കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോവാര്‍ത്തയിലെ കാടന്‍ പരിപാടികള്‍ അവസാനിപ്പിയ്ക്കണം... സി നാരായണന്‍ എഴുതുന്നു

  • By സി നാരായണന്‍
Google Oneindia Malayalam News

ശമ്പളപരിഷ്‌കരണം നടപ്പാക്കിയെന്ന്‌ വ്യാജസത്യവാങ്‌മൂലം നല്‍കാത്തതിനും ലേബര്‍ വകുപ്പില്‍ പരാതിപ്പെട്ടതിനും പ്രതികാരനടപടിയായി മെട്രോ വാര്‍ത്ത എന്ന പത്രത്തിലെ ആറ്‌ വര്‍ഷം സീനിയോറിറ്റിയുള്ള അസിസ്‌റ്റന്റ്‌ ന്യൂസ് എഡിറ്ററെ പിരിച്ചുവിട്ടിരിക്കയാണ്‌ . ഇത്‌ പൊതുമനസ്സാക്ഷിക്കു മുന്നില്‍ ഉടനടി ഉയര്‍ത്തേണ്ട വിഷയമാണ്‌.

തിരുവനന്തപുരം യൂണിറ്റിലെ പത്രപ്രവര്‍ത്തകന്‍ സാജു തോമസിനെയാണ്‌ കഴിഞ്ഞ ദിവസം ഒരു മുന്‍കൂര്‍ നോട്ടീസും കൂടാതെ, ഒരു വിശദീകരണവും ചോദിക്കാതെ പിരിച്ചു വിട്ടത്‌. നേരത്തെ പ്രതികാരപരമായി തിരുവനന്തപുരത്തേക്ക്‌ മാറ്റപ്പെട്ടയാളായിരുന്നു സാജു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം മാനേജ്‌മെന്റിന്റെ കാപട്യത്തിന്‌ കീഴടങ്ങാന്‍ തയ്യാറായില്ല എന്നതു മാത്രമാണ്‌ ഈ പിരിച്ചുവിടലിന്‌ കാരണം.

C Narayanan

പത്രപ്രവര്‍ത്തകര്‍ക്കുള്ള മജീദിയ വേജ്‌ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രീംകോടതി അന്തിമവിധി പ്രസ്‌താവിച്ചിട്ട്‌ രണ്ട്‌ വര്‍ഷമാകാറായിട്ടും മെട്രോ വാര്‍ത്ത അത്‌ ലംഘിച്ചിരിക്കയായിരുന്നു. ലേബര്‍വകുപ്പ്‌ നടപടി എടുക്കുമെന്നായപ്പോള്‍ ജീവനക്കാരെക്കൊണ്ട്‌ തങ്ങള്‍ക്ക്‌ വേജ്‌ബോര്‍ഡ്‌ ലഭിച്ചുവെന്ന്‌ വ്യാജമായി എഴുതി ഒപ്പിട്ടുനല്‍കാന്‍ മെട്രോവാര്‍ത്ത ഉടമകള്‍ നിര്‍ബന്ധിച്ചു. ഇല്ലാത്ത കാര്യം എഴുതി ഒപ്പിട്ടു കൊടുക്കാന്‍ തയ്യാറാകാതിരുന്ന കുറേ പത്രപ്രവര്‍ത്തകരെ തിരുവനന്തപുരത്തേക്ക്‌ സ്ഥലം മാറ്റുകയുണ്ടായി. ഇതിലൊരാളെയാണ്‌ പിരിച്ചുവിട്ടിരിക്കുന്നത്‌.

ജീവനക്കാര്‍ തങ്ങള്‍ക്ക്‌ വേജ്‌ബോര്‍ഡ്‌ ആനുകൂല്യം കിട്ടാത്തതു സംബന്ധിച്ച്‌ ലേബര്‍വകുപ്പിന്‌ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ അതില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ്‌ പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്‌. ഇത്‌ തനി തോന്ന്യാസമാണെന്നു പറയാതെ വയ്യ. മെട്രോവാര്‍ത്തയില്‍ തൊഴിലാളിക്കു കിട്ടുന്ന ശരാശരി ദിവസവേതനം കേരളത്തിലെ ഒരു നാടന്‍പണിക്കാരന്‌ കിട്ടുന്നതിന്റെ പാതിയില്‍ താഴെയാണ്‌. ജോലിയാവട്ടെ അമിതവും. മിനിമം കൂലി നിയമം പോലും പല പത്രമാധ്യമങ്ങളും പാലിക്കുന്നില്ല. ജോലിസ്ഥിരതയുമില്ല.

