കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ: ഡ്രൈവിങ്ങ് സീറ്റില്‍ വനിതകള്‍ ഇരിക്കുമ്പോള്‍... എം ബിജുശങ്കര്‍ എഴുതുന്നു

  • By എം ബിജുശങ്കര്‍
Google Oneindia Malayalam News

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

സൗദി അറേബ്യയില്‍ നിന്നു സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കിങ്ങ് ഫഹദ് കോസ്‌വേ കടന്നു വരുന്നവരുടെ പ്രവാഹത്തിനു സാക്ഷിയാണ് ബഹ്‌റൈന്‍. എല്ലാ വ്യാഴാഴ്ചയും കോസ് വേ വാഹനത്തിരക്കു മൂലം വീര്‍പ്പു മുട്ടും. വെള്ളിയാഴ്ചയുടെ അവധി ദിനത്തില്‍ ബഹ്‌റൈനിലെ എല്ലാ ഹോട്ടലുകളും അപ്പാര്‍ട്ടുമെന്റുകളും ഡാന്‍സ് ബാറുകളും നിറഞ്ഞു കവിയും. ഈ ദിനങ്ങളില്‍ ബഹ്‌റൈനിലെ റോഡുകള്‍ സൗദി റജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കൊണ്ടു നിറയും. കൊണ്ടുവന്ന പണം മുഴുവന്‍ ബഹ്‌റൈനില്‍ ധൂര്‍ത്തടിച്ചു തിരിച്ചു പോകാന്‍ കാശിനായി അലയുന്ന സൗദി യുവാക്കള്‍ ചിലപ്പോള്‍ ബഹ്‌റൈന്‍ തെരുവില്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി കൈനീട്ടും.

എന്തുകൊണ്ട് ഇന്നത്തെ മലയാളി യുഎഇയുടെ പൊതുമാപ്പിനു കാത്തുനില്‍ക്കുന്നില്ല? എം ബിജുശങ്കര്‍ എഴുതുന്നു!എന്തുകൊണ്ട് ഇന്നത്തെ മലയാളി യുഎഇയുടെ പൊതുമാപ്പിനു കാത്തുനില്‍ക്കുന്നില്ല? എം ബിജുശങ്കര്‍ എഴുതുന്നു!

സ്വച്ഛന്ദമായ ബഹ്‌റൈന്‍ രാഷ്ട്രത്തിന്റെ അന്തരീക്ഷത്തെ സൗദിയില്‍ നിന്നുള്ള ഈ ഒഴുക്കു ബാധിക്കുമെങ്കിലും ബഹ്‌റൈനിന്റെ വരുമാനത്തില്‍ വലിയൊരളവ് ഈ 'വിനോദ സഞ്ചാര'ത്തില്‍ നിന്നാണെന്നതിനാല്‍ കോസ് വേയിലെ തിരക്ക് രാജ്യത്തിനെന്നപോലെ ബഹ്‌റൈന്‍ വ്യാപാരി സമൂഹത്തിനും ആഹ്ലാദകരം തന്നെ. സൗദിയില്‍ നിന്നെത്തുന്ന പുരുഷാരത്തിനായി വിഭവങ്ങള്‍ കാത്തുവച്ചു ബഹ്‌റൈന്‍ കമ്പോളം കാത്തിരിക്കുന്നു. ആ കടല്‍പ്പാലത്തിനിപ്പുറം മറ്റൊരു ലോകമാണെന്നു കടല്‍ കടന്നെത്തുന്ന സൗദി പൗരന്മാര്‍ക്കറിയാം.

അത്ഭുതക്കാഴ്ചയായിരിക്കും...

അത്ഭുതക്കാഴ്ചയായിരിക്കും...

