കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുട്ട് പരത്തുന്ന കിഴക്ക്... നെഹ്റുവും മോദിയും നേരിട്ട, ഒരേ അച്ചിൽ വാ‍ർത്ത ചതികൾ?

  • By Desk
Google Oneindia Malayalam News

അഡ്വ രാജേഷ് വെങ്ങാലിൽ

പട്ടാമ്പി കോടതിയിലെ അഭിഭാഷകനാണ് ലേഖകന്‍. സാംസ്‌കാരിക, സാമൂഹിക, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു

ആദിത്യൻ കിഴക്ക് ഉദിച്ച് ലോകത്തിന് പ്രകാശമാകുന്നു എന്നതു പോലെ, വൈവിധ്യങ്ങളായ ദർശനങ്ങളാൽ ലോകത്തിന് ജ്ഞാന പ്രകാശം പരത്തുക കൂടി കിഴക്ക് ചെയ്തിട്ടുണ്ട്. ഒരു കാലത്ത് താവോയിസത്തിൻറയും, കൺഫ്യൂഷ്യനിസത്തിന്റെയും ഉത്ഭവസ്ഥാനവും അഹിംസയെ ലോകത്തിനു പരിചയപ്പെടുത്തിയ ബുദ്ധ ദർശനത്തിന് പ്രചുര പ്രചാരം ലഭിച്ച രാജ്യവുമായ ചൈന ഇന്ന് ലോകത്തിന്റെ കണ്ണിൽ കൊറോണ വൈറസ്സ് വ്യാപനത്തോടുകൂടി കരടായി തീർന്നിരിക്കുകയാണ്.

എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തെ എന്നും ചീന അലോസരപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ.

സാംസ്കാരികമായി രണ്ടായിരം വർഷത്തിലധികം പാരമ്പര്യം ഭാരതത്തിന് അവകാശപ്പെടാനുണ്ടെങ്കിലും, ഇന്ത്യ എന്ന പൊളിറ്റിക്കൽ സ്റ്റേറ്റ് 1947 ൽ രൂപീകൃതമായപ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ അതിരുകൾ നിശ്ചയിച്ചത് ബ്രിട്ടൻ ആയിരുന്നു.

Indo china

‌ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുൻപു തന്നെ റഷ്യ, ഫ്രാൻസ്, ഇംഗ്ളണ്ട്, സ്പെയ്ൻ മുതലായ രാജ്യങ്ങളിൽ സന്ദർശിച്ച് സ്വാതന്ത്ര്യത്തെക്കുറിച്ചും ആഫ്രിക്ക, പാലസ്തീൻ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രസംഗിച്ചും വിശ്വലോക ചിന്തകൻ എന്ന നിലയ്ക്ക് ശ്രദ്ധേയനായ നെഹ്റുവിന്, ചൈനയിലെ ചിയാങ്ങ് കൈ ഷേക്കുമായി കത്തുകളിലൂടെയും മറ്റും നല്ല സൗഹൃദം ഉണ്ടായിരുന്നു. ഇന്ത്യ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാകുക എന്നതിനോട് ചൈനയ്ക്കും താൽപര്യമായിരുന്നു.

‌അന്താരാഷ്ട്ര തലത്തിൽ അനിഷേധ്യനും സോഷ്യലിസ്റ്റ് മനോഭാവവുമുള്ള നെഹ്റു കിഴക്കിലെ കമ്മ്യൂണിസ്റ്റ് അയൽക്കാരനോട് നല്ല നിലയിൽ നിന്നു. 1949 ൽ മാവോ സെതുങിന്റെ നേതൃത്വത്തിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് വിപ്ളവത്താൽ ഉണ്ടായ ഭരണമാറ്റം നെഹ്റുവിന്റെ പ്രതീക്ഷകൾക്ക് പുതിയ മാനം വന്നു. അത് നിലനിൽക്കണമെന്ന ആഗ്രഹത്താലായിരിക്കാം ഇടത് അനുഭാവമുള്ള വികെ കൃഷ്ണമേനോനെയും, കെഎം പണിക്കരെയും അദ്ദേഹം ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിശ്വസ്തതയോടെ കൂടെ കൂട്ടിയത്. ഈ ഒരു മനോഭാവം കൊണ്ടു തന്നെയാവാം ചേരിചേരാ നയമെന്നു പറയുമ്പോഴും യുഎസ്എസ്സ്ആറിനോടും ചൈനയോടും ഒരു അനുഭാവം നെഹ്റുവിനുണ്ടായിരുന്നത്.

