കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീയുടെ മടങ്ങിവരവിനെ കുറിച്ച് താത്വികമായ ഒരവലോകനം നടത്താന്‍ ഇവിടെയാരുമില്ലേ....

  • By Aswini
Google Oneindia Malayalam News

അശ്വിനി ഗോവിന്ദ്

എവിടെ മലയാളികളെവിടെ, ശ്രീശാന്ത് വരുന്നുണ്ട്, കോടതി കുറ്റവിമുക്തനാക്കി...ശ്രീശാന്ത് ഒത്തുകളി നടത്തിയിട്ടില്ല, വാതു വച്ചിട്ടില്ല, വാളും വച്ചിട്ടില്ല... ഹേയ് മലയാളികളേ കേട്ടില്ലേ... ഉറക്കത്തില്‍ നിന്നുണരൂ. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെ കുറിച്ച് താത്വികമായ ഒരവലോകനം നടത്താന്‍ ഇവിടെ ആരുമില്ലേ.

രസം ഉണ്ടാവുന്നതല്ല, ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞതുപോലെയാണ് സെലിബ്രിട്ടികളുടെ കാര്യം. സെലിബ്രിട്ടികള്‍ ഉണ്ടാകുന്നതല്ല, ജനങ്ങള്‍ ഉണ്ടാക്കുന്നതാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും രജനികാന്തിനെയും അമിതാഭ് ബച്ചനെയുമൊക്കെ പോലുള്ള സൂപ്പര്‍സ്റ്റാറുകളെ ജനം ഉണ്ടാക്കിയതാണ്. എന്നാല്‍ ശ്രീശാന്തിനെയും പൃഥ്വിരാജിനെയും പോലുള്ള സെലിബ്രിട്ടികള്‍ക്ക് തലയുയര്‍ത്തി പറയാം മലയാളികളായ ഒരു ആരാധകനും, പച്ചാളം ഭാസിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വെട്ടുകിളികളും ഉണ്ടാക്കി തന്നതല്ല ഈ താരപദവിയും പ്രശസ്തിയുമെന്ന്.

അതെ അതു തന്നെയാണ് വിഷയം, പൃഥ്വിയും ശ്രീയും. ഇവര്‍ രണ്ട് പേരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളല്ലേ... എപ്പോഴാണ് സുകുമാരന്റെ മോന്‍ രായപ്പന്‍ മലയാളികളുടെ പ്രിയപ്പെട്ട പൃഥ്വിയായതെന്ന കഥ ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആവോളം നടനെ കരിവാരിത്തേക്കുകയും സോഷ്യല്‍ മീഡിയയിലൂടെ തേജോവധം ചെയ്യുകയും ചെയ്തവരാണ് ഈ പറഞ്ഞ മലയാളികള്‍. ഭര്‍ത്താവിന് ഇല്ലോളം ഇംഗ്ലീഷില്‍ പരിജ്ഞാനമുണ്ടെന്ന് സുപ്രിയ പറഞ്ഞത് അത്ര വലിയ അപരാധമായിരുന്നോ... അത് പോട്ടെ. കഴിഞ്ഞത് കഴിഞ്ഞു. അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ്, മുബൈ പൊലീസ്, മെമ്മറീസുമൊക്കെ കഴിഞ്ഞതോടെ രായപ്പന്‍ ഇപ്പോള്‍ കേരളത്തിന്റെ പ്രിയപ്പെട്ട പൃഥ്വിയായി.

prithvi

നമുക്ക് ശ്രീകുട്ടനിലേക്ക് വരാം. രാജൂട്ടനെ പോലെ തന്നെ അല്പം മുന്‍ കോപവും വാശിയും എടുത്തുചാട്ടവുമൊക്കെ അല്പമധികം ശ്രീകുട്ടനുമുണ്ട്. അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് കളിച്ച് കേരള ടീമില്‍ കയറി, അവിടെ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയപ്പോഴും ശ്രീശാന്തിനെ ആരാധിക്കുന്നതിനേക്കാള്‍ അധികം കളിയാക്കുന്നവരായിരുന്നു കേരളത്തില്‍. ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍ എന്നൊക്കെ വിശേഷണമുണ്ടായിട്ടുകൂടെ ശ്രീയുടെ ചില 'വീക്ക്' പോയിന്റില്‍ കയറിപിടിച്ച് മലയാളികള്‍ വിമര്‍ശിച്ചുകൊണ്ടേയിരുന്നു. ശ്രീശാന്തിനെ ആരാധിക്കുന്നവര്‍ തീരെ ഇല്ലായിരുന്നു എന്നല്ല, ഉണ്ടായിരുന്നു. എന്നാല്‍ ഒത്തുകളി, വാതുവെപ്പ്, തീഹാര്‍, മക്കോക്ക എന്നൊക്കെ കേട്ടപ്പോള്‍ ആ ഉണ്ടായിരുന്നവരില്‍ ചിലരും മറുകണ്ടം ചാടി.