Metro Vartha

ഇതിനു പുറമേ, മുതലാളിയുടെ താല്‍പര്യത്തിന്‌ വഴങ്ങാത്തവരെ കുരുതി കൊടുക്കുന്ന കാടന്‍ പരിപാടി മെട്രോ വാര്‍ത്തക്കാരും അവരുടെ ശിങ്കിടികളായ ചീഫ്‌ എഡിറ്ററും നിര്‍ത്തണം. പെര്‍ഫോമന്‍സ്‌ പോരാ എന്നതാണത്രേ കാരണം. ശരിയാണ്‌ , മുതലാളിയെ തിരുമ്മുന്ന പെര്‍ഫോമന്‍സ്‌ അത്ര ശരിയാവുന്നില്ല എന്നതാവാം ചീഫ്‌ എഡിറ്റര്‍ ഉദ്ദേശിച്ചത്‌. അല്ലാതെ ആറു വര്‍ഷം കുഴപ്പമില്ലാത്ത പെര്‍ഫോമന്‍സ്‌ ഇപ്പോള്‍ പോരാതാവുമോ.

അല്ല, ഈ തൊഴിലാളികളെന്താ നേര്‍ച്ചക്കോഴികളാണോ സര്‍ തോന്നിയപോലെ കഴുത്തു ഞെരിച്ചു വിടാന്‍..
കേരളത്തിലെ മാധ്യമമുതലാളികളുടെ തോന്ന്യാസങ്ങളോട്‌ വളരെ കാപട്യം നിറഞ്ഞ സമീപനമാണ്‌ പ്രബുദ്ധകേരളത്തിലെ രാഷ്ട്രീയ, സാസ്‌കാരിക നേതൃത്വങ്ങളും സര്‍ക്കാരിലെ മന്ത്രിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചു വന്നിട്ടുള്ളത്‌. അതിനു കാരണം നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അധികാരത്തിലുള്ള സര്‍ക്കാര്‍ വേറിട്ടൊരു സമീപനം സ്വീകരിക്കാന്‍ തയ്യാറാകണം.

ഒരു പത്രമാധ്യമം കൈയിലുണ്ടെന്നു വെച്ച്‌ എന്ത്‌ തൊഴിലാളിദ്രോഹ പരിപാടിയും നടപ്പാക്കാന്‍ അനുവദിക്കരുത്‌. തൊഴിലാളിദ്രോഹത്തിനെതിരെ ആശയപരമായി പരസ്യമായി പ്രതികരിക്കാന്‍ സമൂഹം തയ്യാറാകണം. ഇവരുടെ പത്രങ്ങള്‍ വാങ്ങിവായിക്കുന്നത്‌ നിര്‍ത്തണം. പരസ്യങ്ങള്‍, നികുതിയിളവ്‌ തുടങ്ങിയവ നല്‍കും മുമ്പ്‌ തൊഴിലാളിയെ ദ്രോഹിക്കുന്നില്ലെന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ഇവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കരുത്‌.

വ്യാജ കത്ത്‌ എഴുതി വാങ്ങുന്നതിനെതിരെ നടപടി എടുക്കണം. നിയമപ്രകാരമുള്ള കൂലി നല്‍കാനും പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാനും മെട്രോവാര്‍ത്ത ഉടമ തയ്യാറാകണം. തൊഴില്‍മന്ത്രി ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി രംഗത്തുവരേണ്ട സമയം വിദൂരമല്ല. ഈ മുതലാളിമാരുടെ വീട്ടിനുമുന്നില്‍ പട്ടിണിയിരുന്ന്‌ സമരം ചെയ്യേണ്ട സാഹചര്യം അടിച്ചേല്‍പിക്കപ്പെടുകയാണ്‌.
( കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

English summary
KUWJ State General Secretary C Narayanan writes about Metro Vartha issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X