സ്ത്രീകള്‍ അനുഭവിക്കുന്ന തുല്യത തന്നെ അവര്‍ക്ക് അത്ഭുതക്കാഴ്ചയായിരിക്കും. വാഹനമോടിച്ചു പോകുന്ന മുസ്‌ലിം സ്ത്രീ എന്നും അവര്‍ക്ക് ഒരപൂര്‍വതയായിരുന്നു. ലോകം ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ ചിറകേറി മുന്നേറുമ്പോള്‍ സൗദി സ്ത്രീകള്‍ക്കു വാഹനത്തിന്റെ വളയംപോലും വിലക്കപ്പെട്ട കനിയായിരുന്നു ഇത്രയും നാള്‍. ഞായറാഴ്ച പുലര്‍ന്നതോടെ സൗദിയുടെ ചരിത്രം മറ്റൊരു ദിശയില്‍ പ്രവഹിക്കുകയാണ്.

പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനവുമായി നിരത്തിലിറങ്ങുന്നു.
ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളാകാന്‍ ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ് നേടിയിരിക്കുന്നത് സ്വദേശികളും വിദേശികളുമായ 54,000 പേരാണ്. എഴുപതിനായിരം സ്ത്രീകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുവാനുള്ള വന്‍ സജ്ജീകരണങ്ങളാണ് പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി ഒരുക്കിയത്.

സൗദി സ്ത്രീകള്‍ തയ്യാറായിക്കഴിഞ്ഞു

സൗദി സ്ത്രീകള്‍ തയ്യാറായിക്കഴിഞ്ഞു

സ്ത്രീകള്‍ക്കു വാഹനം ഓടിക്കാന്‍ അനുമതിയില്ലാത്ത ഏക ഗള്‍ഫ് രാജ്യമെന്ന അപകീര്‍ത്തിയില്‍ നിന്നു സൗദി ഇതോടെ മുക്തമായി. കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമെ ഹെവി വാഹനങ്ങള്‍ ഓടിക്കാനും സൗദി സ്ത്രീകള്‍ തയ്യാറായിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ ലൈസന്‍സ് നേടിയവര്‍ക്കു സൗദിയിലേക്കു മാറാനും അവസരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 26 നു രാത്രിയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടു ചരിത്ര പരമായ ഉത്തരവു പുറപ്പെടുവിച്ചത്.

സ്ത്രീകള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനു മതപരമായ വിലക്കില്ലെന്ന് ഉന്നത പണ്ഡിതസഭയുടെ അഭിപ്രായവും രാജാവ് ചൂണ്ടിക്കാണിക്കുകയുണ്ടായി. അങ്ങിനെ 2018 ജൂണ്‍ 24 സൗദിയുടെ ചരിത്രത്തില്‍ സുപ്രധാന ഏടായിത്തീര്‍ന്നു. ലോക മുസ്‌ലിംകളുടെ പുണ്യഗേഹങ്ങള്‍ കുടികൊള്ളുന്ന സൗദി അറേബ്യ ആഗോള മാനവ മുന്നേറ്റങ്ങള്‍ക്കനുസൃതമായി മുഖം മാറുന്നതിന്റെ നിരവധി സൂചനകള്‍ അടുത്ത കാലത്തു പുറത്തു വരാന്‍ തുടങ്ങി. കാഴ്ചപ്പാടിലും വീക്ഷണത്തിനും ഒരു രാഷ്ട്രം തങ്ങളുടെ പ്രജകളെ വിശ്വമാനവരാക്കി മാറ്റാന്‍ ശ്രമിക്കുന്നതിന്റെ അടയാളങ്ങളാണതിലേറെയും.