പാശ്ചാത്യ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റ് ചൈനയെ( പീപ്പിൾസ് റിപബ്ളിക്ക് ഓഫ് ചൈന ) അംഗീകരിക്കുന്നതിനു മുൻപു തന്നെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യം ചൈനയെ അംഗീകരിച്ചെന്നു മാത്രമല്ല, തുടർന്ന് തിബറ്റിലെ ചൈനയുടെ ആധിപത്യത്തെ അനുകൂലിക്കുകയും, കൊറിയൻ യുദ്ധത്തിൽ ഇന്ത്യ മധ്യസ്ഥത വഹിക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയിൽ ചൈനയുടെ പ്രവേശനത്തിനും ഇന്ത്യ ഉത്പ്രേരകമായി പ്രവർത്തിച്ചു.

Nehru

ചൈനയുമായി നെഹ്റു കൂടുതൽ അടുത്തു. പഞ്ചശീലതത്വവും കൂടി ആയപ്പോൾ ഇന്ത്യാ ചീന ഭായീ - ഭായീ എന്നു വരെയായി. എങ്കിലും പഴയ ബ്രിട്ടൻ- തിബറ്റ് സിംലാ കരാറിനെ തുടർന്ന്, 1914 ൽ ഉണ്ടായ അതിർത്തിയെ സംബന്ധിക്കുന്ന ഹെൻറി മക്മോഹാൻ രേഖ ചൈന അംഗീകരിക്കുമെന്നാണ് നെഹ്റു കരുതിയിരുന്നത്. അതുമായി ബന്ധപ്പെടുത്തി ചർച്ചകളിൽ ലൈൻ ഓഫ് ആക്ച്ച്വൽ കൺട്രോൾ എന്ന വേർതിരിവ് (ഡീമാർക്കേഷൻ) വന്നു. പടിഞ്ഞാറ് പാക്കിസ്ഥാനുമായി എന്തെല്ലാം അതിർത്തി വിഷയങ്ങൾ ഉണ്ടായാലും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ നിന്നും അത്തരത്തിലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നതായിരുന്നു ഭാരതത്തിൻറ പ്രഥമ പ്രധാനമന്ത്രിയുടെ ധാരണ. അതിനാൽ പടിഞ്ഞാറുള്ളത്ര സൈനികമായ മുൻ കരുതൽ കിഴക്ക് ഭാരതം എടുത്തിരുന്നില്ല. അതിന് ഇന്ത്യ കൊടുക്കേണ്ടി വന്ന വില കനത്തതായിരുന്നു. ഫലമോ 1962ൽ ൽ ചൈന ഭാരതത്തിന്റെ ഹിമാലയൻ മല നിരകളിലെ അതിർത്തി ലംഘിച്ചു. തിബറ്റ് സ്വതന്ത്ര രാജ്യമല്ലെന്നും അതുകൊണ്ട് സിംലാ കരാർ തങ്ങൾക്ക് ബാധകമല്ലെന്നുമായിരുന്നു ചൈനയുടെ ന്യായീകരണം.

ഒരു രാജ്യം ബാഹ്യമായി മുന്നോട്ട് വെക്കുന്ന ആശയമല്ല ഓരോ സ്റ്റേറ്റും പ്രയോഗത്തിൽ തുടരുന്നതെന്ന യാഥാർത്ഥ്യം സോഷ്യലിസ്റ്റ് ചിന്തകനായ നെഹ്റുവിനും, വികെ കൃഷ്ണ മേനോനും 62 ലെ യുദ്ധത്തോടു കൂടി തിരിച്ചറിഞ്ഞു. കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിസവും, വർഗ്ഗ സാഹോദര്യവുമായിരുന്നില്ല ചൈനയിലെ മാറിയ ഭരണകൂടം വെച്ചു പുലർത്തിയത്. മറിച്ച് അധികാരമോഹത്തിൻറ, കുടിലമായ അധിനിവേശത്തിൻറ സാമ്രാജ്യത്ത വീക്ഷണമായിരുന്നു.

