കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് മലയാളി യുഎഇയുടെ പൊതുമാപ്പിനു കാത്തുനില്‍ക്കുന്നില്ല? എം ബിജുശങ്കര്‍ എഴുതുന്നു!

  • By എം ബിജുശങ്കര്‍
Google Oneindia Malayalam News

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

അരനൂറ്റാണ്ടു പിന്നിടുന്ന മലയാളികളുടെ ഗള്‍ഫ് പ്രവാസത്തില്‍ 'പൊതുമാപ്പ്' എന്ന പ്രഖ്യാപനത്തിന് അര്‍ഥം മാറിവരികയാണ്. ജീവിതത്തിന്റെ പച്ചപ്പു തേടി അതി സാഹസികമായി കടല്‍ കടന്ന് മരുഭൂമിയില്‍ ജീവിതം ഹോമിച്ച മലയാളികളുടെ തലമുറ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. ഇന്നു ഗള്‍ഫ് രാജ്യങ്ങളിലെ പൊതുമാപ്പു പ്രഖ്യാപനത്തെ മലയാളി സ്വീകരിക്കുന്നത്, പ്രവാസ ഭൂമിയില്‍ നിര്‍വഹിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ്. മലയാളികളുടെ ജീവിതത്തില്‍ നിരന്തരം ഇടപെടാന്‍ തക്കവണ്ണം പ്രവാസ ഭൂമിയില്‍ സന്നദ്ധ പ്രവത്തനം വിപുലപ്പെട്ടതിനാല്‍, ദുരിതത്തിലായവര്‍ക്കു രാജ്യം വിടാന്‍ പൊതുമാപ്പു വരെ കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതായിരിക്കുന്നു.

ആയിരങ്ങൾക്ക് ആശ്വാസം.. യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ കാലാവധി ആയിരങ്ങൾക്ക് ആശ്വാസം.. യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ കാലാവധി

അഞ്ചു വര്‍ഷത്തിനു ശേഷം യു എ ഇയുടെ പൊതുമാപ്പു പ്രഖ്യാപനം വന്നിരിക്കുകയാണ്. വിസാ കാലാവധി കഴിഞ്ഞവരും മതിയായ രേഖകളില്ലാത്തവരുമായി യു എ ഇയില്‍ കഴിയുന്നവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടാനുള്ള അവസരമാണിത്. 2012 ല്‍ പൊതുമാപ്പു നല്‍കിയപ്പോള്‍ പാസ്‌പോര്‍ട്ടും മടക്കടിക്കറ്റുമുള്ള അനധികൃത താമസക്കാര്‍ക്ക് ഔട്ട് പാസുകള്‍ നല്‍കുകയാണു ചെയ്തത്. പിഴ പൂര്‍ണമായി ഒഴിവാക്കി രാജ്യം വിടാന്‍ അനധികൃത താമസക്കാര്‍ക്ക് ഈ പ്രഖ്യാപനം വഴിയൊരുക്കി. തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയയ കേസുകളില്‍ ഇമിഗ്രേഷന്‍ തടഞ്ഞു വച്ച പാസ്‌പോര്‍ട്ടുകള്‍ പൊതുമാപ്പു സമയത്ത് ഉടമസ്ഥര്‍ക്കു തിരിച്ചു നല്‍കിയിരുന്നു.

മലയാളികളുടെ ഗള്‍ഫ് പ്രവാസം മാറി

മലയാളികളുടെ ഗള്‍ഫ് പ്രവാസം മാറി

ഇത്തവണയും പൊതുമാപ്പു പ്രയോജനപ്പെടുത്തി നിരവധി പേര്‍ ശിക്ഷാ നടപടിയില്ലാതെ പിറന്ന മണ്ണിലേക്കു തിരിച്ചു പോവും. ഇത്തരം യാത്രയില്‍ മലയാളികള്‍ ഏറെയുണ്ടാവില്ലെന്നാണു പ്രവാസ ഭൂമി നല്‍കുന്ന സൂചന. 2016 ല്‍ ബഹ്‌റൈനില്‍ പൊതുമാപ്പു പ്രഖ്യാപിച്ചപ്പോള്‍ അവിടുത്തെ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഈ തിരിച്ചു പോക്കിനെ അടുത്തു നിന്നു കാണാന്‍ കഴിഞ്ഞു.

