കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ബാങ്കും ബിജെപിയുടെ 'മിഷന്‍ 350 പ്ലസും'... എം ബിജുശങ്കര്‍ എഴുതുന്നു

  • By എം ബിജുശങ്കര്‍
Google Oneindia Malayalam News

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

നോട്ട് നിരോധനത്തിന്റെ മറവില്‍ ബി ജെ പി സമാഹരിച്ച കോടാനുകോടികളുടെ സമ്പാദ്യത്തെ കുറിച്ചു വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ വരുന്ന പാര്‍ലിമെന്റിലേക്കു കരുതിവയ്ക്കുന്ന പുതിയ പ്രചാരണ തന്ത്രങ്ങളിലേക്കുള്ള സൂചനകളാണു പുറത്തു വിടുന്നത്. ത്രിപുരയില്‍ പരീക്ഷിച്ചു വിജയിച്ച പണത്തിന്റെ ഇന്ദ്രജാലം. 2014 ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവത്തെ മുന്‍ നിര്‍ത്തിയുള്ള പ്രചണ്ഡമായ പ്രചാരവേലകളായിരുന്നു ബി ജെ പിയെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പു തന്ത്രം.

സൗദി അറേബ്യ: ഡ്രൈവിങ്ങ് സീറ്റില്‍ വനിതകള്‍ ഇരിക്കുമ്പോള്‍... എം ബിജുശങ്കര്‍ എഴുതുന്നു സൗദി അറേബ്യ: ഡ്രൈവിങ്ങ് സീറ്റില്‍ വനിതകള്‍ ഇരിക്കുമ്പോള്‍... എം ബിജുശങ്കര്‍ എഴുതുന്നു

ഗ്രാമഗ്രാമാന്തരങ്ങളെയും നഗരങ്ങളേയും ഇളക്കി മറിച്ചുകൊണ്ട് നരേന്ദ്രമോഡിയെന്ന ബിംബം പ്രതിഷ്ഠിക്കപ്പെട്ടു. അതിനു പെയ്ഡ് ന്യൂസ് അടക്കമുള്ള മസ്തിഷ്‌ക പ്രക്ഷാളന തന്ത്രങ്ങള്‍ പെയ്തിറങ്ങിയതായി പിന്നീട് വെളിപ്പെടുത്തപ്പെട്ടു. ഊതിവീര്‍പ്പിച്ച വ്യക്തിപ്രഭാവത്തിന് അധികനാള്‍ നിലനില്‍ക്കാനാവില്ലെന്നു പിന്നീടുള്ള നാളുകള്‍ തെളിയിച്ചു.

മോദി പ്രഭാവം മങ്ങുന്നു...

മോദി പ്രഭാവം മങ്ങുന്നു...

സ്വര്‍ണ നൂലില്‍ കൊരുത്ത കോട്ടിട്ട ആഡംബര പ്രിയത്വം മുതല്‍ ഒടുങ്ങാത്ത ലോക സഞ്ചാരവും മാധ്യമങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമെല്ലാം ആ വ്യക്തി പ്രഭാവത്തിന്റെ കാറ്റഴിച്ചു വിട്ടു. സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ എത്തിക്കുമെന്ന പാഴ് പ്രഖ്യാപനം മുതല്‍ നോട്ടു നിരോധനവും ജി എസ് ടിയും അടിക്കടിയുള്ള ഇന്ധന വിലക്കയറ്റവുമെല്ലാം ആ വ്യക്തി പ്രഭാവത്തെ തകര്‍ത്തു കളഞ്ഞു.

വന്‍കിട കോര്‍പറേറ്റുകള്‍ക്കു ജനങ്ങളുടെ പണം കൊള്ളയടിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചു. വര്‍ഗീയ ധ്രുവീകരണം ശക്തമാവുകയും ദലിതുകള്‍ക്കെതിരായ പീഢനങ്ങള്‍ പെരുകുകയും ചെയ്തു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊല, അസഹിഷ്ണുത, വിദ്വേഷ പ്രചാരണം എല്ലാം മോഡി പ്രഭാവത്തെ തളര്‍ത്തി.

