ആകുലത പട്ടിണി കിടക്കുന്ന ജനങ്ങളെ കുറിച്ചുള്ളതാണ്. ഇപ്പോഴും ഓരോ ദിവസവും രണ്ട് കോടിയോളം ജനങ്ങൾ ഇന്ത്യയിൽ പട്ടിണി കിടക്കുന്നുണ്ട്. ലോകത്തെ പട്ടിണി സൂചികയിൽ നാം മുകളിൽ തന്നെയാണ് ഇപ്പോഴും ഉള്ളത് എന്നത് വലിയ ആശങ്കയാണ്.

2019 ൽ പുറത്ത് വന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്. ഈ പട്ടികയിൽ ആകെയുള്ള രാജ്യങ്ങളുടെ എണ്ണം 117 ആണെന്നോർക്കണം. രാജ്യത്തെ 30.03 ശതമാനം ജനങ്ങളുടെ അവസ്ഥ അതീവ ഗുരുതരമാണ്. ബംഗ്ലാദേശും പാകിസ്താനും എല്ലാം ഈ സൂചികയിൽ നമ്മളേക്കാൾ ഏറെ മുന്നിലാണ് എന്നത് കൂടി പരിഗണിക്കണം. മേഖലയിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യയ്ക്ക് പിറകിൽ ഉള്ളത്.

English summary
APJ Abdul Kalam's Vision 2020: India is still not a developed country, why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X