ഓരോ രാജ്യത്തിനും അത് വളർന്നു വന്നിട്ടുള്ള ചരിത്ര പശ്ചാതലത്തിൽ ആർജ്ജിച്ചിട്ടുള്ള സംസ്കാരത്തെ ആശ്രയിച്ചായിരിക്കും അതിന്റെ സ്വഭാവം. യാങ്ങ് നദിയുടെ തീരത്ത് ഉയർന്നു വന്ന ചൈനയുടെ സംസ്കാരത്തെ കൺഫ്യൂഷ്യൻ ചിന്തകളും, ലാവോത്സെയുടെ ദർശനവുമെല്ലാം പരിപോഷിപ്പിച്ചു. പിന്നീട് വന്ന ഹാങ് ഭരണത്തിലും ബുദ്ധദർശനം തഴച്ചു വളർന്നു. കാലത്തിന്റെ പ്രയാണത്തിൽ യുദ്ധവും സന്ധികളും അതിരുകളെ കൂട്ടിയും കുറച്ചും കൊണ്ടുവന്നു, പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യവും ഇതുപതാം നൂറ്റാണ്ടിന്റെ തുടക്കവും തുടർച്ചയായുള്ള വിപ്ളവങ്ങൾക്ക് ചൈന സാക്ഷിയായി. പിന്നീട് ജപ്പാനീസ് ആക്രമണങ്ങളും, രണ്ടാം ലോക മഹായുദ്ധവും, അതിനു ശേഷം കൂമിന്താങ്ങ് പാർട്ടിയെ തൂത്തെറിഞ്ഞ് മാവോയുടെ കമ്മ്യൂണിസ്റ്റ് ആശയം പടരുകയും ആഭ്യന്തര കലാപത്താടുകൂടി 1949 ൽ മാവോ സേ തൂങ് അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

Mao

ശാസ്ത്ര സാങ്കേതികതയുടെ കുതിപ്പിനൊപ്പം തന്നെ രാഷ്ട്രീയ ചിന്തകളും പടർന്നു പന്തലിച്ച 19- 20 ഉം നൂറ്റാണ്ടുകളിൽ സോഷ്യലിസ്റ്റ്, ജനാധിപത്യ ആശയങ്ങൾ വിവിധ രാജ്യങ്ങളുടെ ഭരണ വീക്ഷങ്ങളിൽ സ്വാധീനം ചെലുത്തി. ലോകത്ത് ഇന്ത്യ, അമേരിക്ക, ഫ്രാൻസ് മുതലായ രാജ്യങ്ങൾ ജനാധിപത്യത്തിന് പ്രാമുഖ്യം നൽകിയപ്പോൾ യുഎസ്എസ്ആറും ചൈനയും, കൂടാതെ ഹംഗറി, ചെക്ക് മുതലായ രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുറുകെ പിടിച്ചു, എങ്കിലും കാലങ്ങൾ കഴിഞ്ഞപ്പോൾ അവയിൽ മിക്കവാറും രാജ്യങ്ങളെ ജനാധിപത്യത്താലും, നവ ലിബറൽ ആശയങ്ങളാലും സ്വാധീനിച്ച് മാറ്റങ്ങൾ വന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പോലും ജനാധിപത്യത്തെ അംഗീകരിച്ച് പുതിയ ചരിത്രം സൃഷ്ടിച്ചു.

