കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രഹിന്ദുത്വയെ തോൽപിക്കാൻ അതിന്റെ 'അച്ഛനാകുന്ന' മൃദു ഹിന്ദുത്വ! ദില്ലിയെ കബളിപ്പിക്കുന്നത് ആര്?

Google Oneindia Malayalam News

ദില്ലി: മൂന്നാം തവണയും തുടര്‍ച്ചയായി ദില്ലിയില്‍ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി. സര്‍വ്വ സന്നാഹങ്ങളുമായി പോരിനിറങ്ങിയ ബിജെപിയെ രണ്ടക്കം തികയ്ക്കാന്‍ വിടാതെയാണ് കെജ്രിവാളും സംഘവും ഒതുക്കിയിട്ടത്. 2018 ന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് ബിജെപി നേരിടുന്നത് എന്നത് ഒരു വാസ്തവമാണ്. ഇത്തവണ ദില്ലി തിരഞ്ഞെടുപ്പ് നടന്നത് പൗരത്വ നിയമവുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഇടയിലാണെന്നതും ഏറെ നിര്‍ണായകമാണ്.

രാജ്യത്തെ രണ്ടാമത്തെ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് സാധ്യമാക്കാന്‍ കഴിയാതെ പോയ വിജയം എങ്ങനെയാണ് ആം ആദ്മി പാര്‍ട്ടി നേടുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം പലവിധമാണ്. അഴിമതിയില്ലാത്ത ഭരണം കാഴ്ചവച്ചും, ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കിയും കെജ്രിവാള്‍ സര്‍ക്കാര്‍ മികച്ച പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു എന്നത് അവഗണിക്കാന്‍ ആവില്ല.

എന്നാല്‍ ധ്രുവീകരണ രാഷ്ട്രീയം, അതിന്റെ എല്ലാ കുന്തമുനകളും ഉപയോഗിച്ച് പയറ്റിയ ബിജെപിയെ കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും തളച്ചത് ഭരണനേട്ടങ്ങള്‍ കൊണ്ട് മാത്രം ആയിരുന്നില്ല. ബൂര്‍ഷ്വയെ തോല്‍പിക്കാന്‍ ബൂര്‍ഷ്വയുടെ അച്ഛനാകണം എന്ന സിനിമ ഡയലോഗ് പോലെ, ഹിന്ദുത്വയെ തോല്‍പിക്കാന്‍ മൃദുഹിന്ദുത്വം പേറി ഹിന്ദുത്വയുടെ അച്ഛനാകണം എന്ന തത്വം തന്നെയാണ് അരവിന്ദ് കെജ്രിവാളും പേറിയിട്ടുള്ളത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാകും. ചില നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്...

ഒരിടത്ത് ജയ് ശ്രീറാം, മറുപടി ജയ് ഹനുമാന്‍

ജയ് ശ്രീറാം എന്ന മുദ്രാവാക്യമാണ് ഹിന്ദുത്വ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. അതിനൊരു ബദല്‍ ഹുന്ദുത്വ മുദ്രാവാക്യം ഉയര്‍ത്തുക എളുപ്പമല്ല. എന്നാല്‍ കെജ്രിവാള്‍ ഇതിലും അതീവ തന്ത്രപരമായ നിലപാട് സ്വീകരിച്ചു. താന്‍ ഒരു ഹനുമാന്‍ ഭക്തനാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. വലിയ തോതില്‍ സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുങ്ങുമ്പോഴും സംഘപരിവാര്‍ വിരുദ്ധനായി നില്‍ക്കുന്ന കെജ്രിവാളിന് ഹിന്ദുവിരുദ്ധ പട്ടം കിട്ടാതിരിക്കാന്‍ പ്രധാനകാരണങ്ങളില്‍ ഒന്നായിരുന്നു ഇത്.

ദില്ലി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം ഓര്‍ത്ത് നോക്കാം. ഹനുമാന്‍ ഭക്തനായ കെജ്രിവാളിന് ഹനുമാന്‍ ചാലിസ ചൊല്ലാന്‍ പറ്റുമോ എന്നായിരുന്നു ഒരു പ്രമുഖ ടിവി ചര്‍ച്ചയില്‍ അവതാരകന്റെ ചോദ്യം. കെജ്രിവാള്‍ അത് ഗംഭീരമായി ചൊല്ലി എന്ന് മാത്രമല്ല, ഉടനടി അതിന്റെ വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു. താന്‍ എത്രവലിയ ഹനുമാന്‍ ഭക്തനാണെന്ന് അരക്കിട്ടുറപ്പിക്കുകയായിരുന്നു കെജ്രിവാള്‍. ആറ് ലക്ഷം തവണയാണ് ഈ വീഡിയോ ട്വിറ്ററില്‍ മാത്രം ആളുകള്‍ കണ്ടത് എന്നത് കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.