അന്നു പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ക്കൊപ്പം ബഹ്‌റൈന്‍ തൊഴിലിടങ്ങളിലൂടെ സഞ്ചരിച്ച ദിവസങ്ങള്‍ സവിശേഷമായ അനുഭവങ്ങളാണു പകര്‍ന്നത്. ഉരുവില്‍ കടല്‍ കടന്ന മലയാളികളുടെ ഗള്‍ഫ് പ്രവാസം അഞ്ചു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ഏറെ മാറിയിരിക്കുന്നു. പിറന്ന നാട്ടിലെന്ന പോലെ അന്തസ്സും സ്വാഭിമാനവും പ്രവാസ തൊഴില്‍ മേഖലയിലും മലയാളി കരസ്ഥമാക്കിക്കഴിഞ്ഞു.

വ്യക്തമായ ഉള്‍ക്കാഴ്ചയുള്ളവരാണ്

വ്യക്തമായ ഉള്‍ക്കാഴ്ചയുള്ളവരാണ്

പ്രവാസത്തെ കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച നേടാന്‍ മലയാളിക്കു കഴിഞ്ഞിരിക്കുന്നു. തന്റെ ജീവിതം മരുഭൂമിയില്‍ ഹോമിച്ച് കുടുംബത്തെ കരകയറ്റാനുള്ള യത്‌നം എന്ന നിലയില്‍ നിന്നു മലയാളിയുടെ പ്രവാസം കൃത്യമായ ലക്ഷ്യബോധത്തിലേക്കു മാറിക്കഴിഞ്ഞു. പൊതുമാപ്പിന്റെ ആനുകൂല്യംപറ്റാനുള്ള നീണ്ട വരിയില്‍ മലയാളികളുടെ തല കാണുന്നത് അപൂര്‍വമായിരിക്കുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ആ നീണ്ട നിരയില്‍ ഏറെയും.

ശ്രീലങ്ക, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരേയും കാണാം. ബംഗ്ലാദേശികളുടെ പ്രവാസം ഇന്നും അത്യന്തം ദയനീയമായി തുടരുന്നു. 'ബംഗാളി' എന്നും 'പച്ച' എന്നും വിളിക്കപ്പെടുന്ന ബംഗ്ലാദേശികളും പാക്കിസ്ഥാനികളും ഇന്നും പ്രവാസത്തില്‍ ജീവിതം ഹോമിക്കുന്നു. പത്തും ഇരുപതും വര്‍ഷമായി പിറന്ന നാട്ടിലേക്കു തിരിച്ചു പോകാത്തവര്‍...

പ്രവാസ ഭൂമിയിലെ അഥസ്ഥിത ജീവിതം

പ്രവാസ ഭൂമിയിലെ അഥസ്ഥിത ജീവിതം

തുച്ഛമായ വാടകക്കു ലഭിക്കുന്ന പഴയ കെട്ടിടത്തിലെ മുറികളില്‍ അന്‍പതും നൂറും പേര്‍ ഒരുമിച്ചു താമസിക്കുന്നു. കൊടിയ വേനലില്‍ തീപ്പിടിത്തമുണ്ടാവുമ്പോള്‍ ഇത്തരം താമസ കേന്ദ്രങ്ങളില്‍ കൂട്ടത്തോടെ പൊള്ളലേല്‍ക്കുകയോ മരിക്കുകയോ ചെയ്യുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ കെട്ടിനിര്‍മാണത്തിനിടെ വീണു ഗുരുതരമായി പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യുന്നു.

പഴം, പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നുപേക്ഷിക്കുന്നവ തരം തിരിച്ച് ട്രോളിയിലേറ്റി ആദായ വിലക്കു വില്‍ക്കുന്നു. സൈക്കിളില്‍ വെള്ളവുമേറ്റിച്ചെന്ന് പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളില്‍ കാറുകഴുകുന്നു. മാലിന്യകൂമ്പാരങ്ങള്‍ ചികഞ്ഞ് പ്ലാസ്റ്റിക്കും ഹാര്‍ഡ്‌ബോര്‍ഡും ശേഖരിച്ചു വില്‍ക്കുന്നു... അങ്ങിനെ ഇന്നും പ്രവാസ ഭൂമിയില്‍ അഥസ്ഥിത ജീവിതം തള്ളിനീക്കുകയാണു ബംഗ്ലാദേശികള്‍ ഏറെയും...

