കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

460 സമരദിനങ്ങള്‍, ഐക്യദാര്‍ഢ്യത്തിലൊതുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍... കാക്കഞ്ചേരിയില്‍ എന്തുനടക്കും?

  • By നിതിൻ പി
Google Oneindia Malayalam News

സമരമുഖങ്ങളുടെ ഒരു വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇന്ത്യ. പൗര സ്വാതന്ത്ര്യത്തിനും ദളിത് മുന്നേറ്റങ്ങള്‍ക്കും വേണ്ടിയുളള ശക്തമായ സമരങ്ങള്‍ക്ക് നാം സാക്ഷികളായി. അതേ സമയം തന്നെ തങ്ങളുടെ ജീവിക്കാനുളള അവകാശത്തിനു വേണ്ടി 460 ദിവസമായി സമരം ചെയ്യുന്ന ഒരു കൂട്ടം ഗ്രാമവാസികളെ സര്‍ക്കാരും, ഉദ്യോഗസ്ഥ വൃന്ദവും ജനങ്ങളും ആരും കാണാതെ പോകുന്നു. ചേലേമ്പ്ര, തേഞ്ഞിപ്പാലം, വളളിക്കുന്ന് എന്നീ മൂന്ന് പഞ്ചായത്തുകളെ സാരമായി ബാധിക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് തടയിടുന്നതിനാണ് 'കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി' രൂപം കൊണ്ടത്. ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ 'മലബാര്‍ ഗോള്‍ഡിന്' ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഭക്ഷ്യ സംസ്‌കരണ പാര്‍ക്കായ കിന്‍ഫ്ര 2.25 ഏക്കര്‍ സ്ഥലം സ്വര്‍ണ്ണാഭരണ നിര്‍മാണ ശാല പണിയുന്നതിനായി അനുവദിച്ചതു മുതലാണ് ജനങ്ങള്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങിയത്.

Kakkancher Strike

തിരഞ്ഞെടുപ്പ് പതിവാതില്‍ക്കലെത്തി നില്‍ക്കുന്പോള്‍ കാക്കഞ്ചേരിയിലെ സമരസേനാനികള്‍ക്ക് എന്താണ് പറയാനുള്ളത്? അവര്‍ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ തൃപ്തരാണോ? ഒന്നര വര്‍ഷത്തോളമായി തുടരുന്ന തങ്ങളുടെ ജീവിത സമരത്തോട് മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം കാണിച്ചുകൊണ്ടിരിയ്ക്കുന്ന അലസഭാവത്തോട് അവര്‍ എങ്ങനെയാണ് പ്രതികരിയ്ക്കുക? വണ്‍ ഇന്ത്യ മലയാളം അന്വേഷിയ്ക്കുകയാണ്.

ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വന്‍കിട പദ്ധതിയാണ് കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ് തുടങ്ങിയിട്ടുള്ളത്. പക്ഷേ, കാക്കഞ്ചേരി സംരക്ഷണ സമിതി പറയുന്ന കണക്ക് പ്രകാരം പ്രതിദിനം 120 കിലോഗ്രാം സ്വര്‍ണ്ണാഭരണം ഉല്‍പാദിപ്പിക്കാന്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. പുറത്ത് വിടുന്ന മാലിന്യങ്ങളില്‍ ആസിഡ് മാത്രം 48 ലിറ്റര്‍ ആണ്. 11 കിലോ ചെമ്പ് മാലിന്യം, 15 ഗ്രാം പൊട്ടാസ്യം സൈനൈഡ്, കൂടാതെ മെര്‍ക്കുറി, കാഡ്മിയം, സിങ്ക്, ഈയം, സെലീനിയം, ടെലൂറിയം, പലേഡിയം, ഇറിഡിയം, റുഥീനിയം തുടങ്ങിയ രാസ മാലിന്യങ്ങള്‍ കൂടെ പുറന്തളളപ്പെടും. ഈ മാലിന്യങ്ങള്‍ മനുഷ്യരുടെയും മറ്റു ജീവികളുടേയും ഹൃദയം, കരള്‍, ശ്വാസകോശം തുടങ്ങി ഒട്ടു മിക്ക അവയവങ്ങളേയും നാഡീ വ്യവസ്ഥയേയും, പ്രത്യുല്‍പാദന ശേഷിയെയും ഗുരുതരമായി ബാധിക്കുമെന്നാണ് സമരസമിതി പറയുന്നത്. ഇതിന് അവര്‍ക്ക് ശാസ്ത്രീയമായ വിശദീകരണങ്ങളും ഉണ്ട്.

