കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ചുവപ്പുകടലിന്റെ ആഴം'' പുസ്തക നിരൂപണം

  • By Desk
Google Oneindia Malayalam News

ഷീജ തോടിയാടത്ത്

ബഹ്‌റൈന്‍ പത്രപ്രവര്‍ത്തകനായ എം ബിജുശങ്കറിന്റെ നോവല്‍ 'ചുവപ്പുകടലി'ന്റെ വായനാനുഭവം

കലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നു കൂട്ടുകാരിയാണ് ആ പുസ്തകം എന്റെ കൈയ്യില്‍ എത്തിച്ചത്. വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ എന്തോരു സവിശേഷത അനുഭവപ്പെടുന്നുണ്ടായിരുന്നു. ആഖ്യാനത്തില്‍ സ്വീകരിച്ച പുതുവഴിയാണോ എന്നെ ആകര്‍ഷിക്കുന്നതെന്നു ഞാന്‍ സന്ദേഹപ്പെട്ടു. എന്നാല്‍ ഏറെ മുന്നോട്ടു പോകുന്നതിനു മുമ്പെ ഒരു കാര്യം എനിക്കു വ്യക്തമായി. ഒരു പത്ര വാര്‍ത്ത വായിക്കുന്ന പോലെ വേഗത്തിലും ചടുലവും വസ്തുനിഷ്ഠവുമായാണ് ഓരോ വാചകവും ഉള്ളിലേക്കു പ്രവഹിക്കുന്നതെന്ന ബോധ്യം എന്നെ ആഹ്ലാദ ഭരിതയാക്കി. നോവല്‍ വായനയില്‍ എനിക്കിതൊരു പുതിയ അനുഭവം തുറന്നു തരികയായിരുന്നു ഈ പുസ്തകം.

2 വര്‍ഷം അടവ് മുടങ്ങിയപ്പോള്‍ കാര്‍ ഒളിപ്പിച്ചു, പക്ഷെ, 3 മാസം... എല്ലാം മാറി മറിഞ്ഞെന്ന് പാണ്ഡ്യ

പത്രഭാഷയുടെ ചടുലതയും കൃത്യതയും ഒരു കൃതിയില്‍ അനുഭവിക്കാന്‍ കഴിയുന്നു എന്നതാണു 'ചുവപ്പുകടല്‍' എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത്.
ഒരു പത്രപ്രവര്‍ത്തകന്റെ സൂക്ഷ്മ നിരീക്ഷണവും വസ്തുതാന്വേഷണവും സര്‍ഗാത്മകതയുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ അത്യപൂര്‍വമായി ലഭിക്കാവുന്ന ഒരു ഫിക്ഷനാണു ചുവപ്പുകടല്‍. ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ എം ബിജുശങ്കറിന്റെ ആദ്യ നോവല്‍ വായനക്കാര്‍ക്കു പ്രിയങ്കരമായിത്തീരുന്നതിനു മുഖ്യകാരണം അതില്‍ പ്രയോഗിച്ചിട്ടുള്ള ഭാഷയുടെ തീഷ്ണ സൗന്ദര്യം തന്നെയാവണം.

chuvap


വാര്‍ത്തകളായി നമ്മള്‍ കേട്ട അനേകം വിവരങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ വാങ്ങ്മയ അനുഭവങ്ങളായി പരിവര്‍ത്തിപ്പിക്കുന്നുണ്ട് ഈ നോവല്‍. എഴുത്തിലെ പുതുവഴിയും രചനയിലെ അസാധാരണത്വവും കൊണ്ടാണ് എഴുത്തുകാരന്‍ ഇതു സാധ്യമാക്കിയിരിക്കുന്നത്. വൃത്താന്തമായി നാം വായിച്ചു തള്ളിയ സംഭവങ്ങളെ, നോവല്‍ സഞ്ചാരത്തില്‍ കണ്ടു മുട്ടുമ്പോള്‍ അതോരോന്നും നമ്മെ ആഞ്ഞുകൊത്തുന്നത് ഭാഷയുടെയും ഭാവനയുടേയും കരുത്തുകൊണ്ടാണ്.
വാര്‍ത്തകള്‍ പറയുന്ന തൊങ്ങലില്ലാത്ത ഭാഷയുടെ പ്രയോഗത്തിനൊപ്പം നാട്ടു ഭാഷയുടെ തനിമയെ ചേര്‍ക്കുന്നിടത്ത് എഴുത്തുകാരന്റെ കൈയ്യടക്കം അല്‍ഭുതപ്പെടുത്തും.