ഒരു ഹിന്ദു വിരുദ്ധനാക്കി അവതരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെല്ലാം ഒറ്റ ട്വീറ്റിലൂടെ മറികടക്കാന്‍ കെജ്രിവാളിന് സാധിച്ചു.

ആരെ തോല്‍പിക്കാന്‍? ആരുടെ അച്ഛന്‍?

ആരെ തോല്‍പിക്കാന്‍? ആരുടെ അച്ഛന്‍?

ഹിന്ദുത്വ എന്ന പൊതു അജണ്ട മുന്നോട്ട് വയ്ക്കുമ്പോള്‍ തന്നെ ഭൂരിപക്ഷവാദത്തിന്റെ പ്രകടനപരതയും പ്രബലമായ ദേശീയതയും കര്‍ക്കശമായ ഭരണവും ഒക്കെയാണ് ബിജെപിയും സംഘപരിവാറും അവരുടെ മുഖമുദ്രയായി ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിനെ എങ്ങനെയാണ് കെജ്രിവാള്‍ മറികടന്നത് എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്.

ഷെഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ സമരമായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണായുധങ്ങളില്‍ ഒന്ന്. എന്നാല്‍ ഈ വിഷയത്തില്‍ തന്ത്രപരമായ ഒഴിഞ്ഞുമാറല്‍ ആയിരുന്നു കെജ്രിവാള്‍ നടത്തിയത്. അതേസമയം തന്നെ അതില്‍ നിന്ന് മുതലെടുപ്പ് നടത്താനും കെജ്രിവാളിന് സാധിച്ചു.

ദില്ലി പോലീസിന്റെ നിയന്ത്രണാധികാരം തന്റെ കൈയ്യില്‍ ആയിരുന്നെങ്കില്‍ രണ്ട് മണിക്കൂറുകൊണ്ട് ഷെഹീന്‍ ബാഗ് താന്‍ ഒഴിപ്പിക്കുമായിരുന്നു എന്ന് വരെ ഒരു ഘട്ടത്തില്‍ കെജ്രിവാള്‍ പറഞ്ഞു. അതേസമയം, ട്വിറ്ററില്‍ ആം ആദ്മി അനുകൂലികള്‍ മറ്റൊരു പ്രചാരണവും തൊടുത്തുവിട്ടുകൊണ്ടിരുന്നു. ഷെഹീന്‍ ബാഗിലെ പ്രതിഷേധങ്ങള്‍ ഹിന്ദുക്കളെ ബിജെപിയ്ക്ക് അനുകൂലമായി തിരിക്കില്ലേ എന്ന ആശങ്കപ്പെടലുകളായിരുന്നു ആ ട്വിറ്റര്‍ കാമ്പയിന്റെ സാരം.

ബിജെപി അജണ്ടകളെ തോല്‍പിക്കാന്‍ അവരുടെ അജണ്ടകളുടെ പിതാവാകുക എന്ന തന്ത്രം അതിമനോഹരമായി കെജ്രിവാള്‍ പയറ്റി. അത് ഒടുവില്‍ വിജയിക്കുകയും ചെയ്തു.

കെജ്രിവാളിന്റെ ഹിന്ദുത്വവും ദേശീയതയും

കെജ്രിവാളിന്റെ ഹിന്ദുത്വവും ദേശീയതയും

അരവിന്ദ് കെജ്രിവാളിന്റെ മൃദുഹിന്ദുത്വനിലപാടുകളെ ആദ്യം മുതലേ പൊളിച്ചെഴുതിയത് രാജ്യത്തെ ഇടതുപക്ഷമായിരുന്നു. എന്നാല്‍ ദില്ലി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരിഹാസ്യമായ പ്രകടനം കാഴ്ചവച്ചു എന്നത് മറ്റൊരു കാര്യം. അവിടെയാണ് കെജ്രിവാള്‍ വലിയ രാഷ്ട്രീയ വിജയം നേടിയത്.

ദേശീയതയിലൂന്നിയ മൃദുഹിന്ദുത്വം- അതായിരുന്നു കെജ്രിവാളിന്റെ വഴി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച ആളാണ് കെജ്രിവാള്‍. പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കണം എന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. പുല്‍വാമ ഭീകരാക്രമണവും അതിനോടുള്ള ഇന്ത്യയുടെ പ്രതികരണവും എത്ര പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ ആയിരുന്നു എന്നതും പരാമര്‍ശിക്കപ്പെടേണ്ടതാണ്.

