കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യം സിംപിളാണ്, പോലീസുകാര്‍ക്കെന്താണ് പോണ്‍ സൈറ്റില്‍ കാര്യം?

  • By Neethu B
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

നാല് ചുവരുകൾക്കുള്ളില്‍ ഇരുന്ന് ഞാന്‍ സണ്ണി ലിയോണിനെ കാണണോ അരവിന്ദന്റെ വാസ്തുഹാര കാണണോ എന്നത് ഏത് സ്‌റ്റേറ്റിനാണ് തീരുമാനിക്കാന്‍ പറ്റുക. 'കുലുക്കി സര്‍ബത്തില്‍' മുരളീകൃഷ്ണ മാലോത്ത് ചോദിക്കുന്നു...

ഉപ്പില്ലാത്ത കഞ്ഞി - ഗുണവും മണവുമില്ലാത്തതിനെ കുറിക്കാന്‍ എവിടെ നിന്നോ നാവില്‍ കയറിക്കൂടിയ പ്രയോഗമാണിത്. പ്രണയമില്ലാത്ത കാമ്പസായിരുന്നു ഉപ്പില്ലാത്ത കഞ്ഞി എന്നാണ് ഒരു കാലത്ത് ധരിച്ചുവെച്ചിരുന്നത്. എന്നാല്‍ അതല്ല, പ്രേമം കാണാത്തവനും 80കളില്‍ ജനിച്ചവനുമായ മലയാളി യുവാവാണ് ഈ പറഞ്ഞ സാധനം എന്ന് പിന്നീട് തോന്നി. എന്നാല്‍ ഇതൊന്നുമല്ല, പോണ്‍ അഥവാ അശ്ലീല വീഡിയോകള്‍ കിട്ടാത്ത ഇന്റര്‍നെറ്റാണ് ഈ വിശേഷണത്തിന് സര്‍വ്വഥാ യോഗ്യന്‍ എന്നാണ് 'പൊളിറ്റിക്കലി കറക്ടാ'യ പൊതുബോധം. പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണല്ലോ നമ്മള്‍ ഇക്കണ്ട വെള്ളമൊക്കെ കോരുന്നത്.

ഇന്റര്‍നെറ്റും കംപ്യൂട്ടറും പോയിട്ട് കറണ്ട് പോലും കിട്ടിയിട്ടില്ലാത്ത ഒരു നാട്ടിലാണ് ജനിച്ചതും കൗമാരത്തിന്റെ നല്ലൊരുകാലം വരെയും ജീവിച്ചതും. അതുകൊണ്ട് തന്നെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ഡിവിഡി ഇട്ട് പോണ്‍ കാണുക, ഭക്തകുചേലയുടെ കാസറ്റില്‍ നിന്നും സില്‍ക് സ്മിത സീല്‍ക്കാരം മുഴക്കുക തുടങ്ങിയ അബദ്ധങ്ങളൊന്നും പിണഞ്ഞിരുന്നില്ല. ദാറ്റ് വാസ് ദ ലാസ്റ്റ് ഡേ ഓഫ് മൈ ഗ്രാന്‍ഡ് മാ - എന്ന് അമേരിക്കന്‍ പൈ മോഡലില്‍ കൂട്ടുകാരോട് വെച്ചടിക്കാനും അവസരം കിട്ടിയില്ല.

column-1

വീട്ടിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായി വരുത്തിയിരുന്ന 'മ' പ്രസിദ്ധീകരണങ്ങളിലെ ലക്ഷണയുക്തമായ വരകളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളായിരുന്നു പോണ്‍ കാഴ്ചകളുടെ തുടക്കം. സുധാകര്‍ മംഗളോദയത്തിന്റെയും സി വി നിര്‍മലുടെയും (പൈങ്കിളി) ബാറ്റണ്‍ ബോസിന്റെയും (ഡിറ്റക്ടീവ്) കോട്ടയം പുഷ്പനാഥിന്റെയും (മാന്ത്രിക) സോഫ്റ്റ് പോണ്‍ വായനകളിലൂടെ അത് വളര്‍ന്ന് മുട്ടത്ത് വര്‍ക്കിയിലേക്കും പമ്മനിലേക്കും എത്തി. (ഒ വി വിജയനെയും എം മുകുന്ദനെയും വായിച്ചതില്‍ കൂടുതല്‍ ആളുകള്‍ സുധാകര്‍ മംഗളോദയത്തിനെ വായിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഒരു എഴുത്തുകാരന്‍ പറയുന്നത് കേട്ടു, കൃത്യമായ കണക്കറിയില്ല)