ചൈനയെ സംബന്ധിച്ചിടത്തോളം കറുപ്പു യുദ്ധത്തിനു ശേഷം തുടർച്ചയായുണ്ടായ അക്രമണ സ്വഭാവത്തോടു കൂടിയുള്ള രാഷ്ട്രീയ വിപ്ളവങ്ങളായതിനാൽ, ശക്തിയും സാമ്രാജ്യത്ത മോഹവും മുറുകെ പിടിച്ചായിരുന്നു മാവോ ചൈനയെ നയിച്ചത്. താൻ ഭരണം പിടിച്ചെടുക്കുവാൻ ഉപയോഗിച്ച യുദ്ധ തന്ത്രങ്ങൾ രാജ്യത്തിൻറ സൈനിക നയത്തിലും നടപ്പിലാക്കി. പീപ്പിൾസ് റിപബ്ളിക്ക് ഓഫ് ചൈനയിൽ പൗരൻ ഏതു മേഖലയിൽ പ്രവർത്തിക്കുന്നുവോ അവിടെ അവൻ സൈനികനെ പോലെയാകണം എന്നർത്ഥത്തിൽ എവരി മാൻ ഈസ് എ സോൾജ്യർ എന്ന നിലയ്ക്ക് പൗരൻമാരെ വാർത്തെടുത്തു. ജവഹർലാൽ നെഹ്റുവിനോടുള്ള സൗഹൃദം ഒരു ചതിയായിരുന്നെന്ന്, ഒന്നു കൂടി വിശദമായി പറഞ്ഞാൽ Despise the enemy strategically but respect them tactically എന്ന മാവോയുടെ യുദ്ധ തന്ത്രമായിരുന്നെന്ന് മനസിലാക്കുവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യയിൽ വെച്ചു നടന്ന മോദീ-ഷീ ജിങ്ങ് സൗഹൃദ കൂടിക്കാഴ്ചയും തുടർന്നു ചൈന 2017ൽ നടത്തിയ ഡോക്ലാങ് കൈയ്യേറ്റവും ചരിത്രത്തിന്റെ ആവർത്തനം മാത്രം.

Modi Xi

1962ലെ യുദ്ധത്തിൽ ചൈന മേൽകൈ നേടിയെങ്കിലും, അവരുടെ ഈ മനോഭാവത്തിന് മാറ്റം വന്നില്ല. വൈകാതെ 1967 ൽ വീണ്ടും ചൈന നാഥുലാ, ചോലാ എന്നീ ഇന്ത്യൻ പ്രദേശങ്ങളിൽ കൈയ്യറ്റ ശ്രമം നടത്തി എങ്കിലും 62 ലെ പാഠം ഉൾക്കൊണ്ട ഇന്ത്യ ധീരമായി പ്രതികരിച്ചപ്പോൾ ചൈനയ്ക്ക് പിൻ തിരിയേണ്ടിവന്നു. തുടർന്ന് 1987 ൽ ചൈന അരുണാചൽ പ്രദേശിന്റെ അതിർത്തിയായ സന്ത്രോറംചു തടാക പ്രദേശത്തും സമാന പ്രശ്നങ്ങൾക്കു ശ്രമിച്ചെങ്കിലും ഇന്ത്യ ശക്തമായി നേരിട്ടെന്നു മാത്രമല്ല ആ പ്രദേശത്തോടുള്ള ചൈനയുടെ അവകാശത്തിന്ന്ത്യ അന്ത്യമെന്നോണം അരുണാചൽ പ്രദേശ് എന്ന സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തു.

ഭൂമിശാസ്ത്രപരമായ വിസ്തൃതിയെയും, ഏറ്റവും വലിയ മാനവവിഭവശേഷിയെയും ഏകാധിപത്യത്തിനു സമാനമായ പാർട്ടി നേതൃത്വത്തിലുള്ള സുസ്ഥിര ഭരണത്തിലൂടെ, വലിയ തോതിലുള്ള സാമ്പത്തിക മുന്നേറ്റം ചൈന കാഴ്ച വെച്ചു. എല്ലാതരത്തിലുള്ള ലിബറൽ ചിന്തകളെയും സൈനിക ശക്തിയിലൂടെ തുടച്ചുനീക്കി. സാമ്രാജ്യത്തവാഞ്ഛ ഏകാധിപത്യ സംവിധാനത്തിന്റെ കൂടപ്പിറപ്പെന്നതിനാൽ ഇന്നും, തിബറ്റിനെയും, തായ് വാനേയും, ഹോംകോങ്ങിനെയും അംഗീകരിക്കുവാൻ ചൈനയ്ക്കു കഴിയുന്നില്ല. മാത്രമല്ല ഇതിനു പരിഹാരമായി ഒരു രാജ്യം, രണ്ടു വ്യവസ്ഥിതി എന്ന ആശയം ചൈന മുന്നോട്ടു വെയ്ക്കുന്നു.