Kakkanchery Strike

ഭക്ഷ്യ സംസ്‌കരണ പാര്‍ക്കായ കിന്‍ഫ്രയില്‍ രാസവ്യവസായം അനുവദിക്കുക വഴി കിന്‍ഫ്രയിലെ ഭക്ഷ്യോല്‍പാദന കമ്പനികള്‍ക്ക് തന്നെ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ കിന്‍ഫ്രയിലെ സംരംഭകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ആഭരണ നിര്‍മാണശാലയുടെ പ്രവര്‍ത്തനം സ്‌റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സ്‌റ്റേ തന്നെയാണ് സംരക്ഷണ സമിതിയുടെ ആകെയുളള പിടി വളളിയും.

എന്നാല്‍ ആദ്യം മുതല്‍ തന്നെ മലിനീകരണ നിയന്ത്രണ ബോഡ് 'മലബാര്‍ ഗോള്‍ഡിന്' അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവും സമര സമിതി ഉന്നയിക്കുന്നു. നിലവിലുളള മാനദണ്ഡങ്ങള്‍ പ്രകാരം റെഡ് കാറ്റഗറിയില്‍ വരുന്ന ഈ സ്ഥാപനത്തിന് ജനവാസമേഖലയില്‍ അനുമതി നല്‍കുക അസാധ്യമായിരുന്നു. ഇതിനെ മറികടക്കാന്‍ 'മലബാര്‍ ഗോള്‍ഡ്' നേരത്തെ നല്‍കിയ അപേക്ഷയും പ്ലാനും ആറു തവണ തിരുത്തുകയും 120 കിലോഗ്രാം ഉല്‍പാദനം 50 കിലോ ആയും 200 കോടി മൂലധനം 50 കോടിയായും 2675 തൊഴിലാളികള്‍ 480 ആയും മാറ്റി പുതിയൊരു അപേക്ഷ വാങ്ങി സ്ഥാപനത്തെ ഗ്രീന്‍ കാറ്റഗറിയാക്കി മാറ്റി എന്‍ഒസി നല്‍കുകയാണ് മലിനീകരണ നിയന്ത്രണ ബോഡ് ചെയ്തതെന്നും സംരക്ഷണസമിതി പറയുന്നു.

Kakkanchery Strike

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒപ്പമുണ്ടെങ്കിലും പ്രശ്‌നത്തില്‍ നയപരമായ ഒരു തീരുമാനമെടുക്കാന്‍ ആരും ധൈര്യം കാണിക്കുന്നില്ലെന്ന് 'കാക്കഞ്ചേരി സംരക്ഷണ സമിതി' എക്‌സിക്യുട്ടീവ് അംഗം ടിവി ശ്രീധരന്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ചങ്കൂറ്റം കാണിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിത്. എന്നാല്‍ 'പണത്തിനു മീതെ പരുന്തും പറക്കില്ല' എന്നാണ് 'കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി' പറയുന്നത്.

തങ്ങളുടെ പ്രതിഷേധം വോട്ട് ബഹിഷ്കരണം പോലുള്ള നടപടികളിലൂടെ പ്രകടിപ്പിയ്ക്കാന്‍ ഇവര്‍ എന്തായാലും തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അതിന്‍റെ വഴിയ്ക്ക് തന്നെ നടക്കും. വള്ളിക്കുന്ന് മണ്ഡലത്തിലാണ് കാക്കഞ്ചേരിയും കിന്‍ഫ്ര പാര്‍ക്കും ഉള്‍പ്പെടുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീഗിന്‍റെ കെഎന്‍എ ഖാദര്‍ ആയിരുന്നു ഇവിടത്തെ എംഎല്‍എ. ഇനി വരുന്ന സര്‍ക്കാരും തങ്ങള്‍ക്ക് അനുകൂലമായ ഒരു നടപടിയെടുക്കുമെന്ന പ്രതീക്ഷ ഇവര്‍ക്കില്ല. കോടതിയില്‍ നിന്ന് അനുകലമായ ഒരു വിധി വരും എന്ന പ്രതീക്ഷമാത്രമാണ് അവസാനിയ്ക്കാത്ത ഈ സമരസേനാനികളുടെ മുന്നിലുള്ളത്.

English summary
Kerala Assembly Election 2016: Kakkanchery Parisara Samrakshana Samithi on strike against Malabar Gold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X