കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഞാനിരയല്ല! എനിക്കൊരു പേരുണ്ട് !'' ലജ്ജ തോന്നേണ്ടത് അവർക്ക്.. രഹ്നാസിനെ നിങ്ങളറിയണം

Google Oneindia Malayalam News

ബലാത്സംഗക്കേസുകളിൽ പെണ്ണിന് എന്നും എവിടെയും ഒരു പേരേ ഉള്ളൂ- ഇര. പീഡിപ്പിച്ചവർക്ക് പേരും മുഖവും ഉണ്ടാവുമ്പോൾ ആക്രമിക്കപ്പെട്ടവൾക്ക് മുഖമോ പേരോ ഉണ്ടാവാറില്ല. ഒരു സ്ഥലപ്പേരാകും പിന്നീടുള്ള കാലം അവളുടെ ഐഡന്റിറ്റി. വിതുരയും സൂര്യനെല്ലിയും കത്വയും പോലെ.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കല്ല പേര് വെളിപ്പെടുത്തുന്നത് കൊണ്ട് അപമാനമുണ്ടാകേണ്ടത്, മറിച്ച് ആ ഹീനകൃത്യം ചെയ്തവർക്കാണ്. കണ്ണൂർ സ്വദേശിനിയാ രഹ്നാസ് എന്ന പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് സ്വന്തം അച്ഛനടക്കം പന്ത്രണ്ട് പേരാൽ പീഡിപ്പിക്കപ്പെട്ടവളാണ്. എന്നാൽ മറഞ്ഞിരിക്കേണ്ടവളല്ല താനെന്ന ഉറച്ച തീരുമാനമുണ്ട് രഹ്നാസിന്. രഹ്നാസിനെക്കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് ചിലത് പറയാനുണ്ട്. വായിക്കാം.

ഞാനെന്തിനു മറഞ്ഞിരിക്കണം

ഞാനെന്തിനു മറഞ്ഞിരിക്കണം

രഹ്നാസിനെ കുറിച്ച് ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ഞാനീ കുറിപ്പെഴുതുമ്പോൾ രഹ്നാസ് അഭിഭാഷകയായി എൻറോൾ ചെയ്തു കഴിഞ്ഞിരിക്കും. 2018 ഏപ്രിൽ 30 ലെ സമകാലിക മലയാളം വാരിക വായിച്ചതിപ്പോഴാണ്. " ഞാൻ രഹ്നാസ്, വയസ്സ് 25, കണ്ണൂർ - ഞാനെന്തിനു മറഞ്ഞിരിക്കണം ?" എന്ന തലക്കെട്ടാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പേജുകൾ മറിച്ചു രഹ്നാസിലെത്തി.. പി. എസ്. റംഷാദിൻ്റെവരികളിലൂടെ രഹ്നാസിനെ കണ്ടു.. കേട്ടു... തൊട്ടു.

മകളെ പീഡിപ്പിച്ച അച്ഛൻ

മകളെ പീഡിപ്പിച്ച അച്ഛൻ

രഹ്നാസിനിതു വരെ പേരില്ലായിരുന്നു.. എന്നാലും രഹ്നാസിനെ നമ്മളറിയും. സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട് കഴിയുന്ന ഹാരിസിനെയും നമ്മളറിയും. രഹ്നാസിൻ്റെ 'ബയോളജിക്കൽ ഫാദർ !'. സ്വന്തം മകളാണെന്ന് മറന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു പെൺകുട്ടിയെ വീട്ടിനകത്തും പുറത്തും വെച്ച് ബലാത്സംഗം ചെയ്ത് അച്ഛൻ.! അവളെ മറ്റു പലർക്കുമായി കാഴ്ചവെച്ച അച്ഛൻ..

"ഞാനിരയല്ല! എനിക്കൊരു പേരുണ്ട് !''

2008ലാണ് രഹ്നാസിൻ്റെ കഥ പുറം ലോകമറിഞ്ഞത്.2009 ൽ കോടതി വിധി പൂർത്തിയായി. ഹാരിസിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. 'ഇര' എന്നോ ജനിച്ച നാടിൻ്റെ പേരിനോടൊപ്പം പെൺകുട്ടി കൂട്ടിച്ചേർത്തോ രഹ്നാസിനെ വിശേഷിപ്പിക്കാം. പക്ഷേ, "ഞാനിരയല്ല! എനിക്കൊരു പേരുണ്ട് !'' എന്ന് നിവർന്നു നിന്ന് ഒരു പെൺകുട്ടി കരളുറപ്പോടെ പറയുമ്പോൾ അവളെ വിശേഷിപ്പിക്കാൻ ആ പേരിനോളം ഉജ്ജ്വലമായി മറ്റൊന്നില്ലാതാകുന്നു. 'രഹ്നാസ്‌' എന്ന പേര് അവളുടെ ഏറ്റവും സുന്ദരമായ ഐഡൻ്റിറ്റിയായി മാറുന്നു.

"ഞാനെന്തിന് മറഞ്ഞിരിക്കണം?

"ഞാനെന്തിന് മറഞ്ഞിരിക്കണം? അങ്ങനെ മൂടിവെക്കപ്പെടേണ്ട ഒന്നാണ് എൻ്റെ വ്യക്തിത്വമെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് എൻ്റെ പേരുണ്ട്.അതുകൊണ്ട് സ്ഥലപ്പേരിൽ ഒളിഞ്ഞിരിക്കേണ്ട കാര്യമില്ല. ഒരു കൊച്ചു പെൺകുട്ടിയായിരിക്കേ മനുഷ്യത്വമില്ലാതെ എന്നെ നശിപ്പിച്ചവരെയൊക്കെ കോടതി ശിക്ഷിച്ചു.മുഖം പുറത്തു കാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവർക്കല്ലേ?'' എന്ന ചോദ്യത്തിന് ആയിരം ഇരുമ്പു കൂടത്തിൻ്റെ പ്രഹരശേഷിയുണ്ട്. എത്ര അന്തസ്സുറ്റതാണ് ആ ചോദ്യം!