India China Border

യുഎസ്എസ്സ്ആർ എന്ന സോവിയറ്റ് റഷ്യയുടെ പതനത്തോടെ ശീതയുദ്ധത്തിന് അവസാനമായപ്പോൾ അമേരിക്കൻ വിരുദ്ധ ചേരിയുടെ നായകത്വത്തിനു വേണ്ടിയായി ചൈനയുടെ നീക്കങ്ങൾ. തങ്ങളുടെ ഇരുപത്തിരണ്ടായിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കര അതിർത്തിയും പതിനെട്ടായിരം കിലോമീറ്റർ സമുദ്രാതിർത്തിയും കൂടി പതിനാലു രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന ചൈനയ്ക്ക് വിശ്വസ്തമായ ഒരു സഖ്യരാജ്യം ഇല്ലെന്നതു തന്നെ ആ രാജ്യത്തിന്റെ സ്വഭാവത്തെ വ്യക്തമായി എടുത്തു കാണിക്കുന്നു. ഒരു പക്ഷെ ചതിയടങ്ങിയ അടഞ്ഞ മനസുമായാണ് ഇന്ന് ലോകത്തെ ചൈന സമീപിക്കുന്നത്.

ആധുനിക കാലത്ത് പൂർണ്ണരൂപത്തിലുള്ള ഒരു യുദ്ധം സാധ്യമല്ല എന്ന് ബോധ്യമുള്ളതിനാലും, സാങ്കേതിക വിദ്യയുടെ മേന്മയിലൂടെ അമേരിക്കയുടെ പശ്ചിമേഷ്യയിലെ യുദ്ധ വിജയവും, ചൈനയുടെ സാമ്രാജ്യത്ത മനോഭാവത്തിന് പുതിയ രൂപവും ഭാവവും നൽകി. സൈനിക കാര്യങ്ങളിലെ വിപ്ളവം ( Revolution in Military Affairs ) എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചു.
അത് ഊന്നൽ കൊടുത്തത് സാങ്കേതിക -രാഷ്ട്രീയ- സാമ്പത്തിക-സാമൂഹിക- യുദ്ധ തന്ത്രത്തിലായിരുന്നു. ഒരു പക്ഷെ ശത്രുവിനെ വലവീശിപ്പിടിക്കുന്ന Luring enemy in deep എന്ന മാവോയുടെ സിദ്ധാന്തത്തിന്റെ പരിഷ്കൃത രൂപമല്ലാതെ മറ്റൊന്നുമല്ല ഇതും. ഈ തന്ത്രത്താലാകാം ശ്രീലങ്കയിലെ രാഷ്ട്രീയമാറ്റവും, അവിടെയും, മാലി ദ്വീപു സമൂഹത്തിലും മറ്റും ചൈനയുടെ സൈനിക താവളങ്ങൾക്ക് അവർ അനുമതി നൽകിയതും. ഇന്നും തിബറ്റിനു പുറമെ നേപ്പാളിലും ചൈന കൈയ്യേറിയിട്ടും ആ രാജ്യങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ ചൈനയുടെ നവ യുദ്ധതന്ത്രത്തിന്റെ ഭാഗമാണ്.

Recommended Video

cmsvideo
Russia says New Covid vaccine Is only recommended for people between the ages of 18 and 60
India China army

ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെ നിയന്ത്രിക്കത്തക്ക വിധത്തിലുള്ള സാമ്പത്തിക നിക്ഷേപങ്ങളിലും ചൈന ശ്രദ്ധ കേന്ദ്രീകരിച്ചു. കോവിഡ് 19 നു ശേഷം ലോകം ചൈനയുടെ നേർക്ക് സംശയത്തിന്റെ ദൃഷ്ടിയോടെ തിരിഞ്ഞപ്പോഴും ലോകാരോഗ്യ സംഘടനയിലും, ലോകത്തിൻറ വ്യത്യസ്ഥ കാർഷിക മേഖലയിലും വൻ നിക്ഷേപമാണ് ചൈന നടത്തി കൊണ്ടിരിക്കുന്നത്. മാത്രമല്ല വൻ തോതിലുള്ള ക്രൂഡോയിൽ സംഭരണം ഭാവിയിൽ ഊർജ്ജ മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യം വെച്ചുള്ള ചൈനീസ് നീക്കമാണ്.