അമിത് ഷായുടെ മിഷന്‍ 350 പ്ലസ്

അമിത് ഷായുടെ മിഷന്‍ 350 പ്ലസ്

പ്രതിസന്ധിയില്‍ തങ്ങളെ രക്ഷിക്കാനെത്താറുള്ള ശത്രുരാജ്യവുമായുള്ള യുദ്ധം, വര്‍ഗീയ സംഘര്‍ഷങ്ങള്‍മൂലമുള്ള ധ്രുവീകരണം എന്നീ പരമ്പരാഗത തന്ത്രങ്ങള്‍ക്കപ്പുറം പണത്തിന്റെ പ്രയോഗം തന്നെയായിരിക്കും അവര്‍ ലക്ഷ്യമിടുക. അമിത് ഷാ നേതൃത്വം നല്‍കുന്ന 'മിഷന്‍ 350 പ്ലസ്' പണക്കിലുക്കത്തെ അടിസ്ഥാനമാക്കിയുള്ള തന്ത്രമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

'വോട്ടിനു നോട്ട്' തന്ത്രം വരുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പി പച്ചയായി പ്രയോഗിക്കും. അങ്ങിനെ ഹിന്ദി ബെല്‍ട്ടില്‍ നിന്നു നഷ്ടമാകുമെന്നുറപ്പുള്ള സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ കണ്ടെത്താനാണ് 'മിഷന്‍ 350 പ്ലസ്' നടപ്പാക്കുന്നത്. അമ്പാനിയും അദാനിയും അണിയറയില്‍ നിന്നു കരുക്കള്‍ നീക്കുന്ന പണരാഷ്ട്രീയത്തിനു പകരം, പണം നേരിട്ടു പ്രവഹിക്കുന്ന കച്ചവട തന്ത്രമായിരിക്കും വരുന്ന തെരഞ്ഞെടുപ്പില്‍ കാണാനാവുകയെന്നു വ്യക്തമായിക്കഴിഞ്ഞു.

എന്തിന് വേണ്ടിയായിരുന്നു നോട്ട് നിരോധനം?

എന്തിന് വേണ്ടിയായിരുന്നു നോട്ട് നിരോധനം?

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോടികള്‍ കൊണ്ട് എം എല്‍ എ മാര്‍ക്കു വിലപറഞ്ഞപ്പോള്‍ നടുങ്ങിയ ജനാധിപത്യത്ത്യത്തിന് ഈ പണമൊഴുകുന്ന കാഴ്ചക്കുമുമ്പില്‍ അമ്പരന്നു നില്‍ക്കേണ്ടി വരും. ത്രിപുരയെ പോലെ കൂടോടെ ബി ജെ പി ക്യാമ്പിലേക്ക് ഒഴുകാന്‍ കാത്തിരിക്കുന്നവരെ മിക്ക സംസ്ഥാനങ്ങളിലും പണം മാടി വിളിക്കും. കള്ളപ്പണം കണ്ടുകെട്ടാനെന്ന പേരില്‍ രാജ്യത്തു നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ ആത്യന്തിക ലക്ഷ്യം എന്തായിരുന്നുവെന്ന് ഇന്ത്യ മനസ്സിലാക്കാന്‍ പോവുന്നതേയുള്ളൂ.

നരേന്ദ്രമോഡിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാജിവച്ചത് നോട്ട് നിരോധനം എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നോട്ട് പിന്‍വലിക്കലിന്റെ തട്ടിപ്പു വെളിപ്പെടുത്തിക്കൊണ്ടു ഗുജറാത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഞെട്ടിപ്പിക്കുന്ന കണക്കുകൾ

നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനുള്ളില്‍ ഗുജറാത്തില്‍ ബി ജെ പി നിയന്ത്രിക്കുന്ന രണ്ട് സഹകരണ ബാങ്കുകളിലായി 1500 കോടിയോളം രൂപ നിക്ഷേപിച്ചതിന്റെ വിവരം വെളിപ്പെട്ടു. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ 745.59 കോടി രൂപയുടെ പിന്‍വലിച്ച നോട്ടുകളാണ് എത്തിയത്.

