കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യാടന്‍ ഇറങ്ങുന്പോള്‍ നിലന്പൂര്‍ ആര്‍ക്ക്..മകനോ, മറ്റുള്ളോര്‍ക്കോ

  • By Desk
Google Oneindia Malayalam News

കാലങ്ങളായി നിലന്പൂര്‍ മണ്ഡലത്തില്‍ നിന്ന് അനിഷേധ്യനായി ജയിച്ചുവരുന്ന ആര്യാടന്‍ മുഹമ്മദ് ഇത്തവണ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുസ്ലിംലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് നിലമ്പൂര്‍. അവിടെ ആര്യാടന്‍ അല്ലെങ്കില്‍ പിന്നെ ആരായിരിയ്ക്കും സ്ഥാനാര്‍ത്ഥി?

Aryadan Muhammed

ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തും കെപിസിസി സെക്രട്ടറി വിവി പ്രകാശുമാണു ഇപ്പോള്‍ രംഗത്തുള്ള രണ്ട് പേര്‍. ആര്യാടന്റെ ശക്തമായ സമ്മര്‍ദം കാരണം ഷൗക്കത്തിന് തന്നെയാകും നിലമ്പൂരില്‍ നറുക്ക്‌വീഴുകയെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിഷയം കെപിസിസിയുടെ മുന്നിലെത്തിയപ്പോള്‍ വിഎം സുധീരന്റെ പിന്തുണ വിവി പ്രകാശിനാണ് ലഭിച്ചതെന്നും പറയുന്നുണ്ട്.

Aryadan Shoukath

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ആര്യാടന്‍ ഷൗക്കത്തിന് അനുകൂല നിലപാടാണ് എടുത്തതെന്നും പറയുന്നു. എ ഗ്രൂപ്പ് നേതാവായിരുന്ന പ്രകാശ് അടുത്തിടെയായി വിഎം സുധീരനുമായി അടുത്തുവെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ കണ്ടെത്തല്‍. അതിനാല്‍ ഇനി ഗ്രൂപ്പ് നോമിനിയായ പരിഗണിക്കേണ്ടെന്നും എ ഗ്രൂപ്പ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടത്രെ.

കഴിഞ്ഞ തവണ തവനൂര്‍ മണ്ഡലത്തില്‍ മത്സരിച്ച വിവി പ്രകാശ് നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ ഒരുപക്ഷേ ഡിസിസി അധ്യക്ഷനാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. നിലവിലെ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി തവനൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് റിപ്പോര്‍ട്ട്.

Aryafan Muhammed

എല്‍ഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. കത്തോലിക്ക സഭയുടെ കൂടി പിന്തുണ ഉറപ്പാക്കി കഴിഞ്ഞ തവണ ആര്യാടനെ വിറപ്പിച്ച പ്രൊഫ തോമസ് മാത്യുവിനെ രംഗത്തിറക്കാന്‍ ഒരു വശത്ത് ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ ഏറനാട്ടില്‍ സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കാനാണ് ഒരു വിഭാഗത്തിന്‍റെ താത്പര്യം. ഇത് സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ ടികെ ഹംസയേയും പികെ സൈനബയേയും ജില്ലാ കമ്മിറ്റിയും നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം.

മലപ്പുറം മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്ന ടികെ ഹംസ കോണ്‍ഗ്രസ് വിട്ട് 1982ല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ നിലമ്പൂരില്‍ ആര്യാടന്‍ തോല്‍വി രുചിച്ചിരുന്നു. തുടക്കത്തില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന നിലമ്പൂര്‍ അവരില്‍ നിന്ന് പിടിച്ചെടുത്ത് കൈയ്യടക്കി വച്ചത് ആര്യാടന്‍ മുഹമ്മദ് ആയിരുന്നു. 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്യാടനെ എട്ടുതവണയും വിജയം അനുഗ്രഹിച്ചു. 1987 മുതല്‍ നിലമ്പൂരില്‍ ആര്യാടന്‍ പരാജയമറിഞ്ഞിട്ടില്ല. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5598 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ.

മുമ്പില്ലാത്ത ആവേശത്തോടെ ബിജെപി ഇക്കുറി സജീവമായി രംഗത്തിറങ്ങുന്നത് എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ പ്രതിസന്ധി സൃഷ്ടിയ്ക്കും എന്ന് ഉറപ്പാണ്. തനിക്ക് പിഡിപി, എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ വോട്ട് വേണ്ടെന്നു പരസ്യമായി പ്രഖ്യാപിച്ച ആര്യാടന്‍, മതതീവ്രവാദത്തിനെതിരായ കോണ്‍ഗ്രസിന്റെ ശബ്ദമാണ്. തീവ്രവാദബന്ധം ആരോപിച്ചും അല്ലാതെയും പലപ്പോഴും ലീഗുമായി ഇടഞ്ഞിട്ടുള്ള ആളാണ് ആര്യാടന്‍.

നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണു നിലമ്പൂര്‍ നിയോജകമണ്ഡലം. തദ്ദേശതെരഞ്ഞെടുപ്പില്‍ കരുളായി, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു. കഴിഞ്ഞതവണ മുഴുവന്‍ പഞ്ചായത്തുകളുടെയും ഭരണം കോണ്‍ഗ്രസിനായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ചാലിയാര്‍, ചോക്കാട്, കാളികാവ് പഞ്ചായത്തുകള്‍ കഴിഞ്ഞ തവണയാണു നിലമ്പൂര്‍ മണ്ഡലത്തില്‍നിന്നു പോയത്. ചാലിയാറും ചോക്കാടും ഇപ്പോള്‍ ഏറനാട് മണ്ഡലത്തിലും കാളികാവ് വണ്ടൂൂര്‍ മണ്ഡലത്തിലുമാണ്.

നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരുന്ന ആര്യാടന്‍ ഷൗക്കത്ത് കെ.പി.സി.സി. അംഗമാണ്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകളിലൂടെ സംസ്ഥാന-ദേശീയപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘ്ധന്‍ ദേശീയ കണ്‍വീനറുമാണ് ഷൗക്കത്ത്.

English summary
Kerala Assembly Election 2016: Who will replace Aryadan Muhammed at Nilambur? Aryadan Shoukath or VV Prakash?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X