കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്ലി കൂട്ടക്കുരുതിയില്‍ നിന്ന് പൗരത്വനിഷേധം വരെ: അസമില്‍ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം

  • By Desk
Google Oneindia Malayalam News

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

അസമില്‍ നെല്ലി എന്നു പേരുള്ള ഒരു സ്ഥലമുണ്ട്. 27-ാം നമ്പര്‍ ദേശീയപാതയിലൂടെ ഗുവാഹത്തിയില്‍ നിന്ന് നൗഗാവിലേക്കുള്ള 71 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയിലെത്തും. മലയാളത്തിൽ ഇതൊരു ഫലവൃക്ഷമാണ്. പക്ഷേ, അസമിലെ നെല്ലിക്ക് നമ്മുടെ നെല്ലി മരവുമായി യാതൊരു ബന്ധവുമില്ല. പക്ഷേ, ആ നെല്ലിക്ക് പറയാന്‍ വലിയൊരു കഥയുണ്ട്. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുടെ കഥ.

മതത്തിന്റെ പേരില്‍ പ്രാദേശിക ഭീകരവാദത്തിനിരയായി ആയിരക്കണക്കിന് അഭയാര്‍ഥികളെ കൂട്ടക്കൊല ചെയ്തതിന്റെ രക്തരൂക്ഷിതമായ കഥ. കലാപകലുഷിതമായിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ദുഷ്‌പേരുകൾക്ക് കാരണമായ വലിയൊരു കലാപത്തിന്റെ സാക്ഷിയാണ് നെല്ലി. ഇന്നും നീതികിട്ടാത്ത, ഇനിയതിനു സാധ്യതയില്ലാത്ത കലാപത്തിന്റെ ഇര.

അതുകൂടി അറിഞ്ഞാല്‍ മാത്രമേ അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെട്ട നാല്‍പത് ലക്ഷം പേരുടെ യഥാര്‍ഥ ദുരന്തത്തെപ്പറ്റി മനസ്സിലാകൂ. അവരുടെ അന്യവല്‍ക്കരണത്തിന്റെ അധികമാരുമറിയാത്ത ഏടുകളുടെ തുടക്കമാണ് നെല്ലി കൂട്ടക്കുരുതി.

കാനേഷുമാരിയില്‍ ഇല്ലാത്തവര്‍

കാനേഷുമാരിയില്‍ ഇല്ലാത്തവര്‍

ഇന്നും കൃത്യമായ കാനേഷുമാരി നടക്കാത്ത സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലുള്ളത്. ഇന്ത്യയുടെ വിഭജനത്തിനുശേഷം പിന്നീട് ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാർഥികളുൾപ്പെടെ, തദ്ദേശീയരല്ലാത്ത ആയിരങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജീവിതമുറപ്പിച്ചിരുന്നു. അവരോ അവരുടെ പിന്മുറക്കാരോ ആണ് ഇന്നും ഇന്ത്യയില്‍ പൗരത്വം നിഷേധിക്കപ്പെട്ട് നീറിപ്പുകയുന്നത്. ഓര്‍ക്കുക, നാലു പതിറ്റാണ്ടിലേറെയായി തുടരുന്ന അന്യവല്‍ക്കരണമാണ് ഇപ്പോള്‍ സാധുവാക്കപ്പെട്ടിരിക്കുന്നത്. അവര്‍ എവിടേക്കു പോകുമെന്നോ എന്തു ചെയ്യുമെന്നോ ആര്‍ക്കും അറിയേണ്ടതില്ല. അഭയാര്‍ഥികളായി ഇന്ത്യയിലെത്തിപ്പെട്ടവര്‍ അഭയാര്‍ഥികളായി തന്നെ തുടരുന്നു, അഭയാര്‍ഥികള്‍ക്കു ലഭിക്കേണ്ട അവകാശങ്ങള്‍ പോലുമില്ലാതെ.

നെല്ലി കൂട്ടക്കൊല

നെല്ലി കൂട്ടക്കൊല

1983 ഫെബ്രുവരി 18ന് ആറു മണിക്കൂർമാത്രം നീണ്ടുനിന്ന കലാപത്തിൽ നെല്ലിയില്‍ കൊല്ലപ്പെട്ടത് അനൗദ്യോഗിക കണക്കുകളനുസരിച്ച് പതിനായിരത്തിലേറെ ആളുകളാണ്. ഔദ്യോഗിക രേഖകളില്‍ 2,191 പേരുടെ മരണം മാത്രമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. അന്ന്, നെല്ലി ഉൾപ്പെടുന്ന 14 സമീപസ്ഥ ഗ്രാമങ്ങളിലെ മനുഷ്യരാണ് തദ്ദേശീയതയുടെ ഇരകളായി കൂട്ടക്കുരുതി ചെയ്യപ്പെട്ടത്. കുരുതിക്കിരയായ മനുഷ്യരുടെ ശരീരങ്ങൾ പ്രദേശത്തെ കുളങ്ങളിലും തോടുകളിലും ദിവസങ്ങളോളമാണ് ഒഴുകി നടന്നിരുന്നത്. ജീര്‍ണിച്ച മൃതദേഹങ്ങളുടെ സാന്നിധ്യം മൂലം പിന്നെ കുറേക്കാലത്തോളം അവിടുള്ളവർ മത്സ്യാഹാരം കഴിച്ചിരുന്നില്ല.

