അമേരിക്കയുടെ അന്ത്യശാസനം... ഇറാന്‍ എണ്ണ ഇന്ത്യ ഉപേക്ഷിക്കാതിരിക്കുമോ? എം ബിജുശങ്കര്‍ എഴുതുന്നു...

എം ബിജുശങ്കര്‍
ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാക്കിമാറ്റി നേട്ടം കൊയ്യാമെന്ന ആര്‍ എസ് എസ് ബുദ്ധി കേന്ദ്രങ്ങളുടെ അത്യാഗ്രഹത്തിനു കനത്ത തിരിച്ചടിയേല്‍പ്പിക്കുന്നതാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന അമേരിക്കന്‍ കല്‍പ്പന. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കും ദീര്‍ഘ കാലം ചേരിചേരാ പ്രസ്ഥാനത്തിന്റെ പതാകാ വാഹകരുമായിരുന്ന ഒരു ജനാധിപത്യ രാജ്യത്തോട് ഇത്തരത്തില്‍ ഒരു കല്‍പ്പന പുറപ്പെടുവിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രേംപിന് എങ്ങിനെ ധൈര്യമുണ്ടായി എന്ന ചേദ്യമാണ് ഈ പശ്ചാത്തലം ഉയര്‍ത്തുന്നത്.
ഇന്ത്യയ്ക്ക് അമേരിക്കയുടെ അന്ത്യശാസനം; എണ്ണവില കുത്തനെ വര്‍ധിക്കും!! രാജ്യം പ്രതിസന്ധിയിലേക്ക്
ലോക പൊലീസായ അമേരിക്കയുമായി തന്ത്രപരമായ പങ്കാളിത്തത്തിലൂടെ തങ്ങളുടെ ഹിന്ദുത്വ ലക്ഷ്യങ്ങള്‍ കൈവരിക്കാമെന്നായിരുന്നു സംഘബുദ്ധികേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ അമേരിക്ക ഇന്ത്യയെ ഒരു ജൂനിയര്‍ പങ്കാളിയാക്കി അവരുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുള്ള കരുവാക്കി മാറ്റുമെന്ന ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആശങ്ക ശരിവെക്കുന്നതാണ് ട്രംപിന്റെ കല്‍പ്പനയെന്നു സാഹചര്യം വ്യക്തമാക്കുന്നു.

അമേരിക്കയുടെ അന്ത്യശാസനം
ഇന്ത്യയോട് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ പൂര്‍ണമായി നിര്‍ത്താനാണ് അമേരിക്ക അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇറാനെതിരെ ഉപരോധം ശക്തമാക്കുന്നതിനാണ് ഇന്ത്യയോട് കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നത്.
ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. ഇതു തടഞ്ഞ് ഇറാന്റെ പ്രധാന വരുമാന മാര്‍ഗം ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. എണ്ണ ഇറക്കുമതി കുറച്ചുകൊണ്ടുവന്നു നവംബര്‍ നാലാകുമ്പോഴേക്കും സമ്പൂര്‍ണമായി അവസാനിപ്പിക്കാനാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഘപരിവാരങ്ങളുടെ ആഘോഷം
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം തന്ത്ര പരമായ പങ്കാളിത്തത്തിലേക്കു വളര്‍ന്നത് ഏറെ അഭിമാനകരമായാണ് സംഘപരിവാര കേന്ദ്രങ്ങള്‍ ആഘോഷിച്ചു പോരുന്നത്. ഗുജറാത്ത് വംശഹത്യയുടെ പേരില്‍, അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ച നരേന്ദ്രമോഡിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അമേരിക്ക അദരിക്കുന്നതിനെ അത്യാഹ്ലാദപൂര്‍വം അവര്‍ ഉയര്‍ത്തിക്കാട്ടി.
അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യയെ മാറ്റുക എന്നത് സംഘ ബുദ്ധിശാലയില്‍ രൂപപ്പെട്ട ആശയമാണ്.
2016 നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞുടുപ്പിന്റെ പ്രശ്ചാത്തലത്തില്‍ നടന്ന ടൈംസ് ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച 'പ്രസിഡന്റ് ട്രംപുമായി ഇന്ത്യ എങ്ങിനെ ഇടപെടും' എന്ന ചര്‍ച്ചയില്‍ സംഘ ബുദ്ധിജീവികള്‍ ഈ ആശയം മുന്നോട്ടു വച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൊട്ടി ഘോഷിച്ച രണ്ടുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടയും ഇതായി മാറി.
ഇരു നേതാക്കളുടേയും നിര്‍ണായക കൂടിക്കാഴ്ചക്കു ശേഷം പുറപ്പെടുവിച്ച ഇന്തോ-യുഎസ് സംയുക്ത പ്രസ്താവന ഈ പങ്കാളിത്തം വ്യക്തമാക്കുകയും ചെയ്തു.