എന്തായിരുന്നു ഇവിടെ പുകില്. ശ്രീശാന്തിനെ അറിസ്റ്റ് ചെയ്തപ്പോള്‍ മലയാളിയാണെന്ന് പറയാന്‍ മടിച്ചവര്‍വരെയുണ്ട്. സിനിമാ രാഷ്ട്രീയക്കാരൊക്കെ പ്രതികരിച്ചു. എന്നാലും എന്റെ ശ്രീശാന്തേ, ഈ ചതി ഇന്ത്യന്‍ ടീമിനോടും കേരളത്തോടും വേണ്ടായിരുന്നു എന്നായി. ഒരൊറ്റയാളും പരസ്യമായി ശ്രീശാന്തിന് പിന്തുണയുമായെത്തിയില്ല. ബിസിസിയുടെ വിലക്കും മക്കോക്കയുമൊക്കെയായപ്പോള്‍ ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി തകര്‍ന്നു എന്ന് തന്നെ കരുതി. ശ്രീശാന്ത് രാജ്യദ്രോഹ കുറ്റം ചെയ്തു എന്ന തലത്തിലായിരുന്നു ചികിത്സാമുറകള്‍. ആ ചികിത്സയ്ക്ക് മുട്ടിനും മുറയ്ക്കും നല്ല മരുന്ന് നല്‍കാന്‍ ദില്ലി പൊലീസിന് കഴിയുകയും ചെയ്തു.

sreesanth

എന്നിട്ടിപ്പോള്‍ എന്തായി. ദില്ലി പൊലീസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ട്വിസ്റ്റും ടേണിങ് പോയിന്റുമൊക്കെയുണ്ടായിരുന്ന ഒത്തുകളികഥയ്ക്ക് കോടതി വിധിയോടെ ആന്റിക്ലൈമാക്‌സായി. ശ്രീശാന്തിനെതിരെ പൊലീസ് കണ്ടെത്തിയ വാദങ്ങളൊക്കെ മതിയായ തെളിവുകളില്ലാതെ കോടതിയില്‍ നനഞ്ഞപടക്കം പോലെയായി. ശ്രീശാന്ത് കുറ്റവിമുക്തന്‍. ദൈവത്തിനും കുടുംബത്തിനും നന്ദി പറഞ്ഞ് ശ്രീശാന്ത് തിരികെ വരുന്നു.

എവിടെ മലയാളികളെവിടെ, ശ്രീശാന്ത് വരുന്നുണ്ട്, കോടതി കുറ്റവിമുക്തനാക്കി...ശ്രീശാന്ത് ഒത്തുകളി നടത്തിയിട്ടില്ല, വാതു വച്ചിട്ടില്ല, വാളും വച്ചിട്ടില്ല... ഹേയ് മലയാളികളേ കേട്ടില്ലേ... ഉറക്കത്തില്‍ നിന്നുണരൂ. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെ കുറിച്ച് താത്വികമായ ഒരവലോകനം നടത്താന്‍ ഇവിടെ ആരുമില്ലേ. താരത്തെ ജയിലിലേക്ക് പറഞ്ഞയക്കാന്‍ കണ്ട ആവേശവും ശുഷ്‌ക്കാന്തിയുമൊന്നും ഇവിടെ ആരിലും കാണുന്നില്ലല്ലോ...ഫേസ്ബുക്കിലെ ട്രോളുകളും കമന്റുകളും എന്തേ ഇത്ര കുറഞ്ഞു... ടിവി ചര്‍ച്ചകള്‍ എല്ലാം എന്തുകൊണ്ട് ഒരു വൈകുന്നേരം കൊണ്ട് തീര്‍ന്നുപോയി.

സെലിബ്രിട്ടികളോ രാഷ്ട്രീയ പ്രവര്‍ത്തകരോ ആരും വാ തുറന്നത് കണ്ടില്ലല്ലോ.. തമിഴ്‌നാട്ടില്‍ നിന്ന് വന്ന മലര്‍ മിസിന് നല്‍കിയ സ്വീകരണമൊന്നും വേണമെന്നില്ല..ചെറുതായൊന്നു പിന്താങ്ങി കൊടുത്താല്‍ മതി....നിങ്ങളാരുമെന്താ ഒന്നും മിണ്ടാത്തത്..കുറ്റബോധമാണോ..അതോ വിമര്‍ശിക്കാനും കളിയാക്കാനും മാത്രമേ നിങ്ങളുടെ നാവു പൊന്തുകയുള്ളോ... പേന ചലിക്കത്തുള്ളോ..തലയില്‍ പുതിയ ആശയം ഉതിക്കത്തുള്ളോ....ശ്രീശാന്തേ പേടിക്കണ്ട, താങ്കള്‍ക്കൊപ്പം പൃഥ്വിയുണ്ട്...പൃഥ്വിയുടെ വഴികളുണ്ട്...പിന്തുടരൂ..അനുഗമിക്കൂ...

English summary
A court in Delhi has decided that the high profile Sreesanth is not guilty of spot fixing in IPL 6. In fact, it emphatically ruled that the charges against him were so far from being proven that they were in effect a waste of everyone's time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X