നിര്‍മാണ മേഖലയിലെ മലയാളി സാന്നിധ്യം കുറഞ്ഞു

നിര്‍മാണ മേഖലയിലെ മലയാളി സാന്നിധ്യം കുറഞ്ഞു

കടല്‍ കടന്നെത്തിയാല്‍ പാസ്‌പോര്‍ട്ട്, വര്‍ക്ക് പെര്‍മിറ്റ് , തിരിച്ചറിയല്‍ രേഖ എന്നിവയെല്ലാം ഭാരമായികരുതുന്നവരാണു ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള തൊഴിലാളികളേറെയും. മനുഷ്യക്കടത്ത്, പെണ്‍വാണിഭം പോലുള്ള ഗുരുതര നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെടുന്നവരില്‍ ഏറെയും ഇവര്‍ തന്നെ. കിട്ടുന്ന പണം ചൂതാട്ട കേന്ദ്രങ്ങളിലും മദ്യ ശാലകളിലും പറപ്പിച്ചു കളയുന്നു അവര്‍.

ഒരു മെയ്ദിനത്തില്‍ കെട്ടിട നിര്‍മാണ മേഖലയിലെ തൊഴിലാളികളെ തേടി ഞങ്ങള്‍ പോയിരുന്നു. നിര്‍മാണ മേഖലയില്‍ നിന്നു മലയാളികള്‍ സമ്പൂര്‍ണമായി പിന്‍മാറിയിരിക്കുന്നതായി ആ യാത്ര വ്യക്തമാക്കിത്തന്നു. കത്തുന്ന വേനലില്‍ പൊള്ളിക്കുന്ന മരുക്കാറ്റില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ ജോലി ചെയ്യാന്‍ ഇന്നു മലയാളികള്‍ ഇല്ല. ഇടുങ്ങിയതും വിങ്ങുന്നതുമായ ലേബര്‍ ക്യാമ്പുകളില്‍ മലയാളികളുടെ എണ്ണം വിരളമായിരിക്കുന്നു.

മലയാളി സംഘടനകളും രംഗത്ത്

മലയാളി സംഘടനകളും രംഗത്ത്

ഫ്രീവിസ എന്ന വഴിയിലൂടെ കടല്‍ കടന്നെത്തുന്നവരാണ് അനധികൃത പ്രവാസികളില്‍ ഏറെയും. സ്വദേശികള്‍ വില്‍പ്പന നടത്തുന്ന വിസയില്‍ വന്നിറങ്ങുന്ന അവര്‍ പുറത്ത് തൊഴില്‍ തേടിയിറങ്ങുന്നു. തൊഴിലാളി തന്നില്‍ നിന്ന് ഒളിച്ചോടിയതായി പോലീസില്‍ പരാതി നല്‍കി തൊഴിലുടമ സുരക്ഷിതനാവുകയും ചെയ്യുന്നു.

2016 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ നിലനിന്നിരുന്ന ബഹ്‌റൈന്‍ പൊതുമാപ്പ് കാലയളവില്‍ പൊതുമാപ്പിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ ക്യാമ്പയിന്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു മലയാളികള്‍. കേരളത്തിലെ ഒരു തെരഞ്ഞെടുപ്പു പ്രചാരണത്തെ ഓര്‍മിപ്പിക്കും വിധം റോഡ് ഷോകളും പോസ്റ്റര്‍, ലഘുലേഖ പ്രചാരണങ്ങളുമായി മലയാളി സംഘടനകള്‍ രംഗം നിറഞ്ഞു നിന്നു.

മലയാളികളുടെ പ്രചാരണങ്ങൾ ഗുണം ചെയ്യുന്നു

മലയാളികളുടെ പ്രചാരണങ്ങൾ ഗുണം ചെയ്യുന്നു

കെ എം സി സി പോലുള്ള പ്രസ്ഥാനങ്ങള്‍ ഇതിനായി ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ)യുമായി സഹകരിച്ചു വലിയ പ്രചാരണ പ്രരിപാടികള്‍ ഏറ്റെടുത്തു. ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജം, പ്രതിഭ, ഒ ഐ സി സി തുടങ്ങിയ പ്രസ്ഥാനങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു.

ഇതിന്റെ പേരില്‍ കെ എം സി സിയെ ബഹ്‌റൈന്‍ സര്‍ക്കാര്‍ അനുമോദിക്കുകയും ചെയ്തു. ലക്ഷ്യബോധമില്ലാതെ അലയുന്ന അനധികൃത താമസക്കാരായ ബംഗ്ലാദേശുകാരും പാക്കിസ്ഥാനികളും മലയാളികളുടെ പ്രചാര വേലയില്‍ നിന്നാണു രാജ്യത്തു പൊതുമാപ്പു പ്രഖ്യാപിച്ച കാര്യം പോലും അറിഞ്ഞത്.

