കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ സംഘടനകളുടെ പുറന്തോട് പൊളിച്ചെത്തുന്നൂ പുതിയ സമരരാഷ്ട്രീയം

Google Oneindia Malayalam News

ഡോ ആസാദ്

അധ്യാപകനും പ്രമുഖ ഇടത് ചിന്തകനും ആണ് ഡോ ആസാദ്‌

മൂന്നാറിലെ തൊഴിലാളി സമരം എന്ന് പറയുന്നരൊക്കെ തന്നെ ആ സമരം ആര്‍ക്കെതിരെയാണെന്ന് പറയാന്‍ തയ്യാറാകുന്നില്ല. അത് ടാറ്റയുടെ കണ്ണന്‍ ദേവനിലാണെന്ന്(?) പറയാന്‍ പലര്‍ക്കും നാവ് പൊന്തുന്നില്ല. അതിനും അപ്പുറത്തേയ്ക്ക് തൊഴിലാളി വര്‍ഗ്ഗത്തെ തന്നെ അമ്പരപ്പിയ്ക്കുന്ന വേറേയും ചില സത്യങ്ങളുണ്ട്.

ഓഹരിയില്‍ പാതിയിലേറേയും സ്വന്തമായ തൊഴിലാളികള്‍- ചുരുക്കിപ്പറഞ്ഞാല്‍ ഉടമകള്‍- തന്നെയാണ് സമരം ചെയ്തത്. അത് ആര്‍ക്കെതിരെയാണ്? ഉടമകളായ തങ്ങള്‍ക്ക് തന്നെ എതിരാണോ? നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വ്യവസായ മേഖലയില്‍ അത്രയേറെ പഴക്കമുളള ട്രേഡ് യൂണിയന്‍ സംവിധാനത്തെ അപ്രസക്തമാക്കി ആ സ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ അത് ഭാവിയിലേയ്ക്ക് തുറന്ന് വയ്ക്കുന്ന സൂചനകള്‍ എന്തെല്ലാമാണ്? അധ്യാപകനും ഇടത് ചിന്തകനും ആയ ഡോ ആസാദ് എഴുതുന്നു...

Munnar Strike1

മൂന്നാറിലെ സ്തീതൊഴിലാളികളുടെ പ്രക്ഷോഭം വിജയിച്ചു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീതൊഴിലാളി ഐക്യവും മുന്നേറ്റവുമാണ് മൂന്നാറില്‍ കണ്ടത്. തൊഴിലാളി സമരങ്ങളുടെ കാലം കഴിഞ്ഞുവെന്നാണ് വികസനവാദികളാകെ അവകാശപ്പെട്ടിരുന്നത്. രാജ്യത്തിന്റെ പുരോഗതിക്കാകെയുള്ള തടസ്സം തൊഴിലാളി സമരങ്ങളാണെന്നു തീസിസുകളുണ്ടായി. സമരപ്രസ്ഥാനങ്ങളെക്കൊണ്ടുപോലും സഹകരണമാണ് മഹത്തരം എന്നു ചിന്തിപ്പിക്കാന്‍ നവമുതലാളിത്ത വികസനവാദത്തിന് സാധിച്ചു.

കേരളത്തിലെവിടെയാണ് പഴയ ദാരിദ്ര്യം?, തൊഴിലിനു കുറവുണ്ടോ?, അദ്ധ്വാനിക്കുന്നവരും അല്ലാത്തവരും നല്ല നിലയിലല്ലേ ജീവിക്കുന്നത്? പഴയ നഷ്ടപ്പെടാനില്ലാത്ത തൊഴിലാളിവര്‍ഗം എന്നത് ഇന്നുണ്ടോ? തുടങ്ങി എത്രയേറെ ചോദ്യങ്ങളാണ് നമ്മുടെ പൊതുബോധത്തെ അഴിച്ചുപണിഞ്ഞുകൊണ്ടിരുന്നത്! തൊഴിലാളികള്‍ സമരങ്ങളെ തള്ളിക്കളഞ്ഞ് സുഖകരമായ ജീവിതത്തിലേക്കു പ്രവേശിച്ചിരിക്കുന്നു എന്ന അരുളപ്പാടുകളുണ്ടായി. വലിയ കൂലിയാണ് നാട്ടിലൊക്കെ, അറുന്നൂറോ എഴുന്നൂറോ കിട്ടാത്തവരാരുണ്ട് എന്നങ്ങ് ഏതു ചര്‍ച്ചയിലും ചാടിപ്പറയുകയും ശീലമായി. അത്തരം ലാഘവപൂര്‍ണമായ സമീപനങ്ങളുടെ നെറുകയിലാണ് കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളിലെ സ്ത്രീതൊഴിലാളികള്‍ തീ വാരിയെറിഞ്ഞത്.

