കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവലോകത്തെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഒരു തുറന്ന കത്ത്

  • By അശ്വിനി എസ് ഗോവിന്ദ്
Google Oneindia Malayalam News

അശ്വിനി എസ് ഗോവിന്ദ്

സിനിമാ മേഖലയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും അതിനെ കുറിച്ച് വിലയിരുത്തുകയും ചെയ്യുന്ന എഴുത്തുകാരിയാണ് അശ്വിനി. തന്റെ ചുറ്റുപാടുകളെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്ത്രീപക്ഷത്തു നിന്ന് വീക്ഷിക്കകുകയാണ് ഈ കോളത്തിലൂടെ

01/06/2015

പ്രിയപ്പെട്ട സരസ്വതി ദേവിയ്ക്ക്,

ഇന്ന് പുതിയ അദ്ധ്യാന വര്‍ഷം തുടങ്ങുകയാണ്. കരഞ്ഞും ചിരിച്ചും ഒത്തിരി കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തെത്തും. വര്‍ണകടലാസുകളും പല നിറത്തിലുള്ള ബലൂണുകളുമുള്ള ക്ലാസുകള്‍ അവരെ വരവേല്‍ക്കും. ദേവലോകത്ത് എങ്ങനെയാ, ഇപ്പോഴും ഗുരുകുല സമ്പ്രദായം തന്നെയാണോ?. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രകടമായ മാറ്റങ്ങളാണ്. കാലത്തിനനുസരിച്ച് ആ മാറ്റത്തെ ചിലര്‍ പുരോഗമനമെന്നും മറ്റു ചിലര്‍ അധഃപതനമെന്നും വിളിയ്ക്കുന്നു. പണം കൊടുത്താല്‍ മാത്രം കിട്ടുന്ന വിദ്യാഭ്യാസം, പഠിക്കാതെയും പരീക്ഷ എഴുതാതെയും കിട്ടുന്ന വിദ്യാഭ്യാസം. എന്തിനേറെ പറയുന്നു അദ്ധ്യാപകര്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം ജീവശാസ്ത്രത്തിന്റെ ക്ലാസ് വിശദമായി ചെയ്തുകൊടുക്കുന്ന രീതി....അങ്ങനെ ഏറെ

ഇപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആണെന്ന കാര്യം അവിടുന്ന് അറിഞ്ഞിരിക്കുമല്ലോ. ദൈവം വിധിയ്ക്കുന്നത് പോലെ എന്നല്ലേ. അങ്ങനെയെങ്കില്‍ ആ വിധി അവിടത്തെ തീരുമാനമായിരിക്കുമല്ലോ. അബ്ദുറബ്ബ് ആണോ കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നം എന്ന് ചോദിച്ചാല്‍, എത്രയോ കാരണങ്ങളില്‍ ഒന്നുമാത്രമണതെന്നാണ് എന്റെ അഭിപ്രായം. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷാ ഫലമാണ് എന്നെ ഇപ്പോള്‍ ഈ കത്തെഴുതാന്‍ പ്രേരിപ്പിയ്ക്കുന്നതെന്ന് ആദ്യമേ പറയട്ടെ.

School Opening Day

എസ് എസ് എല്‍ സി പരീക്ഷയാണ് എന്തും എന്ന് നിനച്ചിരുന്ന കാലത്ത് (അധികം ദൂരെയല്ല ഒരു ഏഴെട്ട് കൊല്ലം മുമ്പ് വരെ), പരീക്ഷ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയതോടെയാണ് പരീക്ഷാനിര്‍ണയത്തില്‍ ചില ഭേദഗതികള്‍ വരുത്തിയത്. അതിപ്പോള്‍ അധോഗതി ആയെന്ന് പറഞ്ഞാല്‍ മതിയല്ലോ. മാര്‍ക്കങ്ങ് വാരിക്കോരികൊടുത്ത് എല്ലാവരെയും വിജയ്പ്പിക്കുക. ആത്മഹത്യ എന്ന് പോയിട്ട് ആ എന്ന് പോലും ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചിന്തിക്കുന്നുണ്ടാവില്ല. ഇതാണ് കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസ്ഥ. പണ്ടും ഇപ്പോഴും കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം എന്ന് മുറവിളിയ്ക്കുന്നവര്‍ക്ക് ഇതൊന്നും വിഷയമല്ല. കുട്ടി സ്‌കൂളില്‍ പോകുന്നുണ്ടോ ഇല്ലയോ. അത്രമാത്രം.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയാലാണ് ശരിക്കുള്ള പ്രശ്‌നം തുടങ്ങുന്നത്. ഇവിടെ വിദ്യാഭ്യാസം ഒരു ബിസിനസ് ആണ്. നല്ല മാര്‍ക്കറ്റാണ് ഇപ്പോള്‍ ഈ മേഖലയില്‍. അക്കഥയൊക്കെ തുടങ്ങിയിട്ട് നാളിതെത്രയായി. എന്നിട്ടും ദേവി ഇതിലൊന്നും ഇടപെടുന്നേ ഇല്ലല്ലോ എന്നോര്‍ക്കുമ്പോഴാണെനിക്ക്... ദേവിയ്ക്ക് അറിയാമോ, ഇവിടെ കാശുകൊടുത്താല്‍ ബിരുദത്തിന്റെയും ബിരുദാനന്തര ബിരുദത്തിന്റെയുമൊക്കെ സര്‍ട്ടിഫിക്കറ്റു കിട്ടും. അത്രയേറെ ബിരുദന്മാരാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഇരിക്കുന്നത്. കേരളത്തിലെന്നല്ല, പണത്തിന് സ്വാധീനിക്കന്‍ കഴിയുന്ന എവിടെയും.