വിഭജനകാലത്തുള്ളവര്‍ മാത്രമല്ല

വിഭജനകാലത്തുള്ളവര്‍ മാത്രമല്ല

വിഭജനകാലത്ത് അഭയാര്‍ഥികളായെത്തിയവര്‍ മാത്രമല്ല അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകള്‍ മുതല്‍തന്നെ ആസാമിലേക്ക് കുടിയേറ്റമുണ്ടായിരുന്നു. അന്ന് ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ല. വ്യാപാരാവശ്യങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളും കുടിയേറ്റത്തിന് കാരണമായിരുന്നു. ഇങ്ങനെയെത്തിയ മുസ്ലീം മതവിഭാഗത്തിൽപെട്ടവരാണ് നെല്ലിയിലും പരിസരങ്ങളിലും തദ്ദേശീയരായ അസാമികളുടെ ആയുധങ്ങൾക്കിരയായത്.

അവരുടെ അസ്തിത്വം

അവരുടെ അസ്തിത്വം

അസമില്‍ കുടിയേറപ്പെട്ടവരുടെ അസ്തിത്വം അന്നുമുതല്‍ ഗുരുതരമായ പ്രശ്‌നമാണ്. അതിന്റെ അവസാനത്തെ ഇരയാക്കപ്പെടലാണ് പൗരത്വ രജിസ്റ്ററില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം. 83ല്‍ കൂട്ടക്കുരുതിയിലൂടെ ജീവനെടുത്തുവെങ്കില്‍ ഇന്ന് പൗരത്വമില്ലാതെ, ഏതു രാജ്യത്തെ ജനതയാണ് തങ്ങളെന്നു വ്യക്തമാക്കപ്പെടാതെ അനാഥമാക്കപ്പെടുകയാണ് നാല്‍പതു ലക്ഷത്തിലേറെ മനുഷ്യ ജന്മങ്ങള്‍.

നിഷേധിക്കപ്പെട്ട പൗരത്വം

നിഷേധിക്കപ്പെട്ട പൗരത്വം

അസമില്‍ കുടിയേറിയവരുടെ പൗരത്വ നിഷേധത്തിനുള്ള ശ്രമങ്ങള്‍ക്കും ഏറെ നാളത്തെ പഴക്കമുണ്ട്. ഇത്തരക്കാരെ കണ്ടെത്താനായി സർക്കാർ രൂപംകൊടുത്ത സംവിധാനങ്ങൾ അസമിൽ പലതരത്തിലുമുള്ള കലാപങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാലാകാലങ്ങളിൽ വഴി തെളിച്ചിട്ടുണ്ട്. ഇത്തരത്തിൽ കുടിയേറിയവർക്ക് വോട്ടവകാശം ഉൾപ്പെടെ നൽകരുതെന്നാണ് തദ്ദേശീയരുടെ ആവശ്യം. വേണമെന്ന് അവരും.

നെല്ലിയിലെ പ്രകോപനം

നെല്ലിയിലെ പ്രകോപനം

ബംഗ്ലാദേശിൽ നിന്നെത്തിയ 40 ലക്ഷത്തോളം പേർക്ക് 1983ലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകാനുള്ള ഇന്ദിരാ ഗാന്ധി സർക്കാരിന്റെ തീരുമാനമായിരുന്നു അന്ന് നെല്ലിയിലെ കൂട്ടക്കുരുതിക്കു വഴിതെളിച്ചത്. സര്‍ക്കാര്‍ വോട്ടവകാശം നല്‍കിയാല്‍ തങ്ങളവരെ കൊന്നുതീര്‍ക്കുമെന്ന് കലാപകാരികള്‍ തീരുമാനിച്ചിരുന്നിരിക്കണം. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. ഈ 40 ലക്ഷം പേരെ പൗരന്മാരായി അംഗീകരിച്ചാല്‍ ഒരുപക്ഷേ, മറ്റൊരു കൂട്ടക്കുരുതിക്കുകൂടി ആസാം സാക്ഷ്യം വഹിച്ചേക്കാം. അതിനു തയ്യാറെടുക്കുന്നവര്‍ക്ക് ബലം നല്‍കുന്ന ഭരണമാണ് അവിടെയുള്ളതെന്നതിനാല്‍ പ്രത്യേകിച്ചും.