Munnar Strike2

ഒരു പകല്‍ മുഴുവന്‍ അധ്വാനിച്ചാലും ഇരുനൂറ്റിമുപ്പതോ നാല്‍പ്പതോ രൂപയിലൊതുങ്ങുന്നു വരുമാനം. രാജ്യത്തെ പഴക്കമുള്ളതും ശ്രദ്ധേയമായ നിയമപരിരക്ഷയുള്ളതുമായ വലിയ വ്യവസായ മേഖലയാണ് തോട്ടംവ്യവസായം. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അവരുടെ ജീവിതനിലവാരത്തില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ല. തൊഴിലാളികള്‍ക്ക് വസ്ത്രവും താമസ സൗകര്യവും ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും ജീവിത നിലവാരത്തിനനുയോജ്യമായ വേതനവും ഉറപ്പു നല്‍കുന്ന നിയമങ്ങള്‍ ലോകസഭയും നിയമസഭയും പാസാക്കിയിട്ടുണ്ട്. ആ നിയമങ്ങള്‍ പാലിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനേ മാനേജ്‌മെന്റുകള്‍ ശ്രമിക്കാറുള്ളു. അതില്‍നിന്ന് വഴുതിമാറാനുള്ള കുറുക്കുവഴികള്‍ കണ്ടെത്താനും വലിയ സാമര്‍ത്ഥ്യമാണ് മാനേജ്‌മെന്റുകള്‍ പ്രകടിപ്പിക്കുന്നത്.

തേയിലത്തോട്ടം ഇപ്പോള്‍ തൊഴിലാളികളുടേതാണ് എന്നങ്ങ് രേഖപ്പെടുത്തും. പേരിനൊരാളെ ഡയറക്ടര്‍ബോര്‍ഡിലേക്ക് എടുക്കും. പകുതിയിലേറെ ഷെയറിന്റെ ഏകപ്രതിനിധിയാണയാള്‍. പക്ഷെ, അതാരാവണമെന്ന് നിശ്ചയിക്കാനുള്ള അവകാശംപോലും തൊഴിലാളികള്‍ക്കു ലഭിക്കുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനെതിരായാണ് സമരം നടന്നതെന്നതാണ് രസകരം. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ കണ്ടെത്തിയ കൗശലമാണത്രെ അത്. കണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനി തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സംരംഭമാണെന്നാണ് കമ്പനി വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ടാറ്റാ ടീ ലിമിറ്റഡ് 2005 ഏപ്രില്‍ 1 നാണ് ഇങ്ങനെ രൂപമാറ്റം കൈവരിച്ചത്. ഒരു വിഢ്ഢിദിനത്തിന്റെ വിളംബരമാകട്ടെ എന്നാവാം അവര്‍ കരുതിയത്. പന്ത്രണ്ട് ഡിപാര്‍ട്ടുമെന്റുകളിലായി പന്ത്രണ്ടായിരത്തിലധികം ജീവനക്കാരുണ്ട്. അതിന്റെ 99 ശതമാനത്തിനും ഷെയറുള്ള കമ്പനിയാണ്. കമ്പനിയുടെ അറുപതു ശതമാനം ഷെയറാണ് ജീവനക്കാരുടെയും തൊഴിലാളികളുടെയും കൈവശമുള്ളത്. പങ്കാളിത്ത മാനേജ്‌മെന്റ് രീതിയാണ് പരീക്ഷിക്കപ്പെട്ടതത്രെ.