column-2

കാമ്പസെന്നാല്‍ പ്രണയമെന്ന് ബലചന്ദ്രന്‍ ചുളളിക്കാട് കവിതയില്‍ കൈവിഷം കലക്കുന്ന ആ കാലത്താണ് ജീവിതം കൂടുതല്‍ യൗവനയുക്തവും പ്രണയസുരഭിലവുമാക്കിക്കൊണ്ട് ലൈബ്രറിയില്‍ നിന്നും 'കൊക്കോകന്റെ കാമശാസ്ത്രം' കയ്യില്‍ തടയുന്നത്. തിക്കും പൊക്കും നോക്കി ഈ ശാസ്ത്രം വായിച്ചുതീര്‍ന്നതോടെ 'ജ്യോതിശാസ്ത്രം', 'ഹസ്തരേഖാ ശാസ്ത്രം' തുടങ്ങിയ ശാസ്ത്രങ്ങളൊന്നും ഇതിന് മുന്നില്‍ ഒന്നുമല്ല എന്ന് ബോധ്യമായി. പഠനത്തിന് വേണ്ടി നാടുവിട്ടതോടെ പോണ്‍ ലഭ്യതയുടെ സാധ്യതകളും മലര്‍ക്കെ തുറക്കപ്പെട്ടു. കമ്പയിന്‍ സ്റ്റഡിക്കെത്തി കൂട്ടുകാരൊന്നിച്ച് ആവേശത്തോടെ വായിച്ചിരുന്ന പുസ്തകങ്ങളില്‍ പലതും എഴുതിയ ഒരു സഹപാഠി പോലും അന്നെനിക്കുണ്ടായിരുന്നു.

ഒറ്റയ്‌ക്കൊരു മുറിയും ലാപ്‌ടോപും ഇന്റര്‍നെറ്റും എണ്ണമില്ലാത്ത സിഡികളും എല്ലാമുണ്ടായിട്ടും അറിഞ്ഞോ അറിയാതെയോ ഒരു ലൈംഗികാതിക്രമങ്ങളിലും ഇതുവരെ പങ്കാളിയാകേണ്ടിവന്നിട്ടില്ല. ഐശ്വര്യാറായിയെ ഭോഗിക്കാന്‍ സ്വപ്‌നം കാണുകയും എന്നാല്‍ സ്വയംഭോഗം ചെയ്ത് തൃപ്തിയടയുകയും ചെയ്ത / ചെയ്യുന്ന ഒരു വലിയ ശതമാനം ആളുകള്‍ ഇവിടെയുണ്ട്. നനഞ്ഞ പുതപ്പും ചവിട്ടിത്തള്ളി ഉറങ്ങുന്ന ഇവരിലെത്ര പേരാണ് അക്രമികളായിട്ടുള്ളത് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. സ്വകാര്യ വീഡിയോകളും ചൈല്‍ഡ് പോണോഗ്രഫിയും പോലുള്ള അക്രമങ്ങള്‍ മറ്റൊരു വിഷയമാണ്.

column-3

പണ്ട് ഇന്റര്‍നെറ്റും നീലച്ചിത്രങ്ങളും ഇല്ലാത്ത കാലത്ത്, 'സുരക്ഷിത'മായിരുന്ന കൂട്ടുകുടുംബങ്ങളിലെ ഇരുട്ടിലും മറവിലും കുളപ്പുരകളിലും മറ്റും നടന്നിരുന്ന ബലാത്സംഗങ്ങളുടെ ഒരു എക്സ്റ്റന്‍ഡഡ് വേര്‍ഷന്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. ഇതിനെ അടിസ്ഥാന പ്രശ്‌നം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. കോണ്ടം ധരിച്ചാല്‍ എയ്ഡ്‌സ് തടയാമെന്ന് പഠിപ്പിക്കുമ്പോള്‍, 'എന്താണ് ടീച്ചറേ ഈ കോണ്ടം, അതെങ്ങനാ ധരിക്കുക' എന്ന് സംശയം ചോദിച്ച കുട്ടികളെ പുറത്താക്കാനേ നമ്മുടെ ടീച്ചര്‍മാര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. ചോദ്യം ഇപ്പോഴും പലേടത്തും കറങ്ങി നടക്കുന്നുണ്ട്.

രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം നിശ്ചലമാകുകയല്ല പകരം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന ഒരു കെട്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പേരില്‍ നീലയെന്നുള്ളത് കൊണ്ട് ഒരു മുന്‍ മന്ത്രിയെ നോക്കി പോലും ആളുകള്‍ വിടലച്ചിരി ചിരിക്കുന്ന നാട്ടില്‍ നീലച്ചിത്രങ്ങള്‍ അംഗീകരിക്കപ്പെട്ടാലാണ് അത്ഭുതപ്പെടേണ്ടത്. നിയന്ത്രണങ്ങള്‍ വേണ്ടത് തന്നെ, അല്ലാതെ ഇന്റര്‍നെറ്റില്‍ അശ്ലീല (പോണ്‍ എന്നതിനെ മലയാളത്തില്‍ അശ്ലീലം എന്നെഴുതിത്തുടങ്ങിയത് ആരായിരിക്കും?) മുള്ളത് കൊണ്ട് മാത്രം ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നു എന്ന് പറയുന്നതും റോഡുള്ളത് കൊണ്ട് റോഡിൽ ആക്സിഡൻറ് നടക്കുന്നു എന്ന് പറയുന്നതും തമ്മിലെന്ത് വ്യത്യാസമാണുള്ളത്?