സ്ഥലപ്പേരുകൾ മാത്രം

സ്ഥലപ്പേരുകൾ മാത്രം

സൂര്യനെല്ലിപ്പെൺകുട്ടിയായും വിതുരപ്പെൺകുട്ടിയായുമൊക്കെ നമ്മളിപ്പോഴും ഓർമ്മയിൽ ഇരയാക്കി നിലനിർത്തുന്ന എത്രയെത്ര പെൺകുട്ടികളുടെ തൊണ്ടയിൽ കുരുങ്ങി മരിച്ചിട്ടുണ്ടാകും ആ ചോദ്യം? മകളുടെ ശരീരത്തിലേക്ക് ആസക്തിയോടെ നോക്കുന്ന ഒരച്ഛനും ഇനി ഉണ്ടാകാതിരിക്കട്ടെ, എന്ന നിശ്ചയദാർഢ്യത്തോടെ ഒരമ്മ കൂടി ചേർന്നു നിന്ന് പൊരുതിയപ്പോഴാണ് ഈ കേസിന് പെട്ടെന്ന് നീതിയുക്തമായ വിധിയുണ്ടായത്.

മകളെ നിശബ്ദയാക്കാത്ത അമ്മ

മകളെ നിശബ്ദയാക്കാത്ത അമ്മ

സ്വന്തം മകൾക്കുണ്ടായ ദുരനുഭവമറിഞ്ഞ തൊഴിൽരഹിതയായ ആ അമ്മ തൻ്റെ നാലു മക്കളേയും വാരിപ്പിടിച്ച് രക്ഷപ്പെടാനുള്ള വാതിലുകൾക്കു നേരെ പാഞ്ഞത് കേസിലെ പ്രധാന വഴിത്തിരിവാണ്.കുടുംബത്തിൻ്റെ സുസ്ഥിരമായ നിലനിൽപ്പിനായി, മാനാഭിമാനചിന്തകൾക്കിടയിൽ നട്ടം തിരിഞ്ഞ് മകളെ നിശ്ശബ്‌ദയാക്കാൻ ആ അമ്മ ശ്രമിച്ചില്ല. വാദിയേയും പ്രതിയേയും കല്യാണം കഴിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന ജഡ്ജിമാരുള്ള നാട്ടിൽ ബലാത്സംഗക്കേസിൽ വിധി അത്ര സുഗമമല്ല.

വാക്കുകൾ കൊണ്ടുള്ള പീഡനം

വാക്കുകൾ കൊണ്ടുള്ള പീഡനം

ശാരീരികമായ പീഡനങ്ങളേക്കാൾ ഭീകരമായിരിക്കും വാക്കുകളാൽ ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥ.ഇത്തരം കേസുകളിൽ അന്വേഷണോദ്യോഗസ്ഥരുടെ മുന്നിലും പൊതു സമൂഹത്തിൻ്റെ മുന്നിലും കോടതി മുറികളിലും തെളിവെടുപ്പിന് കൊണ്ടു പോകുന്നിടങ്ങളിലുമെല്ലാം എത്രയെത്ര മാനസിക പീഡനങ്ങളാണ് പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വരാറുള്ളത്! അന്വേഷണത്തിൻ്റെ പേരിലുള്ള ബുദ്ധിമുട്ടലുകൾ താൻ അധികം നേരിടേണ്ടി വന്നിട്ടില്ല എന്ന രഹ്നാസിൻ്റെ അനുഭവം അപൂർവ്വങ്ങളിൽ അപൂർവമാണ്.

അവരൊരിക്കലും തോൽക്കില്ല!

അവരൊരിക്കലും തോൽക്കില്ല!

ബലാത്സംഗം ,പ്രത്യേകിച്ചും ഏറ്റവുമടുത്ത ആളുകളിൽ നിന്നുണ്ടാകുന്ന ദുരനുഭവം, പെൺകുട്ടികൾക്ക് ആജീവനാന്തം നീണ്ടു നിൽക്കുന്ന പേടി സ്വപ്നമാണ്. പലരും ആ ദുഃസ്വപ്നത്തെ അതിജീവിക്കില്ല. രഹ്നാസ് അതിനെ മറികടന്ന് മുന്നോട്ട് നടന്നു. പഠിച്ചു. ഇപ്പോൾ അഭിഭാഷകയായി എൻറോൾ ചെയ്തു. ദുരിതപർവ്വങ്ങളിലൂടെ സഞ്ചരിച്ച് സ്വന്തം ഭൂമികകൾ കണ്ടെത്തിയ നിരവധി സ്ത്രീകൾ ഇനിയുമുണ്ടാകാം. പ്രിവിലേജുകളിലൂടെ കടന്നു വന്നവരല്ല അവർ.. അവരാണ് യഥാർത്ഥ വിജയികൾ...അവരൊരിക്കലും തോൽക്കില്ല! ഹൃദയത്തിൽ അഗ്നിയുടെ അരണിയും കൊണ്ട് നടക്കുന്നവർ എവിടെ തോൽക്കാനാണ്?

ഫേസ്ബുക്ക് പോസ്റ്റ്

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Deepa nishanth writes about a rape survivor from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X