Munnar Strike3

മൂന്നാറില്‍ കൂലിക്കും ബോണസിനും പ്രക്ഷോഭരംഗത്തിറങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ തൊഴിലുടമകളാണെന്നു നാം അറിഞ്ഞുവോ? . അങ്ങനെയൊരു ഉടമസ്ഥതാ പട്ടം തങ്ങള്‍ക്കുമേലുള്ളത് അവരറിഞ്ഞു കാണുമോ ആവോ. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയില്‍ ഒരു സന്ദര്‍ഭമുണ്ട്. സുഹ്‌റയുടെ നഖം മുറിക്കാന്‍ മജീദ് കാണിക്കുന്ന കൗശലം. സുഹ്‌റയെ രാജകുമാരിയാക്കാം എന്ന വാഗ്ദാനമാണത്. രാജകുമാരി പക്ഷെ, പിച്ചാന്‍ പാടില്ല. അതുകൊണ്ട് നഖം മുറിക്കണം. സുഹ്‌റ അതിനു വഴങ്ങി. അതേപോലെ തോട്ടം ഉടമകളായാല്‍ ചെറിയ ആവശ്യങ്ങള്‍ പറഞ്ഞ് സമരം പാടില്ല എന്ന് ആരൊക്കെയോ ചേര്‍ന്ന് പഠിപ്പിച്ചിരിക്കുമോ എന്നറിയില്ല. ട്രേഡ് യൂണിയന്‍ നേതാക്കളും സൂപ്പര്‍ വൈസര്‍മാരുമൊക്കെ തീര്‍ച്ചയായും കുറെ കാലമായി ഇങ്ങനെയൊരു മുതലാളി ജീവിതത്തിലാണ്. അവരുടെ കണ്ണെത്താത്തിടത്തുനിന്നാണല്ലോ പുതിയ സമരചരിത്രം ആരംഭിക്കുന്നത്.

തൊഴിലാളികള്‍ക്ക് മറ്റെല്ലാ താല്‍പ്പര്യങ്ങളും സ്വാധീനങ്ങളും നിസ്സങ്കോചം തള്ളിക്കളഞ്ഞ് സ്വന്തം വര്‍ഗത്തെ കണ്ടെത്താനും ഐക്യപ്പെടാനുമാവുമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുന്നു. മുതലാളിത്തത്തിന്റെ മുന്നേറ്റം കാരുണ്യമേയില്ലാത്ത ചൂഷണമായാണ് കീഴാള സമൂഹത്തില്‍ അടയാളപ്പെടുന്നത്. എത്ര അടക്കിവെച്ചിട്ടും അടങ്ങാതെ, പൊട്ടിത്തെറിക്കാതെ വയ്യ എന്ന അവസ്ഥയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ട്രേഡ് യൂണിയന്‍ സമവാക്യങ്ങളെല്ലാം അടിപുഴകി വീണു. ശീലങ്ങളെയും കീഴ് വഴക്കങ്ങളെയും അവര്‍ തിരുത്തിയെഴുതി. കൊടികളേയും നേതാക്കളേയും ഉപേക്ഷിച്ച് ഒരൈക്യപ്പെടലാവാമെന്നു വന്നു.

Munnar Strike4

വരാനിരിക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ദൃശ്യസൂചികയാണിത്. സ്ഥാപനവത്ക്കരിക്കപ്പെട്ട രാഷ്ട്രീയാധികാര രൂപങ്ങള്‍ ഇരകളാക്കപ്പെടുന്ന സമൂഹങ്ങളെ വിസ്മരിച്ചാല്‍ ജഡരൂപങ്ങളായിത്തീരും. മഹാസംഘടനകളുടെ കെട്ടുകാഴ്ച്ചകള്‍ വകവെക്കാതെ സമരരൂപങ്ങള്‍ തെളിയും. മുത്തങ്ങയും മൂലമ്പള്ളിയും ചെങ്ങറയും പാലിയേക്കരയും കാതികുടവും കാക്കഞ്ചേരിയും ഒന്നും കേവല സ്ഥലനാമങ്ങളല്ലെന്ന് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു മാത്രം മനസ്സിലാകുന്നില്ല. അതൊന്നും അവരെ ഒന്നും പഠിപ്പിക്കുന്നില്ലെന്നത് വിചിത്രമായിരിക്കുന്നു.

