കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനവികതയുടെ അപ്പോസ്തലന്‍മാര്‍ അഭയാര്‍ഥികള്‍ക്കെതിരെ മതില്‍ കെട്ടുന്നു... എം ബിജുശങ്കര്‍ എഴുതുന്നു!

  • By എം ബിജുശങ്കര്‍
Google Oneindia Malayalam News

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

യുദ്ധവും കലാപങ്ങളും സൃഷ്ടിച്ച് ലോകത്ത് അസ്വാസ്ഥ്യങ്ങള്‍ വാരി വിതറുമ്പോള്‍ അമേരിക്കയും യൂറോപ്യന്‍ സാമ്രാജ്യത്വ ശക്തികളും അഭയാര്‍ഥി പ്രവാഹത്തിന്റെ മലവെള്ളപ്പാച്ചില്‍ ഭൂഖണ്ഡങ്ങള്‍ കടന്നെത്തുമെന്നു നിനച്ചു കാണില്ല. സോഷ്യലിസ്റ്റ് ചേരിയെ തകര്‍ക്കാന്‍ സര്‍വ സന്നാഹങ്ങളും ഒരുക്കിയവര്‍, ശീതയുദ്ധാനന്തരം തങ്ങളുടെ ആയുധ കമ്പോളത്തിനു വഴി തുറക്കാന്‍ ഇസ്‌ലാമിന്റെ ഗോത്രബോധങ്ങളില്‍ തീ പടത്തി.

ഇപ്പോള്‍, തങ്ങള്‍ കാലുഷ്യം നിറച്ച ഭൂഭാഗങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ അവര്‍ ഭയക്കുന്നു. മനുഷ്യാവകാശത്തേയും മാനവ മൂല്ല്യങ്ങളേയും കുറിച്ചു പെരുമ്പറമുഴക്കുന്നവര്‍ അഭയാര്‍ഥി പ്രവാഹത്തിനു മുമ്പില്‍ അമ്പരന്നു നില്‍ക്കുന്നു. കഴിഞ്ഞ ദിവസം ബ്രസ്സല്‍സില്‍ സമാപിച്ച യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി, ട്രംപിന്റേയും യൂറോപ്പിലെ തീവ്ര വലതുപക്ഷത്തിന്റേയും അഭയാര്‍ഥി വിരുദ്ധ നയത്തിന് അംഗീകാരം നല്‍കിയിരിക്കുന്നു.

മുഖംമൂടിയഴിച്ച് യഥാര്‍ഥമുഖം കാട്ടുന്നു

മുഖംമൂടിയഴിച്ച് യഥാര്‍ഥമുഖം കാട്ടുന്നു

അഭയാര്‍ഥികളേയും കുടിയേറ്റക്കാരേയും മനുഷ്യരായി ഗണിക്കാത്ത ഡോണള്‍ഡ് ട്രംപിന്റെ നയത്തിനെ എതിര്‍ത്തിരുന്ന യൂറോപ്യന്‍ ശക്തികള്‍ തന്നെ ഇപ്പോള്‍ തങ്ങളുടെ മുഖംമൂടിയഴിച്ച് മനുഷ്യത്വ വിരുദ്ധമായ യഥാര്‍ഥമുഖം കാട്ടുകയാണ്. മധ്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും പുറപ്പടുന്ന അഭയാര്‍ഥികളെ അവിടെത്തന്നെ തടഞ്ഞു നിര്‍ത്തുകയെന്ന യുദ്ധ സന്നാഹത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയൊരുക്കുന്നത്.

മനുഷ്യരെ പുഴുക്കളായി പരിഗണിക്കുന്ന ദൈന്യത ലിബിയയിലേയും തുര്‍ക്കിയിലേയും അഭയാര്‍ഥിക്യാമ്പുക്കളില്‍ നിന്നു ലോകസമക്ഷം പ്രത്യക്ഷപ്പെടുമ്പോഴാണ്, പുതിയ ക്യാമ്പുകള്‍ സൃഷ്ടിച്ച് അഭയാര്‍ഥി പ്രവാഹം തടയാമെന്ന യൂറോപ്യന്‍ യൂണിയന്റെ കണക്കുകൂട്ടല്‍. അഭയാര്‍ഥി പ്രവാഹത്തിനിടെ കൂട്ടം തെറ്റിപ്പോകുന്ന കുഞ്ഞുങ്ങളുടെ വിലാപമൊന്നും അവരുടെ കരളലിയിക്കുകയില്ല. കുടിയേറ്റക്കാരില്‍ നിന്നു കട്ടികളെ വേര്‍പെടുത്തുന്ന നിയമം കൊണ്ടുവന്ന ട്രംപിന്റെ കാലം അതിനു സാക്ഷ്യമാണ്.