ഡ്രൈവിങില്‍ മാത്രം നിൽക്കില്ല

ഡ്രൈവിങില്‍ മാത്രം നിൽക്കില്ല

കാറോടിച്ച് നിരത്തിലിറങ്ങുന്നതിനു പിന്നാലെ സൗദി സ്ത്രീകള്‍ സ്വന്തമായി വ്യാപാര സ്ഥാപനങ്ങളും ബിസിനസ് ശൃംഖലകളും പടുത്തുയര്‍ത്തും. പുരുഷന്റെ സാക്ഷ്യപത്രമില്ലാതെ തിരിച്ചറിയല്‍ കാര്‍ഡു നേടാനും പുരുഷന്റെ അകമ്പടിയില്ലാതെ അവര്‍ക്കു യാത്ര ചെയ്യാനും കഴിയും.
കറുത്ത അബായകളില്ലാതെ സൗദി സ്ത്രീ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു എന്നതു കൊഴിഞ്ഞുപോയ തലമുറകള്‍ക്കു സങ്കല്‍പ്പിക്കാനാവാത്ത തീരുമാനം തന്നെ. കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും അവര്‍ക്കുമുന്നില്‍ തുറക്കുന്നു. വിലക്കു നീങ്ങി സിനിമകള്‍ വന്ന നാട്ടില്‍ തിയ്യറ്ററില്‍ പോയി സ്ത്രീകള്‍ക്കു സിനിമ കാണാനാവുന്നു.

സൗദി അറേബ്യ സാമൂഹിക മാറ്റത്തിന്റെ ഉല്‍സവത്തിനു സാക്ഷ്യം വഹിക്കുകയാണ്. ഉഗ്രശിക്ഷകള്‍ ക്ഷണിച്ചു വരുത്തുന്ന കൊടും കുറ്റമായി തലമുറകള്‍ കരുതിയത് ഓരോന്നായി അവര്‍ക്കുമുന്നി ശരിയായി പരിണമിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലോകത്തിനു മുന്നില്‍ തുറന്നു വച്ച സൗദി അറേബ്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് അല്‍ഭുതാവഹമാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ സുപ്രധാനമായ രണ്ട് അഭിമുഖത്തിലൂടെ അദ്ദേഹം സൗദിയുടെ മുഖച്ഛായമാറ്റുന്ന കാഴ്ചപ്പാടുകളാണ് അവതരിപ്പിച്ചത്.

സ്ത്രീകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയായിരുന്നു

സ്ത്രീകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയായിരുന്നു

സൗദിക്ക് ഒരു പൂര്‍വകാലമുണ്ടായിരുന്നു എന്ന ഓര്‍മപ്പെടുത്തലാണ് അതില്‍ പ്രധാനം. 1979 നു മുമ്പുള്ള സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിച്ചിരുന്നു. തെരുവുകളിലൂടെ മുഖം മറിക്കാതെ സാധാരണ വേഷങ്ങള്‍ അണിഞ്ഞു നടന്നിരുന്നു. തൊഴിലിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ കാലത്തിനു മേല്‍ മതത്തിന്റെ എന്ന പേരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉഗ്രശാസനകള്‍ എത്രമാത്രം സ്ത്രീവിരുദ്ധമായിരുന്നു എന്നു തിരിച്ചറിഞ്ഞു എന്നാണു രാജകുമാരന്‍ ലോകത്തോടു പറഞ്ഞത്.

കൃത്യമായ ചരിത്ര ബോധത്തോടെയാണു രാജകുമാരന്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. 1979 ല്‍ ഇറാനില്‍ അയത്തൊല്ല ഖൊമേനി അധികാരത്തില്‍ വന്നതും അതേവര്‍ഷങ്ങളില്‍ സൗദിയില്‍ തീവ്ര മത ചിന്തകള്‍ സ്വാധീനം ഉറപ്പിച്ചതും രാജകുമാര്‍ വിശദമാക്കുന്നു. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്ഥമായി സൗദി മതത്തിന്റെ കണിശത അടിച്ചേല്‍പ്പിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും ചെയ്തു എന്ന വിലയിരുത്തലാണു രാജകുമാരന്‍ തുറന്നിട്ടത്.