ഒരാളും ശിക്ഷിക്കപ്പെടാത്ത കൂട്ടക്കൊല

ഒരാളും ശിക്ഷിക്കപ്പെടാത്ത കൂട്ടക്കൊല

688 ക്രിമിനൽ കേസുകളാണ് നെല്ലി കൂട്ടക്കൊലയുടെ പേരില്‍ പൊലീസ് രജിസ്റ്റർ ചെയ്തത്. അതിൽ 378 എണ്ണവും തെളിവുകളുടെ അഭാവം പറഞ്ഞ് വേണ്ടെന്നുവച്ചു. പിന്നീട് 1985ലെ അസം ഒത്തുതീർപ്പിന്റെ ഭാഗമായി കേന്ദ്രസർക്കാർ എല്ലാ കേസുകളും ഉപേക്ഷിച്ചു. പതിനായിരങ്ങൾക്കു ജീവൻ നഷ്ടപ്പെട്ട കൂട്ടക്കുരുതിയിൽ ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല!

നെല്ലി കൂട്ടക്കുരുതിയെപ്പറ്റി അന്വേഷിക്കാൻ തിവാരി കമ്മീഷനെ നിയോഗിച്ചെങ്കിലും അവർ സമർപ്പിച്ച റിപ്പോർട്ട് ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. ഹിതേശ്വർ സൈക്കിയയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ അന്നത്തെ ആ തീരുമാനം തുടർന്നു വന്ന സർക്കാരുകളും പിന്തുടർന്നു. നെല്ലി കൂട്ടക്കുരുതിക്ക് ഇരയായവർക്ക് മൂന്നു പതിറ്റാണ്ടിനിപ്പുറവും നീതി കിട്ടിയതുമില്ല. അവരുടെ പിന്മുറക്കാരും ഇപ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായിക്കഴിഞ്ഞിരിക്കുന്നു.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

അസമിലേക്ക് ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റത്തിനും കുടിയേറിയവർക്കും എതിരേയുള്ള ആറു വർഷം നീണ്ട പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ എന്ന സംഘടനയായിരുന്നു. 1971നു ശേഷം അസമിലേക്കു കുടിയേറിയവരെ ഇവിടെ സമ്മതിദായകരായി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഇവര്‍ തുടർന്നുപോന്നത്. നെല്ലിയിലെ കൂട്ടക്കുരുതിയിലും ഇവരുടെ പ്രക്ഷോഭം വഹിച്ച പങ്ക് വളരെ വലുതാണ്. അസം പ്രക്ഷോഭം എന്നറിയപ്പെടുന്ന, അനധികൃത കുടിയേറ്റത്തിനെതിരായ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനുശേഷം ലോകത്തു നടന്ന ഏറ്റവും ദൈർഘ്യമേറിയ സമാധാന സ്വഭാവമുള്ള സമരമായാണ് വിലയിരുത്തപ്പെടുന്നത്. നെല്ലി കൂട്ടക്കുരുതിയെ അതുകൊണ്ടുതന്നെ ഈ സമരത്തിന്റെ ഭാഗമാക്കാൻ പലരും തയ്യാറാകുന്നില്ല. സമരം സമാധാന സ്വഭാവമുള്ളതായിരുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ആ അവകാശവാദത്തെ ഖണ്ഡിക്കുന്നതായിരുന്നു നെല്ലി കൂട്ടക്കുരുതി. എന്നിട്ടും ആ സമരത്തിനിപ്പോഴും സമാധാനത്തിന്റെ പ്രതിച്ഛായയാണുള്ളത്.

രഷ്ട്രീയ ചരിത്രം

രഷ്ട്രീയ ചരിത്രം

1985ലെ ആസാം ഒത്തുതീർപ്പോടെ ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ, അസം ഗണ പരിഷത് എന്ന പേരിൽ രാഷ്ട്രീയരൂപം പ്രാപിച്ചു. ഹിതേശ്വർ സൈക്കിയയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിട്ട് 1985 ഡിസംബറിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ അവർ മത്സരിച്ച് വിജയിച്ച് ഭരണത്തിലെത്തി. 1985 മുതൽ 1989 വരെയും 1996 മുതൽ 2001 വരെയും ഇവരാണ് അസം ഭരിച്ചത്. സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റായിരുന്ന പ്രഫുല്ല കുമാർ മൊഹന്ത ഈ രണ്ടു ടേമിലും മുഖ്യമന്ത്രിയായി. പിന്നീട് മൊഹന്തക്കെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.

എന്ത് പ്രതീക്ഷിക്കാൻ കഴിയും?