പഠനരീതി മാറ്റിവച്ച് പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും മനോഭാവത്തിലേക്കെത്തിയാലോ. കുട്ടികള്‍ക്കിപ്പോള്‍ ഫേസ്‌നോക്കി സംസാരിക്കാന്‍ നേരമില്ല. അവര്‍ ഫേസ്ബുക്കില്‍ തിരക്കിലാണ്. ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും അവരുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അവന്റെ ശരിതെറ്റുകള്‍ തീരുമാനിക്കുന്നത് സ്‌കൂളില്‍ നിന്ന് നേടിയ അറിവല്ല, ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അവന് ലഭിയ്ക്കുന്ന, കാണുന്ന, വായിക്കുന്ന അറിവുകളാണ്.

പഠിപ്പിക്കുന്ന രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അവസ്ഥ അതിലും ഗുരുതരമാണ്. വിദ്യാഭ്യാസ കച്ചവടത്തിന് ഇത്രയേറെ പ്രോത്സാഹനം ലഭിയ്ക്കാനുള്ള മുഖ്യകാരണം രക്ഷിതാക്കളാണ്. അവരുടെ മത്സരബുദ്ധിയാണ്.സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളില്ലാതായപ്പോള്‍, എത്രയോ സ്‌കൂളുകള്‍ പൂട്ടിപ്പോയ വിവരമൊക്കെ അവിടുന്ന് അറിഞ്ഞിരിക്കുമല്ലോ.

ശിഷ്യന്മാരില്‍ നിന്ന് പഴവര്‍ഗ്ഗങ്ങളും മറ്റും മാത്രം ദക്ഷിണവാങ്ങിയ ദേവലോകത്തുള്ള ഗുരുക്കന്മാര്‍ക്ക് തീര്‍ത്തും അപരിചിതറായിരിക്കും ഭൂമിയിലെ ടീച്ചേര്‍സ്. പെണ്‍കുട്ടികളുടെ മാറുനോക്കി ക്ലാസെടുക്കുന്ന അദ്ധ്യാപകരില്‍ നിന്നാണ് ആദ്യപാഠം പഠിക്കുന്നത്. അടക്കി ആക്ഷേപിക്കുന്നതിന്റെ ഒരു ഭാഷ്യം അനുഭവപ്പെട്ടെങ്കില്‍ ക്ഷമിക്കണം. പത്തില്‍ നാല് നല്ലതായിരിക്കാം.

വീണ്ടുമൊരു ഗുരുകുല സമ്പ്രദായം വേണമെന്ന് ആഗ്രഹിയ്ക്കുന്നത് അധിമോഹമാണ്. ഗുരുകുല വിദ്യാഭ്യാസം എനിയ്ക്ക് പറഞ്ഞുകേട്ട കഥയാണെങ്കിലും ഭാവനയില്‍ അത് അനുഭവിയ്ക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അത്രയൊന്നുമില്ലെങ്കിലും കുറച്ചുകൂടെ പിന്നോട്ട്, പരീക്ഷക്കാലം വരുമ്പോള്‍ ഉറക്കമിളച്ചിരുന്ന് മനപ്പാഠം പഠിയ്ക്കുന്നതും പരീക്ഷ എഴുതിയതും...റിസള്‍ട്ട് വരുമ്പോള്‍ പത്രത്തില്‍ പരതുന്നതും, അത് വെട്ടി ഓര്‍മകളില്‍ സൂക്ഷിക്കുന്നതും ഇന്നിപ്പോള്‍ ഈ കത്തെഴുതുന്നതുപോലെ സുഖമുള്ള ഒരനുഭൂതി.

ഞാനൊരു വിദ്യാര്‍ത്ഥിനിയാ; ണെന്‍ പാഠമിജ്ജീവിതം;
നൂനമെന്‍, ഗുരുനാഥരജ്ഞാതരേതോ ദിവ്യന്‍.

തിങ്കളും താരങ്ങളും തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
-------------
ആരല്ലെന്‍ ഗുരുനാഥ, രാരല്ലെന്‍ ഗുരുനാഥന്‍?
പാരിതിലെല്ലാമെന്നെപഠിപ്പിക്കുന്നുണ്ടേന്തോ
(എന്റെ വിദ്യാലയം-ഒളപ്പമണ്ണ)

ഇപ്പോള്‍ ഇത്രമാത്രം, നിര്‍ത്തുന്നു.

നിറഞ്ഞ സ്‌നേഹത്തോടെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി

ഭൂമി

English summary
An open Letter To Loard Saraswathi Devi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X