ചൈനയുടെ മറ്റൊരു യുദ്ധതന്ത്രമാണ് Quick battle to force quick resolution, മിന്നലാക്രമണത്തിലൂടെ ശത്രുവിനെ സന്ധിയ്ക്കായ് നിർബന്ധിക്കുക എന്നത്. ഒരു പക്ഷെ ഇന്ത്യയ്ക്കു നേരെ ഗാൽവനിൽ ഈയിടെ നടന്ന ചൈനീസ് അതിർത്തി കൈയ്യേറ്റം ഈ ലക്ഷ്യം വെച്ചുള്ള വിഫലമായ ഒരു പരിശ്രമമായിരുന്നു. നിലവിലെ സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ തായ്‌വാനിലും, ഹോങ്ങ്കോങ്ങിലും പിടിമുറുക്കുമെന്നതിൽ സംശയമില്ല. ഇതു മുൻകൂട്ടി കണ്ടുകൊണ്ടാകണം ചൈനീസ് നേവിയും അവരുടെ കോസ്റ്റ് ഗാർഡും ചൈനാ കടലിൽ തങ്ങളുടെ ശക്തി പ്രകടിപ്പിക്കത്തക്ക വിധത്തിലുള്ള സൈനിക വിന്യാസം നടത്തിക്കൊണ്ടിരിക്കുന്നത്. ചൈനയ്ക്കു വഴങ്ങാതെ ജപ്പാനും, ഫിലിപ്പൈൻസും, വിയറ്റ്നാമും ഇന്നും പൊരുതി നിൽക്കുന്നു.

ആസിയാനിലൂടെ ഏഷ്യയിലെ ആധിപത്യം ഉറപ്പിക്കാമെന്ന ലക്ഷ്യമാണ് ചൈനയ്ക്ക്. ആസിയാനിലെ രാജ്യങ്ങളിൽ മുഖ്യമായും ചൈനയുടെ സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങളും, വാണിജ്യത്തിൽ ചൈനയ്ക്ക് പ്രത്യേക താത്പര്യമുള്ള രാജ്യങ്ങളുമാണ്. ബ്രിക്സ് ഉച്ചകോടിയിൽ ചൈന സാമ്പത്തിക ആധിപത്യത്തിനു ശ്രമിച്ചതും ബ്രസീലിനു നീരസം വന്നതും ലോകം ചർച്ചചെയ്തതാണല്ലോ. ലോക രാജ്യങ്ങളുടെ ജി ഡി പി കണക്കുകളിൽ റഷ്യയാണ് പ്രതിരോധത്തിനായി ഏറ്റവും വലിയ നീക്കിയിരുപ്പ് നടത്തുന്ന രാജ്യമെന്നതിനാലാകാം, മധ്യേഷ്യൻ രാജ്യങ്ങളെയും റഷ്യയെയും കൂട്ടുപിടിച്ച് ചൈന ഷംഗായ് സഹകരണ സംഘടനയുണ്ടാക്കിയത്. ഒരു ബാലൻസിങ്ങ് എന്ന നിലയ്ക്ക് 2018 ൽ ഇന്ത്യയെയും പാക്കിസ്ഥാനെയും അതിൽ ചേർത്തു.

ലോകത്തിലെ ശക്തമായ ജനാധിപത്യം നിലനിൽക്കുന്നതും, ഏഷ്യയിലെ പ്രബലവും വളർന്നു വരുന്നതുമായ ഇന്ത്യ, കിഴക്കിലെ ചൈനയുടെ സാമ്രാജ്യത്ത കാഴ്ച്ചപ്പാടിന് മുൻപിൽ ഒരു തടസ്സമായി കണ്ടു. ഒരു രാജ്യത്തിന്റെ വിജയത്തിന് ജനാധിപത്യത്തിലൂടെ കഴിയുമെന്നത്, ഏകാധിപത്യ സമാനമായ ഭരണകൂടമുള്ള ചൈനയുടെ ഉറക്കം കെടുത്തുമെന്നത് സ്വാഭാവികം മാത്രം. അതിനാലവർ ഇന്ത്യയോട് ശത്രുതാ മനോഭാവമുള്ള പാക്കിസ്ഥാനുമായി കൂടുതൽ അടുപ്പം കാണിക്കുന്നു. ഇതിനേറ്റവും നല്ല ഉദാഹരണമാണ് വൺ ബെൽറ്റ് വൺ റോഡെന്ന ചീനാ-പാക് വ്യാപാര ഇടനാഴി പദ്ധതി. ശക്തമായ പ്രതിഷേധം ഇതിനോടകം ഇന്ത്യ നടത്തിക്കഴിഞ്ഞു.

