കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴക്കടലിലെ വിവാദത്തിരയിളക്കം; ഇത് അപ്രതീക്ഷിത ആയുധം- നിസാർ മുഹമ്മദ് എഴുതുന്നു

Google Oneindia Malayalam News

നിസാർ മുഹമ്മദ്

തലസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകനാണ് നിസാർ മുഹമ്മദ്. വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ചലച്ചിത്ര പ്രവർത്തകനും ആണ്

ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചുവെന്ന പ്രതിപക്ഷ ആരോപണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. വിവാദം കത്തിപ്പടര്‍ന്നതോടെ പദ്ധതി സംബന്ധിച്ചുള്ള ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി കിട്ടിയ ആയുധമായി ഇതുമാറി.

ഈ സമരാഗ്നി അത്ര പെട്ടെന്ന് അണയുമോ? തിരഞ്ഞെടുപ്പ് കാഹളം ഉയരുമ്പോൾ കാത്തിരിക്കുന്നത് - നിസാർ മുഹമ്മദ് എഴുതുന്നുഈ സമരാഗ്നി അത്ര പെട്ടെന്ന് അണയുമോ? തിരഞ്ഞെടുപ്പ് കാഹളം ഉയരുമ്പോൾ കാത്തിരിക്കുന്നത് - നിസാർ മുഹമ്മദ് എഴുതുന്നു

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഇനി ഒരുമാസം മാത്രം ബാക്കിയാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിലുള്ളത്. ഈ ഘട്ടത്തിൽ എങ്ങനെയാണ് ഈ അപ്രതീക്ഷിത ആയുധം പ്രതിപക്ഷം ഉപയോഗപ്പെടുത്തുക എന്നത് കൂടി പരിശോധിക്കപ്പെടണം.

79ാം പിറന്നാള്‍ ആഘോഷിക്കുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ; ചിത്രങ്ങള്‍ കാണാം

വിവാദത്തിന് തുടക്കമിട്ടത് ചെന്നിത്തല

വിവാദത്തിന് തുടക്കമിട്ടത് ചെന്നിത്തല

ഒരാഴ്ച മുമ്പ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ചുളള ആദ്യവിവരങ്ങള്‍ പുറത്തുവിടുകയും സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തത്. ഇഎംസിസി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് കേരളത്തിന്റെ ആഴക്കടലില്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കി 5000 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യവെളിപ്പെടുത്തല്‍. 400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് പദ്ധതിയെന്നും 2020 ല്‍ കൊച്ചിയില്‍ നടന്ന അസന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ ഇതുസംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പുവെച്ചെന്നും ചെന്നിത്തല ആരോപിച്ചു.

ന്യൂയോര്‍ക്കിലെ കൂടിക്കാഴ്ച

ന്യൂയോര്‍ക്കിലെ കൂടിക്കാഴ്ച

ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചതെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്റെ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസി ചേര്‍ത്തലയിലെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ ഈ കമ്പനിക്ക് നാലേക്കര്‍ സ്ഥലം അനുവദിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആരോപണം അന്നുതന്നെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചു. ഇങ്ങനെയൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടില്ലെന്നും കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചതോടെ വിവാദം ചൂടുപിടിച്ചു. പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ് മന്ത്രി ഇപി ജയരാജനും രംഗത്തുവന്നു.

ഫോട്ടോ പുറത്തുവിട്ട് മേല്‍ക്കൈ

ഫോട്ടോ പുറത്തുവിട്ട് മേല്‍ക്കൈ

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ഇഎംസിസി കമ്പനി പ്രതിനിധി ഷിജു വര്‍ഗീസുമായി ചര്‍ച്ച നടത്തുന്ന ചിത്രം തൊട്ടടുത്ത ദിവസം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കമ്പനി പ്രതിനിധികള്‍ വെളിപ്പെടുത്തുകയും ചെയ്തു. 2018 ല്‍ ഏപ്രിലില്‍ ന്യുയോര്‍ക്കില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി കമ്പനി ചര്‍ച്ച നടത്തിയെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് മറ്റൊരു ഗുരുതര ആരോപണവും ഉന്നയിച്ചു. ഇഎംസിസി ഇന്റര്‍നാഷണലിന്റെ സിഇഒ ഡുവന്‍ ഇ ഗെരന്‍സര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്ന ഗുരുതര ആരോപണമായിരുന്നു അത്.