കൈത്താങ്ങാകാന്‍ സാധ്യതകളുണ്ട്

കൈത്താങ്ങാകാന്‍ സാധ്യതകളുണ്ട്

2016 ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നിലനിന്ന പൊതുമാപ്പു കാലയളവില്‍, നാട്ടിലേക്കു തിരിച്ച അനധികൃത താമസക്കാരില്‍ മലയാളികളുടെ എണ്ണം നാമമാത്രമായിരുന്നു. മലയാളി സന്നദ്ധ പ്രവര്‍ത്തനം പ്രവാസ ഭൂമിയില്‍ എത്രമാത്രം സജീവമാണ് എന്നതിന്റെ തെളിവായിരുന്നു ഇത്. ഇന്നു പ്രവാസ ഭൂമിയില്‍ രേഖകളില്ലാതെ ഒറ്റപ്പെട്ടു പോകുന്ന മലയാളികള്‍ക്കു കൈത്താങ്ങാകാന്‍ നിരവധി സാധ്യകളാണുള്ളത്.

സന്നദ്ധ പ്രവര്‍ത്തനത്തിന്റേയും ജീവകാരുണ്യത്തിന്റേയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും സംഘടനകളും നിരവധിയാണ്. തൊഴില്‍ പീഢനത്തിനിരയാവുന്നവരെക്കുറിച്ചോ രേഖകളില്ലാതെ കഴിയുന്നവരെ കുറിച്ചോ വിവരം ലഭിച്ചാല്‍ അവര്‍ എത്ര വിദൂരതയിലാണെങ്കിലും അന്വേഷിച്ചു കണ്ടെത്തി ഇന്ത്യന്‍ എംബസ്സിയിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു നിരതന്നെ പ്രവാസ ഭൂമിയിലുണ്ട്.

പ്രവാസ ഭൂമിയിലെ സന്നദ്ധ പ്രവര്‍ത്തകർ

പ്രവാസ ഭൂമിയിലെ സന്നദ്ധ പ്രവര്‍ത്തകർ

സ്വന്തം കച്ചവട സ്ഥാപനത്തിനും തൊഴിലിനും അവധി നല്‍കി ഇത്തരം മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ ഓടുന്ന എത്രയോ മലയാളി സന്നദ്ധ പ്രവര്‍ത്തകരെ പ്രവാസ ഭൂമിയില്‍ കാണാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ, ദുരിതത്തില്‍ പെടുന്ന മലയാളികള്‍ പൊതുമാപ്പു കാലാവധി വരെ കാത്തു നില്‍ക്കാതെ സ്വദേശത്ത് എത്തിച്ചേരുന്നു.

നിയമ വിരുദ്ധമായി തങ്ങേണ്ടി വരുന്ന മലയാളികളില്‍ ഏറെയും, പല തരത്തിലുള്ള വഞ്ചനയില്‍ പെട്ടു പ്രവാസഭൂമിയില്‍ അലയാന്‍ വിധിക്കപ്പെട്ടവരാണ്. ബിസ്സിനസ്സ് തകര്‍ന്നവര്‍, വ്യാപാര പങ്കാളികളാല്‍ വഞ്ചിക്കപ്പെട്ടവര്‍, നാട്ടിലെ ബന്ധുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നവര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍, മനോനില തകര്‍ന്നവര്‍ തുടങ്ങിയവരാണ് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷിക്കുന്നവരേറെയും.

മലയാളികൾ കാത്തു നിര്‍ക്കേണ്ടി വരുന്നില്ല

മലയാളികൾ കാത്തു നിര്‍ക്കേണ്ടി വരുന്നില്ല

ഇവരെ നിയമക്കുരുക്കില്‍ നിന്നു രക്ഷിക്കാനും നഷ്ടപരിഹാരങ്ങള്‍ വാങ്ങി നല്‍കാനും ഇന്ത്യന്‍ എംബസ്സിയോടൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നിരതന്നെയുണ്ട്. ഇത്തരക്കാര്‍ക്കു നാട്ടിലേക്കു ടിക്കറ്റു നല്‍കാന്‍ മനുഷ്യസ്‌നേഹികള്‍ രംഗത്തു വരുന്നു. ഇങ്ങനെ തിരിച്ചു പോകുന്നവര്‍ക്ക്, നാട്ടിലെ ബന്ധുക്കള്‍ക്കു നല്‍കാന്‍ സമ്മാനപ്പൊതികള്‍ വരെ നല്‍കുന്ന സംഘടനകള്‍ പ്രവാസ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നു.