അറബ് വസന്തത്തിന്റെ തുടര്‍ച്ച

അറബ് വസന്തത്തിന്റെ തുടര്‍ച്ച

അമേരിക്കയുടേയും യൂറോപ്യന്‍ ശക്തികളുടെയും കുതന്ത്രങ്ങളുടേയും ആര്‍ത്തിയുടെ ഫലമാണു കലുഷിതമായ സിറിയയും ലിബിയയും പട്ടിണിയും കലാപവും നക്കിച്ചുടച്ച ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളുമെന്ന യാഥാര്‍ഥ്യം അവര്‍ തന്ത്ര പൂര്‍വം മറച്ചു വെക്കുന്നു. അറബ് ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളെ സൃഷ്ടിച്ചവര്‍, അഭയാര്‍ഥി പ്രവാഹത്തേയും ഇസ്‌ലാം വിരുദ്ധ പ്രചാരണത്തിനുള്ള ആയുധമാക്കുകയായിരുന്നു.

അറബ് വസന്തത്തിന്റെ തുടര്‍ച്ചയാണ് ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം. ജീവിക്കാന്‍ ഏറ്റവും ഭയപ്പെടേണ്ട പ്രദേശങ്ങളായി സിറിയയും ലിബിയയും മാറിയതിനു പിന്നില്‍ അമേരിക്കയും സഖ്യകക്ഷികളും സ്വീകരിച്ച നിലപാടുകള്‍ മറഞ്ഞു നില്‍ക്കുന്നു. സിറിയ, ലിബിയ, ലബനന്‍, യമന്‍, ഈജിപ്ത്, ഇറാഖ്, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലെല്ലാം മനുഷ്യരെ അരക്ഷിതമാക്കുന്നതിലും അഭയാര്‍ഥികളാക്കി മാറ്റുന്നതിനുള്ള അമേരിക്കയും സഖ്യകളും വലിയ പങ്കു വഹിച്ചു.

 മലക്കം മറിയുന്ന യൂറോപ്പ്

മലക്കം മറിയുന്ന യൂറോപ്പ്

ഈ രാജ്യങ്ങളിലെയെല്ലാം ഭീകര സംഘങ്ങളാണ് അഭയാര്‍ഥി പ്രവാഹത്തിലേക്കു മനുഷ്യരെ വലിച്ചെറിഞ്ഞത്. അറബ് ഇസ്‌ലാമിക ലോകത്തു നിന്നു തുരത്തപ്പെടുന്നവര്‍ ജര്‍മനി, ബ്രിട്ടന്‍, ഹംഗറി തുടങ്ങിയ രാഷ്ട്രങ്ങളില്‍ അഭയാര്‍ഥികളായി കടന്നുകയറാന്‍ ശ്രമിക്കുന്നു. തുര്‍ക്കി തീരത്തു മുഖം കുത്തി കിടക്കുന്ന ഐലന്‍ കുര്‍ദിയെന്ന കുട്ടി ഏതാനും നാള്‍ ലോകത്തിന്റെ കണ്ണീരായിരുന്നു.

അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന നയത്തെ പിന്‍തുണക്കുന്ന ഹംഗറിയിലെയും ജര്‍മനിയിലെയും ബ്രിട്ടനിലെയും വലതുപക്ഷ തീവ്രവാദികള്‍ തന്നെ കൈക്കുഞ്ഞുങ്ങളുമായി ഴെുകിയെത്തുന്ന അഭയാര്‍ഥികളെ നികൃഷ്ടമായി അപമാനിക്കുന്നു. അറബ് ലോകത്തെ ഗോത്രവഴക്കിന്റെ ഭീകര രൂപങ്ങളായും യൂറോപ്പിനെ മനുഷ്യത്വത്തിന്റെ അടയാളമായുമാണ് ഇക്കാലമത്രയും വിളംബരം ചെയ്യപ്പെട്ടത്. അഭയാര്‍ഥി പ്രവാഹത്തിന്റെ തുടക്കത്തില്‍ അവരെ അധിക്ഷേപിച്ച യൂറോപ്പ്, ലോക സമക്ഷം മുഖം രക്ഷിക്കാന്‍ പിന്നീട് മലക്കം മറിയുകയായിരുന്നു.

നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്

നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്

ജര്‍മനിയും ഹംഗറിയുമെല്ലാം നയം മാറ്റി. അഭയാര്‍ഥികള്‍ക്ക് നല്‍കേണ്ട ബാധ്യതകളക്കുറിച്ച് അന്താരാഷ്ട്ര സമൂഹം നിരന്തരം സംസാരിച്ചപ്പോള്‍ അഭയാര്‍ഥികളെ ചില നിബന്ധനകളോടെ ഉള്‍ക്കൊള്ളാന്‍ യൂറോപ്യന്‍ സമൂഹം തയ്യാറായിരുന്നു. ആ ഘട്ടത്തില്‍, അഭയാര്‍ഥികളെ സൃഷ്ടിക്കാന്‍ രാഷ്ട്രീയമായി പങ്കു വഹിച്ചവര്‍ കരുണ്യത്തിന്റെ വെണ്‍പിറാവുകളായി പ്രത്യക്ഷപ്പെടുകയും ചെയ്തു.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിനാണു ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. ദിനംപ്രതി മുപ്പതിനായിരം പേര്‍ ജനിച്ച നാടും വീടും വിട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായ വര്‍ഷങ്ങള്‍ വരെ കടന്നു പോയതായി നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍

ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍

അത്യന്തം അപകടകരമായ മുനമ്പിലാണു ലോകം നില്‍ക്കുന്നതെന്ന് അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭാ കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയത് ഈ പശ്ചാത്തലത്തിലായിരുന്നു. അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ ഒരു രാജ്യവും തയ്യാറാവാതെ, പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരെയും വഹിച്ചുവരുന്ന പഴയ ബോട്ടുകള്‍ നടുക്കടലില്‍ അമര്‍ന്നുപോയ സംഭവങ്ങള്‍ വരെയുണ്ടായി.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മധ്യധരണ്യാഴി മുറിച്ച് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളാണ് അങ്ങനെ മുങ്ങിമരിച്ചവരിലധികവും. മൂന്നു പതിറ്റാണ്ടോളം ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിച്ചത് അഫ്ഗാനിസ്താനായിരുന്നു. പിന്നീട് സിറിയയായി മുന്നില്‍. അതിവേഗം അഭയാര്‍ഥികളില്‍ നാലിലൊരാള്‍ സിറിയക്കാരനായി മാറി.

തീവ്ര വലതുപക്ഷത്തിന് കുടപിടിക്കുന്ന ഉച്ചകോടി

തീവ്ര വലതുപക്ഷത്തിന് കുടപിടിക്കുന്ന ഉച്ചകോടി

തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, ഇറാഖ്, ഈജിപ്ത് എന്നീ അയല്‍രാജ്യങ്ങളിലേക്കാണ് അവര്‍ സിംഹഭാഗവും ഒഴുകിയത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളും അടുക്കാന്‍ തീരമില്ലാതെ കടലില്‍ അലയുന്ന ചിത്രം ലോകത്തെ നടുക്കുകയുണ്ടായി. രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, ആഭ്യന്തര യുദ്ധങ്ങള്‍, വംശീയ പോരുകള്‍, ന്യൂനപക്ഷ വേട്ടകള്‍, ഐ എസ് പോലുള്ള ഭീകര സംഘങ്ങളുടെ ക്രൂരതകള്‍ ഇങ്ങനെ അഭയാര്‍ഥി പ്രവാഹത്തിന്റെ കാരണങ്ങള്‍ അന്തമില്ലാതെ തുടരുന്നു.

അഭയാര്‍ഥികളില്‍ 80 ശതമാനവും മുസ്‌ലിംകളാണ് എന്നതുതന്നെയാണ് യൂറോപ്യന്‍ തീവ്ര വലതുപക്ഷത്തെ അക്രമോല്‍സുകമാക്കുന്നത്. അവര്‍ക്കു കുടപിടിക്കുന്ന നയമാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.

English summary
Biju Shankar writes about European union decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X