താന്‍ എത്രത്തോളം 'നല്ല ഹിന്ദു' ആണെന്ന് മുമ്പും കെജ്രിവാള്‍ തെളിയിച്ചിട്ടുണ്ട്. പാകിസ്താന്‍ സൈന്യത്തിന്റെ രഹസ്യ കേണലാണ് കെജ്രിവാള്‍ എന്ന് മഹാരാഷ്ട്രയിലെ ബിജെപി വക്താവായ അവ്ധത്ത് വാഗ് ആരോപിച്ചപ്പോഴായിരുന്നു അത്. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് സംഭവം. താന്‍ ഒരു ഹിന്ദു ആണെന്നും തന്റെ ഹിന്ദു സംസ്‌കാരം, അവ്ധത്ത് അര്‍ഹിക്കുന്ന മ്ലേച്ഛമായ മറുപടി നല്‍കാന്‍ തന്നെ അനുവദിക്കുന്നില്ല എന്നും ആയിരുന്നു കെജ്രിവാള്‍ പ്രതികരിച്ചത്.

നല്ല മുസ്ലീം ചീത്ത മുസ്ലീം എന്ന സംഘപരിവാര്‍ ദ്വന്തകല്‍പനയെ കെജ്രിവാള്‍ എത്രത്തോളം പിന്തുണക്കുന്നു എന്നതിനും തെളിച്ചമുള്ള തെളിവുകളുണ്ട്. ഔറംഗസേബ് റോഡിനെ എപിജെ അബ്ദുള്‍കലാം റോഡ് എന്ന് പുനര്‍നാമകരണം ചെയ്തതിനെ പ്രശംസിച്ച ആളാണ് കെജ്രിവാള്‍. ചരിത്രത്തെ സംഘപരിവാര്‍ തിരുത്തിയെഴുതുന്നതിന് കൈയ്യടിച്ച ആളെന്നും വേണമെങ്കില്‍ കെജ്രിവാളിനെ വിശേഷിപ്പിക്കാം.

മികച്ച മിശ്രണം.... കെജ്രിവാള്‍ സ്‌പെഷ്യല്‍

മികച്ച മിശ്രണം.... കെജ്രിവാള്‍ സ്‌പെഷ്യല്‍

അണ്ണ ഹസാരെ തുടങ്ങിവച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിലൂടെ ആണല്ലോ അരവിന്ദ് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നത്. ആ മുന്നേറ്റത്തില്‍ കെജ്രിവാളിനൊപ്പമുണ്ടായിരുന്ന ചിലര്‍ പിന്നീട് മോദിഭക്തരായി ബിജെപി ക്യാമ്പില്‍ എത്തുകയും ചെയ്തു. എന്തായാലും എക്കാലത്തും കെജ്രിവാള്‍ ബിജെപിയോട് ഒരു അകലം സൂക്ഷിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

ജനലോക്പാല്‍ മുന്നോട്ട് വച്ച് കെജ്രിവാള്‍ ആദ്യം അധികാരത്തിലെത്തി. പിന്നീട് 2015 ല്‍ ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷവുമായി ദില്ലി പിടിച്ചടക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിനെ മടുത്ത ജനം കെജ്രിവാളിനെ പിന്തുണച്ചു എന്ന് ഒറ്റവാക്കില്‍ അങ്ങനെ പറയാന്‍ കഴിയില്ല. കാരണം, 1998 മുതല്‍ മൂന്നിലൊന്ന് വോട്ടുബാങ്കുമായി ബിജെപി അവിടെ ഉണ്ടായിരുന്നു.

2013 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 26 ലക്ഷം വോട്ടുകളായിരുന്നു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് ഒറ്റയടിയ്ക്ക് 36 ലക്ഷം വോട്ടുകളായി. എന്നാല്‍ 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 29 ലക്ഷം വോട്ടുകളായി കുറഞ്ഞു. ബിജെപിയുടെ ഏതാണ്ട് ഏഴ് ലക്ഷത്തോളം വോട്ടുകള്‍ ആരാണ് സമാഹരിച്ചത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

2013 ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് കിട്ടിയത് 23 ലക്ഷം വോട്ടുകളാണ്. 2014 ലെ മോദി തരംഗത്തില്‍ പോലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷം വോട്ടുകള്‍ കൂടുതല്‍ നേടാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിഞ്ഞു. എന്നാല്‍ 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആപ്പ് നേടിയത് 49 ലക്ഷം വോട്ടുകളായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് ആം ആദ്മിയുടെ പെട്ടിയില്‍ കൂടുതലായി വീണത് 22 ലക്ഷം വോട്ടുകള്‍. ബിജെപിയുടേതിനേക്കാള്‍ കോണ്‍ഗ്രസിന്റേയും ബിഎസ്പിയുടേയും വോട്ടുകളാണ് കെജ്രിവാളും സംഘവും അന്ന് പിഴുതെടുത്തത്. ബിജെപിയ്ക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.