വീട്ടുവേലക്കാരായി എത്തി തൊഴിലുടമയുടെ പീഢനത്തിനിരയായ സ്ത്രീകള്‍ മുതല്‍ പലതരത്തില്‍ വഞ്ചിക്കപ്പെട്ട് തലചായ്ക്കാന്‍ പോലും ഇടമില്ലാതെ പൊള്ളുന്ന വേനലിലും മരം കോച്ചുന്ന തണുപ്പിലും പാര്‍ക്കിലും മറ്റും കഴിഞ്ഞ എത്രയോ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ സാമൂഹിക പ്രവര്‍ത്തകര്‍ സദാ ജാഗരൂഗരായതിനാല്‍ പൊതുമാപ്പിന്റെ നാളുകള്‍ക്കായി മലയാളികള്‍ക്കു കാത്തു നിര്‍ക്കേണ്ടി വരുന്നില്ല.

പൊതുമാപ്പു പ്രയോജനപ്പെടുത്തിവർ എത്ര?

പൊതുമാപ്പു പ്രയോജനപ്പെടുത്തിവർ എത്ര?

ബഹ്‌റൈനില്‍ 2016 ല്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് 60,000ത്തിലേറെ അനധികൃത താമസക്കാരുണ്ടെന്നായിരുന്നു അധികൃതര്‍ കണക്കാക്കിയത്. 42,019 പേരാണ് ആറുമാസത്തെ പൊതുമാപ്പു പ്രയോജനപ്പെടുത്തിയത്. 17,000 പേര്‍ രാജ്യം വിട്ടപ്പോള്‍ മറ്റുള്ളവര്‍ രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്തു തുടരുകയായിരുന്നു.

പൊതുമാപ്പ് അവസാനിച്ചിട്ടും രാജ്യത്ത് 36,000 അനധികൃത സാമസക്കാരുണ്ടെന്ന് എല്‍ എം ആര്‍ എ കണ്ടെത്തി. അനധികൃത താസമക്കാര്‍ക്കു നിയമവിധേയമായി ജോലി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഫ്‌ലക്‌സി പെര്‍മിറ്റ് സംവിധാനം നടപ്പാക്കി പ്രവാസികളെ സഹായിക്കുന്ന സമീപനവും രാജ്യം സ്വീകരിക്കുകയുണ്ടായി.

മുഖം മാറിയ ഗള്‍ഫ് പ്രവാസം

മുഖം മാറിയ ഗള്‍ഫ് പ്രവാസം

പ്രവാസം തിരിച്ചു പോക്കിനു വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എണ്ണ വിലയിടിവും സ്വദേശി വല്‍ക്കരണവും പ്രവാസത്തിനു കനത്ത പ്രഹരമേല്‍പ്പിക്കുന്നു. എന്നാല്‍ മലയാളി പ്രവാസത്തിന്റെ പുതിയ സാധ്യതകളാണു പ്രയോജനപ്പെടുത്തുന്നത്. കൂലിപ്പണിയെടുത്തു സമാഹരിച്ച ചെറിയ തുകകൊണ്ട് കച്ചവട സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയവരുടെ തലമുറ, ഇന്നു കച്ചവടത്തിന്റെ തുടര്‍ച്ചക്കാരല്ല.

ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവും കൈവരിച്ച പുതിയ തലമുറ അതിനനുസൃതമായ മേഖലയിലേക്കു സഞ്ചരിക്കുന്നു.അതിനാല്‍ തന്നെ തലമുറകളായി മലയാളികള്‍ കൈവശം വച്ച കോള്‍ഡ് സ്‌റ്റോര്‍, ബക്കാല (മസാലക്കടകള്‍), കഫ്റ്റീരിയ എന്നിവയെല്ലാം ബംഗ്ലാദേശുകാരും പാക്കിസ്ഥാനികളുംകൈവശപ്പെടുത്തുന്നു. കഴിവും യോഗ്യതയുമുള്ള മലയാളികളുടെ തൊഴില്‍ മേഖലയായി ഗള്‍ഫ് പ്രവാസം മുഖം മാറ്റിയിരിക്കുന്നു.

English summary
Senior journalist Biju Sankar writes as UAE announced Grace period for illegal residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X