ആശാവഹമായ വാർത്തകൾ

ആശാവഹമായ വാർത്തകൾ

മത തീവ്രവാദം അതിന്റെ ഉച്ചസ്ഥായിയിലേക്കു പ്രവേശിക്കുകയും ലോകം ഭീകര വാദത്തിന്റെ പിടിയിലമരുകയും ചെയ്ത പശ്ചാത്തലത്തിലാണ് 32 കാരനായ രാജകുമാരന്റെ ഈ പ്രഖ്യാപനം. മൂന്നര പതിറ്റാണു കാലം അടിച്ചേല്‍പ്പിക്കപ്പെട്ട തീവ്ര മത ചിന്തയുടെ ഭാരം എടുത്തുകളഞ്ഞു സ്വന്തം ജനതയെ സ്വാതന്ത്ര്യത്തിലേക്കു തുറന്നുവിടാന്‍ ഇനി വൈകിക്കൂടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. തീവ്രവാദത്തിന്റേയും ഭീകര വാദത്തിന്റെ ഏറ്റവും വലിയ ഇരകള്‍ തന്റെ തലമുറയാണെന്ന തിരിച്ചറിവാണ് ഈ തീരുമാനങ്ങള്‍ക്കു പിന്നിലെ ഇന്ധനമെന്ന കാര്യം ഉറപ്പാണ്.

വിഷന്‍ 2030 എന്ന പേരില്‍ സൗദി പ്രഖ്യാപിച്ച നയരേഖ മുന്നോട്ടു വയ്ക്കുന്ന പരിഷ്‌കാരങ്ങളെ ഭീതിയോടെ നോക്കുന്ന ചിലരുണ്ടെങ്കിലും തീരുമാനങ്ങളുടെ കൊടുങ്കാറ്റിനു മുമ്പില്‍ എതിര്‍പ്പുകള്‍ അടിപതറിപ്പോവുകയേ ഉള്ളൂ. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനും പൗരന്‍മാരെ തൊഴില്‍ മേഖലയുമായി ബന്ധിപ്പിക്കാനുമുള്ള വിഷന്‍ 2030ന്റെ താല്‍പ്യം മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കു ഭീഷണി ഉയര്‍ത്തുന്നതാണെങ്കിലും ആ രാജ്യത്തു നിന്നു കേള്‍ക്കുന്ന സാമൂഹിക പരിഷ്‌കാരത്തിന്റെ വാര്‍ത്തകള്‍ ആശാവഹമാണ്.

സ്ത്രീ മുന്നേറ്റത്തിന്റെ ഗാഥകൾ

സ്ത്രീ മുന്നേറ്റത്തിന്റെ ഗാഥകൾ

മുസ്ലിംകളല്ലാത്ത മറ്റ് വിശ്വാസ സമൂഹങ്ങളെക്കൂടി ഉള്‍കൊള്ളാന്‍ സാധിക്കുന്ന ബഹുസ്വരതയെക്കുറിച്ചും സൗദി ചിന്തിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു ക്രൈസ്തവ സഭാ മേലധ്യക്ഷന്‍, ലബനാന്‍ കത്തോലിക്ക സഭയുടെ തലവന്‍ പാത്രിയര്‍ക്കിസ് കര്‍ദിനാള്‍ ബിഷാറ അല്‍റാ സര്‍ക്കാരിന്റെ ക്ഷണപ്രകാരം സഊദിയിലെത്തിയത് ഈ സന്ദേശം മുന്നോട്ടു വച്ചു.

സൗദി പാര്‍ലിമെന്റിന്റെ ശൂറ കൗണ്‍സിലില്‍ സ്ത്രീകള്‍ക്ക് 20 ശതമാനം സംവരണമുണ്ട്. ശൂറയിലെ 150 അംഗങ്ങളില്‍ മിനിമം 30 പേര്‍ സ്ത്രീകളായിരിക്കണം. 2013 ഫെബ്രുവരിയില്‍ 30 സ്ത്രീകള്‍ അബ്ദുല്ല രാജാവിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിഞ്ജ ചെയ്ത് ശൂറ കൗണ്‍സിലില്‍ എത്തിയതും സ്ത്രീ മുന്നേറ്റത്തിന്റെ ഗാഥയായി രേഖപ്പെടുത്തപ്പെട്ടു.