India China

1962 മുതൽ 2020 വരെയുള്ള അനുഭവങ്ങളുടെ പാഠം ഇന്ത്യ പഠിച്ചതു കൊണ്ടാകണം, ശക്തനെ ശക്തിയാൽ നേരിടുക എന്ന തന്ത്രത്തിലേയ്ക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന് 'ശക്തിയാണ് ജീവിതം ദൗർബ്ബല്യം മരണമത്രെ ' എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ നമുക്കു പ്രേരണയാകുന്നു എന്നതാണ് ഈയിടെ ഇന്ത്യ കിഴക്കൻ അതിർത്തികളിൽ കൂടുതൽ സൈനിക വിന്യാസം നടത്തുന്നതിൽ നിന്നും , റാഫേൽ മുതലായ യുദ്ധ വിമാനങ്ങൾ അടിയന്തിരമായി വാങ്ങിയതിൽ നിന്നും മനസിലാകുന്നത്.

മഹത്തായ സംസ്കാരങ്ങളുടെ പാരമ്പര്യമുള്ള ചൈന സാംസ്കാരിക പൈതൃകത്തെ ഉൾക്കൊള്ളാതെ, ചതിയുടെയും ആക്രമണത്തിന്റെയും രാഷ്ട്രീയ നിലപാടുകൾ കൈക്കൊണ്ടു എന്നതാണ് ഈയൊരു ആക്രമണ ഉത്സുകതയിലൂടെ വെളിവാക്കപ്പെടുന്നത്. ജനാധിപത്യവും നവ ലിബറൽ ചിന്തകളും ഉയർന്നു വരാത്തിടത്തോളം കാലം ചൈനയുടെ ആഗോള നിലപാടിൽ പ്രകടമായ മാറ്റമൊന്നും ലോകം പ്രതീക്ഷിക്കേണ്ടതില്ല.

ലോകം വൻ ശക്തിയിൽ നിന്നും ആഗ്രഹിക്കുന്നത് ചതിയുടെയോ അധിനിവേശത്തിൻറയോ സമീപനമല്ല മറിച്ച് സഹവർത്തിത്ത്വത്തിൻറയും സഹിഷ്ണുതയുടെതുമാണ്. അങ്ങിനെയെങ്കിൽ മാത്രമേ സമാധാനവും പുരോഗതിയും കൈവരൂ. അതായിരുന്നു ലോകത്തിന് കിഴക്കൻ സംസ്കാരങ്ങൾ നൽകിയിരുന്നത്, എന്നാൽ കിഴക്കിൻറ ശക്തിയായ ചൈന അത് തിരിച്ചു പിടിക്കാത്തിടത്തോളം കാലം ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിന് ആശങ്കയുടെയും അസഹിഷ്ണുതയുടെയും ഇരുട്ട് മാത്രമേ അവർക്കു നൽകുവാൻ കഴിയൂ. സ്വയം ശക്തമാക്കി അതിർത്തി സംരക്ഷിക്കുക മാത്രമേ ഇന്ത്യയ്ക്കു ചെയ്യുവാൻ കഴിയൂ. അത്
നിലവിലുള്ള നിഷ്ക്രിയ പ്രതിരോധത്തിലൂടെയാകരുത്, മറിച്ച് അഗ്രസ്സീവ് പ്രതിരോധത്തിലൂടെയാകണം. ചൈനയിൽ യഥാർത്ഥ സാംസ്കാരിക പരിവർത്തനം സമാഗതമാകുവാനായി നമുക്കു പ്രാർത്ഥിയ്ക്കാം, ലോക നൻമയ്ക്കായി.

English summary
China's betrayals to India- Since the period of Jawaharlal Nehru to Narendra Modi : Adv Rajesh Vengalil writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X