കെട്ടുപാടുകളില്ലാത്ത ഉടമ്പടികൾ
ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടവുമായി പ്രായോഗികതയില്‍ ഊന്നുന്ന നയ സമീപനത്തിന് ഇന്ത്യ രൂപം കൊടുക്കണമെന്നായിരുന്നു സംഘ ബുദ്ധി കേന്ദ്രങ്ങളുടെ ആവശ്യം. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ അനുവര്‍ത്തിക്കാറുള്ള സമീപനത്തില്‍നിന്നു വ്യത്യസ്തമായി പ്രസിഡന്റ് എന്നനിലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ മനസ്സിലാക്കി, ആശയങ്ങളുടെ കെട്ടുപാടുകളില്ലാത്ത ഉടമ്പടികളില്‍ ഏര്‍പ്പെടമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.
ഇന്ത്യയുടെ ഏറ്റവും പ്രമുഖ നയതന്ത്രലക്ഷ്യം ബലൂചിസ്ഥാന്‍ ആയിരിക്കണമെന്നായിരുന്നു സംഘ കേന്ദ്രങ്ങളുടെ പ്രധാന നിര്‍ദ്ദേശം.
ബലൂച് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ച്, പാക്കിസ്ഥാനില്‍ നിന്നു ബലൂചിസ്ഥാനെ സ്വതന്ത്രമാക്കേണ്ടതിന്റെ പ്രധാന്യം ട്രംപിനെ ബോധ്യപ്പെടുത്തണമെന്ന് അവര്‍ ശട്ടംകെട്ടി.

ഉള്ളുകളികള്‍ ഇങ്ങനെ...
അമേരിക്കയുടെ സൈനിക ഇടപെടല്‍ വഴി ഈ മേഖലയുടെ ഭൂപടം തന്നെ ശാശ്വതമായി മാറ്റിയെഴുതാനാവുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അഫ്ഗാനിസ്ഥാന് ബലൂചിസ്ഥാന്‍ വഴി സമുദ്ര ഗതാഗതം തുറന്നുകിട്ടുമെന്നും സൈനിക വിന്യാസത്തിനു അമേരിക്കയ്ക്കു പാക്കിസ്ഥാനെ ആശ്രയിക്കേണ്ടി വരില്ലെന്നും പാക്കിസ്ഥാന്റെ മുഷ്ടിയില്‍നിന്നുള്ള സ്വാതന്ത്ര്യം അഫ്ഗാനികള്‍ക്കു സന്തോഷം നല്‍കുമെന്നും ട്രംപിനെ ബോധ്യപ്പെടുത്താന്‍ അവര്‍ ആവശ്യപ്പെട്ടു.
ഏറെ നാളുകളായി പാക്കിസ്ഥാന്‍ സമര്‍ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്ര പ്രാധാന്യം അങ്ങനെ അവര്‍ക്കു നഷ്ടമാക്കാമെന്നും സംഘ ബുദ്ധിജീവികള്‍ വിലയിരുത്തി. ഒരു സ്വതന്ത്ര ബലൂചിസ്ഥാന്‍ ഉണ്ടാകുമെന്ന് അമേരിക്ക ഉറപ്പുനല്‍കിയാല്‍, അഫ്ഗാനിസ്ഥാന് സൈനിക സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നു ട്രംപിനെ അറിയിക്കാനും അവര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങളില്‍ രഹസ്യമോ പരോക്ഷമോ ആയ രീതിയിലുള്ള ഇസ്രയേലിന്റെ പങ്ക് ചര്‍ച്ചചെയ്തു തീരുമാനിക്കണമെന്നും അവര്‍ തെര്യപ്പെടുത്തി.