ഉജ്ജ്വലമായ സ്വാതന്ത്ര്യ പ്രഖ്യാപനം

ഉജ്ജ്വലമായ സ്വാതന്ത്ര്യ പ്രഖ്യാപനം

സൗദി ക്യാബിനറ്റില്‍ രാജാവിനോടൊപ്പമിരുന്ന് ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്ന വനിതാ മന്ത്രിമാരുണ്ട്. മതവിധികള്‍ പുറപ്പെടുവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്ന പ്രഖ്യാപനവും ശൂറ കൗണ്‍സില്‍ നിര്‍വഹിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 30 ശതമാനത്തിലേക്ക് ഉയര്‍ത്തുവാനുള്ള ശ്രമങ്ങളും രാജ്യത്തു നടക്കുന്നു. കായിക രംഗത്ത് സ്ത്രീകളുടെ കരുത്തിനെ ഒളിംപിക്‌സോളം ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ രാജ്യം മുഴുകുന്നു.

വസ്ത്രധാരണത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടുംപിടിത്തം അയയുന്നതു തന്നെ ആ ജനതയുടെ സ്വാതന്ത്ര്യത്തെ വിപുലപ്പെടുത്തും. കറുത്ത അബായയും ശിരോവസ്ത്രവും സ്ത്രീകള്‍ അണിയണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും പൊതു ഇടങ്ങളില്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും മാന്യമായ വസ്ത്രം ധരിക്കുക എന്നത് മാത്രമാണ് ആവശ്യമെന്നും കിരീടാവകാശി പറയുന്നു. പൊതുമര്യാദകള്‍ക്കും സംസ്‌കാരത്തിനും അനുയോജ്യമായ രൂപത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവുമെന്ന നിലപാട് ഉജ്ജ്വലമായ സ്വാതന്ത്ര്യ പ്രഖ്യാപനമായാണു പൗരന്‍മാര്‍ സ്വീകരിക്കുന്നത്.

തെറ്റിദ്ധാരണകൾ മാറ്റിയെടുക്കേണ്ടതുണ്ട്...

തെറ്റിദ്ധാരണകൾ മാറ്റിയെടുക്കേണ്ടതുണ്ട്...

സ്ത്രീ സ്വാതന്ത്ര്യത്തിനുമേല്‍ അബായ അടിച്ചേല്‍പ്പിച്ച ശക്തികളെ ഇസ്‌ലാമിക ലോകം പരിഷ്‌കരണ, നവോഥാന പ്രസ്ഥാനങ്ങളായി തെറ്റിദ്ധരിച്ചിരുന്നു. വഹാബിസം, സലഫിസം തുടങ്ങിയ ഈ പേരുകള്‍ മലയാളികള്‍ക്കും സുപരിചിതമാണ്. എന്നാല്‍ വഹാബിസത്തെ ലോകത്തെമ്പാടും തന്റെ മുന്‍ഗാമികള്‍ പ്രചരിപ്പിച്ചത് പാശ്ചാത്യശക്തികളുടെ ആവശ്യപ്രകാരമായിരുന്നു എന്നു കിരീടാവകാശി അമീര്‍ മുഹമ്മദ് സല്‍മാന്‍ തുറന്നു പറഞ്ഞതു ഞെട്ടലോടെയാണു ലോകം ശ്രവിച്ചത്.

ശീതയുദ്ധകാലത്ത് കമ്യൂണിസത്തെ പ്രതിരോധിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തുള്ള പള്ളികളിലേക്കും മതപാഠശാലകളിലേക്കും ഫണ്ടൊഴുക്കാന്‍ ബ്രിട്ടനും അമേരിക്കയും പ്രോല്‍സാഹിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ ചരിത്ര സൂര്യനെ പാഴ്മുറം കൊണ്ടു മറച്ചു പിടിക്കാനാവില്ലെന്ന സത്യത്തെയാണ് ഊന്നിപ്പറയുന്നത്.