കരാറല്ലത്, വെറും നിവേദനം മാത്രം

കരാറല്ലത്, വെറും നിവേദനം മാത്രം

എന്നാല്‍, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ഖണ്ഡിക്കുന്ന വിവരങ്ങളുമായി അന്ന് വൈകുന്നേരം പതിവു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നു. മല്‍സ്യ തൊഴിലാളികളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റേതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായ മന്ത്രിക്ക് കമ്പനി പ്രതിനിധികള്‍ നല്‍കിയ നിവേദനമാണ് കരാറെന്ന പേരില്‍ ചെന്നിത്തല പ്രചരിപ്പിക്കുന്നതെന്നും ഇത്തരം രേഖകള്‍ പ്രതിപക്ഷ നേതാവിന് ലഭിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ട കേരളാ ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍ പ്രശാന്ത്, രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.

പൊതുബോധമില്ലാത്ത ഉദ്യോഗസ്ഥര്‍

പൊതുബോധമില്ലാത്ത ഉദ്യോഗസ്ഥര്‍


ഇതിനൊപ്പം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും എന്‍ പ്രശാന്തിനെതിരെ ആഞ്ഞടിച്ചു. ഉത്തരവാദിത്വപ്പെട്ട ചുമതലയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മിനിമം ബോധമെങ്കിലും ഉണ്ടാവണമെന്നായിരുന്നു മന്ത്രിയുടെ ആരോപണം. കെഎസ്‌ഐഡിസിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, കമ്പനി പ്രതിനിധികളുമായി ചേര്‍ന്ന് പ്രതിപക്ഷ നേതാവ് ഗൂഢാലോചന നടത്തുകയാണെന്ന് തിരിച്ചടിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ആഴക്കടല്‍ മല്‍സ്യബന്ധന വിവാദം ആളിപ്പടരുന്നതാണ് പിന്നീട് കണ്ടത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് പുറത്ത്

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് പുറത്ത്

അടുത്തദിവസം വീണ്ടും പത്രസമ്മേളനം നടത്തിയ ചെന്നിത്തല, അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാ പത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചതിന്റെ വിശദാംശങ്ങളും മൂന്നുവര്‍ഷമായി ഈ പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിവന്ന ചര്‍ച്ചകളുടെ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കി. അമേരിക്കയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യത്തിന്റെ സബ്‌സിഡയറി കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടല്‍ മത്സ്യബന്ധനം പരിപോഷിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കണ്‍സെപ്റ്റ് ലെറ്റര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍, ഈ കമ്പനിയുടെ ക്രെഡന്‍ഷ്യല്‍സ് അന്വേഷിച്ച് അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഈ കത്ത്. കത്ത് പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായി.

കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു

കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു

ഇതിനിടെ, പദ്ധതിയിലെ ദുരൂഹ നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രംഗത്തുവന്നു. ആഴക്കടല്‍ മല്‍സ്യബന്ധന കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ആര് നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചോദ്യം. മറ്റ് രാജ്യങ്ങളുമായി കരാര്‍ ഏര്‍പ്പെടാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം തേടണമെന്നാണ് ചട്ടം. കേരള സര്‍ക്കാരിന്റേത് ഒട്ടകപക്ഷിയുടെ നയമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഒപ്പം, ഇഎംസിസി എന്ന കമ്പനിയുടെ വിശ്വാസ്യതയും കേന്ദ്ര സഹമന്ത്രി ചോദ്യം ചെയ്തു.

പിആര്‍ഡിയുടെ പരസ്യം കുരുക്കായി

പിആര്‍ഡിയുടെ പരസ്യം കുരുക്കായി

ഇതിന് പിന്നാലെയാണ്, ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ട ഈ പദ്ധതി സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് തയാറാക്കിയ പരസ്യ വീഡിയോ പുറത്തുവന്നത്. 'ഇനിയും മുന്നോട്ട്' എന്ന പരസ്യ കാമ്പയിനിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇത്. കേരളത്തിലെ മല്‍സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനുതകുന്ന 2,950 കോടിരൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണലും കൈകോര്‍ക്കുന്നു എന്നായിരുന്നു ആ പരസ്യത്തിന്റെ തലവാചകം. കെഎസ്‌ഐഎന്‍സി എം.ഡി എന്‍. പ്രശാത്തും ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസും ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന്റെ ചിത്രങ്ങളും ആ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന് ഒന്നുമറിയില്ലെന്ന് അതുവരെ പറഞ്ഞിരുന്ന മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും തീര്‍ത്തും പ്രതിരോധത്തിലേക്ക് നീങ്ങുന്നതായിരുന്നു പിന്നെക്കണ്ടത്.