ഇരകളാക്കപ്പെടുന്നവരുടെ കൂട്ടങ്ങളെ അവഗണിക്കുകയും പുറന്തള്ളുകയും ചെയ്യാനുള്ള മാനസിക നില മനുഷ്യത്വത്തിന്റെ മഹാമാതൃകകള്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെയാണുണ്ടാകുന്നത്! എവിയെയെങ്കിലും ഒരനീതിയുണ്ടായാല്‍ അവിടം തീപ്പെട്ടുപോകുമെന്ന പഴയ തീക്ഷ്ണ ബോധ്യങ്ങളുടെ നേരവകാശികള്‍ അനീതിക്ക് ഭാഷ്യം ചമയ്ക്കുന്നു. കാലം മാറിയെന്നു സമാധാനിക്കുന്നു. എല്ലാവരും ഇങ്ങനെയൊക്കെയല്ലേ എന്നു സാധൂകരിക്കുന്നു. ഒച്ചയിട്ടിട്ടോ സമരം ചെയ്തിട്ടോ കാര്യമില്ലെന്ന് ഉപദേശിക്കുന്നു. രാജ്യത്തെ വികസനത്തിന് ബലി നല്‍കപ്പെടുന്നത് അഭിമാനകരമല്ലേ എന്നു മറുചോദ്യമുന്നയിക്കുന്നു. എല്ലാവര്‍ക്കും എല്ലാം ഒരു പോലെ വീതിക്കാന്‍ പറ്റണമെന്നുമാത്രം മറന്നുപോകുന്നു. പൊരുതിപ്പൊരുതി എല്ലാം പടുത്തുയര്‍ത്തിയവര്‍തന്നെ അതേ സംഘബലംകൊണ്ട് എല്ലാ നേട്ടവും മൂലധനശക്തികള്‍ക്കും അധികാരക്കോയ്മകള്‍ക്കും അടിയറ വെക്കുന്നു.

Munnar Strike5

ജഡരൂപമാര്‍ന്ന സംഘടനകളുടെ പുറന്തോടു പൊളിച്ച് ജീവന്‍വെക്കുന്ന വര്‍ഗസമരത്തിന്റെ വിളിപ്പേരോ ക്ഷുഭിത രൂപകമോ ആയി മാറിയിരിക്കുന്നു മൂന്നാര്‍. സംഘടിതവും അസംഘടിതവുമായ മേഖലകള്‍ക്കാകെ അതാവേശമാകും. പുതിയ കോര്‍പറേറ്റ് ചൂഷണമിരമ്പുമ്പോള്‍, വളരെ സ്വാഭാവികമെന്നോണം പൊട്ടിപ്പുറപ്പെടുന്ന പ്രതിരോധങ്ങളുടെ രാഷ്ട്രീയം അത്രതന്നെ വേഗം തിരിച്ചറിയാന്‍ ശേഷിയുള്ള നേതൃരൂപങ്ങള്‍ ഇന്നില്ലാതായിരിക്കുന്നു. ഒരു വി എസ് എന്ന അത്ഭുതം മാത്രം ആളിനില്‍ക്കുന്നു. സമരഭൂമിയിലേക്ക്, അതിന്റെ ഫ്രെയ്മിലേക്ക് നിറഞ്ഞു നില്‍ക്കാന്‍ ഓടിയെത്തുന്നവര്‍ പലരുമുണ്ട്. പക്ഷെ സമര മനസ്സിന്റെ അകം പകുക്കാന്‍ അവര്‍ക്കാവുന്നില്ല. നിസ്സാര അജണ്ടകളെ തിരിച്ചറിയുന്ന സമര നേതൃത്വങ്ങളാവട്ടെ ഇവരെ പുറന്തള്ളാന്‍ രണ്ടാമതൊന്ന് ആലോചിക്കുന്നുപോലുമില്ല. അതു മൂന്നാറിന്റെ താക്കീതാണ്.