അനിവാര്യമായ മാറ്റങ്ങൾ

അനിവാര്യമായ മാറ്റങ്ങൾ

മിച്ച ബജറ്റുകള്‍ മാത്രം ഉണ്ടായിരുന്ന ഒരു സമ്പദ് വ്യവസ്ഥ പൊടുന്നനെ കമ്മി ബജറ്റിലേക്കു മാറുമ്പോള്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ അനിവാര്യമായിത്തീരുമെന്ന രാഷ്ട്ര തന്ത്രം ഈ തീരുമാനങ്ങള്‍ക്കു പിന്നിലുണ്ട്. പെട്രോളിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു സമ്പദ് വ്യവസ്ഥയാണു സൗദിയുടേത്. ക്രൂഡ് ബാരലിന് 150 ഡോളര്‍ വരെ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. വില ഘട്ടം ഘട്ടമായി ഇടിഞ്ഞു മുപ്പത് ഡോളറിലേക്കും അതിന് താഴേക്കും വീഴുന്ന അവസ്ഥയുണ്ടായി.

അത്തരമൊരു ഘട്ടത്തില്‍ സൗദി സാമ്പത്തിക പരിഷ്‌കരണ പദ്ധതികളില്‍ അഭയം തേടി. ഈ നടപടികള്‍ തീര്‍ച്ചയായും സമ്പന്നതയില്‍ ആറാടി നിന്നിരുന്ന ഒരു സമൂഹത്തെ അസ്വസ്ഥമാക്കുമെന്നുറപ്പാണ്. സാമ്പത്തികമായ സമ്മര്‍ദ്ദവും അസ്വാതന്ത്ര്യവും ഒരുമിച്ചു താങ്ങാന്‍ ഒരു ജന സമൂഹത്തിനും കഴിയില്ല.

രാഷ്ട്ര തന്ത്രജ്ഞനായ ഭരണാധികാരിയുടെ അടയാളം

രാഷ്ട്ര തന്ത്രജ്ഞനായ ഭരണാധികാരിയുടെ അടയാളം

പണം ധാരാളമുള്ളപ്പോള്‍ അസ്വാതന്ത്ര്യത്തെ അവര്‍ ആഡംബരംകൊണ്ട് ആഘോഷമാക്കിയിരുന്നു. വീട്ടില്‍ ഒന്നിലേറെ ഡ്രൈവര്‍മാരെ ജോലിക്കു നിര്‍ത്താന്‍ കഴിയുമ്പോള്‍ സ്ത്രീ സ്വന്തമായി ഡ്രൈവിങ്ങ് നടത്തേണ്ടതിനെക്കുറിച്ച് അധികം ആലോചിക്കില്ല. ലോക സഞ്ചാരം ഉള്‍പ്പെടെ ഇതര വിനോദോപാധികള്‍ക്കു ചെലവഴിക്കാന്‍ ധാരാളം പണം ലഭിക്കുമ്പോള്‍ രാജ്യത്തെ അസ്വാതന്ത്ര്യം അവര്‍ക്കൊരു വിലക്കായി തോന്നിയിട്ടില്ല.

എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ മുന്നില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അസ്വാതന്ത്ര്യം മനുഷ്യരെ അസ്വസ്ഥരാക്കുമെന്നുറപ്പാണ്. അതു ഭരണകൂടത്തിനു ഭീഷണിയായിത്തീരുമെന്നും മുല്ലപ്പൂ കൊടുങ്കാറ്റുപോലെ അത് ആഞ്ഞടിച്ചേക്കാമെന്നും തിരിച്ചറിയാന്‍ രാഷ്ട്ര തന്ത്രജ്ഞനായ ഭരണാധികാരിക്ക് എളുപ്പം സാധ്യമാവും.

English summary
Senior journalist Biju Sankar writes as Saudi Arabian women celebrate driving in the kingdom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X