ഗ്രീസില്‍ നവ ഇടതുപക്ഷം വിജയം വരിച്ച വാര്‍ത്ത അറിഞ്ഞ് ഒരു തണുത്ത പ്രഭാതത്തില്‍ പ്രവാസിയായ തോട്ടംപള്ളി പവിത്രനിലുണ്ടാവുന്ന രാഷ്ട്രീയ ഭാവഭേദങ്ങളൂടെ പ്രവാഹമാണ് ഈ നോവലിന്റെ ശീഘ്രത.
പ്രവാസ ഭൂമിയും ഉളിശ്ശേരി എന്ന തനി നാട്ടിന്‍ പുറവും ബേപ്പൂര്‍ക്കരയെന്ന ഉരു നിര്‍മാണ കേന്ദ്രവും ചേര്‍ന്ന ത്രികോണത്തിലാണു നോവല്‍ സംഭവിക്കുന്നത്.
ആവേശ ഭരിതനായ പവിത്രന്‍, സോഷ്യലിസ്റ്റ് ചേരി തകരുന്നതിനു മുമ്പു കുട്ടികളായിരുന്നവരുടെ ഒരു സംഗമം നടത്തുന്നതിനെ കുറിച്ച് ആഗ്രഹിക്കുന്നു. നാട്ടിലെ പത്രപ്രവര്‍ത്തകനായ കളിക്കൂട്ടുകാരന്‍ രണദിവേയുമായി ഈ ആഗ്രഹം പങ്കിവച്ചാണു നോവല്‍ സഞ്ചരിക്കുന്നത്.

ശീത യുദ്ധാനന്തരം കലുഷിതമായ ലോകത്തിലൂടെ തന്റെ അര്‍ബാബായ ജമീല്‍ ഹംദാന്റെ നിഴലായി പവിത്രന്‍ സഞ്ചരിക്കുന്നു. പവിത്രന്‍ ഉണര്‍ത്തിവിടുന്ന രാഷ്ട്രീയ ഊര്‍ജത്തില്‍ ഉളിശ്ശേരിയുടെ ഓര്‍മകള്‍ രണദിവെയില്‍ ചൂടുപിടിക്കുന്നു. അപ്രതീക്ഷതമായ ഒരു ഘട്ടത്തില്‍ കടലിനക്കരെയും ഇക്കരയുമുള്ള കരകള്‍ ഒരുമിച്ചു ചേരുന്നതാണു നോവല്‍ തന്ത്രം. അതിനിടെ നോവല്‍ സഞ്ചരിക്കുന്ന ലോകം, കാലം എല്ലാം അമ്പരപ്പിക്കുന്നത് അതിന്റെ പ്രയോഗ സാധ്യത കൊണ്ടാണ്.
മുല്ലപ്പൂ വിപ്ലവം ഉലച്ച പേള്‍ ചത്വരത്തില്‍ നിന്നും ഐ എസ് ക്യാമ്പില്‍ അകപ്പെട്ട യസീദി പെണ്‍കുട്ടിയില്‍ നിന്നും അഭയമറ്റ റോഹിംഗ്യനില്‍ നിന്നും മുഹറം പത്തിന് ആത്മ പീഢിതരാകുന്ന ഷിയാക്കളില്‍ നിന്നും മാവോയിസത്തില്‍ നിന്നും തമിഴ് പുലിയില്‍ നിന്നുമെല്ലാം രക്തം കിനിഞ്ഞ് നോവലിന്റെ കടല്‍ ചുവക്കുന്നു.
വായനയിലേക്കു ചരിത്രവും രാഷ്ട്രീയവും അല്‍ഭുതകരമായ വഴക്കത്തോടെ സന്നിവേശിപ്പിക്കാന്‍ എഴുത്തുകാരനു സാധിക്കുന്നു. ഓരോ അധ്യായവും ഒരു ചെറുകഥപോലെ പൂര്‍ണമാവുന്നത് നോവല്‍ വായനയില്‍ പുതിയ അനുഭവം തുറക്കുന്നു.