എന്ത് പ്രതീക്ഷിക്കാൻ കഴിയും?

പ്രഫുല്ല കുമാർ മൊഹന്തയുടെ തണലിൽ അസം ഗണപരിഷത്തിൽ വളർന്നുവന്ന തീപ്പൊരി നേതാവ് സർബാനന്ദ സോനോവാൾ 2011ൽ അതില്‍ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നു. ബിജെപി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് ആണ് ഇന്ന് അസം ഭരിക്കുന്നത്. മജൂലിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സർബാനന്ദ സോനോവാൾ അസമിന്റെ മുഖ്യമന്ത്രിയുമാണ്. അദ്ദേഹത്തിന്റെ മാതൃസംഘടനയായ അസം ഗണ പരിഷത്തും അത് പിളർന്നുണ്ടായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടുമെല്ലാം ഇന്ന് ഈ മുന്നണിയിലെ ഘടകകക്ഷികളാണ്. അതായത് അസമില്‍ പൗരത്വനിഷേധത്തിനായി സമരം ചെയ്ത സംഘടനയുടെ പിന്മുറക്കാരാണ് ഇന്ന് ആസാം ഭരിക്കുന്നതെന്നര്‍ഥം. അപ്പോള്‍പിന്നെ 40 ലക്ഷം പേര്‍ പുറത്താക്കപ്പെട്ടതില്‍ എന്തത്ഭുതം?

പൗരന്‍മാരല്ലാത്ത ആ മനുഷ്യര്‍

പൗരന്‍മാരല്ലാത്ത ആ മനുഷ്യര്‍

855 പേരുടെ രക്തസാക്ഷിത്വത്തിനു കാരണമായ അസം പ്രക്ഷോഭത്തിൽ നിന്നാണ് അസം ഗണപരിഷത് ഉണ്ടായതെന്നും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് പാർട്ടി വ്യതിചലിക്കുകയും രക്തസാക്ഷികൾക്ക് നീതി ലഭിക്കാതാകുകയും ചെയ്തതിനാലാണ് താൻ എജിപി വിട്ട് ബിജെപിയിൽ ചേരുന്നതെന്നുമാണ് സോനോവാൾ പറഞ്ഞത്. അസമിലെ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും സോനോവാൾ പറയുന്നു. ആ സ്വപ്ന സാക്ഷാത്ക്കാരത്തില്‍ ഒന്നായി വേണം ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടിനെ കാണാന്‍. പോരാത്തതിന് കേന്ദ്രം ഭരിക്കുന്നതും ഇതേ പാര്‍ട്ടി തന്നെയാണ്.

അസമില്‍ പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നത് ഇസ്ലാം മതസ്ഥര്‍ക്കുമാണ്. നാല്‍പത് ലക്ഷം പേര്‍ക്കു മാത്രമേ പൗരത്വം നിഷേധിക്കപ്പെട്ടുള്ളുവെന്നതിലും നെല്ലി കൂട്ടക്കുരുതി പോലെ മറ്റൊരു കുരുതി ഉണ്ടായില്ലെന്നതിലും നമുക്കാശ്വസിക്കാം.
നെല്ലിയിലെ കൂട്ടക്കുരുതിക്കിരയായവരെ വിസ്മരിക്കാൻ കാരണമായവർക്കൊപ്പം തിവാരി കമ്മീഷൻ റിപ്പോർട്ട് മൂടിവച്ച കോൺഗ്രസ് സർക്കാരുകളുമുണ്ട്. അവരിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ദുര്‍ബലരായിക്കൊണ്ടിരിക്കുന്നു. പ്രാദേശികമായ പ്രക്ഷോഭത്തിന്റെ ബലത്തിൽ പ്രാദേശിക- വർഗീയ വികാരങ്ങൾ ഉയർത്തിവിട്ട് ആസാമിൽ അധികാരത്തിലെത്തിയവരും അവസാനം എത്തേണ്ടിടത്ത് എത്തി- ബിജെപിയുടെ കൂടാരത്തിൽ.

ഓരോ പുഴയും വഴിമാറി ഒഴുകുമ്പോള്‍ അപഹരിക്കപ്പെട്ട ഓരോ ജീവനുകളും ഓരോ കൂട്ടക്കുരുതികളും നമുക്ക് വിസ്മരിക്കാൻ വേണ്ടിയുള്ളതാണല്ലോ! ആസാമില്‍ ജീവിക്കേണ്ടിവരുന്ന ലോകത്തൊരിടത്തേയും പൗരന്മാരല്ലാത്ത ആ ജനതയെ ഓര്‍ത്ത് പരിതപിക്കാനല്ലാതെ നമുക്കെന്തു പറ്റും?

English summary
Assam NRC and Nellie Massacre: TC Rajesh writes about the humanitarian issues of marginalised people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X