കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാലക്ക് 40 ലക്ഷം പേര്‍ എത്തിയോ?

  • By Soorya Chandran
Google Oneindia Malayalam News

ആറ്റുകാല്‍ പൊങ്കാലയില്‍ നാല്‍പത് ലക്ഷം ഭക്തര്‍ എത്തി എന്ന ക്ഷേത്രാധികാരികളുടെ കണക്കുകള്‍ പൊള്ളലയല്ലെന്ന് എങ്ങനെ വിശ്വസിക്കും. നാല്‍പത് ലക്ഷം പേരെ തിരുവനന്തപുരം നഗരത്തിന് താങ്ങാനാകുമോ എന്ന സംശയം മാറ്റി നിര്‍ത്തിയാല്‍ പോലും ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകള്‍ വിശ്വസിക്കാനാകുമോ?

2001 ലെ സെന്‍സസ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ മൊത്തം ജനസംഖ്യ 3,307,284 ആണ്. ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അത് പത്ത് ലക്ഷം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കാക്കിയാല്‍ തന്നെ മൊത്തം ജനസംഖ്യ 44 ലക്ഷത്തിന് താഴേയേ വരൂ. എളുപ്പത്തിന് വേണ്ടി ജനസംഖ്യ നാല്‍പത് ലക്ഷം എന്ന് കണക്കാക്കാം.

മൊത്തം നാല്‍പത് ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയുടെ നഗര കേന്ദ്രത്തില്‍ മാത്രം ഒറ്റ ദിവസം നാല്‍പത് ലക്ഷത്തോളം സ്ത്രീകള്‍ പൊങ്കാലയിടാന്‍ വന്നു എന്നാണ് ആറ്റുകാല്‍ അമ്പലത്തിന്റെ വക്താക്കള്‍ പറയുന്നത്.

Attukal Pongala Corwd

തിരുവനന്തപുരത്ത് നാല്‍പത് ലക്ഷത്തോളം ജനങ്ങളുണ്ട് എന്ന് കരുതുക. അതില്‍ പാതിയും സ്ത്രീകളാണെന്നും കരുതുക. അതിന്റെ നാലില്‍ മൂന്ന് ഭാഗവും ഹിന്ദുക്കളാണെന്നും കരുതുക. അവരെല്ലാം പൊങ്കാലയിടാന്‍ എത്തി എന്നും കരുതുക. അപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് മാത്രം 16 ലക്ഷം സ്ത്രീകള്‍ പൊങ്കാലയിട്ടിട്ടുണ്ടാകും എന്ന് വേണമെങ്കില്‍ വിശ്വസിക്കാം.

നാല്‍പത് ലക്ഷത്തോളം പേര്‍ എന്ന് പറയുമ്പോള്‍, മറ്റ് ജില്ലകളില്‍ നിന്നായി 24 ലക്ഷം ഭക്തകള്‍ കൂടി എത്തിയിട്ടുണ്ടാവണം. ബാക്കി ജില്ലകളില്‍ നിന്ന് എങ്ങനെയാണ് ഇത്രയധികം ആളുകള്‍ ഇവിടെ എത്തിയത് എന്നതിനെങ്കിലും ഒരു കണക്ക് വേണ്ടേ...

സിപിഎം സെക്രട്ടേറിയറ്റ് ഉപരോധം നടത്തിയപ്പോള്‍ ആകെ എത്തിയത് എഴുപത്തയ്യായിരത്തോളം ആളുകളാണ്. തിങ്ങി നിരങ്ങി നിന്ന ആ എഴുപത്തായ്യായിരത്തെ പോലും ശരിക്ക് ഉള്‍ക്കൊള്ളാന്‍ നഗരത്തിന് കഴിഞ്ഞില്ല. പിന്നെങ്ങനെ നാല്‍പത് ലക്ഷത്തിന് കഴിയും?

കിഴക്കേ കോട്ട മുതല്‍ അങ്ങ് കേശവദാസപുരം വരെ റോഡരികില്‍ ഭക്തര്‍ പൊങ്കാലയിട്ടു എന്ന് പറഞ്ഞാലും നാല്‍പത് ലക്ഷത്തിന്റെ കണക്കിനെ സാധൂകരിക്കാന്‍ കഴിയില്ല. ഇനി ഇട റോഡുകളുടേയും മറ്റ് റോഡുകളുടേയും കൂടി കണക്കെടുത്താല്‍ പോലും ഇത്രയും ലക്ഷം ആളുകള്‍ പങ്കെടുത്തു എന്നൊക്കെ പറയുന്നതിന് എന്ത് ആധികാരികതയാണുള്ളത്.

മറ്റൊരു കണക്ക് കൂടി പരിശോധിക്കാം. 250 ല്‍ പരം ശാന്തിക്കാരെയാണ് പൊങ്കാല നേദിക്കാനായി നിയോഗിച്ചിരുന്നതത്രെ. നാല്പത് ലക്ഷം പേരുടെ പൊങ്കാല നേദിക്കണമെങ്കില്‍ ഓരോ ശാന്തിയും ചുരുങ്ങിയത് 16,000 പൊങ്കാലയെങ്കിലും നേദിക്കണം. ഒരു ശാന്തിക്ക് ഒരു മിനിട്ടില്‍ പരമാവധി എത്ര പൊങ്കാല നേദിക്കനാവും. ഓരോ സെക്കന്റിലും ഒരെണ്ണം വച്ച് കൂട്ടിയാലും മണിക്കൂറില്‍ 3600 എണ്ണത്തില്‍ കൂടില്ല. 250 ശാന്തിക്കാരും ഇതേ രീതിയില്‍ ചെയ്താല്‍ തന്നെ ഒന്പത് ലക്ഷത്തിന് മുകളില്‍ പൊങ്കാല ഒരു മണിക്കൂറില്‍ നേദിക്കാന്‍ പറ്റില്ല. മൂന്ന് മണിക്കൂര്‍ യന്ത്രങ്ങളെ പോലെ നേദിച്ചാലും 27 ലക്ഷത്തിന് അപ്പുറം കടക്കാന്‍ കഴിയില്ല.

എന്നാലും എല്ലാവരും ഏറ്റുപാടുന്നത് ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകളാണ്. ഒരു മാധ്യമ പ്രവര്‍ത്തകനോ, സാമൂഹ്യ വിമര്‍ശകനോ ഇതിന്റെ നിജസ്ഥിതി എന്തെന്ന് വിളിച്ചു പറയാന്‍ ധൈര്യപ്പെടുകയും ഇല്ല.

2011 ലെ സെന്‍സസ് പ്രകാരം 33,387,677 ജനങ്ങളാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍ നാല്‍പത് ലക്ഷം എന്ന് പറയുമ്പോള്‍ കേരള ജനതയുടെ ഏതാണ്ട് 12 ശതമാനത്തോളം വരും എന്നും ഓര്‍ക്കണം.

English summary
Devotees attended Attukal Pongala will not exceed 27 Lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X