ട്രംപിനെ ബോധ്യപ്പെടുത്താനുള്ള നീക്കം
ട്രംപുമായി നടത്തുന്ന തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ മുതിര്‍ന്ന ഇന്ത്യന്‍ സൈനിക മേധാവികളുടെ നേതൃത്വത്തില്‍ ആയിരിക്കണമെന്നതായിരുന്നു സവിശേഷമായ മറ്റൊരു സംഘതാല്‍പര്യം. സൈനിക മേഖലയില്‍ നിന്നു വിരമിച്ച ഉന്നതനെ അമേരിക്കയില്‍ അംബാസഡറാക്കണമെന്നും അവര്‍ ആഗ്രഹിച്ചു.
ഇന്ത്യയില്‍ നടക്കുന്ന കൃസ്ത്യന്‍ മതപരിവര്‍ത്തനത്തിനു അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കണമെന്നും ശക്തമായി നിലകൊള്ളുന്ന ഇന്ത്യയാണ് അമേരിക്കന്‍ താല്‍പര്യത്തിനു സഹായകമെന്നും ട്രംപിനെ ബോധ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അറിയാൻ ബാക്കിയുള്ളത്...
മുസ്ലിംകള്‍ മുഗള്‍സ്ഥാന്‍ പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള യുദ്ധഭൂമിയായി ഇന്ത്യയെ മാറ്റുകയാണെന്നും ഇത് മധ്യപൂര്‍വ്വ ഏഷ്യയേക്കാള്‍ വലിയ തലവേദനയായി അമേരിക്കക്കു മാറുമെന്നും ട്രംപിനെ പഠിപ്പിക്കാന്‍ സംഘ ബുദ്ധിജീവികള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
ഈ കാഴ്ചപ്പാടുകളുമായാണു ഇന്ത്യ അമേരിക്കയുമായി മികച്ച ചങ്ങാത്തത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ട്രംപിന്റെ സംസാരവും പ്രവര്‍ത്തനവും എന്തായാലും അമേരിക്കയെ നയിക്കുന്നത്, സുശക്തമായ ഭരണ ഘടനാ സ്ഥാപനങ്ങളാണെന്ന സത്യം സംഘ ബുദ്ധജീവികള്‍ക്കല്ലാതെ ലോകത്തിനു മൊത്തം അറിയാം.
അമേരിക്ക എന്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന സത്യം സംഘ കേന്ദ്രങ്ങള്‍ മനസ്സിലാക്കാന്‍ പോവുന്നേയുള്ളു. ഇറാന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കുകയെന്ന അമേരിക്കാന്‍ കല്‍പ്പന സ്വീകരിച്ചില്ലെങ്കില്‍ അമേരിക്ക ഇന്ത്യയോടുള്ള നയതന്ത്രത്തിന്റെ യഥാര്‍ഥ മുഖം പുറത്തെടുക്കും. എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഇന്ത്യയും ഉപരോധത്തിന്റെ കൈപ്പുനീര്‍ കുടിക്കേണ്ടിവരുമെന്ന ഭീഷണി ട്രംപിന്റെ സ്വരത്തിലുണ്ട്.

ഭാരിച്ച ഉത്തരവാദിത്തം
ജൂലൈ ആറിന് നിശ്ചയിച്ചിരുന്ന ഇന്ത്യ- അമേരിക്ക ഉഭയകക്ഷി ചര്‍ച്ച(2+2) അമേരിക്ക ഏകപക്ഷീയമായി മാറ്റിവച്ചത് ഇതിന്റെ സൂചനയാണ്. ഇന്ത്യയെ അമേരിക്കയുടെ സമ്പൂര്‍ണ സൈനിക പങ്കാളിയാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചയാണിത്. വാജ്‌പെയ് സര്‍ക്കാര്‍ പൊക്രാനില്‍ അണുവിസ്‌ഫോടനം നടത്തിയപ്പോഴും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
തങ്ങളുടെ താല്‍പര്യം നടപ്പാക്കാന്‍ ഏതറ്റംവരേയും പോകാന്‍ തയ്യാറാവുമെന്നതാണ് അമേരിക്കന്‍ ഭരണ കൂടത്തിന്റെ നയം. അമേരിക്കന്‍ മേധാവിത്വത്തിനു കീഴടങ്ങാതെ ഭാരതാംബയുടെ അഭിമാനം കാത്തുസൂക്ഷിക്കുമെന്നു ലോകരെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ഇപ്പോള്‍ ആര്‍ എസ് എസ് നയിക്കുന്ന സര്‍ക്കാറിനു വന്നു ചേര്‍ന്നിരിക്കുന്നത്.