ദില്ലിയിലെ മുസ്ലീം വോട്ടുകള്‍

ദില്ലിയിലെ മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍ ദില്ലിയില്‍ ഏറെ നിര്‍ണായകമാണ്. പല മണ്ഡലങ്ങളിലും വിജയം നിശ്ചയിക്കുക മുസ്ലീം വോട്ടുകളാണ്. എന്നാല്‍ മുസ്ലീം പ്രീണനം എന്ന തന്ത്രമൊന്നും കെജ്രിവാള്‍ അങ്ങനെ എപ്പോഴും പയറ്റാറില്ല എന്നതാണ് സത്യം. പോരാട്ടം ബിജെപിയുമായിട്ടാകുമ്പോള്‍ മുസ്ലീം വോട്ടുകള്‍ എവിടെയെത്തും എന്നത് സംബന്ധിച്ച് കെജ്രിവാളിന് നല്ല ധാരണയുണ്ട്.

ദില്ലിയിലെ മുസ്ലീം വോട്ടര്‍മാരെ സംബന്ധിച്ച് കോണ്‍ഗ്രസ് എന്നത് പ്രതീക്ഷയറ്റ ഒരു കാര്യമാണ്. തീവ്ര ഹിന്ദുത്വവും മൃദു ഹിന്ദുത്വവും തമ്മിലുള്ള പോരാട്ടത്തില്‍ മൃദുഹിന്ദുത്വത്തിനൊപ്പം നില്‍ക്കുക എന്നതാണ് അവര്‍ക്ക് മുന്നിലുള്ള വഴി. ഷെഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ഇത്തവണ വിജയിച്ചത് ആം ആദ്മി സ്ഥാനാര്‍ത്ഥിയാണ്. നാല്‍പത് ശതമാനത്തോളം മുസ്ലീം വോട്ടര്‍മാരുള്ള മണ്ഡലം ആണിത്. എന്നാല്‍ മറുവശത്തുള്ള അറുപത് ശതമാനം വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷത്തേയും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കെജ്രിവാളിനും ഓഖ്‌ലയിലെ സ്ഥാനാര്‍ത്ഥി അമാനത്തുള്ള ഖാനും സാധിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ആയിരുന്നു ഇവിടെ എഎപി വിജയിച്ചത്.

ബിജെപിയുമായി പൊതുതിരഞ്ഞെടുപ്പില്‍ മുട്ടിയാല്‍

ബിജെപിയുമായി പൊതുതിരഞ്ഞെടുപ്പില്‍ മുട്ടിയാല്‍

ഇനി 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ ഒന്ന് പരിശോധിക്കാം. 2015 ല്‍ ആം ആദ്മി പാര്‍ട്ടി നിയമസഭയില്‍ നേടിയത് 49 ലക്ഷം വോട്ടുകള്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടി. ആം ആദ്മി പാര്‍ട്ടി വെറു 16 ലക്ഷം വോട്ടില്‍ ഒതുങ്ങി.

ഇതിനര്‍ത്ഥം കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്തവര്‍ ലോക്‌സഭ തിരഞ്ഞെടുപ്പെത്തുമ്പോള്‍ നേരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നു എന്നത് തന്നെയാണ്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയില്‍ നിന്ന് 22 ലക്ഷം വോട്ടുകളാണ് ബിജെപിയിലേക്ക് പോയത്. കോണ്‍ഗ്രസിലേക്ക് പോയത് 11 ലക്ഷം വോട്ടുകളും.

മൃദു ഹിന്ദുത്വരാഷ്ട്രീയം കൊണ്ട് അരവിന്ദ് കെജ്രിവാള്‍ ആണോ അതോ ദില്ലിയിലെ വോട്ടര്‍മാരാണോ ലോകത്തെ കബളിപ്പിക്കുന്നത് എന്ന ചോദ്യം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയെ പ്രതിരോധിക്കാനിറങ്ങിയാല്‍ ദില്ലിയിലെ വോട്ടര്‍മാര്‍ എങ്ങനെ ആയിരിക്കും ആം ആദ്മി പാര്‍ട്ടിയോട് പ്രതികരിക്കുക എന്നതും കാത്തിരുന്ന് കാണേണ്ടി വരും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദില്ലിയിലെ ആം ആദ്മി വിജയത്തില്‍ ബിജെപി അത്രയേറെ ഭയപ്പെടേണ്ട കാര്യം തത്കാലം ഇല്ല. 2024 ല്‍ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ തിരികെ ബിജെപിയുടെ പെട്ടിയില്‍ തന്നെ എത്താനാണ് സാധ്യത.

English summary
Delhi Assembly Elections 2019: How Arvind Kejriwal Defeated Hard Hindutva with Soft Hindutva Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X