നേതാക്കളും മാധ്യമങ്ങളും കണ്ണു കൂര്‍പ്പിച്ച്, പ്രക്ഷോഭങ്ങളുയരുമ്പോഴൊക്കെ നോക്കുന്നത് പിറകിലാണ്. ആരാണ് പിറകില്‍നിന്ന് ഉന്തുന്നത് എന്നാണറിയേണ്ടത്. ചൂഷിതരും ഇരകളുമായ ജനവിഭാഗങ്ങളുടെ സമരങ്ങള്‍ക്ക് ആലോചനാ കേന്ദ്രങ്ങളോ സ്‌പോണ്‍സര്‍മാരോ ഉണ്ടാകുമെന്നാണ് അവര്‍ കരുതുന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കെല്ലാം ദൈവകൃപ എന്നു പറഞ്ഞു ശീലിച്ചവര്‍പോലും സമരങ്ങള്‍ക്കു പിറകില്‍ ദൈവമാകുമോ എന്നു സംശയിക്കുന്നില്ല. അവരുടെ ദൈവം ഇരകള്‍ക്കൊപ്പമല്ല, ചെകുത്താന്‍മാരായ കോര്‍പറേറ്റ് വികസന തമ്പുരാക്കന്മാര്‍ക്കൊപ്പമാണല്ലോ. തീവ്രവാദികളോ അരാജകവാദികളോ പിറകിലുണ്ടെന്ന് ഭയപ്പെടുത്തിയാണ് ജനങ്ങളെ കീഴ്‌പ്പെടുത്തുന്നത്. അടിമകളെപ്പോലെ കഴിയുന്നവരെ കൂലിവേണം എന്നു പറയാന്‍ പ്രേരിപ്പിക്കുന്ന തീവ്രവാദത്തെ ജനങ്ങള്‍ ഇനിമേല്‍ സ്‌നേഹിക്കുകയേയുള്ളു. ഭൂതമെന്നോ പ്രേതമെന്നോ ഭയപ്പെടുത്തി ഒരു ജനതയെ എക്കാലത്തേക്കും കെട്ടിയിടാനാവില്ലെന്നാണ് മൂന്നാര്‍ സമരം ഓര്‍മിപ്പിക്കുന്നത്. പിറകുനോക്കികള്‍ക്ക് വര്‍ത്തമാനത്തില്‍ കാര്യമില്ല. പിറകിലോ മുന്നിലോ എന്തെന്നതല്ല വര്‍ത്തമാനജീവിതം എത്രമേല്‍ ദുഷ്‌ക്കരം എന്നതാണ് നമ്മെ വേദനിപ്പിക്കേണ്ടതും ഉത്തേജിപ്പിക്കേണ്ടതും.

കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒന്നും നടക്കില്ലെന്നു വീമ്പു പറയുന്നവരുണ്ട്. ജനങ്ങള്‍ക്കകത്തുനിന്ന് നേതാക്കന്മാരില്ലാതെ ഒന്നും പൊട്ടിപ്പുറപ്പെടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരുമുണ്ട്. കോര്‍പറേറ്റുകളും അങ്ങനെയൊരു മൂഢ വിശ്വാസത്തിലാണ്. അതുകൊണ്ടാണവര്‍ നേതാക്കളുടെ കുടുംബങ്ങളെ അതിരറ്റു സ്‌നേഹിക്കുന്നത്. ഭാര്യമാര്‍ക്ക് ആഭരണവും മക്കള്‍ക്ക് ജോലിയും നേതാക്കള്‍ക്ക് ഓഹരിയും വെച്ചുനീട്ടും. അതുവാങ്ങി ചുരുണ്ടുറങ്ങുന്ന നേതാക്കളുടെ വംശത്തെയാണ് മൂന്നാര്‍ പടിക്കു പുറത്താക്കിയിരിക്കുന്നത്. ഉറങ്ങിക്കിടന്ന ആത്മബോധവും സമരവീര്യവും ഉണരുന്ന ജനത ആരുടെയും വിളികള്‍ക്കും ഔദാര്യങ്ങള്‍ക്കും കാത്തു നില്‍ക്കില്ല. അവരില്‍നിന്ന് പുതിയ രാഷ്ട്രീയവും പുതിയ നേതൃത്വവും രൂപപ്പെടുകയാവും ഉണ്ടാവുക.

English summary
Dr Azad writes about the Munnar Tea Plantation workers' strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X