വൃത്താന്തത്തിനുപയോഗിക്കുന്ന ഭാഷക്ക് ഇത്രമേല്‍ രസം ജനിപ്പിക്കാന്‍ കഴിയുമെന്നിടത്താണു നോവലിന്റെ വിജയം. ഒരു കവിതാ ശില്‍പ്പം ഒരുക്കുന്നതു പോലെ ദുര്‍മേദസ്സുകളില്ലാതെ വാക്കുകള്‍ കൊത്തിയൊരുക്കുന്ന വിദ്യ പല അധ്യായങ്ങളിലും കാണാം. ഇത് ഒരു പത്രപ്രവര്‍ത്തകന്‍ വര്‍ഷങ്ങള്‍ കൊണ്ടു പരിശീലിച്ചെടുത്ത എഡിറ്റിങ്ങിന്റെ സൗന്ദര്യമായിരിക്കാം. പത്രഭാഷയുടെ കരുത്തും എഡിറ്റിങ്ങിന്റെ സൗന്ദര്യവും ഒത്തു ചേരുമ്പോള്‍ ഈ കൃതി ഒരു നവ്യമായ വായനാനുഭവം സൃഷ്ടിക്കുകയാണു ചെയ്യുന്നത്. കുമാരുട്ട്യേട്ടനെ പോലുള്ള കഥാപാത്രങ്ങള്‍ കൊണ്ടുവരുന്ന നാട്ടു ഭാഷയുടെ സൗകുമാര്യവും എല്ലുറപ്പുള്ള ആഖ്യാന ശൈലിയും പത്രഭാഷയുടെ ഗംഭീരതയും ചേരുമ്പോള്‍ ഒരു നവാഗത എഴുത്തുകാരന്റേതാണോ ഈ കൃതിയെന്നു വായനക്കാര്‍ ശങ്കിക്കും.

നോവല്‍ വൃക്ഷത്തിനു നില്‍ക്കാന്‍ ആദി മധ്യാന്ത പൊരുത്തമുള്ള ഒരു കഥ അനിവാര്യമാണെങ്കില്‍ ജമീല്‍ ബിന്‍ മുഹമ്മദ് ഹംദാന്‍ എന്ന അറബിയുടെ ജീവിതം നോവലില്‍ ആ വിധം പരന്നു കിടക്കുന്നുമുണ്ട്. ബേപ്പൂര്‍ക്കരയുടെ ഉരുനിര്‍മാണ പാരമ്പര്യവും അവിടുത്തെ മാപ്പിള ഖലാസിമാരുടെ ജീവിതവും നോവലിനെ സുദൃഢമായി ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു. ശാഖോപശാഖകളായി മറ്റുജീവിതങ്ങള്‍ വന്നു ചേരുമ്പോള്‍ കേരളത്തിലെ ദൈനംദിന രാഷ്ട്രീയത്തിലും നോവല്‍ പങ്കാളിയാവുന്നു. ആലിക്കുട്ടിയെന്ന ഖലാസി മൂപ്പന്റെ ജീവിതവും കടലോരത്ത് ചന്ദ്രന്റെ രക്തസാക്ഷിത്വവും നോവലിന്റെ സഞ്ചാര പാതകള്‍ വികസിപ്പിക്കുന്നു. കുഞ്ഞ്യേക്കനാശാരിയും നൂര്‍ജഹാനും യാസീനും ശര്‍മിഷ്ഠയുമെല്ലാം ഓരോ ഘട്ടത്തില്‍ നോവല്‍ ഗതിയെ അഗാധമായി സ്വാധീനിക്കുന്നു.

ഉപേക്ഷിക്കപ്പെട്ട ഉരു നീരണിയുന്നതു പോലെ കാലം ഓര്‍മയിലേക്കുപേക്ഷിച്ചുകളഞ്ഞ നിമിഷങ്ങളെയാണു ഈ കൃതി ഭാവനയുടെ സമുദ്രയാനത്തിനായി സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്.

കോഴിക്കോട് ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിന്റെ ഇംപ്രിന്റായ പ്രിയതാ ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഫോണ്‍: 8848490199

English summary
''Chuvappu kadalinte aazham'' book review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X