തീരദേശത്ത് പ്രതിഷേധക്കടല്‍

തീരദേശത്ത് പ്രതിഷേധക്കടല്‍

വിവാദം സംസ്ഥാന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ തീരദേശത്ത് പ്രതിഷേധം ആളിപ്പടര്‍ന്നു. മല്‍സ്യ തൊഴിലാളി സംഘടനകള്‍ ഈമാസം 27-ന് തീരദേശ ഹര്‍ത്താലും പ്രഖ്യാപിച്ചു. ഇതിനിടെ, കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി എംപി ഈ വിഷയം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചക്ക് വഴിവെച്ചു. വിവാദം തുടരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനൊടുവില്‍ ആദ്യ ധാരണാപത്രം റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും പ്രതിഷേധം അവിടെ അവസാനിച്ചില്ല. തൊട്ടടുത്ത ദിവസം രാഹുല്‍ഗാന്ധി കൊല്ലത്ത് മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മല്‍സ്യബന്ധനത്തിന് പോയത് പ്രതിപക്ഷത്തിന് വല്ലാത്ത ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കിയത്. ഉപ ധാരണാപത്രം മാത്രമല്ല, ഈ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നും ഇതിന് പിന്നില്‍ നടന്ന ഇടപാടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ അടുത്ത ആവശ്യം.

മത്സ്യ നയം തിരുത്തിയത് ആര്?

മത്സ്യ നയം തിരുത്തിയത് ആര്?

മത്സ്യനയത്തിലെ 2 (9) വകുപ്പ് തിരുത്തിയ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്ക് ഒപ്പം നിന്നുവെന്നും ഫിഷറീസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പൂന്തുറയില്‍ സത്യാഗ്രഹ സമരം നടത്തി. ഇതിന് പിന്നാലെ 5000 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ധാരണാപത്രവും റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. സര്‍ക്കാരിന്റെ മല്‍സ്യ നയത്തിന് വിരുദ്ധമായി ധാരണാപത്രം ഒപ്പിട്ട കെഎസ്‌ഐഎന്‍സി മാനേജിങ് ഡയറക്ടര്‍ പ്രശാന്തിനെതിരെ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

തീരില്ല വിവാദം, പ്രചരണത്തില്‍ തുടരും

തീരില്ല വിവാദം, പ്രചരണത്തില്‍ തുടരും

അതേസമയം, ഇതേ അമേരിക്കന്‍ കമ്പനി സര്‍ക്കാരുമായി മറ്റൊരു ധാരണാപത്രം ഒപ്പിട്ടതിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2250 കോടി രൂപയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയാണതെന്ന് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിയില്‍ നടന്ന അസന്‍ഡ് നിക്ഷേപക സംഗമത്തിലാണ് ധാരണാപത്രം ഒപ്പിട്ടതെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍, അത്തരമൊരു പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രതികരണം. താനറിയാത്ത ഒരു പദ്ധതിയെക്കുറിച്ച് എന്ത് മറുപടി പറയാനാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറയുകയും ചെയ്തു. ഏതായാലും ഈ വിവാദം ഇവിടെ അവസാനിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുസര്‍ക്കാരിന് അനുകൂലമായി നിലപാട് സ്വീകരിച്ച തീരദേശം ഇക്കുറി മാറി ചിന്തിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇടതുമുന്നണിയും പ്രചരണം ശക്തമാക്കിയിട്ടുണ്ട്. ആഴക്കടല്‍ മല്‍സ്യബന്ധന വിവാദം ബാലറ്റില്‍ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ ഇനിയുള്ള ആകാംക്ഷ.

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
Deep Sea Fishing Controversy will be a Big weapon for opposition- Writes Nizar Mohammed in Kerala Circus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X