column-4

നിങ്ങളുടെ കൈവിരല്‍ അന്യന്റെ മൂക്കിന്‍തുമ്പത്ത് അവസാനിക്കണം എന്നത് പോലെ തന്നെ നിങ്ങളുടെ ഒളിനോട്ടങ്ങള്‍ മറ്റുള്ളവരുടെ മൊബൈല്‍ സ്‌ക്രീനിലേക്കും എത്തുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. അതും പൗരസ്വാതന്ത്ര്യത്തില്‍ പ്രധാനമാണ്. നാല് ചുവരുകൾക്കുള്ളില്‍ ഇരുന്ന് ഞാന്‍ സണ്ണി ലിയോണിനെ കാണണോ അരവിന്ദന്റെ വാസ്തുഹാര കാണണോ എന്നത് എന്റെ മാത്രം ഇഷ്ടമാണ്. സര്‍ക്കാര്‍ നിയന്ത്രിക്കട്ടെ, അല്ലെങ്കില്‍ നിയമം കൊണ്ടുവന്ന് നിരോധിക്കട്ടെ. ആളുകളെ തൂക്കിക്കൊല്ലാനും സംശയത്തിന്റെ അടിസ്ഥാനത്തില്‍ വെടിവെച്ചുകൊല്ലാനും ഇവിടെ നിയമങ്ങളുണ്ടല്ലോ. ചര്‍ച്ചകള്‍ നടക്കട്ടെ. വിശദീകരണങ്ങള്‍ വരട്ടെ. അല്ലാതെ രാത്രിക്ക് രാത്രി പോണ്‍സൈറ്റുകള്‍ നിരോധിക്കുന്നതിലെന്ത് കാര്യം.

column-5

ഒരു ഗൂഗിള്‍ പ്ലസ് ചര്‍ച്ചയില്‍ - ഒരു ദിവസം പതിവുപോലെ താങ്കള്‍ മകന്റെ/ മകളുടെ റൂമിലേക്ക് കയറി ചെല്ലുമ്പോള്‍ അവന്‍/അവള്‍ ലാപ്‌ടോപില്‍ ബ്ലൂ ഫിലിം കണ്ടുകൊണ്ടിരിക്കുന്നത് കണ്ടാല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം? എന്ന ചോദ്യത്തിന് ഒരു സുഹൃത്ത് പറഞ്ഞ മറുപടി ഇങ്ങനെ. 'കുഞ്ഞ് മൈനര്‍ ആണെങ്കില്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കും. പ്രായപൂര്‍ത്തിയായ കുട്ടിയാണെങ്കില്‍, ഒരു സോറി പറഞ്ഞ് വാതിലടച്ച് തിരിച്ചു പോരും'. ഇത്രയെങ്കിലും മര്യാദ ഈ സ്റ്റേറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

അവനവാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് ശല്യമാവാത്ത കാലത്തോളം സ്‌റ്റേറ്റിന് ഈ വീട്ടില്‍ എന്താണ് കാര്യം. പിന്നെ സംസ്‌കാരം, മുണ്ട് മുറുക്കിയുടുത്ത് അടക്കിപ്പിടിച്ച് സൂക്ഷിക്കേണ്ടതാണോ സംസ്‌കാരം. നമ്മളെങ്ങനെ ജീവിക്കുന്നോ അതല്ലേ നമ്മുടെ സംസ്‌കാരം. 'Culture is the man made part of environment' എന്നല്ലേ? അല്ലാതെ ഇതാണ് നിന്റെ സംസ്‌കാരം അത് നീ മരിക്കും വരെ വെച്ചോ എന്ന് പറഞ്ഞ് ആരും നൂലില്‍ കെട്ടി ഇറക്കുന്നതാകരുത് അത്. അഥവാ അങ്ങനെ നോക്കിയാലും ആരും സംസ്‌കൃതരാകാന്‍ പോകുന്നില്ല, അങ്ങനെ അഭിനയിച്ചേക്കാം. പക്ഷേ 'സൗകര്യം' കിട്ടുമ്പോള്‍ അവരുടെ ശരിക്കുള്ള 'സംസ്‌കാരം' പുറത്തുവരിക തന്നെ ചെയ്യും.

English summary
Do we should ban Porn. Or education be able to help, Muralikrishna Maaloth writes about porn ban in india.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X