സംസ്ഥാനത്തെ മുതിര്‍ന്ന ബി ജെ പി നേതാവും മന്ത്രിയുമായ ജയേഷ്ഭായ് വിത്തല്‍ഭായ് റദാദിയ ചെയര്‍മാനായ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് 693.19 കോടി രൂപ. ഈ നിക്ഷേപങ്ങളുടെ ഉറവിടം കൃത്യമായി വെളിപ്പെടുത്താന്‍ രണ്ടു ബാങ്കുകളും തയ്യാറായില്ല. നോട്ടു നിരോധന പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ബംഗാളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി ജെ പിയുടേതായി 500, 1000 നോട്ടുകള്‍ കൂട്ടത്തോടെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. ചിലയിടങ്ങളില്‍ വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും വിവരങ്ങള്‍ പുറത്തുവന്നു.

സംഭാവനയില്‍ വൻ വർധനവ്

സംഭാവനയില്‍ വൻ വർധനവ്

നോട്ടു പിന്‍വലിക്കലിനെത്തുടര്‍ന്നുള്ള അഞ്ചു ദിവസത്തിനുള്ളില്‍ ഗുജറാത്തിലെ ബി ജെ പി നിയന്ത്രണത്തിലുള്ള 11 ജില്ലാ സഹകരണ ബാങ്കിലായി 3118.51 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. 2016 നവംബര്‍ എട്ടിന് നാടകീയമായാണ് നരേന്ദ്ര മോഡി 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നത് . സംഘപരിവാര നേതൃത്വത്തിന് ഈ തീരുമാനം മുന്‍കൂട്ടി അറിയാമായിരുന്നുവെന്നതു വ്യക്തമായിക്കഴിഞ്ഞു.

ബി.ജെ.പി സമര്‍പ്പിച്ച വരുമാന നികുതി കണക്കുകള്‍ പ്രകാരം 2015-16, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ ബി.ജെ.പിയുടെ വരുമാനത്തില്‍ 81.18 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 570.86 കോടിയില്‍ നിന്നു വരുമാനം 1034 കോടിയായി കുതിച്ചുയര്‍ന്നു. രാഷ്ടീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന പണത്തിന്റെ ദാതാക്കളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന സൗകര്യമുള്ളതിനാല്‍ ബി ജെ പിക്ക് ലഭിച്ച 1034 കോടിയില്‍ 997.12 കോടിയുടേയും ദാതാക്കള്‍ ഇരുട്ടില്‍ നില്‍ക്കുന്നു.

മോദിപ്രഭാവത്തിന് പകരം എന്ത്?

മോദിപ്രഭാവത്തിന് പകരം എന്ത്?

ഊതി വീര്‍പ്പിച്ച മോഡി പ്രഭാവം 2019 ലെ തിരഞ്ഞെടുപ്പില്‍ വിലപ്പോവില്ലെന്നു ബി ജെ പി നേരത്ത വിലയിരുത്തിയിരുന്നു. അതിനാല്‍ പുതിയ തന്ത്രങ്ങള്‍ ആവശ്യമാണെന്നു കണ്ടതിനാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ബി ജെ പി പദ്ധതി തയ്യാറാക്കിയുന്നു. 'മിഷന്‍ 350 പ്ലസ്' എന്നു പേരിലാണ് ഈ തന്ത്രം വെളിപ്പെട്ടത്. 150 പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തി 350 സീറ്റുറപ്പിക്കാനുള്ള തന്ത്രമാണ് ഇതിലൂടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയ്യാറാക്കിയത്.

വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചാണ് ഈ പദ്ധതിക്കായി അമിത് ഷാ വിവര ശേഖരണം നടത്തിയത്. തുടര്‍ന്നു പാര്‍ട്ടി സംസ്ഥാന ഘടകങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും ചേര്‍ത്താണു പദ്ധതി തയ്യാറാക്കിയത്. അഞ്ചു ലോക സഭാ സീറ്റുകള്‍ അടങ്ങുന്ന ക്ലസ്റ്ററുകള്‍ ഉണ്ടാക്കി കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉന്നത പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കു പ്രവര്‍ത്തനം വീതിച്ചു നല്‍കി. നാലുമാസം കൂടുമ്പോള്‍ സര്‍വേ നടത്തി ജനങ്ങളുടെ ചിന്താഗതി മനസ്സിലാക്കുന്നു.

പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ...

പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ...

അടുത്ത തെരഞ്ഞെടുപ്പില്‍ നിലവിലുള്ള 150 സീറ്റുകള്‍ ബി ജെ പിക്കു നഷ്ടപ്പെടുമെന്നു ആഭ്യന്തര സര്‍വേയില്‍ പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതു മറികടക്കാന്‍ കര്‍ണാടക, തെലങ്കാന, ഓഡീഷ, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നായി 150 സീറ്റുകള്‍ കണ്ടെത്താനാണു പദ്ധതി തയ്യാറാക്കിയത്.

ഇതിനായി ആറു നേതാക്കള്‍ക്ക് ഈ സംസ്ഥാനങ്ങളുടെ പ്രത്യേക ചുമതല നല്‍കി. വോട്ടുകള്‍ ഏതുവിധേനയും കരസ്ഥമാക്കാനുള്ള തന്ത്രങ്ങളാണ് ഈ മണ്ഡലങ്ങളില്‍ പ്രയോഗിക്കാന്‍ കരുതി വച്ചിരിക്കുന്നത്. അവിടെയാണു പണത്തിന്റെ നഗ്നമായ പ്രയോഗം കാത്തിരിക്കുന്നത്.
ജെ പി നദ്ദ -പശ്ചിമ ബംഗാള്‍, രവിശങ്കര്‍ പ്രസാദ്-അസ്സം, ധര്‍മേന്ദ്ര പ്രധാന്‍-കേരളം, പീയുഷ് ഗോയല്‍-തമിഴ് നാട്, നിര്‍മല സീതാരാമന്‍-കര്‍ണാടക എന്നിവരാണു പുതിയ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പട്ട നേതാക്കള്‍.

സംഘ ബുദ്ധിയുടെ അപാരത...

സംഘ ബുദ്ധിയുടെ അപാരത...

150 മണ്ഡലങ്ങളിലേക്ക് 600 മുഴുവന്‍ സമയ പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു കഴിഞ്ഞു. ഇവര്‍ ത്രിപുരയില്‍ പ്രവര്‍ത്തിച്ചതുപോലെ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവരാണ്. പണവും അധികാരവും ഏതുവിധേനെയെല്ലാം പ്രയോഗിക്കാമെന്നതിന്റെ പരീക്ഷണ ശാലയായിരുന്നു ത്രിപുര നിയമ സഭാ തെരഞ്ഞെടുപ്പ്. ഈ പരീക്ഷണ വിജയത്തെ പിന്‍പറ്റിയായിരിക്കും 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ മിഷന്‍ 350 പ്ലസ് നടപ്പാക്കുക.

വോട്ടിനു പകരം നോട്ട് എന്ന നഗ്നമായ കച്ചവടം തന്നെയായിരിക്കും 'മിഷന്‍ 350 പ്ലസ്' എന്നു കള്ളപ്പണ വേട്ടയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ പണം എന്നും നിര്‍ണായകമായിരുന്ന പശുബെല്‍ട്ടില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ്സു തകര്‍ക്കാന്‍ കഴിഞ്ഞുവെന്നതും സംഘ ബുദ്ധിയുടെ അപാരത തന്നെ.

എന്തുകൊണ്ട് ഇന്നത്തെ മലയാളി യുഎഇയുടെ പൊതുമാപ്പിനു കാത്തുനില്‍ക്കുന്നില്ല? എം ബിജുശങ്കര്‍ എഴുതുന്നു!എന്തുകൊണ്ട് ഇന്നത്തെ മലയാളി യുഎഇയുടെ പൊതുമാപ്പിനു കാത്തുനില്‍ക്കുന്നില്ല? എം ബിജുശങ്കര്‍ എഴുതുന്നു!

English summary
Senior journalist Biju Sankar writes as Rs 3,118 crore deposited in banks linked to Amit Shah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X